തൌബ ചെയ്ത് ഖേദിച്ച് മടങ്ങിയാല്‍ എല്ലാ തെറ്റും പൊറുക്കപ്പെടുമോ? ഒന്ന് വിശദമാക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ശരീഫ് മുള്ളന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് തന്നെ ഒരേ സമയം നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള പക്വതയോട് കൂടിയാണ്. അല്ലാഹുവിന് ആരാധന നിര്‍വ്വഹിക്കുകയും കല്‍പനക്ക് വിരുദ്ധമായി ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന പ്രകൃതത്തിലാണ് മലകുകളെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യന്‍റെ പ്രകൃതം അതില്‍നിന്ന് തീര്‍ത്തും ഭിന്നമാണ്. സൂറതുല്‍ബലദില്‍ ഇങ്ങനെ കാണാം,  അവന് (മനുഷ്യന്) നാം രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുക്കുകയും (വ്യക്തമായി കാണുമാറ്) ഉയര്‍ന്നു നില്‍ക്കുന്ന രണ്ട് വഴികള്‍ കാണിച്ചു കൊടുക്കുകയും ചെയ്തില്ലേ? (സൂറതുല്‍ബലദ് 8-10). നന്മയുടെയും തിന്മയുടെയും വഴികളാണ് ഇത് കൊണ്ടുദ്ദേശിക്കപ്പെടുന്നത് എന്നാണ് വ്യാഖ്യാതാക്കള്‍ പറയുന്നത്. ഈ രണ്ട് വഴികളും സംവിധാനിക്കുകയും ശേഷം അവയെ കുറിച്ച് വ്യക്തമായ ബോധം നല്‍കാനായി പ്രവാചകരെ നിയോഗിക്കുകയും അവരെ ദൃഷ്ടാന്തങ്ങളെ കൊണ്ട് ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പടച്ച തമ്പുരാന്‍റെ രീതി. ഇതെല്ലാം ചെയ്ത്കൊടുത്ത ശേഷം അല്ലാഹു നടത്തുന്ന പരീക്ഷണമാണ് ഐഹിക ജീവിതം. ഈ പരീക്ഷണത്തില്‍ വിജയിക്കുന്നവര്‍ക്ക് സുഖകരമായ മരണാനന്തരജീവിതവും അല്ലാത്തവര്‍ക്ക് അത് ദുരിതപൂര്‍ണ്ണവുമായിരിക്കും. ഇതാണ് മനുഷ്യസൃഷ്ടിപ്പിന്‍റെ ലക്ഷ്യം. ഇക്കാരണത്താല്‍ തന്നെ, മനുഷ്യന് തെറ്റുകള്‍ പറ്റുക എന്നത് സ്വാഭാവികമാണ്. തെറ്റുകള്‍ സംഭവിക്കുമ്പോള്‍, അവ തെറ്റാണെന്ന് ബോധ്യപ്പെടുകയും ചെയ്തുപോയതില്‍ ഖേദിക്കുകയും ഇനി അത് ആവര്‍ത്തിക്കാതിരിക്കുകയുമാണ് മനുഷ്യന്‍ വേണ്ടത്. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഖുദ്സിയ്യായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം, ഒരു അടിമ പാപം ചെയ്തു, ശേഷം അവന്‍ പറഞ്ഞു, നാഥാ എനിക്ക് നീ പൊറുത്തതരണേ. ഇത് കേട്ട് അല്ലാഹു ഇങ്ങനെ പറയും, എന്റെ അടിമ ഒരു പാപം ചെയ്തു, ശേഷം അവന്‍ തനിക്ക് ഒരു രക്ഷിതാവുണ്ടെന്നും ആ രക്ഷിതാവ് ദോഷം പൊറുക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നവനാണെന്നും ഓര്‍മ്മവന്നു. വീണ്ടും അവന്‍ അതേ തെറ്റ് ആവര്‍ത്തിക്കുകയും പടച്ച തമ്പുരാന്‍ വീണ്ടും അത് തന്നെ പറയുകയും ചെയ്യുന്നു. അവസാനം പടച്ച തമ്പുരാന്‍ പറയുന്നു, നീ ഇഷ്ടമുള്ളതെല്ലാം ചെയ്തുകൊള്ളുക, ഞാന്‍ നിനക്ക് പൊറുത്തുതന്നിരിക്കുന്നു. (ഇമാം മുസ്‌ലിം) മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം, ആദമിന്‍റെ മക്കളെല്ലാം തെറ്റ് ചെയ്യുന്നവരാണ്. തെറ്റ് ചെയ്യുന്നവരില്‍ ഏറ്റവും നല്ലവര്‍ പശ്ചാത്തപിക്കുന്നവരാകുന്നു. (തിര്‍മിദി, ഇബ്നുമാജ...) അടിമ പശ്ചാത്തപിച്ച് മടങ്ങുന്നത് അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്നും ഹദീസുകളില്‍ കാണാം. മരുഭൂമിയില്‍ വെച്ച് തന്റെ ഭക്ഷണവും വെള്ളവും എല്ലാമുള്ള വാഹനം നഷ്ടപ്പെടുകയും ഏറെ അന്വേഷിച്ചിട്ടും ലഭിക്കാതെ നിരാശനായി മരണം കണ്‍മുന്നില്‍ കണ്ടിരിക്കുന്ന വ്യക്തിയുടെ മുമ്പിലേക്ക് ആ വാഹനം പ്രത്യക്ഷപ്പെട്ടാലുള്ള സന്തോഷത്തേക്കാളധികമാണ്, പശ്ചാത്തപിച്ച് മടങ്ങുന്ന അടിമയുടെ പ്രവൃത്തിയില്‍ അല്ലാഹുവിനുള്ളതെന്നും ഹദീസുകള്‍ വ്യക്തമാക്കുന്നുണ്ട്. മേല്‍പറഞ്ഞവയില്‍നിന്നെല്ലാം മനസ്സിലാവുന്നത്, തൌബയിലൂടെ ഏത് പാപവും പൊറുക്കപ്പെടും എന്ന് തന്നെയാണ്. മാത്രവുമല്ല, തൌബ ചെയ്ത് മടങ്ങുന്നവരെ അല്ലാഹുവിന് ഏറെ ഇഷ്ടമാണെന്ന് കൂടിയാണ്. ശിര്‍ക് അല്ലാത്ത ഏത് ദോഷവും പടച്ച തമ്പുരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു നിബന്ധനയുമില്ലാതെ പൊറുത്ത് തരുമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നത്. ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് പേടിക്കുകയും സദാസമയവും നാഥനോട് പാപമോചനം തേടുകയുമാണ് വിശ്വാസി വേണ്ടത്. അതേ സമയം, അവയോര്‍ത്ത് മനസ്സ് പുകഞ്ഞ് ജീവിതം നഷ്ടപ്പെടാതെ, പടച്ച തമ്പുരാന്‍ എല്ലാം പൊറുത്തുതരുമെന്ന പ്രതീക്ഷയും കാത്തുസൂക്ഷിക്കേണ്ടതാണ്. ചെയ്തുപോയ പാപങ്ങളെയോര്‍ത്ത് തൌബ ചെയ്ത് മടങ്ങുന്ന സജജനങ്ങളില്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter