വാലന്റൈൻ ഡേയിൽ നബിയോടുള്ള പ്രണയം ആഘോഷിക്കാമോ?,ഇസ്ലാമിക കാഴ്ചപ്പാടിൽ പ്രണയത്തിന്റെ നിർവചനം എന്താണ്?
ചോദ്യകർത്താവ്
Abdulla
Feb 10, 2019
CODE :Oth9141
അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ് സര്വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല് അല്ലാഹുവിന്റെ അനുഗ്രഹങ്ങള് വര്ഷിച്ചുകൊണ്ടിരിക്കട്ടെ.
പ്രണയിക്കുന്നവർക്ക് വേണ്ടി ജീവ ത്യാഗം ചെയ്ത സെന്റ് വാലന്റൈന്റെ ഓർമ്മക്ക് വേണ്ടി എന്ന പേരിൽ കുറച്ച് കാലമായി ചിലർ ആഷോഷിച്ചു വരികയും സോഷ്യൽ മീഡിയയുടെ അതിപ്രസരം ഉപോയഗപ്പെടുത്തി സമീപ കാലം മുതൽ ലോക വ്യാപകമായ പ്രചാരണങ്ങളിലൂടെ ധാരാളം ആളുകളെ ആഘോഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരു ദിനമാണ് വാലൻന്റൈൻ ദിനം അല്ലെങ്കിൽ സെന്റ് വാലന്റൈൻ ദിനം എന്ന പേരിലറിയപ്പെടുന്ന ഫെബ്രുവരി 14. ഈ ദിനാഘോഷവുമായി ബന്ധപ്പെടുത്തി ചില ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ന് ഏറെക്കുറേ ഈ ആഘോഷത്തിന്റെ കേന്ദ്ര ബിന്ദു സെന്റ് വാലന്റൈനാണ്. സൈനികർ വിവാഹം കഴിക്കുന്നത് സൈനിക സേവനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തിയ റോമാ ചക്രവർത്തി വിവാഹം നിരോധിച്ചപ്പോൾ ആ വിലക്ക് ലംഘിച്ച് പരസ്പരം ഇഷ്ടപ്പെടുന്നവർക്ക് അവരുടെ വിവാഹം രഹസ്യമായി അന്നത്തെ ബിഷപ്പായിരുന്ന വാലന്റൈൻ നടത്തിക്കൊടുത്തിരുന്നുവെന്നും ഇതറിഞ്ഞ രാജാവ് അദ്ദേഹത്തെ ജയിലിലടച്ചപ്പോൾ അദ്ദേഹം ജയിലറുടെ അന്ധയായ മകളെ പ്രേമിച്ച് ആ പ്രേമത്തിന്റെ പവിത്രത കാരണം ആ പെണ്ണിന് കാഴ്ച തിരിച്ചു കിട്ടിയെങ്കിലും ബിഷപ്പിന്റെ ജയിലിലെ ഈ നിയമ ലംഘനം ചക്രവർത്തിയെ കുപിതനാക്കുകുയും തുടർന്ന് അദ്ദേഹത്തെ വധിക്കുകയും ചെയ്തുവെന്നും അങ്ങനെ കൊല്ലാൻ കൊണ്ടുപോകുന്നതിനു മുൻപ് ബിഷപ്പ് തന്റെ ആ പ്രണയിനിക്ക് “ഫ്രം യുവർ വാലൻന്റൈൻ” എന്നൊരു കുറിപ്പെഴുതി വെച്ചുവെന്നും അതിനു ശേഷമാണ് സെന്റ് വാലൻന്റൈൻ എന്ന് പേരുള്ള ആ ബിഷപ്പിന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത് എന്നുമാണ് പറയപ്പെടുന്നത്. ഈ സംഭവം നടന്നത് ആയരിക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണെങ്കിലും നമ്മുടെ ഇന്ത്യയിൽ ഇങ്ങനെയൊരു ആഘോഷം നടക്കാൻ തുടങ്ങിയത് കേവലം 1992 മുതലായിരുന്നുവെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്..
ചുരുക്കത്തിൽ വ്യക്തമായ ചരിത്ര പിൻബലമില്ലാത്ത ഒരു ഐതിഹ്യത്തിന്റെ മറ പിടിച്ച് തന്നിഷ്ടപ്രകാരം ആരേയും എപ്പോഴും പ്രേമിക്കുകയും പിരിയുകയും ചെയ്ത് നടക്കുന്ന സ്വതന്ത്ര വാദികൾ അന്യ സ്ത്രീ പുരുഷന്മാർ തമ്മിലെ ഇസ്ലാമികമായി നിയമ വിധേയമല്ലാത്ത രീതിയിലുള്ള മാനസികവും ശാരീരികവുമായ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഏർപ്പാടാണ് ഈ ദിനത്തിൽ ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള പ്രധാന വ്യത്യാസം മനുഷ്യർക്ക് വിശേഷ ബുദ്ധിയുണ്ട് എന്നതാണ്. അതിനാൽ കുത്തഴിഞ്ഞ ഒരു ജീവിത രീതി മനുഷ്യരിൽ നിന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. അവരുടെ ജീവിതം ഏതു രീതിയിൽ ക്രമപ്പെടുത്തണം എന്ന് അനുശാസിക്കുന്ന ജീവത രേഖയാണ് ഇസാം. അത് അനുസരിച്ച് ജീവിക്കുന്ന ഒരു വിശ്വാസി്ക്ക് ഏതു കാര്യത്തിലുമെന്ന പോലെ ഇക്കാര്യത്തിലും അതിന്റ അതിർ വരമ്പുകൾ ലംഘിക്കൽ അനുവദനീയമല്ല. അല്ലാഹു തആലാ പറയുന്നു: ‘നിങ്ങൾ ശാരീരികമായും മാനസികമായും പരസ്പരം ആശ്വാസം കണ്ടെത്തുന്നതിന് വേണ്ടി നിങ്ങളിൽ നിന്നു തന്നെയുള്ള ഇണകളെ അവൻ സൃഷ്ടച്ചതും നിങ്ങൾക്കിടയിൽ അവൻ സ്നേഹവം കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളിൽപ്പെട്ടതാണ്’ (സൂറത്തുർറൂം). വിവാഹമെന്ന പരിശുദ്ധവും പവിത്രവുമായ ഉടമ്പടിയിലൂടെയാണ് പരസ്പരം ഇണകളാകുന്നതെന്നും അവർ തമ്മിൽ മാത്രമേ ശാരീരിക മാനസിക ബന്ധങ്ങൾ പാടുള്ളൂവെന്നും അതല്ലാത്ത ഏത് ശാരീരിക മാനസിക ബന്ധങ്ങളും തനി വ്യഭിചാരമാണെന്നും വിശുദ്ധ ഖുർആനും തിരു ഹദീസും പല തവണ ആർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.
തോന്നുമ്പോൾ പ്രേമിക്കുവാനും കാമിക്കുവാനും അനുഭവിക്കുവാനുമുള്ള ഒരു ഭോഗ വസ്തുവായിട്ടല്ല സ്ത്രീ ജന്മത്തെ ഇസ്ലാം കാണുന്നത്. പ്രത്യുത പവിത്രതയും മുല്യവുമുള്ള സഹോദരിയായും ഭാര്യയായും ഉമ്മയായും മകളായുമാണ്. അത് കൊണ്ട് ഈ പവിത്രതയെ ഹനിക്കുന്ന തരത്തിലുള്ള ഏത് ബന്ധവും അവരുടെ അസ്ഥിത്വത്തെ അപമാനിക്കുന്നതും വൈയക്തിക, സാമൂഹിക ജീവിതത്തിൽ അരാചകത്വം സൃഷ്ടിക്കുന്നതുമായതിനാൽ ഇസ്ലാം അതിനെ വ്യഭിചാരമായും അധാർമ്മികതയായും കണക്കാക്കുകയും അത്തരം ഒരു ചിന്തയോടോ സമീപനത്തോടോ പ്രവൃത്തിയോടോ അടുത്ത് പോകരുതെന്നും അങ്ങനെ ചെയ്താൽ ദുനിയാവിലും ആഖിറത്തിലും അത്തരക്കാരെ അല്ലാഹു കൈ വെടിയുമെന്നും കഠിന ശിക്ഷകർക്ക് വിധേയരാക്കുമെന്നും ധാരാളം തവണ അല്ലാഹുവും റസൂലും മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഇത് മുസിലിം ലോകത്ത് അവിതർക്കിതമായ കാര്യവുമാണ്. പര്സപരം വിവാഹം കഴിക്കാൻ തീരുമാനിച്ച സ്ത്രീ പുരുഷന്മാർ നികാഹ് കഴിയുന്നത് വരേ അന്യ സ്ത്രീ പുരുഷന്മാരാണെന്നും അല്ലാഹു അവരെ കൂട്ടിച്ചേർക്കുന്ന ആ വിവാഹ കരാറിന് മുമ്പ് അവർ തമ്മിൽ വാക്കു കൊണ്ടോ ശരീരം കൊണ്ടോ മറ്റോ ബന്ധപ്പെടരുതെന്നും അത് തികച്ചും നിഷിദ്ധമാണെന്നും ഇസ്ലാം പറയുമ്പോൾ ഏതൊരുത്തന്റെ ഉമ്മയേയും സഹോദരിയേയും ഭാര്യയേയും മകളേയും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രേമിക്കുകയും കാമിക്കുകയും ഇത്തരം ദിനങ്ങളുടെ പേര് പറഞ്ഞ് അവരെ ചുംബിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നത് ഇസ്ലാമിക ദൃഷ്ട്യാ എത്ര വലിയ പാപമാണ്.
ഇനി ചിലരുടെ സംശയം ‘എന്നാൽ പിന്നെ നമുക്ക് ഭാര്യ ഭർത്താക്കൾ തമ്മിൾ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും വസന്ത ദിവസമായി ആ ദിനം ആഘോഷിച്ചു കൂടേ എന്നതാണ്. മറ്റു ചിലർ ചോദിക്കുന്നത് ആ ദിനം നമുക്ക് ഇഷ്ടപ്പെട്ട റസൂൽ (സ്വ)യോട് സ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമായി ആ ദിനം ഉപയോഗപ്പെടുത്തിക്കൂടേ എന്നതാണ്’. യഥാർത്ഥത്തിൽ ഏതൊരു വിഷയം ഒരു വിശ്വാസി ചെയ്യുമ്പോഴും ആദ്യം ചിന്തിക്കേണ്ടത് അക്കാര്യം അല്ലാഹുവോ റസൂലോ പറയുകയോ അഥവാ വിശുദ്ധ ഖുർആനോ തിരു ഹദീസോ സാക്ഷ്യ പ്പെടുത്തുകയോ അവ രണ്ടും മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പിൽക്കാലത്ത് മുസ്ലിം ഉമ്മത്ത് ആക്കാര്യത്തിൽ ഏകോപിക്കുകയോ അതുമല്ലെങ്കിൽ വിശുദ്ധ ഖുർആനിലും തിരു ഹദീസിലുമുള്ള ഏതെങ്കലും നിയമത്തോട് ഖിയാസാക്കിയിട്ട് മുസ്ലിം ലോകം അതിനെ അനുവർത്തിച്ചു വരികയോ ചെയ്യുന്നുണ്ടോയെന്ന് സസൂക്ഷ്മം വിലയിരുത്തുകയും അങ്ങനെ യതൊരു ഇസ്ലാമിക പിൻബലവും ആ കര്യത്തിനില്ലായെന്ന് വ്യക്തമായാൽ അതിനോട് അടുക്കാതെ വിട്ടു നിൽക്കുകകയുമാണ്. കാരണം അത് തീർത്തും ഇസ്ലാമിക ദൃഷ്ട്യാ പൈശാചികവും പിശാചിന്റെ പ്രേരണകളേയും കാൽപ്പാടുകളേയും പിന്തുടരലുമാണ്. പിശാചിന്റേയും അവന്റെ കൂട്ടാളികളുടേയും കുതന്ത്രങ്ങളെ കരുതിയിരിക്കണമെന്ന് അല്ലാഹു പല തവണ താക്കീത് ചെയ്താതാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ പിശാചിന്റെ കാൽപാടുകളെ പിന്തുടരരുത്. ആരെങ്കിലും പിശാചിന്റെ കാൽപ്പാടുകൾ പിന്തുടർന്നാൽ അവൻ അവരെ വൃത്തികേടുകളും അല്ലാഹു വെറുക്കുന്ന കാര്യങ്ങളും ചെയ്യാൻ പ്രേരിപ്പിക്കും. അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ നിങ്ങളിൽ നിന്ന് ഒരാളെയും അവൻ സംസ്കരിക്കുകയില്ലായിരുന്നു. എന്നാൽ അവൻ ഉദ്ദേശിച്ചവരെ അവൻ സംസ്കരിക്കുന്നു. അവൻ എല്ലാ കാര്യങ്ങളും നന്നായി കേൾക്കുന്നവനും വളരേ നന്നായി അറിയുന്നവനുമാണ്” (സൂറത്തുന്നൂ). അതിനാൽ അല്ലാഹുവിന്റെ നിയമങ്ങൾക്ക് പുല്ലു വില കൊടുക്കാതെ നടത്തപ്പെടുന്ന, ഇസ്ലാമിക ദൃഷ്ട്യാ പൈശാചികവും അധാർമ്മികവുമായ ഈ അനാചാരത്തോട് ഐക്യ ധാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഭാര്യ ഭർത്താക്കൾ തമ്മിലെ സ്നേഹത്തിന്റെ തീവ്രത പ്രകടിപ്പിക്കാനോ മുത്ത് റസൂൽ (സ്വ)യോടുള്ള സ്നേഹം പ്രകടിപ്പിക്കാനോ മുതിന്നാൽ അത് അവരുടെ ബന്ധത്തിന്റെ വിശുദ്ധി കെട്ടു പോകാനും അല്ലാഹുവിന്റേയും റസൂൽ (സ്വ)യുടേയും കോപം ക്ഷണിച്ചു വരുത്താനും കാരണമാകും എന്ന് ഓർക്കുന്നത് നല്ലതാണ്.
കൂടുതല് അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.