ഞാന്‍ ഇപ്പോള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു. മൂന്നു വര്‍ഷം ഞാന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തു. പിന്നെ എനിക്ക് മറ്റൊരവസരം കിട്ടിയപ്പോള്‍ ആ ജോലി ഒഴിവാക്കി നാട്ടില്‍ വന്നു. ഒരുപാട് ആലോചിച്ച് സ്വയം എടുത്ത തീരുമാനമായിരുന്നു അത്. ഒരു മാസത്തിനുള്ളില്‍ പുതിയ കമ്പനിയിലേക്കുള്ള വിസ വന്നു. എന്നാല്‍ അത് ഡ്രൈവര്‍ വിസയായിരുന്നു. അതെന്നെ അറിയിക്കുകയും ജോലിയില്‍ കയറിയതിന് ശേഷം മാറ്റിത്തരാമെന്ന് വ്യവസ്ഥ വെക്കുകയും ചെയ്തിരുന്നു. അവര്‍ക്കതിനു സാധിക്കാതെ വരികയും ഒരു മാസത്തിനു ശേഷം എന്നോട് പിരിഞ്ഞു പോകാന്‍ പറയുകയും ചെയ്തു. എന്റെ പ്രാരാബ്ധം മൂലം ഞാന്‍ പുതിയൊരു ജോലിക്ക് വേണ്ടി ശ്രമിക്കുകയും ഒരു മലയാളിയുമായി ചേര്‍ന്ന് നാലു മാസം ജോലി ചെയ്യുകയും ചെയ്തു. തുടര്‍ന്ന് അവരുടെ അറബിയുടെ കമ്പനിയിലേക്ക് എന്നെ ചേര്‍ത്തു. എന്നാല്‍ ഡ്രൈവര്‍ വിസ മാറിയില്ല. രണ്ടു മാസത്തെ ശമ്പളം കുടിശ്ശിക വെച്ച ആ മലയാളി അവിടെ നിന്ന് പോയി. അറബിയുടെ സമ്മതത്തോടെ തല്‍ക്കാലം ഇപ്പോള്‍ മറ്റൊരാളുടെ കൂടെ ജോലി ചെയ്യുന്നു. മൂന്നു മാസത്തോളമായെങ്കിലും അയാള്‍ ഇതു വരെ ശമ്പളം തന്നിട്ടില്ല. ഇതിനിടക്ക് ഞാന്‍ പല കമ്പനിയിലും ശ്രമിച്ചു നോക്കിയെങ്കിലും ഒന്നും തരപ്പെട്ടില്ല. ഇങ്ങനെ മാനസിക പ്രയാസം നേരിടുന്നതിനിടക്ക് എന്റെ ഉപ്പക്ക് ചെറിയ ഒരു തളര്‍ച്ച വരികയും അതില്‍ ഉപ്പ ആകെ പേടിക്കുകയും ചെയ്തു. ഇപ്പോള്‍ മാസത്തില്‍ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നുണ്ട്. എന്റെ സംശയം എന്റെ ഈ പ്രയാസങ്ങള്‍ക്കെല്ലാം കാരണം ആരെങ്കിലും എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നതാണോ എന്നാണ്. ഇപ്പോഴാണ് എനിക്കിങ്ങനെയൊരു ശങ്ക തോന്നിയത്. ഇതെല്ലാം പടച്ച റബ്ബില്‍ നിന്നുള്ള പരീക്ഷണം ആയിട്ടാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ എന്റെ ആരാധനാ കര്‍മങ്ങളില്‍ ഒരുപാട് മാറ്റം എനിക്ക് പ്രകടമാകുന്നു. സുബ്ഹി നിസ്‌ക്കാരം ഇപ്പോള്‍ വല്ലപ്പോഴുമേ കിട്ടാറുള്ളൂ. സുന്നത്ത് നോമ്പ് നോല്‍ക്കാനോ ഖുര്‍ആന്‍ ഓതാനോ തോന്നുന്നില്ല. ഹറാമിലേക്ക് കൂടുതല്‍ അടുക്കുകയും ജോലിയില്‍ ഒരുപാട് കള്ളത്തരങ്ങള്‍ക്ക് കൂട്ടു നില്‍ക്കേണ്ടിയും കളവ് പറയേണ്ടിയും വരുന്നു. ആത്മാര്‍ത്ഥമായി ജോലി ചെയ്തിട്ടും എന്നെ അംഗീകരിക്കുന്നില്ല. ഇത്രയും പറഞ്ഞതില്‍ നിന്ന് എനിക്ക് എവിടെയാണ് തെറ്റ് പറ്റിയതെന്ന് നിങ്ങള്‍ക്ക് പറയാമോ? ലഭിക്കാനുള്ള ശമ്പളം കിട്ടില്ലെന്നു കരുതി മാത്രമാണ് ഞാന്‍ ജോലി ഒഴിവാക്കാത്തത്. വീട്ടിലെ സ്ഥിതി ആലോചിച്ച് നാട്ടില്‍ പോകാനും തോന്നുന്നില്ല. എന്റെ ഭാര്യ ഇപ്പോള്‍ ഗര്‍ഭിണിയാണ്. എനിക്ക് നാല് ലക്ഷത്തോളം രൂപ കടവുമുണ്ട്. എന്നാലും ഞാന്‍ രക്ഷപ്പെടുമെന്ന വിശ്വാസം എനിക്കിപ്പോഴുമുണ്ട്. ആ വിശ്വാസമാകും എന്നെ ഇപ്പോഴും ഇവിടെ പിടിച്ചു നിര്‍ത്തുന്നത്. എന്റെ പ്രശ്‌നങ്ങള്‍ക്ക് ഇസ്‍ലാമിക രീതിയിലുള്ള വല്ല പരിഹാരവും നിര്‍ദ്ദേശിക്കാന്‍ നിങ്ങള്‍ക്കാവുമോ? കടക്കാരുടെ ശാപം ആകുമോ? സഹായകരമായ ഉപദേശം പ്രതീക്ഷിക്കുന്നു. എന്നെയും കുടുംബത്തെയും ദുആയില്‍ ഉള്‍പ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സിഹ്റ് എന്നതിന് യാഥാര്‍ത്ഥ്യമുണ്ടെന്നും അതിന് മനുഷ്യന് ഉപദ്രവമുണ്ടാക്കാന്‍ സാധിക്കുമെന്നും ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും തെളിഞ്ഞതാണ്. ഇത് മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്. അതേസമയം, ഒരു കാര്യം പ്രത്യേകം മനസ്സിലാക്കേണ്ടിയിരിക്കുന്നു, ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെല്ലാം സിഹ്റിന്‍റെ ഭാഗമായി കാണുന്നവരുണ്ട്. നിസ്സാരമായ പ്രശ്നങ്ങള്‍ വരുമ്പോഴേക്ക് ആരോ തനിക്ക് സിഹ്റ് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അതിന് പിന്നാലെ സമയം ചെലവഴിക്കുന്നവരും നമുക്കിടയിലുണ്ട്. അല്ലാഹുവിലുള്ള വിശ്വാസത്തിന്‍റെയും മനസ്സുറപ്പിന്‍റെയും അപര്യാപ്തതയാണ് അത്തരം വികല ചിന്തകള്‍ക്ക് കാരണമാവുന്നത്. താങ്കളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയേടത്തോളം, സാധാരണ പല പ്രവാസികളും അനുഭവിക്കുന്നതിന്റെ ഒരംശം മാത്രമേ അതിലുള്ളൂ എന്നാണ് മനസ്സിലാവുന്നത്. താങ്കളുടെ പ്രശ്നങ്ങളെ കുറച്ച് കാണുകയല്ല, മറിച്ച്, ഇതേക്കാളും വലിയ വലിയ പ്രശ്നങ്ങള്‍ നേരിടുന്ന എത്രയോ ആളുകള്‍ നമുക്കിടയിലുണ്ടെന്ന യാഥാര്‍ത്ഥ്യം ബോധിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റുപലരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ കാണുമ്പോഴാണ് നമ്മുടേത് എത്ര നിസ്സാരമാണെന്ന് നമുക്ക് മനസ്സിലാവുക. ഗള്‍ഫില്‍ വരുന്നതും ഉദ്ദേശിച്ച പോലെ ജോലി ലഭിക്കാത്തതും ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതുമെല്ലാം സര്‍വ്വസാധാരണമാണല്ലോ. പിതാവിന്‍റെ അസുഖത്തെയും ഒരിക്കലും ഇതുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. എല്ലാം അല്ലാഹുവിന്റെ പരീക്ഷണങ്ങളാണെന്ന് മനസ്സിലാക്കുക. അല്ലാഹു അവന്ന് ഇഷ്ടപ്പെട്ട അടിമകളെയാണ് കൂടുതലായി പരീക്ഷിക്കുക. മനുഷ്യസമൂഹത്തില്‍തന്നെ ഏറ്റവും അധികം പ്രയാസങ്ങളനുഭവിച്ചത് പ്രവാചകന്മാരാണല്ലോ. (ഭൌതിക സുഖസൌകര്യങ്ങളില്‍) നിങ്ങള്‍ നിങ്ങളേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കുക, മേലേയുള്ളവരെ നോക്കരുത് എന്ന പ്രവാചകവചനം ഇത്തരം മാനസികാസ്വസ്ഥ്യങ്ങള്‍ക്ക് നല്‍കുന്ന വലിയൊരു ചികില്‍സയാണ്. സൂറതുല്‍ബഖറയിലെ ഈ ആയതുകള്‍ (155-157) ഇതാണ് നമ്മോട് പറയുന്നത്, അല്‍പമൊരു ഭയവും വിശപ്പും മൂലവും സ്വത്തുക്കളിലും ആളുകളിലും ഫലങ്ങളിലുമുള്ള കുറവുമൂലവും നിങ്ങളെ നാം പരീക്ഷിക്കുകതന്നെ ചെയ്യും. വല്ല വിപത്തും തങ്ങള്‍ക്ക് നേരിടുമ്പോള്‍ 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്ക് മടങ്ങുന്നവരുമാണ്' എന്ന് പറയുന്ന ക്ഷമാശീലന്മാര്‍ക്ക് താങ്കള്‍ സന്തോഷവാര്‍ത്ത അറിയിക്കുക. അവര്‍ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് പാപമോചനങ്ങളും കാരുണ്യവുമുള്ളവരാകുന്നു. അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവരും. അതോടൊപ്പം, ആരാധനാകാര്യങ്ങളില്‍ പ്രത്യേകമായ ശ്രദ്ധ ചെലുത്തുക, വിശിഷ്യാ നിസ്കാരത്തിന്‍റെ കാര്യത്തില്‍. സുബ്ഹി നിസ്കരിക്കുന്നതോടെ അന്നേ ദിവസം അവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലായെന്ന് ഉറപ്പിക്കാമെന്ന് പറയുന്ന എത്രയോ ഹദീസുകള്‍ കാണാന്‍ സാധിക്കും. ഇത്തരം പ്രയാസങ്ങള്‍ വരുമ്പോള്‍ നാം ആരാധനാകര്‍മ്മങ്ങള്‍ വര്‍ദ്ദിപ്പിക്കുകയാണ് വേണ്ടത്. അതോടൊപ്പം, പ്രയാസങ്ങള്‍ വരുമ്പോള്‍ അസ്വസ്ഥനാകുന്നതും അതേക്കുറിച്ച് തലപുകഞ്ഞ് മനസ്സമാധാനം കളയുന്നതും പ്രശ്നത്തിന് പരിഹാരമേയല്ലെന്ന് മാത്രമല്ല, പ്രശ്നത്തെ കൂടുതല്‍ വഷളാക്കുകയാണ് ചെയ്യുക എന്ന് കൂടി തിരിച്ചറിയുക. അങ്ങനെ സംഭവിക്കുമ്പോള്‍ പിശാച് ആണ് വിജയിക്കുന്നത്. ഏതൊരു കാര്യവും ചെയ്യുമ്പോള്‍ വേണ്ടത്ര ആലോചിക്കുക, ശേഷം തീരുമാനിക്കുന്ന കാര്യങ്ങള്‍ അല്ലാഹുവില്‍ തവക്കുലാക്കി പ്രവര്‍ത്തിക്കുക, ശേഷം അതിന്റെ അനന്തരദൂഷ്യഫലങ്ങളില്‍ തല പുകക്കാതിരിക്കുക എന്നതാണ് ഇസ്‍ലാം നമ്മെ പഠിപ്പിക്കുന്നത്. ഒരു കാര്യം ചെയ്ത് ശേഷം അത് ദോഷകരമായെന്ന് തോന്നുമ്പോള്‍, ഓഹ്, ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്നോ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ എന്നോ ഒക്കെ ചിന്തിക്കുന്നത് തന്നെ പിശാചിന് വാതില്‍ തുറക്കുകയാണെന്ന് ഹദീസുകളില്‍ പറയുന്നുണ്ട്. അതിനാല്‍, പ്രിയ സുഹൃത്ത് ഇത്തരം ഘട്ടങ്ങളെ ആത്മനിയന്ത്രണത്തോടെയും ഉറച്ച വിശ്വാസത്തോടെയും നേരിടുകയാണ് വേണ്ടത്. എല്ലാം അല്ലാഹുവിന്‍റെ ഖദ്റും ഖദാഉമാണെന്ന് ഉറച്ച് വിശ്വസിക്കുക. പ്രയാസങ്ങള്‍ അകലാനായി, നാരിയത് സ്വലാത് അടക്കമുള്ള ദിക്റുകള്‍ പതിവാക്കുക. യൂനുസ് (അ) മല്‍സ്യവയറ്റില്‍ കുടുങ്ങിയ വേളയില്‍ ചൊല്ലിയ ദിക്റ് (لاَ اِلهَ اِلاّ اَنْتَ سُبْحَانَكَ انِّي كُنْتُ مِنَ الظَالِمِين) പതിവാക്കുന്നതും പ്രയാസങ്ങള്‍ അകലാന്‍ ഏറെ സഹായകമാണ്. സമാനമായ മറ്റു ദിക്റുകള്‍ മനസ്സിലാക്കാന്‍ ബാങ്ക് കടക്കെണിയില്‍ നിന്ന് രക്ഷനേടാന്‍ ആത്മീയ പരിഹാരം എന്ന മറുപടി സഹായകരമാവും. നമ്മുടെയെല്ലാ പ്രയാസങ്ങളും നാഥന്‍ തീര്‍ത്തുതരുമാറാവട്ടെ, ഉറച്ച ഈമാനോടെ ജീവിക്കാനും ഈമാനോടെ മരണം വരിക്കാനും അവന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter