സ്വാലിഹീങ്ങളുടെയും അമ്പിയാക്കളുടെയും ഖബറുകള്‍ കെട്ടിപ്പൊക്കുന്നതിന്റെ വിധി എന്താണ്

ചോദ്യകർത്താവ്

musthafa

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഖബ്റിനുമേല്‍ നിര്‍മ്മാണം നടത്തുന്നതിനെ വിരോധിക്കുന്ന പല ഹദീസുകളും കാണാവുന്നതാണ്. ഖബ്റ് കെട്ടിപ്പൊക്കുന്നത് നിഷിദ്ധമാണെന്ന് പറയുന്നതിന്റെ പ്രധാന കാരണമായി ഗ്രന്ഥങ്ങള്‍ പറയുന്നത്, മറവ് ചെയ്യപ്പെട്ട മയ്യിതിന്റെ ശരീരഭാഗങ്ങള്‍ മണ്ണായിപ്പോയ ശേഷം അതേ ഖബ്റില്‍ മറ്റൊരാളെ മറവ് ചെയ്യുന്നതിന് ഇത് തടസ്സമാവുമെന്നും അത് സമൂഹത്തിന് ബുദ്ദിമുട്ട് വരുത്തുമെന്നുമാണ്. അവയുടെയെല്ലാം വെളിച്ചത്തില്‍ പണ്ഡിതര്‍ ഇതിന്റെ വിധി ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഇങ്ങനെ സംഗ്രഹിക്കാം. കെട്ടിയുണ്ടാക്കാന്‍ പ്രത്യേക ആവശ്യങ്ങളുണ്ടെങ്കില്‍ (വന്യമൃഗങ്ങളോ മറ്റോ വന്ന് മയ്യിത് മാന്തിയെടുക്കുമോ എന്ന പേടിയോ മറ്റോ) അത് ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. ഖബ്റ് നിലകൊള്ളുന്നത് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്താണെങ്കില്‍ പ്രത്യേക ആവശ്യമൊന്നുമില്ലെങ്കില്‍ കെട്ടിപ്പൊക്കുന്നത് കറാഹതാണ്. പൊതുസ്ഥലത്താണ് ഖബ്റെങ്കില്‍ പ്രത്യേക ആവശ്യങ്ങളൊന്നുമില്ലെങ്കില്‍ മേല്‍പറഞ്ഞ കാരണം കൊണ്ട് അത് ഹറാമും അത്തരത്തില്‍ ഉണ്ടാക്കിയവ പൊളിക്കേണ്ടതുമാണ്. എന്നാല്‍, നബിമാര്‍, സ്വാലിഹീങ്ങള്‍, ഖുര്‍ആന്‍ മനപ്പാഠമാക്കിയവര്‍ തുടങ്ങി പലരെക്കുറിച്ചും മരണാനന്തരം അവരുടെ ശരീരങ്ങള്‍ നശിച്ചുപോകില്ലെന്നും അത് അവസാനനാള്‍ വരെ അങ്ങനെത്തന്നെ ഖബ്റുകളില്‍ തുടരുമെന്നും ഹദീസുകളിലും പണ്ഡിതവചനങ്ങളിലും കാണാം. അനുഭവങ്ങളും അതിന് സാക്ഷിയാണല്ലോ. അത്തരം സാഹചര്യത്തില്‍ ആ ഖബ്റുകള്‍ വീണ്ടും ഉപയോഗയോഗ്യമാക്കുക എന്ന പ്രശ്നം ഉദിക്കുന്നേയില്ലെന്ന് മാത്രമല്ല, ശേഷം വരുന്നവര്‍ മറവ് ചെയ്യപ്പെട്ട വ്യക്തിയെക്കുറിച്ച് മനസ്സിലാക്കാതെ അത് വീണ്ടും കുഴിക്കുന്ന അവസ്ഥ ഇല്ലാതിരിക്കേണ്ടതുമുണ്ട്. അത് കൊണ്ട് തന്നെ അത്തരം വ്യക്തികളുടെ ഖബ്റുകള്‍ പൊതുസ്ഥലത്താണെങ്കിലും കെട്ടിപ്പൊക്കാവുന്നതാണ്. അതനുസരിച്ചാണ് ഇന്ന് പലയിടത്തും സമാനമായ നിര്‍മ്മിതികള്‍ കാണപ്പെടുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter