ഉഭയ കക്ഷി സമ്മത പ്രകാരം പരസ്പര ബാധ്യതകള്‍ ഇല്ലാത്ത വിവാഹം (മിസ്യാര്‍ വിവാഹം) അനുവദനീയമാണോ? ഇങ്ങനെയുള്ള വിവാഹങ്ങള്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നോ?

ചോദ്യകർത്താവ്

അന്‍വര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മിസിയാര്‍ വിവാഹം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ഭര്‍ത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൌകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് വിവാഹത്തിന് തയ്യാറാവുന്നതിനെയാണ്. വിവാഹത്തിന് ആവശ്യമായ മഹ്റ്, മറ്റു ചെലവുകള്‍ എന്നിവ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് പലപ്പോഴും ഇത്തരം ചിന്തകളിലേക്കെത്തിക്കുന്നത്. ഇത്തരം കാരണങ്ങളാല്‍ യുവാക്കള്‍ പലപ്പോഴും വിവാഹം വേണ്ടെന്ന് വെക്കുകയും അതേ തുടര്‍ന്ന് പല സ്ത്രീകളും അത്തരം ചെലവുകളെല്ലാം തങ്ങള്‍ തന്നെ നോക്കിക്കൊള്ളാം എന്ന് സ്വയം സമ്മതിക്കുകയും ചെയ്തുകൊണ്ടാണ് ഇത് നടക്കുന്നത്. അതോടൊപ്പം, ചില സ്ത്രീകള്‍ക്ക് കുടുംബപശ്ചാത്തലം കാരണമായി വിവാഹശേഷവും സ്വന്തം വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയുണ്ടായേക്കാം. അപ്പോഴും ഇത്തരം ബന്ധങ്ങള്‍ നടക്കാറുണ്ട്. വിവാഹത്തിന്‍റെ ഘടകങ്ങളായ ഭാര്യ, ഭര്‍ത്താവ്, രക്ഷാകര്‍ത്താവ്, ഇടപാടിന്‍റെ വാചകങ്ങള്‍, രണ്ട് സാക്ഷികള്‍ എന്നിവ ഒത്തിണങ്ങിയാല്‍ നികാഹ് സാധുവാണെന്നതാണ് കര്‍മ്മശാസ്ത്രം. അത് കൊണ്ട് തന്നെ ഇത്തരം നിബന്ധനകളോട് നടക്കുന്നവയും മേല്‍പറഞ്ഞ ഘടകങ്ങളൊത്താല്‍ ശരിയാകുന്നതാണ്. എന്നാല്‍, അതേ സമയം, ഇത് നിരുപാധികം അനുവദനീയമാക്കിയാല്‍, സ്ത്രീകള്‍ക്ക് ആവശ്യമായ സംരക്ഷണം ലഭിക്കാതിരിക്കുകയും അതിലൂടെ സാമൂഹ്യമായി പല പ്രശ്നങ്ങളുമുണ്ടാവാന്‍ സാധ്യതയുണ്ടാവുകയും ചെയ്യുന്നതിനാല്‍, ചില പണ്ഡിതരൊക്കെ അത് അനുവദനീയമല്ലെന്ന് പറയുന്നുണ്ട്. ഇത്തരം വിവാഹങ്ങള്‍ മുമ്പ് നടന്നതായി എവിടെയും കാണാനായിട്ടില്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter