ഏപ്രില്‍ ഫൂള്‍ ഇന്ന് ഒരു ആഗോള ആഘോഷമായി മാറുകയാണല്ലോ. ഇതിന്‍റെ ഭാഗമായി തമാശക്കായി കളവ് പറയുന്നതും കുറ്റകരം തന്നെയാണോ?

ചോദ്യകർത്താവ്

ഫാതിമാ ശംല

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. കളവ് പറയുക എന്നത് നാവ് കൊണ്ട് ചെയ്യുന്ന ദോഷങ്ങളുടെ കൂട്ടത്തിലാണ് വിശുദ്ധ ഇസ്‌ലാം എണ്ണുന്നത്. സത്യത്തിന് വിരുദ്ധമായത് മനപ്പൂര്‍വ്വം പറയലാണ് കളവ്. അത് തീര്‍ത്തും നിഷിദ്ധമാണെന്ന് മാത്രമല്ല കപടവിശ്വാസിയുടെ അടയാളമാണെന്നും ഹദീസുകളില്‍ കാണാവുന്നതാണ്. കാര്യത്തില്‍ പറയുന്നതും തമാശക്ക് വേണ്ടി പറയുന്നത് കളവ് തന്നെയാണ്. മാത്രമല്ല, എന്തെങ്കിലും സാധനം ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരിക്കെ, ആഗ്രഹമില്ലെന്ന് പറയുന്നത് പോലും കളവാകുമെന്ന് ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാം. ഒരിക്കല്‍ അസ്മാഅ് (റ) നബി (സ)തങ്ങളോട് ചോദിച്ചു, എനിക്ക് ആഗ്രഹമുള്ള ഒരു സാധനം ആഗ്രഹമില്ലെന്ന് പറഞ്ഞാല്‍ അത് കളവാകുമോ. അതും കളവ് ആയി തന്നെയാണ് ഗണിക്കപ്പെടുക എന്നായിരുന്നു പ്രവാചകരുടെ മറുപടി. മറ്റെവിടെനിന്നെങ്കിലും കേട്ടത്, അതിന്‍റെ സത്യാവസ്ഥ അറിയാതെ പറയുന്നത് പോലും കളവാകുമെന്നാണ് മനസ്സിലാകുന്നത്. ഒരു മനുഷ്യന് കളവ് പറയുന്നവനാവാന്‍, കേട്ടതെല്ലാം പറഞ്ഞാല്‍ തന്നെ മതിയെന്ന് പ്രവാചകര്‍ (സ) പറഞ്ഞതായി ഇമാം മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്. കളവ് എന്നത് പല ദോഷങ്ങളുടെയും തുടക്കവും പ്രേരകവുമാണെന്ന് പണ്ഡിതര്‍ പറയുന്നുണ്ട്. പ്രവാചകര്‍ (സ) പറയുന്നു, നിങ്ങള്‍ കളവ് പറയുന്നത് സൂക്ഷിക്കുക, കളവ് തെമ്മാടിത്തരത്തിലേക്ക് നയിക്കും, തെമ്മാടിത്തരം നരകത്തിലേക്ക് നയിക്കും (ബുഖാരി, മുസ്‌ലിം) തമാശയായി കളവ് പറയുന്നത് ഇന്ന് ഏറെ വ്യാപകമാണ്. ഇത് ഏറെ അപകടകരമാണ്. പ്രവാചകര്‍ (സ) പറയുന്നു, സംസാരിക്കുകയും അപ്പോള്‍ ജനങ്ങള്‍ ചിരിക്കാന്‍ വേണ്ടി കളവ് പറയുകയും ചെയ്യുന്നവനാണ് വലിയ നാശം, അവനാണ് വലിയ നാശം, അവനാണ് വലിയ നാശം. (അബൂദാവൂദ്, തുര്‍മുദി, നസാഇ) ചുരുക്കത്തില്‍ കളവ് ഏറെ അപകടകരമാണ്, തമാശക്ക് പോലും അത് പറയാവതല്ല. ഏപ്രില്‍ ഫൂള്‍ എന്ന പേരിലോ മറ്റോ നടക്കുന്ന ഇത്തരം ആഭാസങ്ങളൊക്കെ സ്വയം നരകത്തിലേക്കുള്ള വഴി വെട്ടുകയാണെന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter