വിഷയം: ഇന്ത്യൻ രൂപം കടം കൊടുത്തു പകരം ഖത്തർ രിയാൽ വാങ്ങൽ
ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത്. എന്റെ സുഹൃത്തുക്കൾ എന്റെ അടുത്ത് നിന്ന് ഇന്ത്യൻ രൂപ കടം ചോതിക്കാറുണ്ട് . അത് പോലെ നാട്ടിലുള്ള മൊബൈൽ റീചാർജ് ചെയ്തും കൊടുക്കാറുണ്ട്. ഇതിനൊക്കെ പകരമായി അവർ എനിക്ക് നൽകുന്നത് ഇവിടെയുള്ള റിയാൽ ആണ്. അതിനു തത്തുല്യമായ പൈസ കണ്ടു പിടിക്കുക എന്നത് ശ്രമകരം ആയ പണിയാണ്. അപ്പോൾ ഞാൻ എനിക്ക് നഷ്ടം വരാത്ത രീതിയിൽ ആണ് പണം വാങ്ങുന്നത്. അതിൽ ചിലപ്പോൾ ചില്ലറ പൈസ എനിക്ക് അതികം കിട്ടും. അത് പലിശയുടെ ഗണ ത്തിൽ പെടുമോ ?
ചോദ്യകർത്താവ്
AJMAL
Feb 8, 2020
CODE :Fin9603
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..
ഇന്ത്യൻ രൂപയും ഖത്തർ രിയാലും തമ്മിൽ കൈമാറുകയാണെങ്കിൽ റൊക്കമായിരിക്കുക, സദസ്സ് പിരിയുന്നതിന് മുമ്പ് കൈമാറ്റം പൂർത്തിയായിരിക്കുക എന്നീ നിബന്ധനകൾ പാലിക്കൽ നിർബ്ബന്ധമാണ്. കാരണം (വസ്തുക്കളുടെ വിലകളാകുന്ന) സ്വർണ്ണം, വെള്ളി, അവയുടെ സ്ഥാനത്തുള്ള കറൻസികൾ എന്നിവയുടെ കൈമാറ്റത്തിൽ ഈ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം ഇടപാട് നടത്തേണ്ടത് എന്നും അല്ലെങ്കിൽ അത് പലിശയായിരിക്കുമെന്നും ഇസ്ലാം നിഷ്കർഷിക്കുന്നുണ്ട് (സ്വഹീഹ് മുസ്ലിം). അഥവാ രൂപ ആദ്യം കൊടുക്കുകയും രിയാൽ വേറെ ഒരു സമയത്ത് കൊടുക്കുകയും ചെയ്യുന്നത് നിഷിദ്ധമായ ഇടപാടാണ്. അവയുടെ കൈമാറ്റം എക്സ്ചേഞ്ച് റേറ്റ് അനുസരിച്ചോ ഇരു കൂട്ടരും നിർബ്ബന്ധിതരാകാതെ സ്വമനസ്സാലെയും പൊരുത്തത്തോയും തീരുമാനിക്കുന്ന റേറ്റ് അനുസരിച്ചോ ഒരേ സമയത്ത് തന്നെ നടന്നിരിക്കണം. കടമായിട്ട് ഇന്ത്യൻ രൂപയാണ് കൊടുത്തതെങ്കിൽ അവധി കഴിഞ്ഞാൽ ഇന്ത്യൻ രൂപ തന്നെയാണ് തിരിച്ചു വാങ്ങേണ്ടത്. രൂപ കൊടുക്കാനില്ലെങ്കിലോ രൂപക്ക് പകരം മറ്റെന്തെങ്കിലും തിരിച്ച് തിരിച്ചു കൊടുക്കുന്ന കാര്യത്തിൽ ഇരു കൂട്ടർക്കും വിരോധമില്ലെങ്കിലോ മാത്രമേ കടമായി നൽകപ്പെട്ട രൂപയുടെ മൂല്യത്തിലുള്ള വസ്തു തിരിച്ച് വാങ്ങാൻ പാടുള്ളൂ. അത് തന്നെ കടത്തിന്റെ അവധിയെത്തിയ ദിവസത്തിലെ അല്ലെങ്കിൽ മടക്കിക്കൊടുക്കുന്ന ദിവസത്തിലെ രൂപയുടെ മൂല്യത്തിന് തുല്യമായ വസ്തുവാണ് തിരിച്ചു കൊടുക്കേണ്ടത്. അത് ഖത്തർ രിയാലായാലും മറ്റേത് മൂല്യമുള്ള വസ്തുവാണെങ്കിലും ശരി. അത് പോലെത്തന്നെയാണ് നാട്ടിലെ പൈസക്ക് മൊബൈൽ റീചാജ്ജ് കൊടുക്കുക എന്ന ഇടപാടിന്റെ സ്ഥിതിയും. കാരണം ഏതൊരു ഇടപാട് നടക്കുമ്പോഴും അതിൽ പങ്കാളികളായവരിൽ ഒരാൾക്ക് ലാഭവും അപരന് നഷ്ടവും വരാത്ത വിധം ഇടപാട് സുതാര്യമായിരിക്കണം. അല്ലെങ്കിൽ അത് അനുവദീയമല്ല (സ്വഹീഹ് മുസ്ലിം, ഇബ്നു മാജ്ജഃ, മുവത്വ).
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.