ഉവൈസുല്‍ ഖറനി (റ ) ആരായിരുന്നു?

ചോദ്യകർത്താവ്

ഇസ്ഹാഖ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഉവൈസുല് ഖറനി താബിഉകളിലെ പ്രധാനികളില്‍ പെട്ട മഹാനാണ്. അദ്ദേഹത്തിന്‍റെ പൂര്‍ണ്ണ നാമം അബൂ അംറ്, ഉവൈസ് ബ്നു ആമിറ് ബ്നി ജുസ്അ് ബ്നി മാലിക അല്‍ഖറനി അല്‍മുറാദി അല്‍യമാനി. അദ്ദേഹം സ്വഹാബിയാണെന്നഭിപ്രായമുണ്ടെങ്കിലും താബിആണെന്നതാണ് പ്രബലം. (ഹില്‍യതുല്‍ഔലിയാഅ്). നബി (സ) തങ്ങളുടെ കാലഘട്ടത്തില്‍ തന്നെ ജീവിക്കുകയും ഇസ്‍ലാം സ്വീകരിക്കുകയും ചെയ്തെങ്കിലും നബി(സ)യെ കാണാന്‍ അദ്ദേഹത്തിനു ഭാഗ്യം ലഭിച്ചില്ല. നബി(സ) തങ്ങളെ അത്യധികം സ്നേഹിച്ചിരുന്ന അദ്ദേഹത്തിനു മാതാവിനെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതനായതിനാല്‍ മദീനയിലേക്ക് യാത്രപോകുവാന്‍ സൌകര്യം ലഭിച്ചില്ല.
യമനില്‍ ജനിച്ചു. ഇമാം ദഹബി തന്‍റെ സിയറു അഅ്‍ലാമിന്നുബലാഅ് എന്ന ഗ്രന്ഥത്തില്‍ ഉവൈസുല്‍ ഖര്‍നി(റ)വിനെ പരിചയപ്പെടുത്തി തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്:“പരിത്യാഗിയായ അനുകരിക്കപ്പെടാന്‍ യോഗ്യനായ മഹാന്‍. തന്‍റെ കാലത്തെ താബിഉകളുടെ നേതാവ്. അല്ലാഹുവിന്‍റെ സൂക്ഷ്മാലുക്കളായ ഔലിയാക്കളിലൊരാള്. അവന്‍റെ ആത്മാര്‍ത്ഥ ദാസന്മാരില്‍ പെട്ടവര്‍......” ഇമാം നവവി(റ) ശറഹു മുസ്‍ലിമില്‍ ഉവൈസുല്‍ ഖറനിയുടെ ശ്രേഷ്ഠതകള്‍ വിവരിക്കാനായി ഒരു അധ്യായം തന്നെ നീക്കി വെച്ചിട്ടുണ്ട്. ഇമാം ഹാകിം (റ) വിന്‍‍റെ മുസ്തദ്റകിലും ഇതു പോലെ ഒരുധ്യായം പ്രത്യേകമായിട്ടുണ്ട്. ഈ ഉമ്മത്തിന്‍‍റെ റാഹിബ് (പുരോഹിതന്‍) ആണദ്ദേഹമെന്ന് ഹാകിം(റ) പറയുകയും ചെയ്തു. നബി(സ) പറഞ്ഞു: “താബിഉകളില്‍ ഏറ്റവും ഉത്തമന്‍ ഉവൈസ് എന്ന വ്യക്തിയാണ്. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. അല്ലാഹുവിനോട് ദുആ ചെയ്തു. പൊക്കിളിന്‍റെയവിടെ ഒരു നാണയ വലുപ്പത്തില്‍ ഒഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദഹത്തിനു യമനില്‍ തന്‍റെ ഉമ്മയല്ലാതെ മറ്റൊന്നുമില്ല. അദ്ദേഹത്തെ കണ്ടാല്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കണം. അദ്ദേഹം പ്രാര്‍ത്ഥിക്കുന്നതായിരിക്കും.” (മുസ്‍ലിം) നബി(സ) തങ്ങള്‍ ഈ മഹാനെ കുറിച്ച് സ്വഹാബാക്കള്‍ക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നു. തദടിസ്ഥാനത്തില്‍ ഉമര്‍(റ) തന്‍റെ അടുക്കല്‍ യമന്‍ സംഘങ്ങള്‍ വരുമ്പോഴെല്ലാം അവരോടു ചോദിക്കുമായിരുന്നു: “നിങ്ങളില്‍ ഉവൈസ് ബ്ന് ആമിര്‍ എന്നൊരാളുണ്ടോ?”അങ്ങനെ ഒരു ദിനം ഉവൈസ് (റ) വിനെ ഉമര്‍ (റ) കണ്ടെത്തി. ഉമര്‍(റ) ചോദിച്ചു: താങ്കള്‍ ഉവൈസ് ബ്ന് ആമിറാണോ ഉവൈസുല്‍ഖറനി (റ): അതേ ഉമര്‍ (റ): മുറാദ് എന്ന ഗോത്രത്തിലെ ഖറനെന്ന വിഭാഗക്കാരനാണോ ഉവൈസുല്‍ഖറനി (റ): അതേ ഉമര്‍ (റ): താങ്കള്‍ക്ക് വെള്ളപ്പാണ്ടുണ്ടാവുകയും ഒരു ദിര്‍ഹമിന്‍റെയത്രയും ഒഴിച്ച് ബാക്കിയെല്ലാം സുഖപ്പെടുകയും ചെയ്തുവോ. ഉവൈസുല്‍ഖറനി (റ): അതേ ഉമര്‍ (റ): താങ്കള്‍ക്കു മാതാവുണ്ടോ ഉവൈസുല്‍ഖറനി (റ): അതേ ഉമര്‍ (റ): റസൂല്‍ (സ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു ((യമനികളുടെ സഹായങ്ങള്‍ക്കൊപ്പം നിങ്ങളുടെയടുത്ത് ഉവൈസ് ബ്ന് ആമിര്‍ വരും. മുറാദിലെ ഖറന്‍ എന്ന ഗോത്രത്തില്‍ പെട്ടവനാണദ്ദേഹം. അദ്ദേഹത്തിനു വെള്ളപ്പാണ്ടുണ്ടായിരുന്നു. ഒരു ദിര്‍ഹമന്‍റെയത്രയൊഴികെ ബാക്കിയെല്ലാം സുഖപ്പെട്ടു. അദ്ദേഹത്തിനു ഒരു മാതാവുണ്ട്. ആ മാതാവിനോട് അദ്ദേഹം വളരെ ഗുണം ചെയ്യുന്നവനാണ്. അദ്ദേഹം അല്ലാഹുവിനെ സത്യം ചെയ്തു പറഞ്ഞാല്‍ അല്ലാഹു അത് നിറവേറ്റി കൊടുക്കും. നിങ്ങള്‍ക്കാവുമെങ്കില്‍ അദ്ദേഹത്തോട് നിങ്ങള്‍ക്ക് വേണ്ടി പൊറുക്കലിനു പ്രാര്‍ത്ഥിക്കാനപേക്ഷിക്കണം.)) അതിനാല്‍ എനിക്കു വേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കണം. ഉവൈസ് (റ) ഉമര്‍(റ) വിനു വേണ്ടി പൊറുക്കലിനെ തേടി. ഉമര്‍ (റ): താങ്കളെങ്ങോട്ടാണു പോകുന്നത് ഉവൈസുല്‍ഖറനി (റ): കൂഫയിലേക്ക് ഉമര്‍ (റ): അവിടത്തെ ഗവര്‍ണര്‍ക്ക് ഞാന്‍ കത്തെഴുതട്ടേ ഉവൈസുല്‍ഖറനി (റ): ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാതെ ജീവിക്കലാണെനിക്കേറ്റവുമിഷ്ടം. അടുത്ത വര്‍ഷം ഹജ്ജ് വേളയില്‍ ഉമര്‍(റ) യമനിലെ ഒരു പ്രധാന വ്യക്തിയെ കണ്ടപ്പോള്‍ ഉവൈസ് (റ) വിനെ കുറിച്ചന്വേഷിച്ചു. ഉവൈസ് (റ) ദാരിദ്ര്യം പേറി വീട്ടില്‍ തന്നെ ചടഞ്ഞിരിക്കുന്നവെന്ന് ആ വ്യക്തി പറഞ്ഞു. ഉമര്‍ (റ) നബി(സ) ഉവൈസ്(റ) കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇദ്ദേഹത്തോടു പറഞ്ഞു. ഹജ്ജ് കഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ ഇദ്ദേഹം നേരെ ഉവൈസ് (റ) വിനെ കാണുകയും ദുആ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉവൈസ്(റ) പറഞ്ഞു:‘നിങ്ങള്‍ ഒരു നല്ല യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതല്ലേ ഉള്ളൂ. അതു കൊണ്ട് നിങ്ങളാണ് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത്.’ വീണ്ടും പ്രാര്‍ത്ഥനക്കായി നിര്‍ബന്ധിച്ചപ്പോള്‍ ഉവൈസ്(റ) ഈ വ്യക്തിയോടു ചോദിച്ചു:‘നിങ്ങള്‍ ഉമര്‍(റ)വിനെ കണ്ടുവോ?’ ആ വ്യക്തി ‘അതേ’ എന്നു പറഞ്ഞു. അപ്പോള്‍ ഉവൈസ്(റ) അദ്ദേഹത്തിനു വേണ്ടി ഇസ്തിഗ്ഫാര്‍ ചെയ്തു. ഈ സംഭവം അറിഞ്ഞ് ജനങ്ങള്‍ അദ്ദേഹത്തിനു പരിഗണ നല്‍കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം അവിടെ നിന്ന് സ്ഥലം വിടുകയാണുണ്ടായത്. ഉമര്‍ (റ) യമനില്‍ നിന്നെത്തിയ ചിലരോട് തിരിച്ചു ചൊല്ലുമ്പോള്‍ ഉവൈസുല്‍ഖറനിക്ക് ഞാന്‍ സലാം പറഞ്ഞതായി അറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. (ഇമാം ദഹബി). ((എന്‍റെ ഉമ്മത്തില്‍പെട്ടയാളുടെ ശഫാഅതു മൂലം ബനൂ തമീം ഗോത്രത്തിലുള്ളവരേക്കാളും ജനങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുക തന്നെ ചെയ്യും)) എന്ന തിര്‍മദി(റ) റിപോര്‍ട്ട് ചെയ്ത ഹദീസിലെ വ്യക്തി ഉവൈസ്(റ) ആണെന്ന് ഹസനുല്‍ബസ്വരി(റ) വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മഹിമ വിശദമാക്കുന്ന വേറെയും ഹദീസുകളുണ്ട്. ((നാളെ നിങ്ങളുടെ കൂടെ ഒരു സ്വര്‍ഗാവകാശി നിസ്കരിക്കും. അത് ഉവൈസുല്‍ഖറനിയായിരിക്കും...)) എന്നത് അവയില്‍പെട്ടതാണ്. ഉവൈസ്(റ) വളരെ സച്ചരിതനും ഭൌതിക പരിത്യാഗിയും ആയിരുന്നു. ജനങ്ങളില്‍ കാണുന്ന തെറ്റുകള്‍ അപ്പപ്പോള്‍ തിരുത്തുകയും ഗുണദോഷിക്കുകയും ചെയ്തിരുന്നതിനാല്‍ പൊതു ജനം അദ്ദേഹത്തെ ഭ്രാന്തനെന്നു മുദ്രകുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. അസീര്‍ ബ്നു ജാബിര്‍ (റ) ഒരനുഭവം വിവരിക്കുന്നത് കാണുക. കൂഫയില്‍ ഞങ്ങള്‍ക്ക് ഒരാള്‍ ഹദീസ് ചൊല്ലിത്തന്നിരുന്നു. ഹദീസ് പഠനം കഴിഞ്ഞാല്‍ അദ്ദേഹം പിരിഞ്ഞു പോകാന്‍ പറയുമായിരുന്നു. അപ്പോഴും ഒരു സംഘം അവിടത്തന്നെ നില്‍ക്കും. അവരിലൊരാള്‍ വേറെയൊരാളും പറയാത്ത ചിലത് സംസാരിക്കുന്നുണ്ടാകും. എനിക്കദ്ദേഹത്തോട് ഇഷ്ടമായിരുന്നു. ഒരു ദിവസം അദ്ദേഹത്തെ കണ്ടില്ല. ഞാനെന്‍റെ കൂട്ടുകാരോട് അദ്ദേഹത്തെ കുറിച്ചന്വേഷിച്ചു.‘നമ്മുടെ ഇന്നയിന്ന സദസ്സുകളിലെല്ലാം സന്നിഹതനാവുന്ന ആ മനുഷ്യനെ അറിയുമോ?’എന്നു ചോദിച്ചു. ഒരാള്‍ പറഞ്ഞു:‘എനിക്കദ്ദേഹത്തെയറിയാം. അദ്ദേഹം ഉവൈസുല്‍ഖറനിയാണ്.’ ഞാന്‍ ചോദിച്ചു:‘അദ്ദേഹത്തിന്‍റെ വീടറിയാമോ?’ അയാളറിയാമെന്നു പറഞ്ഞു. അങ്ങനെ അയാളുടെ കൂടെ ഞങ്ങളദ്ദേഹത്തിന്‍റെ വീട്ടിലെത്തി. ഞാന്‍ ചോദിച്ചു:‘എന്തു പറ്റി ഇന്ന് ഇവിടെ തന്നെ കൂടാന്‍?’. അദ്ദേഹം പറഞ്ഞു:‘നഗ്നത മറക്കാനൊന്നും ലഭിക്കാത്തതു കൊണ്ട്.’ അദ്ദേഹത്തിന്‍റെ കൂടെയുള്ളവര്‍ അദ്ദേഹത്തെ പരിഹസിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യുമായിരുന്നു. ഞാന്‍ പറഞ്ഞു:‘ഇതാ ഈ മേല്‍വസ്ത്രമെടുത്തണിയൂ.’ അദ്ദേഹം പറഞ്ഞു:‘അങ്ങനെ നിങ്ങള്‍ പറയരുത്.’ ഇത് കണ്ടാലവരെന്നെ ഉപദ്രവിക്കും. പക്ഷേ, ഞാനദ്ദേഹത്തെ നിര്‍ബന്ധിച്ചു ധരിപ്പിച്ചു. അദ്ദേഹം പുറത്തിറങ്ങി. അപ്പോളവര്‍ പറഞ്ഞു:‘നോക്കൂ.. ആരെയോ പറ്റിച്ച് ഒരു മേല്‍ വസ്ത്രം സ്വന്തമാക്കിയിരിക്കുന്നു.’ ഇത് കേട്ട് അദ്ദേഹം തിരികെ വന്ന് അത് അഴിച്ചു വെച്ചു. ഞാന്‍ ചെന്നു അവരോടു പറഞ്ഞു: എന്താണീ മനുഷ്യനില്‍ നിന്ന് നങ്ങള്‍ക്കു വേണ്ടത്. നിങ്ങളദ്ദേഹത്തെ ഉപദ്രവിക്കുന്നുവല്ലോ. ചിലപ്പോള്‍ ഇദ്ദേഹത്തിനു വസ്ത്രമുണ്ടാവില്ല. മറ്റു ചിലപ്പോള്‍ വസ്ത്രം ലഭിക്കും. ഞാനവരെ ശരിക്കും പറഞ്ഞു. (ഹില്‍യതുല്‍ ഔലിയാഅ്) ഉവൈസുല്‍ ഖറനിക്ക് ഇരുന്നാല്‍ നിലത്തു തട്ടുന്ന ഒരു തട്ടമുണ്ടായിരുന്നതായി സുഫ്‍യാനുസ്സൌറി(റ) ഉദ്ധരിക്കുന്നു. ഉവൈസ്(റ) പറയുമായിരുന്നത്രേ: അല്ലാഹുവേ, എല്ലാ വിശക്കുന്നവരുടേയും ഉടയാടയില്ലാത്തവരുടേയും കാര്യത്തില്‍ ഞാന്‍ നിന്നോടു ക്ഷമ ചോദിക്കുകയാണ്. കാരണം എന്‍റെയടുത്ത് എന്‍റെ ഈ മുതുകിലും വയറ്റിലുമുള്ളതല്ലാതെ മറ്റൊന്നുമില്ല. (മുസ്തദ്റക്) ജനങ്ങളെ മുഴുവനും വധിച്ചിട്ടെന്നപോലെ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കണമെന്ന് അദ്ദേഹം പറയുമായിരുന്നു. (മുസ്തദ്റക്). വൈകുന്നേരമായാല്‍ അദ്ദേഹം പറയും ഇത് റുകൂഇന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം റുകൂഇല്‍ തന്നെയായിരിക്കും. മറ്റൊരു ദിവസം പറയും ഇത് സുജൂദിന്‍റെ രാത്രിയാണ്. അന്ന് നേരം പുലരുവോളം സുജൂദില്‍ തന്നെയായിരിക്കും. അദ്ദേഹം വീട്ടില്‍ മിച്ചം വന്ന ഭക്ഷണവും വസ്ത്രവും മുഴുവന്‍ ദാനം ചെയ്യും. എന്നിട്ടു പറയും. അല്ലാഹുവേ, ആരെങ്കിലും പട്ടിണികിടന്നു മരണപ്പെട്ടാല്‍ അതിന്‍റെ പേരില്‍ എന്നെ നീ ശിക്ഷിക്കരുതേ. ആരെങ്കിലും നഗ്നനായിട്ടു മരണപ്പെട്ടാലും അതിനു എന്നെ നീ ശിക്ഷിക്കരുതേ. (ഹില്‍യതുല്‍ ഔലിയാഅ്). മുറാദ് ഗോത്രക്കാരനായ ഒരാള്‍ ഒരിക്കല്‍ ഉവൈസുല്‍ഖറനി(റ)വിനെ സന്ദര്‍ശിച്ച് വിശേഷങ്ങള്‍ തിരക്കി. അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. കാലം എങ്ങനെ കടന്നു പോകുന്നുവെന്നദ്ദേഹത്തിന്‍റെ ചോദ്യത്തിനു ഉവൈസ്(റ) മറുപടി നല്‍കി: ‘രാവിലെയായാല്‍ വൈകുന്നേരമാവില്ലെന്നും വൈകുന്നേരമായാല്‍ പ്രഭാതത്തിലേക്കില്ലെന്നും ഭാവിക്കുന്ന ഒരു മനുഷ്യനു കാലത്തെ കുറിച്ചെന്തു പറയാനാണ്. അപ്പോഴേക്കും ചിലര്‍ക്ക് സ്വര്‍ഗം ലഭിക്കുന്നു. മറ്റു ചിലര്‍ക്ക് നരകവും. മുറാദിന്‍റെ പുത്രാ, ഈ മരണവും അതിനെ കുറിച്ചുള്ള ആലോചനയുമുണ്ടായാല്‍ മുഅ്മിന്ന് സന്തോഷമേ ഉണ്ടാവുകയില്ല. അവന് അല്ലാഹുവിനോടുള്ള ബാധ്യതകളെ കുറിച്ചു ബോധ്യമുണ്ടെങ്കില്‍ അവന്‍റെ സമ്പത്തില്‍ പിന്നെ സ്വര്‍ണ്ണമോ വെള്ളിയോ അവശേഷിക്കുകയില്ല. അവന്‍ സത്യമനുസരിച്ച് ജീവിച്ചാല്‍ പിന്നെ കൂട്ടുകാരുണ്ടാവുകയില്ല. (ഹാകിം). സ്വിഫ്ഫീന്‍ യുദ്ധത്തില്‍ അലി(റ)വിനു വേണ്ടി യുദ്ധം ചെയ്ത് അദ്ദേഹം രക്ത സാക്ഷിയായി എന്നാണ് പ്രബലമായ അഭിപ്രായം. അദ്ദേഹത്തിനന്നു നാല്‍പ്പതില്‍ പരം മുറിവുകളേറ്റിരുന്നു. (സിയറു അഅ്‍ലാമിന്നുബലാഅ്). അസര്‍ബൈജാനിലെ ഒരു യുദ്ധത്തിലാണദ്ദേഹം ശഹീദായതെന്നും ചിലര്‍ പറയുന്നുണ്ട്. (ഹില്‍യതുല്‍ ഔലിയാഅ്) അല്ലാഹു അവരോടൊന്നിച്ച് നമ്മെ അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter