സൂക്ഷ്മത

അല്ലാഹുവിങ്കല്‍ എത്തിച്ചേരാനുള്ള വഴിയിലാണ് നാമുള്ളത്. സൂക്ഷ്മത (വറഅ്) ഇവിടെ അതീവ പ്രസക്തമാണ്. സൂക്ഷ്മത എന്നാല്‍ എന്താണെന്നും അതിന്റെ ഭിന്ന പദവികള്‍ ഏതൊക്കെയാണെന്നും നമുക്ക് വിശകലനം ചെയ്യാം. ശൈഖ് ജുര്‍ജാനി(റ) നിര്‍വചിക്കുന്നതിങ്ങനെയാണ്: നിഷിദ്ധ കര്‍മങ്ങളില്‍ അകപ്പെട്ടുപോയേക്കുമെന്ന് ഭയന്ന് അസ്പൃശ്യകാര്യങ്ങള്‍ ദൂരീകരിക്കലാണ് സൂക്ഷ്മത. അല്ലാമ മുഹമ്മദുബ്നു അല്ലാന് സ്വിദ്ദീഖി(റ) എഴുതുന്നു: വിരോധമുള്ള കാര്യങ്ങള്‍ വന്നുഭവിക്കുന്നത് സൂക്ഷിക്കാനായി വിരോധമില്ലാത്ത വിഷയങ്ങള്‍ ഉപേക്ഷിക്കലാണ് സൂക്ഷ്മത എന്നാണ് പണ്ഡിതന്മാര് പ്രസ്താവിക്കുന്നത്. ശൈഖ് ഇബ്നു അജീബ(റ)യുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഭവിഷ്യല്‍ഫലങ്ങള്‍ അനിഷ്ടകരമായിത്തീരുന്ന കാര്യങ്ങളനുവര്ത്തിക്കുന്നതില് നിന്ന് മനസ്സിനെ ഉപരോധിച്ചുനിറുത്തലാകുന്നു സൂക്ഷ്മത.
'വറഇ'ന്റെ സമഗ്രമായ അര്‍ഥം വിശദമാക്കാനായി അതിന്റെ വ്യത്യസ്ത പദവികള്‍ കൂടി നമുക്ക് പരിശോധിച്ചുനോക്കാം. പൂര്‍ണതയെ അന്വേഷിക്കുന്നയാള്‍ ആ പദവികള്‍ സാക്ഷാല്കൃതമാക്കാനായിരിക്കും ശ്രമിക്കുക. സാധാരണക്കാരുടെയും പ്രത്യേകക്കാരുടെയും അതിവിശിഷ്ടരുടെയും 'സൂക്ഷ്മത'കള്‍ വ്യത്യസ്തമാകുന്നു. സാധാരണക്കാരുടെ സൂക്ഷ്മത എന്നാല്‍ നിരോധങ്ങളുടെ ചളിയില്‍ വീണുപോകാതിരിക്കാനായി അസ്പൃശ്യതകള്‍(4) (ശുബ്ഹത്ത്) ഉപേക്ഷിക്കലാണ്. തിരുമേനി(സ്വ)യുടെ മാര്‍ഗദര്‍ശനം പിന്‍പറ്റിക്കൊണ്ടാണിത്. അവിടന്ന് അരുളുകയുണ്ടായി:
നിശ്ചയം, ഹലാലായ കാര്യങ്ങള്‍ സ്പഷ്ടമാണ്, ഹറാമുകളും സ്പഷ്ടമാണ്. എന്നാല്‍ അവ രണ്ടിനുമിടയില്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയാത്ത ചില വിഷയങ്ങളുണ്ടാകും. മിക്കയാളുകള്‍ക്കും അവയുടെ നിജസ്ഥിതി ഗ്രഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് അസ്പൃശ്യ കാര്യങ്ങളില്‍ നിന്ന് ആര് സൂക്ഷ്മത പുലര്‍ത്തി മാറിനിന്നുവോ അവന് തന്റെ ദീനിനെയും അഭിമാനത്തെയും കാത്തു സംരക്ഷിച്ചു. പ്രത്യുത, അത്തരം അസ്പൃശ്യതകളില്‍ ആരെങ്കിലും വീണുപോയാലോ, അവന് ഹറാം അനുവര്ത്തിക്കാനത് വഴി തെളിക്കും. ഒരു ആട്ടിടയന്റെ ഉപമയാണിതിന്റേത്. വേലിക്കെട്ടിനു ചുറ്റും മേച്ചുകൊണ്ടിരുന്നാല് ആടുകള്‍ അതിനുള്ളിലേക്ക് പ്രവേശിച്ച് മേയുമാറാകും. അറിയുക, ഓരോ രാജാവിനും ഒരു നിരോധിത മേഖലയുണ്ടായിരിക്കുന്നതാണ്. അല്ലാഹുവിന്റെ നിരോധിത മേഖല അവന്റെ ശരീഅത്തിലെ ഹറാമുകളാകുന്നു
പ്രത്യേകക്കാരുടെ സൂക്ഷ്മത എന്നാല്‍, ഹൃദയത്തില്‍ അസ്വസ്ഥതയും അന്ധകാരവുമുണ്ടാക്കുന്നതും അതില്‍ കലര്പ്പുണ്ടാക്കുന്നതുമായ വിഷയങ്ങള്‍ ഉപേക്ഷിക്കലാണ്. ശുദ്ധഹൃദയമുള്ളയാളുകള് തങ്ങളുടെ ഹൃദയങ്ങളില്‍ ഉദയം ചെയ്തുകൊണ്ടിരിക്കുന്ന വ്യത്യസ്ത ചിന്തകളെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുകയും ഭിന്ന രീതിയുള്ള ദുര്‍ബോധനങ്ങള്‍ ദൂരീകരിക്കുകയും ചെയ്യും. ഏതെങ്കിലും വിഷയത്തിന്റെ മതവിധിയില്‍ സംശയിക്കുകയോ ഏതെങ്കിലും കാര്യത്തില്‍ അസ്പൃശ്യതയനുഭവപ്പെടുകയോ ചെയ്യുമ്പോള്‍ അവരുടെ ശുദ്ധഹൃദയങ്ങള്‍ തന്നെ അവക്കെതിരായ അലാറം മുഴക്കും.
നബിതിരുമേനി(സ്വ)യുടെ പുണ്യവചനങ്ങളില്‍ തന്നെ ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. അവിടന്ന് അരുളി: സംശയാസ്പദമായ വിഷയങ്ങള്‍ നീ കൈവെടിയുകയും സന്ദേഹരഹിതമായ കാര്യങ്ങളനുവര്ത്തിക്കുകയും ചെയ്യുക.(2) മറ്റൊരിക്കല്‍ അവിടന്ന് പഠിപ്പിച്ചു: നന്മ എന്നു വെച്ചാല്‍ സല്‍സ്വഭാവമാകുന്നു. കുറ്റകൃത്യം എന്ന് പറഞ്ഞാലോ, നിന്റെ മനസ്സില്‍ സന്ദേഹാസ്പദമായി തോന്നുന്നതും ജനങ്ങള്‍ അത് കാണുന്നതിനെ നീ അനിഷ്ടപ്പെടുന്നതുമാകുന്നു. സുഫ്യാനുസ്സൗരി(റ)യുടെ പ്രസ്താവത്തിന്റെ താല്പര്യവും ഇതുതന്നെ: സൂക്ഷ്മതയെക്കാള്‍ സുഗമമായ മറ്റൊന്നുമില്ല. എന്തെങ്കിലും കാര്യത്തെപ്പറ്റി നിന്റെ മനസ്സില്‍ അസ്പൃശ്യതയനുഭവപ്പെടുന്നുവോ അതുപേക്ഷിക്കുക.
എന്നാല്‍ അതിവിശിഷ്ടരുടെ വറഅ് മറ്റൊന്നാണ്. അല്ലാഹു അല്ലാത്ത മറ്റെന്തിനോടുമുള്ള ബന്ധം ഉപേക്ഷിക്കുക, അവനല്ലാത്ത മറ്റെന്തിലുമുള്ള അഭിനിവേശത്തിന്റെ കവാടം കൊട്ടിയടക്കുക, മനക്കരുത്ത് പടച്ചവനില്‍ കേന്ദ്രീകൃതമായിരിക്കുക, അവനല്ലാത്ത മറ്റൊന്നിലേക്കും ഒരുവിധ ചായ്വും ഇല്ലാതിരിക്കുക-ഇതാണ് അവരുടെ സൂക്ഷ്മത. അല്ലാഹുവിനെ വിട്ട് നിന്നെ വ്യാപൃതനാക്കിക്കളയുന്ന ഏതു കാര്യവും നിനക്ക് അവലക്ഷണവും നിര്‍ഭാഗ്യകരവുമാണ്(5) എന്ന് പഠിപ്പിക്കുന്ന ആത്മജ്ഞാനികളും ഇങ്ങനെയാണ് സൂക്ഷ്മതയെ കാണുന്നത്. ഇമാം ശിബ്ലി(റ) പറയുന്നു: പടച്ചവനല്ലാത്ത മറ്റെല്ലാറ്റിനെക്കുറിച്ചും സൂക്ഷ്മത പുലര്ത്തലാകുന്നു 'വറഅ്'.