വിഷയം: ‍ വിശ്വാസം

നാടകത്തിൽ അഭിനയിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

Midlaj k

Jun 10, 2021

CODE :Oth10214

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. 'ഒരു പൂർണക്രിയയുടെ അനുകരണം' എന്നാണ് നാടകത്തെ അരിസ്റ്റോട്ടിൽ നിർവചിച്ചിട്ടുള്ളത്. സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സങ്കരകലയാണ് നാടകം (വിക്കിപീഡിയ).

ഈ കലയെ പല തരത്തിലും ഉപയോഗപ്പെടുത്തുകയും അവതരിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  ഓരോന്നിന്‍റെയും സ്വഭാവവൈവിധ്യങ്ങള്‍ക്കനുസരിച്ച് വിധിയും മാറിമാറി വരും. പൊതുവില്‍ നാടകം എന്ന് കേള്‍ക്കുമ്പോഴേക്ക് നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത് ഇന്ന് പ്രചാരത്തിലുള്ള  വേഷം കെട്ടലുകളും അമാന്യമായ വസ്ത്രധാരണവും സ്ത്രീപുരഷസങ്കലനവും ലഹരിയുപയോഗത്തെ സാധാരണവല്‍ക്കരിക്കലും ധാര്‍മികമൂല്യങ്ങളെ അവഹേളിക്കലും ആക്ഷേപഹാസ്യകഥകളുമെല്ലാമടങ്ങിയ നാടകങ്ങളാണ്. ഇത്തരം അനിസ്ലാമികമായ ഇടപെടലുകളുള്ള നാടകത്തെ കുറിച്ചോ അതിലെ അഭിനയത്തെ കുറിച്ചോ കൂടുതല്‍ ആലോചിക്കാതെ ഹറാമാണെന്ന് പറയാന്‍ കഴിയും.

എന്നാല്‍ നാടകം എന്ന കലയെ കുറിച്ച് പൊതുവായൊരു വിധി അറിയണമല്ലോ. അഭിനയവും സംഭാഷണവുമാണ് നാടത്തിന്‍റെ ഘടകങ്ങള്‍. മറ്റു കലകളും ചേര്‍ന്നേക്കാം. അഭിനയം, അനുകരണം, തുടങ്ങിയവ ഗുണകരമായ ലക്ഷ്യങ്ങളോടെ ചെയ്യുന്നതില്‍ ഇസ്ലാമില്‍ വിലക്കില്ല. ഉപദേശം, ഉദാഹരിക്കല്‍, അധ്യാപനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി മൃഗങ്ങളുടെയോ മനുഷ്യരുടെയോ സംഭാഷണങ്ങളിലുടെ അത്ഭുതങ്ങളും അസാധാരണസംഭവങ്ങളും കേള്‍ക്കുന്നതും പറയുന്നതും അവ സത്യമല്ലാത്ത കെട്ടുകഥകളാണെങ്കില്‍ പോലും അനുവദനീയമാണെന്ന് ബഹുമാനപ്പെട്ട ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ (12/344) വിവരിച്ചിട്ടുണ്ട്.  അധ്യാപകനും വിദ്യാര്‍ത്ഥിയുമായുള്ള അഭിനയം, പിതാവും മക്കളുമായുള്ള അഭിനയം, കള്ളനും പോലീസുമായുള്ള അഭിനയം തുടങ്ങിയവ നല്ല ആശയങ്ങള്‍ കൈമാറുന്ന തരത്തില്‍ അനിസ്ലാമികമായ കാര്യങ്ങളൊന്നുമില്ലാതെ അവതരിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാകില്ലല്ലോ. പുതിയ കാലത്തെ ട്രന്‍ഡുകള്‍ നോക്കി ഇസ്ലാമികപ്രബോധനത്തിനുള്ള മാര്‍ഗങ്ങളായി ഇത്തരം കലകളെ മതവിധികളുടെ പരിധിയില്‍ നിന്ന് പുറത്തുപോകാതെ ഉപയോഗപ്പെടുത്തലാണ് ശ്രമകരമെങ്കിലും ഗുണകരമെന്നതാണ് പണ്ഡിതപക്ഷം.  

 അഭിനയം, നാടകം, സിനിമ തുടങ്ങിയവയിലെ ഇസ്ലാമിന്‍റെ കാഴ്ചപ്പാടിനെ കുറിച്ചുള്ള  അധികവായനക്കായി ഇവിടെ ക്ലിക്ക് ചെയ്യാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter