നക്ഷത്രങ്ങളുറങ്ങാത്ത രാവുകൾ ഇശ്ഖിൻ്റെ സല്ലാപമായ ഹുബ്ബിന്റെ വരികൾ

ഫാത്തിമത്തുൽ വഹീദയുടെ "നക്ഷത്രങ്ങളുറങ്ങാത്ത രാവുകൾ" കവിതാ സമാഹാരം വായിക്കുമ്പോൾ ദൈവീക അനുരാഗം മനസ്സിൻ്റെ ചില്ലയിൽ നിത്യവസന്തം പോലെ പടർന്നിരിപ്പുണ്ട്. ഓരോ കവിതയും ഇശ്ഖിൽ നിന്നുയർന്ന് ഇശ്ഖിൻ്റെ അപൂർണ്ണതയിലൂടെ കമാലിയ്യത്തിൻ്റെ മാധുര്യം തേടി ഒഴുകുന്ന ഇശ്ഖിൻ്റെ തന്നെ സല്ലാപമായ ഹുബ്ബിൻ്റെ വരികൾ തന്നെയായിരുന്നു. അവ ഒരേ മാലയിൽ കോർത്ത മുത്തുകൾ പോലെ അവസാനം വരെ ഹൃദയത്തിൽ കൂടുകെട്ടിയിരിക്കുന്നുണ്ട് ഇപ്പോഴും. ഇശ്ഖിലലിഞ്ഞ് ചേർന്ന റൂമിയുടെ വരികളും കബീറും ഹാഫിസും ടാഗോറുമെല്ലാം പടർന്ന് നിൽക്കുന്ന ഹൃദയത്തിൽ നിന്നുതിർന്ന വരികളാണ് ഫാത്തിമത്തുൽ വഹീദയുടേതെന്ന് ഓരോ കവിതയും പറഞ്ഞുതരുന്നുമുണ്ട്.

എൻ്റെ എല്ലാ കാഴ്ച്ചകൾക്കും കേൾവികൾക്കും./ അതീതമായ./ പ്രകാശമാണ് നീ.
എന്ന വരികളിലൂടെ തുടങ്ങുന്ന പുസ്തകം ദൈവീക അനുരാഗത്തിൻ്റെ മാധുര്യവും കമാലിയ്യത്തിലേക്കുള്ള വഴികളിലെ പ്രതീക്ഷയുടെയും വിരഹത്തിൻ്റെയും വ്യത്യസ്തമായ സ്നേഹ നിറങ്ങൾ പോലും കുറിച്ചിടുന്നുണ്ട്. നിരന്തര ദിവ്യ സ്മരണയിൽ നിന്ന് പിറന്ന ഈ വരികളിൽ കാണുന്നതും കേൾക്കുന്നുതും ലോകം മുഴുക്കെയും ദൈവത്തിൻ്റെ സൗന്ദര്യത്തിൻ്റെ ഉന്നതമായ പ്രകാശമായാണ് കവയിത്രിക്ക് അനുഭവപ്പെടുന്നത്. ഓരോ ആത്മാവും പരിപൂർണ്ണതയിലെത്തുന്നതെന്നത് ദിവ്യമായ അനുരാഗത്തിലൂടെയെന്ന് പറയുന്ന കവയിത്രി മനുഷ്യർ സ്വയം തിരിച്ചറിയുന്നിടത്താണ് ദൈവീകമായ ഇശ്ഖിന്റെ പുതുനാമ്പുണരുന്നതെന്നും പറയുന്നുണ്ട്.

Also Read:അബൂ യസീദിൽ ബിസ്ത്വാമി(റ): സൂഫീ ലോകത്തെ അത്യുന്നത പ്രതിഭ

പ്രാർത്ഥിക്കുമ്പോൾ മാത്രം./ പ്രകാശമറിയുന്ന രാവുകളുണ്ട്./ നിൻ്റെ സൂക്തങ്ങളോളം./ ഹൃദയത്തിന് തെളിനീരാവുന്ന./ മറ്റൊന്നുമീ ഭൂമിയിലില്ലല്ലോ….
ഉത്തമമായ സ്നേഹം തേടുന്നവർ വണ്ടുകളെ പോലെ നിത്യമായി പ്രാർത്ഥനകളുടെ മധുര്യം നുണയണം, ഹൃത്തടത്തിൽ ചില്ലകളിൽ വിശുദ്ധ ഖുർആൻ സൂക്തങ്ങൾ മൂല്ലപ്പൂ പടർപ്പുകളായി കോർത്തിടണം,
അവിടെ അള്ളാഹുവിനും ദർവീഷിനും മാത്രമായി ഇശ്ഖിൻ്റെ അത്തർ പൂശിയ മുസല്ലകൾ വിരിക്കപ്പെടുമെന്നും ആ സംഗമത്തിൻ്റെ പ്രകാശം രാവുകളിലുറങ്ങാത്ത നക്ഷത്രങ്ങളെ ആനന്ദ പുളകിതരുമാക്കുമത്രെ. രാത്രികൾ മറച്ചുവെച്ച നക്ഷത്രങ്ങളെ./ നീ ആലിംഗനങ്ങളിൽ./ നിന്നും വിട്ട് തരിക./ നിൻ്റെ പ്രകാശമൊന്നെനിക്ക്./ പുണരണം. താനറിയാത്ത ഇലാഹീയായ ഇശ്ഖിൻ്റെ പ്രകാശം പുൽകുന്നവരോട് കവയിത്രി തനിക്ക് മാത്രമായി ദൈവത്തെ വിട്ട് തരൂ, ഞാനതിൽ പുണർന്ന് പുളകിതയാകട്ടെ എന്നപേക്ഷിക്കുന്നത് ഹുബ്ബിൻ്റെ കമാലിയ്യത്തിൽ നിന്നുയരുന്ന വരികളാണ്.

സുജൂദിൽ വീഴുന്ന./ കണ്ണുനീർ കണങ്ങളാണ്./ എൻ്റെ പ്രാർത്ഥനയുടെ പ്രയാണങ്ങൾ./ ആത്മാവിൽ നിന്നുയരുന്ന./ സ്മരണകളിൽ./ നിൻ്റെ നാമം പിന്നെയും ഉതിരുന്നു. ഉത്തമമായ സ്നേഹം പ്രാർത്ഥനകളിൽ നിന്നുത്ഭവിക്കുന്നതാണെന്ന് പറയുന്ന വരികൾ എന്നെ സ്മരിക്കുന്ന അടിമകളോടാണ് ഞാൻ കൂടുതൽ അടുത്തിരിക്കുന്നതെന്ന ദൈവീക വചനത്തെയും കോർത്ത് വെച്ചിട്ടുണ്ട്. ഇശ്ഖിൻ്റെ വഴികളിൽ സ്മരണകൾ ചിലപ്പോൾ നിർവചിക്കാനാവാത്ത ആനന്ദത്തിൽ പടികൾ കയറും, ചിലപ്പോൾ മുൻകാല പാപങ്ങളിൽ നൊന്തൊഴുകുന്ന കണ്ണുനീർ തീർത്ത സ്നേഹപാതകകളാകും.

ഇവിടെ കാറ്റില്ല./ കടലില്ല./ കനവില്ല നിലാവുമില്ല./ എല്ലാം നീയാണ്. മനുഷ്യ സങ്കൽപങ്ങൾക്കു മീതെയാണ് ദൈവീക അനുരാഗമെന്ന് കാണിക്കുന്ന വരികൾ  അള്ളാഹുവോടുള്ള പ്രണയം വിടരുമ്പോൾ മനുഷ്യൻ്റെ കൈകൾ, കാലുകൾ, അവൻ തന്നെയും അള്ളാഹുവിലലിഞ്ഞ് ഒന്നായി മാറുമെന്ന ഖുദ്സിയായ ഹദീസിൻ്റെ വാക്യങ്ങളെ ഓർമ്മപ്പെടുത്തുന്നതോടൊപ്പം പ്രകൃതി മുഴുക്കെയും ഇലാഹീ പ്രണയത്തിൻ്റെ മൊട്ടുകൾ വിടർന്ന് നിൽക്കുന്നുണ്ടെന്നും കവയിത്രി പറയുന്നു.

പ്രണയത്തിൻ്റെ ദീപ്തമായ കടൽ./ നിൻ്റെ സ്നേഹം മറഞ്ഞിരിക്കുന്നത്./ എവിടെയെന്നറിയാതെ ഞാൻ. നക്ഷത്രങ്ങളുറങ്ങാത്ത രാവുകളിൽ പ്രാർത്ഥനകൾ നിറച്ച്, ദിക്റിൻ്റെ സ്മണകളിൽ തഴുകി, സ്നേഹതാപം നിറഞ്ഞ കണ്ണീരിൽ കുളിച്ച്, അത്തറിട്ട മുസല്ലകൾ വിരിച്ച് ഹുബ്ബിനെ തേടുന്ന നക്ഷത്രമായ് സല്ലപിക്കുമ്പോഴും ദീപ്തമായ സ്നേഹക്കടലിൽ പിന്നെയും പിന്നെയും അള്ളാഹുവെ തേടുകയാണ് ഈ വരികൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter