വിഷയം: ‍ ശുക്റിന്റെ നിസ്കാര രൂപം

السلام عليكم ورحمة الله وبركاته ശുക്റിന്റെ നിസ്‌കാര രൂപം പറഞ്ഞു തരാമോ ? ഞാൻ ഇതുവരെ നിസ്കരിച്ചത് നിയ്യത് ചെയ്ത് ഒരു സുജൂദ് ചെയ്യലായിരുന്നു.ഇന്ന് ഒരു ഉസ്താദിൽ നിന്നും എനിക്ക് ലഭിച്ച വിവരം നിയത്തോടുകൂടെ കൈകെട്ടി സുജൂദ് ചെയ്ത് സലാം വീട്ടണം എന്നാണ്. സലാം വീട്ടൽ നിർബന്ധമാണോ? അല്ലങ്കിൽ ഞാൻ ചെയ്തത് ചുരുങ്ങിയ രൂപമാണോ ? ഉസ്താദ് വിശദീകരിച്ചു തരാമോ ?

ചോദ്യകർത്താവ്

Farsheed m

Sep 18, 2022

CODE :Pra11369

وعليكم السلام ورحمة الله وبركاته

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

'വിത്ർ എന്ന സുന്നത് നിസ്കാരം', 'ളുഹാ എന്ന സുന്നത്ത് നിസ്കാരം' എന്നൊക്കെ പറയും പോലെ   ശുക്റിന് വേണ്ടിയുള്ള  പ്രത്യേക സുന്നത് നിസ്കാരം ഇല്ല(ശർവാനി,2/217, നിഹായ,10/19). ശുക്റിന് വേണ്ടിയുള്ള സുജൂദ് ആണ്  ചെയ്യാൻ കൽപ്പിക്കപ്പെട്ടിട്ടുള്ളത്.  എന്നാൽ, നന്ദിയെന്നോണം ശുക്റിന്റെ സുജൂദിനോടൊപ്പം നിരുപാധികം രണ്ട് റക്അത് സുന്നത് നിസ്കാരം നിസ്കരിക്കലും  അല്പം ദാനം നൽകലും നല്ലതു തന്നെ( ശർവാനി). 

 നാലാലൊരു കാരണത്തിനു വേണ്ടിയാണ് ശുക്റിന്റെ സുജൂദ് ചെയ്യേണ്ടത് :

 പുതുതായ  ഒരനുഗ്രഹം ഉണ്ടായതിന്റെ പേരിൽ ചെയ്യുന്ന സുജൂദാണ് അതിലൊന്ന് (ദീർഘിക്കാതെ ഉടൻ ചെയ്യുകയും വേണം). പ്രയാസങ്ങൾ  (نقمة ) അകന്നു കിട്ടിയാൽ നന്ദിയോണം ചെയ്യപ്പെടുന്ന സുജൂദാണ് അതിൽ മറ്റൊന്ന്. പരസ്യമായി പാപം ചെയ്യുന്നവനെ കണ്ടാലും( അവന്റെ മുമ്പിൽ വെച്ച് തന്നെ സുജൂദ് ചെയ്യൽ സുന്നത്തുണ്ട്),   അസുഖങ്ങൾ  കൊണ്ട് പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോഴും  ശുക്റിൻ്റെ സുജൂദ് ചെയ്യൽ സുന്നത്താണ്.

"റബ്ബിന് വേണ്ടി ഞാൻ ശുക്റിന്റെ സുജൂദ് ചെയ്യുന്നു" എന്ന നിയ്യത്തോടെ അല്ലാഹു അക്ബർ എന്ന തക്ബീറതുൽ ഇഹ്റാമും ചൊല്ലി ഒരൊറ്റൊരു സുജൂദും ചെയ്ത് സലാം വീട്ടലാണ് ഇതിന്റെ രൂപം. വെറും നിയ്യത്ത് വെച്ച് ഒരൊറ്റ സുജൂദും ചെയ്തു എഴുന്നേൽക്കലല്ല എന്നർത്ഥം. സലാം വീട്ടുകയും വേണം. സൂറതു സ്വാദിലുള്ള ഒരിടം മാത്രമാണ് ശുക്റിന്റെ സുജൂദായി ഖുർആനിലുള്ളത്. നിസ്കാർത്തിൽ ശുക്റിന്റെ സുജൂദ് ചെയ്യാവുന്നതുമല്ല. ശുക്റിന്റെ സുജൂദ് ചെയ്യാൻ സാധിക്കാതെ വരികയാണെങ്കിൽ അതിന് പകരമായി

 سبحان الله والحمد لله ولا إله إلا الله والله أكبر، ولا حول ولا قوة إلا بالله العلي العظيم

എന്ന ദിക്റ് ചൊല്ലൽ സുന്നത്തുമുണ്ട്.(ഇആനത്)

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter