അസ്സലാമു അലൈക്കും. സുബ്ഹ് നിസ്കാര ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ നിസ്കാരം കറാഹത്താണെന്ന് കേള്‍ക്കുന്നു. അപ്പോള്‍ സുബ്ഹിന്‍റെ മുമ്പുള്ള സുന്നത്ത് നിസ്കരിക്കാന്‍ ഫര്‍ള് നിസ്കരിക്കുന്നതിന് മുമ്പ് കഴിഞ്ഞില്ലെങ്കില്‍ പിന്നെ എപ്പോഴാണ് നിസ്കരിക്കുക?

ചോദ്യകർത്താവ്

ZUHRI

Dec 24, 2019

CODE :Fiq9535

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സുബ്ഹ് നിസ്കാരം നിര്‍വഹിച്ച ശേഷം സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്‍റെ അളവ് ഉയരുന്നത് വരെ (ഏകദേശം 20 മിനുട്ട് കഴിയുന്നത് വരെ) പ്രത്യേകാരണങ്ങളില്ലാത്തതോ കാരണം വരാന്‍പോകുന്നതാ ആയ സുന്നത്ത് നിസ്കാരങ്ങള്‍ നിര്‍വഹിക്കല്‍ ശക്തമായ കറാഹത്താണ്. അസറിന് ശേഷം സൂര്യനസ്തമിക്കുന്നത് വരെയും വെള്ളിയാഴ്ചയല്ലാത്ത ദിവസങ്ങളില്‍ സൂര്യന്‍ മധ്യത്തിലാവുന്ന (നട്ടുച്ച) സമയത്തും ഇതുപോലെ നിസ്കാരം കറാഹത്തായ സമയങ്ങളാണ്.

പ്രത്യേകകാരണങ്ങളില്ലാത്ത നിസ്കാരമാണ് മുത്'ലഖ് സുന്നത്ത് നിസ്കാരം (വെറുതെയുള്ള സുന്നത്ത് നിസ്കാം), തസ്ബീഹ് നിസ്കാരം പോലോത്തവ.

(ഇസ്തിഖാറത്) ഗുണം തേടിയുള്ള നിസ്കാരം, ഇഹ്റാം കെട്ടുന്നതിന് മുമ്പുളള നിസ്കാരം തുടങ്ങിയവ വരാന്‍ പോകുന്ന കാരണമുള്ള നിസ്കാരത്തിന് ഉദാഹരണങ്ങളാണ്.

മുന്തിയ കാരണങ്ങളുള്ള നിസ്കാരങ്ങള്‍ ഈ സമയത്ത് നിര്‍വഹിക്കുന്നത് കൊണ്ട് കുഴപ്പമില്ല.    വുളൂഅ്, ത്വവാഫ്,  എന്നിവക്ക് ശേഷമുള്ള സുന്നത് നിസ്കാരം, തഹിയ്യത് നിസ്കാരം, മയ്യിത്ത് നിസ്കാരം, ഫര്‍ളോ സുന്നത്തോ ആയ നഷ്ടപ്പെട്ട നിസ്കാരങ്ങള്‍ ഇവയെല്ലാം കാരണം മുന്തിയതായതിനാല്‍ ഈ സമയത്ത് നിര്‍വഹിക്കല്‍ കറാഹത്തില്ല.

എന്നാല്‍ മുന്തിയ കാരണമുള്ള നിസ്കാരങ്ങളെ കറാഹത്തുള്ള സമയത്ത് നിസ്കരിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രം ആ സമയത്തേക്ക് വൈകിപ്പിക്കലോ പതിവായി അങ്ങനെ ചെയ്യലോ അനുവദനീയമല്ല.

ചോദ്യത്തില്‍ പറഞ്ഞ സുബ്ഹിന്‍റെ മുമ്പുള്ള സുന്നത്ത് നിസ്കാരം മുന്തിയ കാരണമുള്ളതായതിനാല്‍ ഫര്‍ള് നിസ്കരിക്കുന്നതിന് മുമ്പ് അത് നിര്‍വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിസ്കാരശേഷം നിര്‍‌വഹിക്കുന്നതിന് കുഴപ്പമില്ലെന്ന് മേല്‍വിശദീകരണത്തില്‍ നിന്ന് മനസിലായല്ലോ.

ഇവ്വിഷയം ഫത്ഹുല്‍മുഈന്‍ അടക്കമുള്ള എല്ലാ ഫിഖ്ഹിന്‍റെ ഗ്രന്ഥങ്ങളിലും വിശദീകരിക്കപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter