എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല, ഒരു ദലിത് കര്‍സേവകന്റെ തുറന്നെഴുത്ത്

രാഷ്ട്രീയ സ്വയം സേവക് സംഘിനോടുള്ള അചഞ്ചലമായ അര്‍പ്പണബോധവും ആരാധനയും വെച്ചുപുലര്‍ത്തി തന്റെ പതിമൂന്നാം വയസ്സില്‍ തന്നെ സജീവ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ഒരു ആര്‍ എസ് എസ് ഭക്തനായിരുന്നു ഭവര്‍ മെഘ്‌വന്‍ഷി. ഭാരത് മാതയുടെ സംരക്ഷണം എന്ന അന്തിമ ലക്ഷ്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കാന്‍ പോലും മനസ്സ് കാണിച്ചിരുന്ന കഠിനാധ്വാനിയായ കര്‍സേവകനായിരുന്നു അദ്ദേഹം. 

എന്നാല്‍ ഒരു കീഴ്ജാതിക്കാരനായതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് നേരിടേണ്ടി വന്ന കഠിനമായ വിവേചനങ്ങളില്‍ മനം മടുത്ത് അദ്ദേഹം ആര്‍ എസ് എസ് വിടുകയും സംഘടനയുടെ കടുത്ത വിമര്‍ശകനായി തീരുകയും ചെയ്തു. രാജസ്ഥാന്‍ കാരനായ ഭവര്‍ മെഘ്‌വന്‍ഷിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഭംഗിയായി കോര്‍ത്തിണക്കിയ അദ്ദേഹത്തിന്‍റെ ആത്മകഥയാണ്, മൈ ഏക് കര്‍സേവക് ഥാ എന്ന പേരില്‍ ഹിന്ദി ഭാഷയില്‍ പുറത്തിറങ്ങിയ പുസ്തകം. ജെ എന്‍ യു അധ്യാപികയായ നിവേധിത മേനോന്‍ ആണ് ഐ കുഡ് നോട്ട് ബീ എ ഹിന്ദു എന്ന പേരില്‍, 2020ല്‍ ഇതിന്റെ പരിഷ്‌കരിച്ച ഇംഗ്ലീഷ് പതിപ്പ് തയ്യാറാക്കിയത്. പിന്നീട് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും വലിയ നിരൂപണ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത പ്രസ്തുത പുസ്തകത്തിന്‍റെ മലയാള പരിഭാഷയാണ്, എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല  എന്നപേരില്‍ ബുക്ക് പ്ലസ് പുറത്തിറക്കിയിരിക്കുന്നത്.

രാജസ്ഥാനിലെ ഒരു കുഗ്രാമത്തില്‍ നിന്നുള്ള ദളിത് കുടുംബത്തില്‍ ജനിച്ച ഭവര്‍ തന്റെ ചെറു പ്രായത്തില്‍ തന്നെ ആര്‍എസ്എസില്‍ ചേരുകയും വളരെ പെട്ടെന്ന് തന്നെ കാര്യവാഹക് സ്ഥാനത്തേക്ക് ഉയരുകയും ചെയ്ത വ്യക്തിയാണ്. ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന സമയത്തും പിന്നീട് സംഘടന വിട്ടതിനുശേഷവുമുള്ള മെഘ്‌വന്‍ഷിയുടെ ജീവിതാനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്.

1990 ല്‍ രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുന്ന കാലത്തെ അനുഭവങ്ങള്‍ വിവരിച്ചു കൊണ്ടാണ് ഭവര്‍ തന്റെ ആത്മകഥ ആരംഭിക്കുന്നത്. അന്ന് വെറും പതിനഞ്ച് വയസ്സ് പ്രായമായിരുന്ന അദ്ദേഹം ആര്‍എസ്എസിനായി ആത്മാര്‍പ്പണം ചെയ്ത വ്യക്തിയായിരുന്നു. രാമ ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി അയോധ്യയിലേക്ക് പോകുന്ന ഒരു സംഘത്തില്‍ അദ്ദേഹവും പങ്കുചേര്‍ന്നിരുന്നു. എന്നാല്‍ ആ യാത്രയില്‍ അവരുടെ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമായില്ലെങ്കിലും സംഘടനയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം ഈയൊരു ഉദ്യമത്തില്‍ നിന്ന് മാറിനിന്നത് അദ്ദേഹത്തില്‍ സംശയങ്ങള്‍ ഉളവാക്കാനിടയായി. തന്നെപ്പോലെ പട്ടികജാതികളും ആദിവാസികളും മറ്റുചില പിന്നോക്ക വിഭാഗക്കാരും മാത്രമാണ് പ്രസ്തുത ദൗത്യത്തിനായി പുറപ്പെട്ടവരില്‍ ഉണ്ടായിരുന്നത്.

അതിനുശേഷവും ഭവര്‍ കര്‍സേവകനായി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ഇക്കാലയളവിലാണ് അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ സന്യാസിമാരും ത്യാഗികളും സംഘത്തിന്റെയും വിഎച്ച്പിയുടെയും നേതാക്കളും പങ്കെടുക്കുന്ന ഒരു പ്രകടനം നടക്കാനിടയായത്. അയോധ്യയിലേക്കുള്ള വഴി മധ്യേയും ഭില്‍വാരയില്‍ വച്ചും കൊല്ലപ്പെട്ടവരുടെ ചിതാഭസ്മം അടങ്ങിയ മണ്‍കലങ്ങളുമായി ഗ്രാമഗ്രാമാന്തരം ഘോഷയാത്രയായി സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. പ്രസ്തുത പരിപാടി കഴിഞ്ഞുള്ള ഭക്ഷണത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ഏറ്റെടുക്കാന്‍ ഭവര്‍ തയ്യാറാവുകയും അവര്‍ക്കുവേണ്ടി വ്യത്യസ്തയിനം വിഭവങ്ങള്‍ തന്റെ വീട്ടില്‍ ഒരുക്കുകയും ചെയ്തു. എന്നാല്‍ ഒരു കീഴ്ജാതിക്കാരന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ നേതാക്കള്‍ സന്നദ്ധരായില്ല. മറിച്ച് തയ്യാറാക്കപ്പെട്ട ഭക്ഷണങ്ങളെല്ലാം വാഹനത്തില്‍ നിന്നു കഴിക്കാനായി പാക്ക് ചെയ്തു കൊണ്ടുപോകാനാണ് കല്‍പ്പനയുണ്ടായത്. അവര്‍ പറഞ്ഞ പ്രകാരം ഭവര്‍ ചെയ്‌തെങ്കിലും, പിന്നീട് തന്റെ വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം ഒന്നും തന്നെ ആരും കഴിച്ചില്ലെന്നും എല്ലാം മനപ്പൂര്‍വ്വം പെരുവഴിയിലേക്ക് വലിച്ചെറിയപ്പെട്ടു എന്നും അദ്ദേഹം അറിയാന്‍ ഇടയായി. ഈയൊരു സംഭവമാണ് അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചത്. 

ഒരു ദളിത് സ്വയംസേവകന്‍റെ ഭവനത്തില്‍ തയ്യാറാക്കിയ ഭക്ഷണം അവര്‍ മനപ്പൂര്‍വ്വം വലിച്ചെറിഞ്ഞു എന്ന തിരിച്ചറിവ് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു ശൂദ്രനും താഴെയാണ് തന്റെ സ്ഥാനമെന്നും താന്‍ ഒരു അയിത്ത ജാതിക്കാരനാണെന്നുമുള്ള സങ്കടകരമായ യാഥാര്‍ത്ഥ്യം ഭവര്‍ മനസ്സിലാക്കി. തനിക്ക് നേരിടേണ്ടി വന്ന ഈ അവഗണനയാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഇതോടെ എല്ലാം മതിയാക്കി ആര്‍എസ്എസ് വിട്ടെറിഞ്ഞു പോരാന്‍ ഭവര്‍ തീരുമാനിച്ചു.

1991ല്‍ ആണ് ഭവര്‍ മെഘ്‌വന്‍ഷി ആര്‍എസ്എസ് വിടുന്നത്. തനിക്ക് നേരിടേണ്ടി വന്ന മാനഹാനി കാരണം ആദ്യഘട്ടത്തില്‍ ജീവിതം അവസാനിപ്പിക്കണമെന്ന ചിന്തകള്‍ വരെ അദ്ദേഹത്തില്‍ ഉടലെടുക്കുകയും അതിനായി ഒരു ശ്രമം അദ്ദേഹം നടത്തുകയും ചെയ്തു. എന്നാല്‍ അത് വിഫലമായതോടെ അദ്ദേഹം മതപരിവര്‍ത്തനത്തിനായുള്ള പരിശ്രമങ്ങള്‍ നടത്തി. പിന്നീട് മതം മാറ്റവും തന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ക്കും ദളിത് മുന്നേറ്റങ്ങള്‍ക്കുമായി തന്റെ ജീവിതം ഉഴിഞ്ഞു വെക്കുകയായിരുന്നു.  

തുടര്‍ന്നങ്ങോട്ട് ആര്‍എസ്എസിന്റെ നയനിലപാടുകള്‍ക്കെതിരായി വ്യത്യസ്ത ഘട്ടങ്ങളിലായി ഭവര്‍ നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ അദ്ദേഹം തന്റെ പുസ്തകത്തിലൂടെ വിവരിക്കുന്നുണ്ട്. ആര്‍എസ്എസിന്റെ വിവേചനപരമായ നിലപാടുകളും ഗൂഢാലോചനകളും പുറത്തുകൊണ്ടുവരുക എന്ന ലക്ഷ്യത്തില്‍ ദഹക്‌തെ അങ്കാറ, ഡയമണ്ട് ഇന്ത്യ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുകയും അവയിലൂടെ മാധ്യമപ്രവര്‍ത്തനരംഗത്ത് ഭവര്‍ സജീവമാവുകയും ചെയ്തു. സംഘത്തിന്റെയും ഉപഘടകങ്ങളുടെയും കാപട്യങ്ങളെ തുറന്നുകാട്ടും വിധമുള്ളതായിരുന്നു അതിലൂടെ പ്രസിദ്ധീകരിച്ചു വന്ന മിക്ക ലേഖനങ്ങളും. അതുവഴി ഒരുപാട് വിപ്ലവങ്ങള്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനു സാധിച്ചു.

ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കായി ഏറെ ആഗ്രഹിച്ച ഒരാളായിരുന്നു ഭവര്‍ മെഘ്‌വന്‍ഷി. എന്നാല്‍ ആര്‍എസ്എസ് വിട്ടതില്‍ പിന്നെ ബാബരിയും അസിന്ദിലെ ഖലന്ദര്‍ മസ്ജിദുമൊക്ക തകര്‍ക്കപ്പെട്ടത് ഏറെ കുറ്റബോധത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. ദളിതരും ഇതര പിന്നോക്ക വിഭാഗക്കാരും ഇന്ത്യ രാജ്യത്ത് നേരിടേണ്ടിവരുന്ന ജാതീയ വിവേചനങ്ങളാണ് തന്റെ ആത്മകഥയിലൂടെ ഭവര്‍ തുറന്നുകാട്ടുന്നത്. അദ്ദേഹം കുറഞ്ഞ കാലത്തേക്ക് സര്‍ക്കാര്‍ അധ്യാപകനായി ജോലി നോക്കിയ സമയത്തും ജാതീയമായി തനിക്ക് നേരിടേണ്ടി വന്ന വിവേചനപരമായ സമീപനങ്ങള്‍ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഇന്നും പ്രൈമറി, ഹൈസ്‌കൂള്‍ തലങ്ങളില്‍ നടമാടുന്ന ജാതീയ വിവേചനങ്ങള്‍ ദളിത് വിദ്യാര്‍ത്ഥികളെ മാത്രമല്ല, മറിച്ച് ദളിത് അധ്യാപകരെ കൂടി ബാധിക്കുന്നുണ്ടെന്നും ജാതി അവരെ നിരന്തരം വേട്ടയാടുകയും കടുത്ത മാനഹാനി വരുത്തിവെക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

ചുരുക്കത്തില്‍ ഒരു ആര്‍എസ്എസ് സ്വയംസേവകനില്‍ തുടങ്ങി ഒരു സ്വയം സേവി ആയി മാറുന്ന മെഘ്‌വന്‍ഷിയുടെ പരിവര്‍ത്തനത്തിന്റെ കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഇക്കാലയളവിലെല്ലാം തനിക്ക് നേരിടേണ്ടി വന്ന കഠിനമായ പ്രതിസന്ധികളെല്ലാം അതിജീവിച്ച് പതറാതെയും പരാജയപ്പെടാതെയും മുന്നോട്ട് പോകുന്ന ഒരാളാണ് ആത്മകഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്നത്. 

പുസ്തകത്തിന്റെ മലയാളത്തിലേക്കുള്ള വിവര്‍ത്തന കര്‍മ്മം നിര്‍വഹിച്ചിരിക്കുന്നത് അനീസ് കമ്പളക്കാടാണ്. സരളവും ലളിതവുമായ ഭാഷയിലുള്ള വിവര്‍ത്തനം വായനക്ക് കൂടുതല്‍ ഒഴുക്ക് പകരുന്നുണ്ട്. വായനക്കാരന് കൂടുതല്‍ ഉള്‍ക്കാഴ്ച പകരുന്ന സന്തോഷ് ഓകെയുടെ ഗഹനമായ അവതാരികയും ശ്രദ്ധേയമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter