കുട്ടിയുടെ ശരീരത്തില്‍ അല്ലാഹു , മുഹമ്മദ്‌ (സ) എന്നിങ്ങനെ അറബിലിപിയില്‍ എഴുതിയത് പ്രത്യക്ഷപ്പെട്ടാല്‍... അത് അല്ലാഹുവിന്‍റെ അനുഗ്രഹം തന്നെയല്ലേ? അതിനെ കുറിച്ച് കുടുതല്‍ പറയാമോ?

ചോദ്യകർത്താവ്

ഹാഫിസ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "ചക്രവാളങ്ങളിലും അവരുടെ ശരീരങ്ങളിലും നാം അവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കും" (ഫുസ്സിലത്ത്). പ്രപഞ്ചത്തിലെ ഓരോ അംശത്തിലും ജീവജാലങ്ങളിലും മനുഷ്യ ശരീരത്തിലുമെല്ലാം സ്രഷ്ടാവിന്റെ സാന്നിധ്യവും ഔന്നത്യവും വിളിച്ചോതുന്ന ഒരു പാട് അത്ഭുതങ്ങള്‍ കുടികൊള്ളുന്നുണ്ട്. അവ പല രീതിയില്‍ അല്ലാഹു മനുഷ്യന് ബോധ്യപ്പെടുത്തികൊണ്ടിരിക്കും. ഇത്തരം ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവില്‍ വിശ്വസിക്കുന്നവര്‍ക്ക് കൂടുതല്‍ കരുത്തും സന്തോഷവും പകരും. മറ്റു മതങ്ങളേക്കാള്‍ ഇസ്‌ലാമിനെ അല്ലാഹു വെളിപ്പെടുത്തുമെന്നും ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ടല്ലോ. മനുഷ്യശരീരം തന്നെ അല്‍ഭുതങ്ങളുടെ കലവറയാണ്. ബാഹ്യമായി പ്രകടമാവുന്നവയേക്കാള്‍ എത്രയോ ആഴമേറിയതാണ് മനുഷ്യശരീരത്തിനകത്തെ ദൈവിക ദൃഷ്ടാന്തങ്ങള്‍. അതേ സമയം, ബാഹ്യമായി പ്രകടമാവുന്ന ഇത്തരം ദൃഷ്ടാന്തങ്ങളാണ് പലപ്പോഴും നമ്മെ ഏറെ അല്‍ഭുതപ്പെടുത്താറുള്ളതെന്ന് മാത്രം. പടച്ച തമ്പുരാന്റെ ദൃഷ്ടാന്തങ്ങളാണെന്നതിനാല്‍ ഇത്തരം ലക്ഷണങ്ങള്‍ നമുക്ക് സന്തോഷിക്കാന്‍ വക നല്കുന്നത് തന്നെയാണ്. എന്നാല്‍ ദൃഷ്ടാന്തങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സ്ഥലത്തിനോ, മരത്തിനോ, വ്യക്തിക്കോ അമിതമായ പ്രാധാന്യം നല്കുകയോ ആരാധനാ മനോഭാവത്തോടെ സമീപിക്കുകയോ ചെയ്യുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല എന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്. അതോടൊപ്പം കേവലം തോന്നലുകള്‍ കൊണ്ട് മാത്രം ശരീരത്തിലോ മല്‍സ്യങ്ങളുടെ പുറത്തോ ഒക്കെ ഉണ്ടാവുന്ന ചില അടയാളങ്ങളെ ഇത്തരം വാക്കുകളായി വ്യാഖ്യാനിക്കാറുണ്ട്. അത് ശരിയല്ലെന്നതും ഓര്‍ക്കേണ്ടതാണ്. അല്ലാഹുവിന്റെയും വിശുദ്ധ ദീനിന്റെയും പ്രചാരണത്തിന് തെളിവുകളും ദൃഷ്ടാന്തങ്ങളും കണ്ടെത്താന്‍ ഇത്ര ബുദ്ധിമുട്ടേണ്ടതില്ലെന്നത് തന്നെ കാര്യം. സുദൃഢമായ വിശ്വാസത്തോടെ ജീവിക്കാനും പൂര്‍ണ്ണ ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter