കോവിഡ് രോഗിയെ ചികിത്സിക്കുന്ന ഒരാൾക്ക് ഡ്യൂട്ടി സമയത്തു നിസ്കാരം സാധ്യമല്ല. വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ വുളൂ ചെയ്യാനോ ആവില്ല. തുടർച്ചയായി 8 മണിക്കൂറിലധികം PPE ധരിച്ചു ജോലി ചെയ്യേണ്ടി വരും. ഇങ്ങനെയൊരവസരത്തിൽ നിസ്കാരം നിർവഹിക്കൽ എങ്ങനെയെന്നു അറിയാൻ ആഗ്രഹമുണ്ട്.

ചോദ്യകർത്താവ്

ബഷീർ

Jun 27, 2020

CODE :Fiq9895

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

പടര്‍ന്നുപന്തലിച്ച് മാനവരാശിയെ മൊത്തം ഭീതിയിലാഴ്ത്തിയ ഈ മഹാമാരിയുടെ വിപത്തില്‍ നിന്ന് നാഥന്‍ എത്രയും വേകം മുക്തി നല്‍കട്ടെയെന്ന് ആദ്യമേ ദുആ ചെയ്യട്ടെ..

കോവിഡ് ബാധിച്ച രോഗികളെ പരിചരിക്കുന്നതിന് വേണ്ടി തുടർച്ചയായി 8 മണിക്കൂറിലധികം PPE ധരിച്ചു ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യം അനിവാര്യവും ഒഴിച്ചുകൂടാനാവാത്തതുമാണല്ലോ.

8 മണിക്കൂറോ അതിലധികമോ സമയം ഈ രീതിയില്‍ നില്‍ക്കേണ്ടി വന്നാലും ചിലപ്പോള്‍ ആ സമയത്തിനുള്ളില്‍ നിസ്കാരസമയം തുടങ്ങി അവസാനിക്കുന്ന സാഹചര്യമുണ്ടായിട്ടില്ലെങ്കില്‍ അയാള്‍ക്ക് നിസ്കാരം നഷ്ടപ്പെടില്ല. സുബ്ഹ് നിസ്കാരം കഴിഞ്ഞതു മുതല്‍ ളുഹ്റ് നിസ്കാരം ഖളാഅ് ആകുന്നിതിനിടയില്‍ 8 മണിക്കൂറിലധികം ലഭിക്കുന്നുണ്ടല്ലോ. മഗ്ര്രിബ് നിസ്കാരശേഷം ഇഷാഅ് ഖളാആകുന്നതിന് മുമ്പും ഇതുപോലെ സമയം ലഭിച്ചേക്കാം. ഇശാ നിസ്കാരം കഴിഞ്ഞ ശേഷം സുബ്ഹ് ഖളാ ആകുന്നതിന് മുമ്പും ഇത്തരത്തില്‍ വിശാലമായ സമയം ലഭിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളാണെങ്കില്‍ സമയം പ്രവേശിച്ച നിസ്കാരം ആദ്യസമയത്ത് തന്നെ നിസ്കരിച്ചും പിന്നീടുള്ള നിസ്കാരം സമയം കഴിയുന്നതിന് മുമ്പ് നിര്‍വഹിച്ചും സമയം ക്രമീകരിക്കുന്നത് ഓരോ നിസ്കരാവും യഥാസമയം നിര്‍വഹിക്കുന്നതിന് സഹായകമാകുന്നതാണ്.

ളുഹ്റിന്‍റെയോ മഗ്രിബിന്‍റെയോ സമയമാകുന്നതിന് മുമ്പ് ഡ്യൂട്ടിക്കിറങ്ങേണ്ടി വരികയും ആ നിസ്കാരങ്ങളുടെ സമയം കഴിയുന്നത് വരെയും നിശ്ചിതസമയപരിധി അവസാനിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ളുഹ്റിനെ അസറിലേക്കും മഗ്രിബിനെ ഇശാഇലേക്കും പിന്തിച്ച് ജംആക്കി നിസ്കരിക്കാവുന്നതാണ്.  

ജംആക്കി നിസ്കരിക്കാനുള്ള സൌകര്യവുമൊത്തുവന്നില്ലെങ്കില്‍ വുളൂഅോ തയമ്മുമോ ചെയ്യാന്‍ കഴിയാത്ത സാഹര്യമായതിനാല്‍ നിസ്കാരത്തിന്‍റെ സമയത്തെ ആദരിച്ചു വുളൂഅോ തയമ്മുമോ ചെയ്യാതെതന്നെ കഴിയുന്നതുപോലെ നിസ്കാരം നിര്‍വഹിക്കുകയും പിന്നീടത് മടക്കി നിസ്കരിക്കുകയും ചെയ്യേണ്ടതാണ്.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter