ഖുത്ബവേളയിലെ സ്പീക്കറുപയോഗം
ജുമുഅനിസ്‌കാരം പോലെത്തന്നെ ജുമുഅഖുത്ബയും ഘടകങ്ങള്‍, അനുബന്ധങ്ങള്‍, ശര്‍ത്വുകള്‍, സുന്നത്തുകള്‍, അദബുകള്‍ എന്നിവ ഉള്‍കൊള്ളുന്ന പ്രത്യേക ഇബാദത്താണ്. ഇത്തിബാഇ(പ്രവാചക മാതൃക)നുസൃതമായാണ് 'ഇബാദത്തുകള്‍' നിര്‍വഹിക്കേണ്ടത്. ജുമുഅയുടെ ഒരു ശര്‍ത്വാണ് ഖുത്ബ. അതു കേവലം പ്രസംഗമല്ല. അതിനാലാണ് ഖുത്ബ, നിസ്‌കാരത്തിനു മുമ്ബാവണമെന്നും അറബി ഭാഷയിലാവണമെന്നും ഇമാമുമാര്‍ നിഷ്‌കര്‍ശിച്ചത്.ഇത്തിബാഇല്‍ ചിലത് നിര്‍ബന്ധത്തിനാണെങ്കില്‍ മറ്റുചിലത് സുന്നത്തിനായിരിക്കും. ഇബാദത്തുകളെല്ലാം പുണ്യകര്‍മ്മങ്ങളായിരിക്കെ അവ വെറും അനുവദനീയങ്ങളാകില്ല. ഇബാദത്തുകളില്‍ എന്തെങ്കിലും നവീകരണം ഖിയാസ് പോലുള്ള പ്രമാണങ്ങളില്ലാതെ നടക്കില്ല(മൗഹിബ 3. 760). ഇബാദത്തുകളുടെ അടിസ്ഥാനമായ ഇത്തിബാഇന്റെയും ഇതര പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ മദ്ഹബിന്റെ ഇമാമുമാര്‍ അവയുടെ ശര്‍ത്വുകളും ഫര്‍ളുകളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ നാം മുഖല്ലിദുകളെ സംബന്ധിച്ചിടത്തോളം അവര്‍ വിവരിച്ച നിയമ നിബന്ധനകള്‍ പാലിക്കലാണ് ഇത്തിബാഇന്റെ അളവുകോല്‍. നബി(സ) ചെയ്തുവോ, അക്കാലത്തുണ്ടോ എന്ന് നാം സ്വയം പ്രമാണം പരതേണ്ടവരല്ല. അതിനാല്‍, ഖത്വീബിന്റെ ശബ്ദപ്രസരണത്തിന് പ്രകൃതിഉപാധിയായ വായുവല്ലാതെ മറ്റു മാധ്യമങ്ങളും നിര്‍മ്മിതികളും ഉപയോഗിക്കുന്നത് അസാധുവാണ് എന്ന് പറയാനാകില്ല. സ്പീക്കറുപയോഗം 'സ്പീക്കറാരാധന'യാണെന്ന് ആക്ഷേപിക്കാവതുമല്ല. ജുമുഅഖുത്ബയുടെ സാധുത നിര്‍ണയിക്കുന്നത് അതിന്റെ ഫര്‍ളുകളും ശര്‍ത്വുകളുമാണ്. ശാഫിഈ മദ്ഹബു പ്രകാരം ഖുത്ബയുടെ ശര്‍ത്വുകളില്‍ പെട്ടതാണ്, ഖത്വീബ് നാല്‍പത് അഥവാ മുപ്പത്തൊമ്ബത് പേരെ ഖുത്ബയുടെ റുക്‌നുകള്‍ കേള്‍പ്പിക്കലും അത്രയും പേര്‍ അവ കേള്‍ക്കലും. 'കേള്‍പ്പിക്കലെ'ന്നാല്‍ ശ്രോതാവിന്റെ ചെവിയില്‍ ഖത്വീബ് തന്റെ ശബ്ദം എത്തിച്ചുകൊടുക്കലല്ല. അതു സാധ്യവുമല്ല. എങ്കില്‍പിന്നെ, ചുരുങ്ങിയത് നാല്‍പതാളുകള്‍ ശ്രദ്ധിച്ചാല്‍ കേള്‍ക്കുന്ന അളവില്‍ അയാള്‍ തന്റെ ശബ്ദം ഉയര്‍ത്തലാണുദ്ദേശ്യം (ബാജൂരി 1 238, ഖല്‍യൂബി 1 324). ഈ കേള്‍പ്പിക്കലിനു അമിത ശബ്ദം വേണമെന്നില്ല. മൈക്കുണ്ടാകലും ഇല്ലാതിരിക്കലും ഇതിനോട് ബന്ധപ്പെടുന്നുമില്ല. ഇതുകൊണ്ടാണ് ളുഹ്ര്‍ നിസ്‌കരിക്കുന്നപോലെ ഒറ്റ ഖത്വീബും പറ്റെപ്പതുക്കെ ഖുത്ബ നിര്‍വഹിക്കാത്തത്. വളരെ പതുക്കെയോതിയ ഖുത്ബ പൈപ്പ്, കമ്ബി പോലുള്ള ശബ്ദമാധ്യമങ്ങള്‍ ഉപയോഗിച്ച്‌ ശ്രവിക്കുന്ന രൂപം സഹീഹാകുമോ? അതേസമയം, ഉയര്‍ത്തിയ ശബ്ദം 'കേള്‍ക്കുവാന്‍' വേണ്ടി ഖത്വീബിന്റെയും സദസ്സ്യരുടെയും മുമ്ബാകെ ഇക്കാലത്തു ധാരാളമായി ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നു. ഖുത്ബ വേളയില്‍ സ്പീക്കറുപയോഗിച്ചാല്‍ ഖുത്ബ അസാധുവാകും എന്നു പറയുന്ന ഒരു ന്യൂനപക്ഷം ഇല്ലാതില്ല. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുമ്ബോള്‍ മൂന്നു രൂപങ്ങള്‍ ഉണ്ടാവാം. ഖുത്ബ ലൗഡ് സ്പീക്കറിലൂടെ കേള്‍ക്കല്‍, ഖത്വീബില്‍ നിന്നു നേരിട്ട് കേള്‍ക്കല്‍, രണ്ടിലൂടെയും കേള്‍ക്കല്‍. ഒന്നാം രൂപത്തിന്റെ നില മാത്രമേ പരിശോധിക്കേണ്ടതുള്ളൂ. ഇതിലും ഖത്വീബിന്റെ ശബ്ദം തന്നെയാണ് ശ്രോതാക്കള്‍ ആശ്രയിക്കുന്നത്. കാരണം 'ശബ്ദക്കേള്‍വി' രണ്ടു വിധമുണ്ട്. ഒന്ന്, ഖത്വീബിന്റെ ശബ്ദം യഥാര്‍ഥമായും പ്രവൃത്തിപഥത്തില്‍ കേള്‍ക്കല്‍. രണ്ട്, കേള്‍ക്കാനുള്ള സജ്ജതയും പാകതയും. ശ്രോതാക്കളുടെ ബധിരത, ബഹുദൂരം, ഗാഢനിദ്ര എന്നിവയില്‍ തീരെ കേള്‍വിയില്ല. എന്നാല്‍ ഉറക്കംതൂങ്ങല്‍, കോലാഹലം, അശ്രദ്ധയോടെ വല്ലതിലും ഏര്‍പ്പെടല്‍ എന്നിവ മൂലം ഖത്വീബിന്റെ ശബ്ദത്തെ 'ബില്‍ഫിഅല്' കേട്ടില്ലെങ്കിലും 'ബില്‍ഖുവ്വ' കേള്‍വിയുണ്ട്. ഈ കേള്‍വിയുണ്ടായാലും മതി, ഖുത്ബ സാധുവാകും എന്നത് ശാഫിഈ മദ്ഹബ് തന്നെയാണ്. ലൗഡ് സ്പീക്കറിലൂടെ കേള്‍ക്കുന്നത് ഖത്വീബിന്റെ തന്നെ ശബ്ദമാണ്. അതു സ്പീക്കറിന്റെ സ്വന്തം ശബ്ദമല്ല. 'മൈക്രോഫോണിന് മുമ്ബില്‍നിന്ന് ശബ്ദം പുറപ്പെടുവിച്ചാല്‍, കോയിലില്‍ ശബ്ദത്തിന്നനുസൃതമായി വൈദ്യുത സിഗ്‌നലുകള്‍ സംജാതമാകുന്നു. ദുര്‍ബലമായ ഇവയെ ശാക്തീകരിക്കുന്നതിനായി ആംപ്ലിഫെയറില്‍ എത്തിക്കുന്നു. ആംപ്ലിഫെയറില്‍ എത്തുന്ന സിഗ്‌നലുകള്‍ ശക്തി വര്‍ധിപ്പിച്ചശേഷം സ്പീക്കറിലേക്ക് അയയ്ക്കുകയും ശബ്ദം പുന:സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മൈക്രോഫോണില്‍ യാന്ത്രികോര്‍ജ്ജം വൈദ്യുതോര്‍ജ്ജമായി മാറുന്നു' (എസ്.സി.ഇ.ആര്‍.ടി യുടെ ഊര്‍ജ്ജതന്ത്രം 1 - 42, 61). ഈ ശബ്ദം പുന:സൃഷ്ടിയല്ലേ, തനിശബ്ദമല്ലല്ലോ എന്ന ചോദ്യത്തിനര്‍ത്ഥമില്ല. മൈക്കില്ലെങ്കിലും സ്ഥിതി ഇതുതന്നെയാണ്. പ്രപഞ്ചം അനാദിയാണ് എന്ന അനിസ്‌ലാമിക തത്വചിന്തയുടെ വേരറുക്കാന്‍ ഇമാം അശ്‌അരി (റ) ആവിഷ്‌കരിച്ച തത്വമാണ് 'ഗുണങ്ങള്‍ അവയുണ്ടായ തല്‍ക്ഷണം നശിക്കുകയും തത്തുല്യമായത് പുന:സൃഷ്ടിക്കപ്പെടുകയുമാണെന്ന്'. ശര്‍ഹുല്‍ അഖാഇദ്, തഫ്‌സീര്‍ റാസി പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങള്‍ ഈ തത്വത്തെ ആസ്പദമാക്കി ഇസ്‌ലാമിക വിശ്വാസങ്ങള്‍ സമര്‍ത്ഥിക്കാറുണ്ട്. ശബ്ദങ്ങള്‍ ഏതായാലും അങ്ങനെത്തന്നെയാണെന്നത് അവിതര്‍ക്കിതവുമാണ്. ശബ്ദം പുറപ്പെടുന്നതും കേള്‍ക്കുന്നതും തമ്മില്‍ സൂക്ഷ്മമായ സമയവ്യത്യാസം ഉണ്ടല്ലോ(ജംഉല്‍ ജവാമിഅ' 2: 427, അത്ത്വാര്‍ 2: 500 നോക്കുക). ഖത്വീബിന്റെ പുന:സൃഷ്ടിക്കപ്പെടുന്ന ശബ്ദം മതിയാകുമെങ്കില്‍ ലൗഡ് സ്പീക്കറിലൂടെ പരിവര്‍ത്തിച്ച്‌ വരുന്ന പുനര്‍ശബ്ദം കേള്‍ക്കുന്നത് ഏതായാലും മതിയാകേണ്ടതാണ്. അതു 'ബില്‍ഫിഅല്' കേള്‍വിയുമാണ്. ഇനി ലൗഡ് സ്പീക്കറിലൂടെ വരുന്ന ശബ്ദം അപര ശബ്ദമാണെന്ന് സങ്കല്‍പ്പിച്ചാലും, ടെക്‌നോളജിയില്‍ അങ്ങനെ അഭിപ്രായമുണ്ടെന്ന് വന്നാലും ശാഫിഈ മദ്ഹബുപ്രകാരം ഖുത്ബ ഫാസിദാകില്ല. കാരണം അപ്പോഴും ഖത്വീബിന്റെ ശബ്ദപരിധിയിലുള്ള സദസ്സ്യര്‍, അയാളുടെ ശബ്ദത്തെ കേള്‍ക്കാന്‍ പാകത്തിലാണുള്ളത്. അഥവാ 'ബില്‍ഖുവ്വ' കേള്‍ക്കുന്നവരാണ്. ഖുത്ബ സാധുവാകാന്‍ ഈ കേള്‍വി മതി എന്നതും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം തന്നെയാണ് (തുഹ്ഫ 2: 453, ഫത്ഹുല്‍ മുഈന്‍ 202, ഇആനത്ത് 2: 82). കേള്‍വിക്കു സമാനമായി കാഴ്ചയിലും 'ബില്‍ഫിഅലും ബില്‍ ഖുവ്വയും' ഫിഖ്ഹിലുണ്ട്. ഇരുട്ടിലോ മരം പോലുള്ളവയുടെ മറവിലോ നിന്ന് കാഴ്ചശക്തിയുള്ളയാള്‍ അമ്ബെയ്ത് കൊല്ലുന്ന വേട്ടമൃഗം അനുവദനീയമാണെന്നതില്‍ ഇജ്മാഉണ്ട്. എന്നാല്‍ അന്ധന്‍ അമ്ബെയ്തത് അനുവദനീയമല്ല. കാഴ്ചശക്തിയുള്ളവന് ഇരുട്ടെന്ന തടസ്സമുണ്ടെങ്കിലും, 'ബില്‍ഖുവ്വ' കാഴ്ചയുണ്ടെന്നും അന്ധന് അതില്ലെന്നുമാണ് വ്യത്യാസം (തുഹ്ഫ 9: 316, നിഹായ 8: 113). കേള്‍വിയുടെ രണ്ടിനങ്ങളില്‍ ഇനിയും ആശയക്കുഴപ്പമുള്ളവര്‍ക്ക് ഉള്‍ക്കാഴ്ച നല്‍കാന്‍ ഈ സദൃശം പര്യാപ്തമാണ്. അപശബ്ദം, കോലാഹലം, അശ്രദ്ധ, തൂങ്ങിയുറക്കം പോലുള്ളവ യഥാര്‍ത്ഥ കേള്‍വിക്ക് തടസ്സമാണെങ്കിലും, കേള്‍ക്കാനുള്ള പാകത സദസ്സ്യര്‍ക്കുണ്ടല്ലോ. അഥവാ, തടസ്സം മാറ്റിയാല്‍ കേള്‍ക്കാനുള്ള സാഹചര്യം. തടസ്സവും ശ്രദ്ധയും ഒരേസമയം സംഗമിക്കുമെന്ന ചിലരുടെ വാദം ശരിയല്ല. കാരണം അതു അസംഭവ്യമാണ്. തടസ്സമില്ലെങ്കില്‍ കേള്‍ക്കാനാവണം എന്നതാണ് ബില്‍ഖുവ്വ. തടസ്സമുണ്ടായിരിക്കെ ശ്രദ്ധിച്ചാല്‍ കേള്‍ക്കാനാകണമെന്നല്ല. (ശര്‍വാനി 2: 453 കാണുക) കച്ചവടം, ത്വലാഖ്, സത്യമിടല്‍ തുടങ്ങിയവ പ്രതിപാദിക്കുന്ന അധ്യായങ്ങളില്‍ കര്‍മ്മശാസ്ത്ര പണ്ഡിതര്‍ ഇക്കാര്യം അടിവരയിടുന്നുണ്ട്. സാധാരണ പ്രഭാഷണ പ്രകീര്‍ത്തന സദസ്സുകളിലും ഇത്തരം സ്ഥിതികളുണ്ടാകാറുണ്ട്. സ്പീക്കര്‍ എതിര്‍പ്പുകാര്‍ ഏതെങ്കിലും ദുര്‍ബല വീക്ഷണമോ വിമര്‍ശിത വരിയോ ഉദ്ധരിക്കുന്നതിനു പ്രസക്തിയില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter