നിസ്കാരത്തിൽ തൊണ്ട അനക്കുന്നതിന്‍റെ വിധി എന്ത്? അതുകൊണ്ട് നിസ്കാരം ബാത്വിലാകുമോ? ഇമാം ആണ് ചെയ്യുന്നതെങ്കിൽ അദ്ദേഹത്തെ തുടരാന്‍ പറ്റുമോ? കടുത്ത തൊണ്ട വേദന കൊണ്ടോ മറ്റോ ആണ് തൊണ്ട അനക്കം ഉണ്ടാകുന്നത് എങ്കിൽ അതിന്‍റെ വിധി എന്താണ്?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Mar 20, 2020

CODE :Fiq9640

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തൊണ്ട അനക്കം കൊണ്ട് രണ്ടക്ഷരമോ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവായാല്‍ നിസ്കാരം ബാത്വിലാകുമെന്നാണ് പ്രബലമായ അഭിപ്രായം. എന്നാല്‍ സാധാരക്കാര്‍ക്ക് തൊണ്ടയനക്കല്‍ നിസ്കാരം ബാത്വിലാകുന്ന കാര്യമാണെന്ന അറിവില്ലായ്മ മൂലം സംഭവിക്കുന്നതിന് വിട്ടുവീഴ്ചയുണ്ടെന്ന് (തുഹ്ഫ 2/153)ല്‍ കാണാം.

രണ്ടക്ഷരമോ അതില്‍കൂടുതലോ അല്ലെങ്കില്‍ അര്‍ത്ഥമുള്ള ഒരക്ഷരമോ വെളിവാകുന്ന രീതിയിലുള്ള ഒച്ചയനക്കല്‍മൂലമാണ് നിസ്കാരം ബാത്വലാവുക. അക്ഷരങ്ങള്‍ വെളവാകാത്ത തരത്തിലുള്ള വെറുമൊരു ശബ്ദം മാത്രമേ സംഭവിച്ചുള്ളൂവെങ്കില്‍ അതിന് പരിഗണനയില്ല. അതുകൊണ്ട് നിസ്കാരം ബാത്വിലാവുകയില്ല (ശര്‍വാനീ 2/153).

നിര്‍ബന്ധിതസാഹചര്യത്തില്‍ ഉണ്ടാകുന്ന ഒച്ചയനക്കല്‍, ചുമ, തുമ്മല്‍ പോലോത്തവ കൊണ്ട് ഒന്നിലധികം അക്ഷരങ്ങള്‍ വെളിവായാലും അതിന് വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ 2-154). എന്നാല്‍ സാധാരണഗതിയില്‍ അത് വളരെ കൂടുതലായെന്ന് പറയപ്പെടാത്ത വിധമായിരിക്കണം.

ഇമാം തൊണ്ടയനക്കുകയും രണ്ടക്ഷരം വെളിവാവുകയും ചെയ്താല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞുനിസ്കരിക്കേണ്ടതില്ല. കാരണം ഇമാമിന് വിട്ടുവീഴ്ച്ച ഉണ്ടാവാന്‍ സാധ്യതയുണ്ടല്ലോ. ഇമാമിന്‍റെ സാഹചര്യഅടയാളങ്ങള്‍ അവന് ഒരു വിട്ടുവീഴ്ചയുമെല്ലന്ന് അറിയിച്ചാല്‍ ആ ഇമാമിനെ വേര്‍പിരിഞ്ഞു നിസ്കരിക്കല്‍ നിര്‍ബന്ധമവുമാണ് (തുഹ്ഫ 2-154)

ഒച്ചയനക്കിയാലല്ലാതെ നിര്‍ബന്ധമായ ഖിറാഅതോ നിര്‍ബന്ധമായ ദിക്റുകളോ ചൊല്ലാന്‍ കഴിയാതെ വന്നാലും വിട്ടുവീഴ്ചയുണ്ട്. എന്നാല്‍ സുന്നത്തായ ദിക്റുകള്‍ ചൊല്ലാന്‍ വേണ്ടിയോ നിര്‍ബന്ധമായവതന്നെ ശബ്ദമുയര്‍ത്തി ഉറക്കെ ചൊല്ലാന്‍ വേണ്ടിയോ ഒച്ചയനക്കിയാല്‍ നിസ്കാരം ബാത്വിലാകുന്നതാണ്. (തുഹ്ഫ 2-155)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter