വിഷയം: ആഭരണത്തിന്റെ സകാത്ത്
എന്റെ കയ്യിൽ 15 പവൻ സ്വർണം ഉണ്ട്. അതിൽ 4 പവൻ സ്ഥിരമായി ഉപയോഗിക്കുന്നതാണ്. ബാക്കി ഉള്ളത് വല്ലപ്പോഴും മാത്രമാണ് ഉപയോഗിക്കാറ്. ഇത് സകാത്തിന്റെ പരിധിയിൽ വരുമോ? വന്നാൽ എങ്ങനെ ആണ് കണക്ക് കൂട്ടേണ്ടത്?
ചോദ്യകർത്താവ്
Muhammadali
May 21, 2020
CODE :Fin9830
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
85 ഗ്രാമോ അതില്‍ കൂടുതലോ സ്വര്‍ണം ഒരു വര്‍ഷം മുഴുവന്‍ സൂക്ഷിച്ചുവെച്ചാലാണ് സകാത്ത് നിര്‍ബന്ധമാവുക.
എന്നാല്‍ ഹലാലായ ആഭരണം 85 ഗ്രാമിനേക്കാള്‍ കൂടുതലുണ്ടെങ്കിലും സകാത്ത് നിര്‍ബന്ധമില്ല. അമിതമായ രീതിയിലേക്കെത്താത്ത ഹലാലായ ആഭരണങ്ങള്‍ക്കൊന്നും സകാത്ത് നല്‍കേണ്ടതില്ല. പതിവനുസരിച്ച് 15 പവന് സ്വര്‍ണാഭരണം ഒരു സ്ത്രീക്ക് അമിതമാണെന്ന് ആരും പറയാറില്ലല്ലോ. ആയതിനാല്‍ നിങ്ങളുടെ കയ്യിലുള്ളത് നിങ്ങളുടെ ഭാര്യക്കോ മക്കള്‍ക്കോ ഉപയോഗിക്കാനെന്ന ഹലാലായ ഉദ്ദേശ്യത്തോടെയുള്ള ആഭരണമാണെങ്കില്‍ സകാത്ത് വരില്ല.
ഹലാലായ ഉപയോഗത്തിന് വേണ്ടി ഉണ്ടാക്കിയ ആഭരണം സ്ഥിരമായി ഉപയോഗിക്കണമെന്നില്ല. ഉപയോഗിക്കുന്നില്ലെങ്കിലും ഹലാലായ ആഭരണമായതിനാല്‍ സകാത്തില്ല.
സൂക്ഷിച്ചുവെക്കുകയെന്ന ഉദ്ദേശ്യത്തോടെ ആഭരണരൂപത്തില്‍ സ്വര്‍ണം കയ്യില്‍ വെച്ചാല്‍ സകാത്ത് നിര്‍ബന്ധമാകുന്നതാണ്.
സകാത്ത് നിര്‍ബന്ധമാകുന്ന രീതിയുള്ള സ്വര്‍ണം കയ്യിലുള്ളവര്‍, വര്‍ഷം തികയുമ്പോള്‍ ആകെയുള്ളതിന്റെ രണ്ടര ശതമാനം കണക്കുകൂട്ടി സകാത്ത് കൊടുക്കേണ്ടതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.