വിഷയം: ‍ നിസ്കാരത്തിന്‍റെ നിയ്യത്ത്

നിസ്കാരതിന്റെ നിയ്യത്ത് കൃത്യമായും പൂര്‍ണമായും അതിന്റെ ലഫ്‌ളുകൾ അറബിയില്‍ എഴുതി തരുമോ? അതോടൊപ്പം ഓരോ നിസ്കാരത്തിലും നിയ്യത്തില്‍ വരുത്തേണ്ട മാറ്റവും പറഞ്ഞ്‌ തരാമോ? എല്ലാ ഫര്‍ള് നിസ്കാരങ്ങളുടെയും സാധാരണ നിസ്കാരിക്കുന്ന സുന്നത്ത് നിസ്കാരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തണേ...

ചോദ്യകർത്താവ്

Muhammed Ajmal

May 23, 2021

CODE :Pra10074

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഏത് ഇബാദത്തുകളുടെയും നിയ്യതുകളെ പോലെ നിസ്കരാത്തിന്‍റെ നിയ്യത്തും മനസില്‍ കരുതുകയാണ് വേണ്ടത്. മനസില്‍ കരുതുന്നത് നാവ് കൊണ്ട് ഉച്ചരിക്കല്‍ സുന്നത്തുണ്ട്. നിയ്യത്ത് വെക്കാന്‍ അറബി ലഫ്ളുകള്‍ അറിയണമെന്നില്ല. അറിയാവുന്ന ഭാഷയില്‍ മനസില്‍ കരുതുന്ന ആ നിയ്യത്ത് ആ ഭാഷയില്‍ തന്നെ നാവു കൊണ്ടുച്ചരിച്ചാലും ഈ സുന്നത്ത് ലഭിക്കുന്നതാണ്. നിയ്യത്തുകളുടെ അറബ് പദങ്ങള്‍ മാത്രം പഠിക്കുന്നതിന് പകരം അവയുടെ സാരവും ആശയവും കൂടി അറിയുമ്പോഴേ അതുപകാരപ്രദമാവൂ.

 നിസ്കാരത്തിന്‍റെ നിയ്യത്തില്‍ ഞാന്‍ നിസ്കരിക്കുകയാണ് എന്നും ഏത് നിസ്കരാമാണ് എന്നും ഫര്‍ള് നിസ്കാകമാണെങ്കില്‍ ഫര്‍ളായ നിസ്കാരമാണെന്നും കരുതലാണ് നിര്‍ബന്ധം.

ഉദാഹരണസഹിതം പറയാം. ളുഹ്റ് നിസ്കരിക്കുമ്പോള്‍ ഞാന്‍ ളുഹര്‍ എന്ന ഫര്‍ള് നിസ്കരാം നിര്‍വഹിക്കുന്നു (أُصَلِّي فَرْضَ الظُّهْرِ) എന്നതാണ് നിയ്യത്തിന്‍റെ നിര്‍ബന്ധഭാഗം. നിസ്കാരങ്ങള്‍ മാറുന്നതിനനുസരിച്ച് പേര് മാറ്റിയാല്‍ മതിയല്ലോ.

മയ്യിത്ത് നിസ്കാരം നിര്‍വഹിക്കുമ്പോള്‍ ഈ മയ്യിത്തിന്‍റെ മേല്‍ ഞാന്‍ ഫര്‍ളായ നിസ്കാരം നിര്‍വഹിക്കുന്നു എന്ന് കരുതണം.  (أُصَلِّي فَرْضَ صلاةِ الميِّتِ على هذا). മയ്യിത്തിന്‍റെ പേര് പറഞ്ഞോ ഇമാമിനോടൊപ്പമാണെങ്കില്‍ ഇമാം നിസ്കരിക്കുന്ന മയ്യിത്തുകളുടെ മേല്‍ എന്നോ കരുതാവുന്നതാണ്.

ളുഹ്റിന് മുമ്പുള്ള റവാതിബ് സുന്നത്ത് നിസ്കരിക്കുമ്പോള്‍, ഞാന്‍ ളുഹ്റിന് മുമ്പുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കുന്നു (أُصَلِّي سُنَّة الظُّهْرِ القَبْلِيَّة) എന്നാണ് നിര്‍ബന്ധമായ നിയ്യത്ത്. ളുഹ്റിന് ശേഷമുള്ള സുന്നത്ത് നിസ്കാരം നിര്‍വഹിക്കുമ്പോള്‍ ഞാന്‍ ളുഹ്റിന് ശേഷമുള്ള സുന്നത്ത് നിസ്കാരം നിര്‍വ്വഹിക്കുന്നു (أُصَلِّي سُنَّة الظُّهْرِ الْبَعْدِيَّة) എന്നും നിയ്യത്ത് വെക്കണം.

പെരുന്നാള്‍ നിസ്കാരങ്ങള്‍ക്ക് ഞാന്‍ ചെറിയ പെരുന്നാള്‍/വലിയ പെരുന്നാള്‍/ഈദുല്‍ഫിതര്‍/ഈദുല്‍അള്ഹാ നിസ്കാരം നിര്‍വഹിക്കുന്നു (أُصَلِّي عِيدَ الأَصْغَر/عيد الأكبر/عيد الفطر/عيد الأضحى)  എന്നാണ് നിര്‍ബന്ധമായ നിയ്യത്ത്. വെറും പെരുന്നാള്‍ നിസ്കാരം എന്നത് മതിയാവില്ല.

റവാതിബ് സുന്നത്തുകള്‍,പ്രത്യേകം സമയം നിശ്ചയിക്കപ്പെട്ടിട്ടുള്ള സുന്നത്ത് നിസ്കാരങ്ങള്‍, പ്രത്യേക കാരണങ്ങളുള്ള സുന്നത്ത് നിസ്കരാങ്ങള്‍ തുടങ്ങിയവയിലെല്ലാം ഞാന്‍ ഇന്ന (നിസ്കാരത്തിന്‍റെ പേര്) നിസ്കാരം   നിസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്യലാണ് വേണ്ടത്. തറാവീഹ്, വിത്റ്, ളുഹാ, ചന്ത്രഗ്രഹണ നിസ്കാരം, സൂര്യഗ്രഹണനിസ്കാരം, ചന്ദ്രഗ്രഹണനിസ്കാരം, മഴയെ തേടുന്ന നിസ്കാരം,  തുടങ്ങിയവയെല്ലാം ഉദാഹരണം.

വെറുതെയുള്ള (മുത്ലഖ്) സുന്നത്ത് നിസ്കാരങ്ങള്‍ക്ക് ഞാന്‍ നിസ്കരിക്കുന്നു (أُصَلِّي) എന്ന് മാത്രം കരുതിയാല്‍ മതി. തഹിയ്യത്ത് നിസ്കാരം, വുളൂഇന്‍റെ ശേഷമുള്ള നിസ്കാരം, ഖൈറിനെ തേടുന്ന നിസ്കാരം, സ്വലാതുല്‍ അവ്വാബീന്‍ എന്നിവയിലും ഏത് നിസ്കാരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്ന് പണ്ഡതന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മേല്‍പറയപ്പെട്ട നിര്‍നന്ധഘടകങ്ങള്‍ക്ക് പുറമെ ഇമാമോട് കൂടെ എന്നു കൂടെ നിയ്യത്ത് വെക്കല്‍ നിര്‍ബന്ധമാണ്. ഉദാഹരണത്തിന് ജുമുഅ നിസ്കരിക്കുമ്പോള്‍ ഞാന്‍ ജുമുഅയെന്ന ഫര്‍ള് നിസ്കാരം ഇമാമോട് കൂടെ നിസ്കരിക്കുന്നു (أُصَلِّي فَرْضَ الجمعة مَعَ الْإِمَامِ)  എന്നാണ് നിയ്യത്ത് വെക്കേണ്ടത്.

നിയ്യത്ത് വെക്കുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഭാഗങ്ങളാണ് മുകളില്‍ പറഞ്ഞത്. ഇതിന് പുറമേ ഏത് നിസ്കാരത്തിന്‍റെ നിയ്യത്തിലും അല്ലാഹുവിന് വേണ്ടി, അദാആയി/ഖളാആയി, ഖിബ്ലക്ക് മുന്നിട്ട്, ഇത്ര റക്അത് നിസ്കരിക്കുന്നു എന്നിവ കൂടി കരുതല്‍ സുന്നത്താണ്.

ഉദാഹരണത്തിന് ഇമാമിനോടൊപ്പം ളുഹ്റ് അദാആയി നിസ്കരിക്കുന്ന ഒരാളുടെ പൂര്‍ണമായ നിയ്യത്ത് പറയാം.

ളുഹ്റ് എന്ന ഫര്‍ള് നിസ്കാരം നാല് റക്അത് അല്ലാഹുവിന് വേണ്ടി അദാആയി ഖിബ്ലക്ക് മുന്നിട്ട് ഇമാമോടൊപ്പം ഞാന്‍ നിസ്കരിക്കുന്നു.

(أُصَلِّي فَرْضَ الظهر أربعَ ركعاتٍ مُتَوَجِّهًا إِلى القِبْلَةِ أَداءً لِله تَعَالَى مَعَ الْإِمَامِ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter