വിഷയം:  ഭാര്യക്ക് താമസസൌകര്യം
ഭർത്താവ് അവന്‍റെ ഭാര്യയെ ഏതു വീട്ടിൽ ആണ് താമസിപ്പിക്കേണ്ടത്. സ്വന്തമായി വീടില്ല എങ്കിൽ വാടകയ്ക്കു എടുത്തു താമസിപ്പിക്കണം എന്നുണ്ടോ?
ചോദ്യകർത്താവ്
Mujeeb
Jan 17, 2021
CODE :Par10043
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഇണക്ക് താമസസൌകര്യമൊരുക്കല്‍ ഭര്‍ത്താവിന്‍റെ മേല്‍ നിര്‍ബന്ധബാധ്യതയാണ്. ഭര്‍ത്താവിന്‍റെ അഭാവത്തില്‍ അവളുടെ സ്വത്തിനും ശരീരത്തിനും സംരക്ഷണം ലഭിക്കുന്നതിനാവശ്യമായതും പതിവനുസരിച്ച് അവള്‍ക്ക് അനുയോജ്യമായതുമായ വീടാണ് സൌകര്യപ്പെടുത്തിക്കൊടുക്കേണ്ടത്. ഭര്‍ത്താവിന്‍റെ സ്വന്തമായുള്ള വീടോ വായ്പയോ വാടകയോ ഒക്കെ ആകാം. ഭര്‍ത്താവ് ഭാര്യയോടൊന്നിച്ച് അവളുടെ ഇഷ്ടപ്രകാരം അവളുടെ വീട്ടില്‍ താമസിക്കുന്നുവെങ്കിലോ, ഭര്‍ത്താവ് സൌകര്യപ്പെടുത്തുന്ന വീട്ടിലേക്ക വരാന്‍ അവള്‍ വിസമ്മതിക്കുന്നുവെങ്കിലോ, അവന്‍റെ സമ്മതപ്രകാരം അവളുടെ കുടുംബാംഗങ്ങളുടെ വീട്ടില്‍ അവള്‍ താമസിക്കുന്നുവെങ്കിലോ വീട് നല്‍കാത്തതിന് പകരം അവള്‍ക്ക് അതിനുള്ള വാടകയൊന്നും നല്‍കേണ്ടതില്ല (ഫത്ഹുല്‍ മുഈന്‍).
ചുരുക്കത്തില്‍ ഭാര്യക്ക് അനുയോജ്യമായതും അവളുടെ സ്വത്തിനും ശരീരത്തിനും സംരക്ഷണം ലഭിക്കുകയും ചെയ്യുന്ന ഏത് വീട്ടിലും അവളെ താമസിപ്പിക്കാവുന്നതാണ്. അത് സ്വന്തമായ വീടാകണമെന്നോ സ്വന്തമായ വീടില്ലെങ്കില്‍ വാടകക്ക് താമസിപ്പിക്കണമെന്നോ ഇല്ല. വായ്പയോ വാടകയോ കൂട്ടുകുടുംബമായോ ഒക്കെ താമസിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.
 
 


 
            
                         
                                     
                                     
                                     
                                     
                                     
                                    