പകര്‍ച്ചവ്യാധികളുണ്ടാവുമ്പോള്‍ ജുമുഅ നിസ്കാരം നടത്തേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?

ചോദ്യകർത്താവ്

അബൂബക്കര്‍, വളാഞ്ചേരി

Mar 18, 2020

CODE :Fiq9630

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ബിസ്മില്ലാഹ്....

ജുമുഅ എന്നത് വിശുദ്ധ ഇസ്‍ലാമിന്റെ സുപ്രധാന അടയാളങ്ങളിലൊന്നാണ്. നിബന്ധനകളൊത്തെ എല്ലാ പുരുഷന്മാര്‍ക്കും അത് നിര്‍ബന്ധമാണ്. 

അതേസമയം, അസുഖം, യാത്ര തുടങ്ങി ന്യായമായ കാരണങ്ങളുണ്ടാവുമ്പോള്‍ ജുമുഅ ഒഴിവാക്കാനും കര്‍മ്മശാസ്ത്രം അനുവദിക്കുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ അതില്‍ പെടുന്നതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

അത് കൊണ്ട് തന്ന, അസുഖം സ്ഥിരീകരിച്ചവരും ഉണ്ടാകാമെന്ന സംശയത്തില്‍ ഏകാന്തവാസത്തില്‍ കഴിയുന്നവരും (ക്വാരന്റൈന്‍) ജുമുഅക്ക് പോവേണ്ടതില്ല. അതേസമയം, അത്തരക്കാരല്ലാത്തവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ജുമുഅ ഒഴിവാക്കാന്‍ ന്യായം കാണുന്നില്ല. ജുമുഅ നിര്‍ബന്ധമായ, നാട്ടുകാരായ നാല്‍പത് പേര്‍ ഉണ്ടെങ്കില്‍ അവിടെ ജുമുഅ നിര്‍ബന്ധമാണെന്നാണ് ശാഫിഈ മദ്ഹബ് പറയുന്നത്. അതില്ലാത്ത പക്ഷം, തൊട്ടടുത്ത ജുമുഅയുടെ ബാങ്ക് കേള്‍ക്കുന്നുവെങ്കില്‍ അങ്ങോട്ട് പോകണമെന്നും അതും ഇല്ലാത്ത പക്ഷമേ ളുഹ്റ് നിസ്കരിക്കാവൂ എന്നുമാണ് ഫിഖ്ഹീ മാനം. ആയത് കൊണ്ട് തന്നെ, ജുമുഅ നടത്തേണ്ടത് തന്നെയാണ്. 

അതേ സമയം, ഔദ്യോഗിക അറിയിപ്പുകളെല്ലാം മാനിച്ച് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തായിരിക്കണം ജുമുഅ നിര്‍വ്വഹിക്കേണ്ടത്. സമൂഹത്തിന്റെയും വ്യക്തിയുടെയും ആരോഗ്യത്തിനും സുഗമമായ ജീവിതത്തിനും ഏറെ പ്രധാനം നല്‍കുന്നതാണ് വിശുദ്ധ മതം. ഉള്ളി ഭക്ഷിച്ച് വാസനയുണ്ടെങ്കില്‍ പള്ളിയിലേക്ക് വരരുതെന്ന പ്രവാചകോപദേശം സൂചിപ്പിക്കുന്നത് ഇതിലേക്കാണ്. 

ആയതിനാല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, താഴെ പറയുന്ന കാര്യങ്ങള്‍ കൂടി നമുക്ക് പരിഗണിക്കാം. പകര്‍ച്ച വ്യാധികളെ പേടിക്കുന്നതിന് പകരം, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയാണല്ലോ വേണ്ടത്.

1. പള്ളിയിലെ പൊതു വെള്ളസംഭരണിയില്‍നിന്ന് വുളു ചെയ്യുന്നത് ഒഴിവാക്കുക. വീട്ടില്‍നിന്ന് തന്നെ വുളു ചെയ്ത് വരിക. ഇത് എല്ലാ നിസ്കാരത്തിലും ഏറെ പുണ്യകരമാണെന്നത് കൂടി ഓര്‍മ്മിപ്പിക്കട്ടെ. അത്യാവശ്യമാവുന്ന പക്ഷം, വുളു ചെയ്യാന്‍ ടാപുകള്‍ ഉപയോഗിക്കുക.

2. വ്യക്തി ശുദ്ധി പൂര്‍ണ്ണമായി ഉറപ്പ് വരുത്തുക. കൈയ്യും മുഖവുമെല്ലാം നന്നായി കഴുകുകയും തുമ്മുകയോ ചുമുക്കുകയോ ചെയ്യുന്ന പക്ഷം ഉപയോഗിക്കാനായി തൂവാലയോ ടിഷ്യൂ പേപ്പറുകളോ കരുതുക. 

3. പരസ്പരം സ്പര്‍ശിക്കുന്നതും കൂടി നിന്ന് സംസാരിക്കുന്നതും കഴിയുന്നത്ര ഒഴിവാക്കുക. പുറത്തിറങ്ങുന്ന സമയത്തുള്ള തിരക്കുകളും ഒഴിവാക്കേണ്ടതാണ്.

4. പള്ളിയിലെ കാര്‍പെറ്റ് പൊതുവായി ഉപയോഗിക്കുന്നതാണെന്ന ബോധമുണ്ടാവുക. രോഗമുള്ളവരുടെ സ്പര്‍ശനത്തിലൂടെ അതിലൂടെയും രോഗാണു പകരാം. ആയതിനാല്‍ വൃത്തിയുള്ള മുസ്വല്ലയോ മറ്റോ സ്വന്തമായി കരുതാവുന്നതാണ്.

5. ജുമുഅ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കൈ നന്നായി കഴുകിയ ശേഷം മാത്രം വീട്ടുകാരോട് ഇടപഴകുക.

ഇവയെല്ലാം സ്വീകരിക്കുന്നതോടൊപ്പം, പള്ളിയിലിരിക്കുന്ന സമയം ഏറെ പവിത്രമാണ്, വെള്ളിയാഴ്ച ജുമുഅയുടെ സമയം വിശേഷിച്ചും. ആയതിനാല്‍, അല്ലാഹുവിനോട് മനസ്സറിഞ്ഞ് പ്രാര്‍ത്ഥിക്കുക. അതാണല്ലോ ഏറ്റവും വലിയ ആയുധം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter