വിഷയം: ഖബ്റിന്റെ അടുത്ത് ഖുർആൻ ഓതൽ
ഖബ്റിന്റെ അടുത്തിരുന്ന് 3/7 ദിവസങ്ങളോളം ഖത്മ് ഓതൽ നബി തങ്ങളുടെ കാലഘട്ടത്തിൽ നടന്നതിന് തെളിവ് ഉണ്ടോ?
ചോദ്യകർത്താവ്
Sahal
Sep 3, 2022
CODE :Qur11341
അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .
മരിച്ചുപോയവർക്കുവേണ്ടി സൽകർമ്മങ്ങൾ ചെയ്തു ഹദ്യ ചെയ്യൽ നബി തങ്ങളുടെ കാലം തൊട്ട് ഇന്നുവരെയുള്ള മുസ്ലിം സമുദായം ചെയ്തു പോരുന്ന ഒരു സൽകർമ്മമാണ്. അതിൻറെ ഭാഗമായിട്ടാണ് ഖബറിന്റെ അടുത്തിരുന്ന് മൂന്നോ ഏഴോ ദിവസങ്ങളോളം ഖുർആൻ പാരായണം ചെയ്യുന്ന സമ്പ്രദായം നമ്മുടെ നാടുകളിൽ കണ്ടുവരുന്നത്. ഇത് പ്രോത്സാഹനീയം തന്നെ. തെളിവുകളും ഇതിനുണ്ട്.
ഇമാം ശഅബിയിൽ(റ) നിന്ന് നിവേദനം: അൻസാറുകളിൽ ആരെങ്കിലും മരണപ്പെട്ടാൽ അദ്ദേഹത്തിന് വേണ്ടി പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാനായി അവർ അദ്ദേഹത്തിൻറെ ഖബർ സന്ദർശിക്കാറുണ്ടായിരുന്നു(ശറഹുസ്സുദൂർ, 311). പുണ്യ നബി പറയുന്ന മറ്റൊരു ഹദീസ് കാണുക: നിങ്ങളിൽ മരിച്ചു പോയവരുടെ സമീപത്ത് വച്ച് നിങ്ങൾ സൂറ യാസീൻ പാരായണം ചെയ്യുവിൻ(ഇബ്നു മാജ). അതുകൊണ്ടാണ് "ഖബറിന്റെ അരികിൽ വെച്ച് ഖുർആനിൽ നിന്ന് അല്പമോ പൂർണ്ണമായോ ഓതൽ വളരെ നല്ല കാര്യമാണ്" എന്ന് ഇമാം ശാഫിഈ(റ)യും അനുയായികളും പറഞ്ഞുവെച്ചത്(അസ്കാറ്148). മുൻഗാമികളായ പല മഹത്തുക്കളും ഖബറിന്റെ അരികിൽ ഓതുന്നതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അബൂ ജഅഫരിൽ ഹമ്പലി(റ) മരണപ്പെട്ടപ്പോൾ ഇമാം അഹ്മദ് ബിൻ ഹമ്പലിന്റെ(റ) മഖ്ബറക്കരികിൽ മറവ് ചെയ്യുകയും ജനങ്ങൾ അവിടെ പതിനായിരം ഖത്മുകൾ പൂർത്തീകരിക്കുകയും ചെയ്തതായി അൽബിദായ വന്നിഹായയിൽ(2/382) കാണാം. അതിനാൽ, തിരു സുന്നതിന്റെ പിൻബലമുള്ള ഇത്തരം കാര്യങ്ങൾ പുണ്യാർഹമാണ് എന്ന് മനസ്സിലായിട്ടുണ്ടാവുമല്ലോ.
കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ