വിഷയം: Thafseer
തഫ്സീറ് പഠിക്കുന്നതിനുള്ള പ്രാധാന്യം
ചോദ്യകർത്താവ്
Nabeela
Sep 6, 2022
CODE :Qur11348
അല്ലാഹുവിന്റെ തിരുനാമത്തിൽ, അവന് ആണ് സർവ്വസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാതും സലാമും സദാ വർഷിക്കട്ടെ.
അല്ലാഹുവിൻറെ കലാമായ പരിശുദ്ധ ഖുർആനിന്റെ അർത്ഥവും വിശദീകരണവും ഉദ്ദിഷ്ട ആശയങ്ങളും തുടങ്ങി ഖുർആൻ സംബന്ധിയായ കാര്യങ്ങൾ വിശദീകരിച്ചു തരുന്ന ഗ്രന്ഥങ്ങളെയാണ് തഫ്സീർ ഗ്രന്ഥങ്ങൾ എന്ന് വിളിക്കപ്പെടുന്നത്. സ്വേഷ്ട പ്രകാരം, പരിശുദ്ധ ഖുർആനിന്റെ പദങ്ങൾക്ക് അർത്ഥം നൽകാനോ വിശദീകരണം കൊടുക്കാനോ നമുക്ക് പാടില്ല. തഫ്സീറിനു യോഗ്യരായ പണ്ഡിതർക്ക് മാത്രമേ ഖുർആൻ വിശദീകരിക്കാനുള്ള അർഹത ഉള്ളൂ(ഇത്ഖാൻ,2/477). അയോഗ്യരായവർ യോഗ്യരായവരുടെ ഗ്രന്ഥങ്ങൾ വായിച്ചു പഠിക്കുകയാണ് വേണ്ടത്.
എന്നാൽ, അറിവുകളിൽ വെച്ച് ഏറ്റവും ഉത്തമമായ അറിവ് തഫ്സീർ പഠനമാണ്. മത നിയമ സ്രോതസ്സുകളുടെ അടിത്തറയുമാണിത് (ബൈളാവി, 1/23 ) . "നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് " (മുസ്ലിം) എന്ന ഹദീസ് വചനം തഫ്സീർ പഠനത്തിൻറെ പ്രാധാന്യവും വിളിച്ചോതുന്നു. അറബി ഭാഷ അറിയുന്നത് കൊണ്ട് മാത്രം പരിശുദ്ധ ഖുർആൻ പൂർണമായും മനസ്സിലാക്കാൻ സാധിക്കണമെന്നില്ല. ചിലപ്പോൾ, പിഴക്കുകയും ചെയ്യും. "ووجدك ضالا فهدى " എന്ന ആയത് പോലെ. പ്രസ്തുത ഖുർആനിക വചനം തഫ്സീറുകൾ നോക്കാതെ അറബി ഭാഷ അറിയുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാൻ നിന്നാൽ പിഴച്ചു പോകും തീർച്ച. "ضالا " എന്ന പദത്തിന് പല വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നൽകപ്പെട്ടിട്ടുണ്ട്. പൊതുവേ അർത്ഥമാക്കപ്പെടുന്ന "വഴികേടിലായി" എന്ന അർത്ഥമല്ല ഇതിന്റെ അർത്ഥം എന്ന് ചുരുക്കം.
തഫ്സീർ പഠിക്കുന്നതിന്റെ പ്രാധാന്യം ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
കൂടുതൽ അറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ