മക്ക ഭൂമിയുടെ മധ്യഭാഗത്ത് ആണ് സ്ഥിതി ചെയ്യുന്നത് എന്നതിന് ശാസ്ത്രീയമായോ ഖുര്‍ആനില്‍നിന്നോ വല്ല തെളിവും ഉണ്ടോ?
ചോദ്യകർത്താവ്
മുഹമ്മദ് നാസിം
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
മക്ക ഭൂമിയുടെ കേന്ദ്ര ഭാഗത്താണോ സ്ഥിതിചെയ്യുന്നതെന്നു സംബന്ധിച്ച ഒട്ടനവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. വിവിധ തഫ്‌സീറുകളില്‍ മക്ക ഭൂമിയുടെ മധ്യഭാഗമാണെന്നു പ്രതിപാദിച്ചിട്ടുണ്ട്. ഇമാം ഖുര്തുബി സൂറത്തുല്‍ ബഖറയിലെ 143- ആയത്ത് (അപ്രകാരം നിങ്ങളെ നാം മധ്യ സമുദായമക്കിയിരിക്കുന്നു) എന്ന അര്‍ഥം വരുന്ന ആയത്തിന്റെ വ്യഖ്യാനത്തില്‍ സൂചിപ്പിക്കുന്നത് കഅബയെ നാം ഭൂമിയുടെ മധ്യമാക്കിയത് പോലെ നിങ്ങളെയും ഒരു മധ്യ സമൂഹമാക്കിയിരിക്കുന്നു. സൂറത്തുല്‍ അന്‍ആം 92- ആയത്തിലെ മക്കയെ കുറിച്ചു ഉമ്മുല്‍ ഖുറ (ഗ്രാമങ്ങളുടെ മാതാവ്) എന്ന പരാമര്‍ശത്തെ വ്യഖ്യാനിച്ച് കൊണ്ട് ഇമാം നസഫി അടക്കമുള്ള പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മക്കയുടെ കേന്ദ്ര സ്വഭാവത്തെക്കുറിച്ച് പറയുന്നുണ്ട്.
ശാസ്ത്രീയമായി ഈ വിഷയം പഠനം നടത്തിയ ഒട്ടേറെപ്പേര്‍ ഉണ്ട്. ഹിജ്റ പത്താം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൊറോക്കന്‍ ഭൂമിശാസ്ത്രജ്ഞനായിരുന്ന സ്വഫാഖിസിയുടേതാണ് ഇത്തരത്തില്‍ ആദ്യ പഠനം. 1970 കളില്‍ ഈജിപ്ഷ്യന്‍ സര്‍വേയറായ പ്രൊഫ. ഹുസൈന്‍ കമാല്‍ ഇത് സംബന്ധിച്ച പുതിയ പഠനങ്ങള്‍ നടത്തി.
2011-ല്‍ തുര്‍ക്കിയില്‍ വെച്ച് നടന്ന ഖുര്‍ആനിലെയും സുന്നതിലെയും ശാസ്ത്രീയ അത്ഭുതങ്ങളെ സംബന്ധിച്ച പത്താമത് അന്തരാഷ്ട്ര സമ്മേളനത്തില്‍ ഈജ്പിഷ്യന്‍ ആര്‍ക്കിടെക്ടായ യഹ്യ ഹസ്സന്‍ വസീരി ഇത് സംബന്ധിച്ച വിശദമായ ഒരു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിരുന്നു. പഴയ ലോക മാപ്പിന്റെയും പുതിയ ലോകമാപ്പിന്റെയും വിവിധ ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെ മക്കയാണ് ഭൂമിയുടെ കേന്ദ്രസ്ഥാനമെന്നു അദ്ദേഹം സമര്‍ഥിക്കുന്നു.
ഇതടിസ്ഥാനത്തില്‍ ആഗോള സമയം മക്കയെ അടിസ്ഥാനമാക്കി ക്രമീകരിക്കണമെന്നു വിവിധ മുസ്‌ലിം പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിരുന്നു. 2008 ഏപ്രിലില്‍ ഖത്തറില്‍ നടന്ന 'മക്ക: ഭൂമിയുടെ കേന്ദ്രം; തത്വവും പ്രയോഗവും' എന്ന സമ്മേളനവും ഇത്തരമൊരു ആവശ്യം മുന്നോട്ടു വച്ചിരുന്നു.
ഖുര്‍ആന്‍ ആഴങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെന്നു പഠിക്കാന് ഇത്തരം വിഷയങ്ങള്‍ നമുക്ക് പ്രചോദനമാവട്ടെ.


