നൂഹ് നബി (അ): സഹനം വ്രതമാക്കിയ പ്രവാചക സ്രേഷ്ടൻ

ആദിമ മനുഷ്യൻ ആദം നബി(അ)യുടെ പുത്രപരമ്പരയിൽ പത്താമനായി ഭൂജാതനായ അല്ലാഹുവിന്റെ വിശുദ്ധ പ്രവാചകനാണ് നൂഹ് നബി (അ). ലാമക് എന്നാണ് പിതാവിന്റെ പേര്. ഉലുൽ അസ്മുകൾ എന്നറിയപ്പെട്ട പ്രമുഖരായ അഞ്ച് പ്രവാചകരിൽ പ്രഥമനാണ് നൂഹ് നബി (അ).  നോഹ എന്ന് ബൈബിൾ പരിചയപ്പെടുത്തിയ ഈ സ്രേഷ്ട പ്രവാചകന്റെയും അദ്ദേഹം നിയോഗിതനായ സമൂഹത്തിന്റെയും ചരിത്രം വിശുദ്ധ ഖുർആൾ വിവിധ അദ്ധ്യായങ്ങളിലായി സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. "നൂഹ്" എന്നൊരു അദ്ധ്യായം തന്നെയും ഖുർആനിലുണ്ട്.

വഴിതെറ്റിയ ജനപഥം:

മനുഷ്യപിതാവ് ആദം നബി (അ) ഭൂവാസം തുടങ്ങുകയും അദ്ദേഹത്തിന്റെ സന്താനങ്ങൾ ലോകത്ത് വ്യാപരിക്കുകയും ചെയ്തതോടെ പിശാച് തന്റെ പണി തുടങ്ങിയിരുന്നു. മനുഷ്യന്റെ സഹജ സ്വഭാവങ്ങളായ  അസൂയ, കോപം, ദേഷ്യം, ദുരാഗ്രഹം, അഹങ്കാരം എന്നിവ മുതലെടുത്ത് പരസ്പരം കലഹിക്കാനും ശണ്ഠകൂടാനും അവൻ അവരെ പ്രേരിപ്പിച്ചു. ആദം നബി (അ) യുടെ പുത്രനായ ഖാബീൽ ഹാബീലിനെ കൊന്നതോടെ ഭൂലോകം അദ്യ മനുഷ്യക്കുരുതിക്കും സാക്ഷിയായി. ഘാതകൻ ഖാബീലിന്റെ സന്താനങ്ങളും അനുയായികളും എല്ലായിടത്തും വ്യാപിച്ചു. കർമ്മരംഗത്തെന്ന പോലെ വിശ്വാസ രംഗത്തും അരുതാത്തത് സംഭവിച്ചുകൊണ്ടിരുന്നു.

ചിലർ ഏകദൈവ വിശ്വാസത്തിൽ നിന്ന് വഴിമാറി പ്രകൃതിശക്തികൾക്ക് ആരാധനളർപ്പിക്കാൻ തുടങ്ങി. സൂര്യചന്ദ്രാതികൾ അവരുടെ ആരാധനമൂർത്തികളായി. ദൈവത്തിന് പ്രത്യേക രൂപം കൽപിച്ച് ബിംബങ്ങളുണ്ടാക്കി ആരാധിച്ചവരും അവരുടെ  കൂട്ടത്തിലുണ്ടായിരുന്നു. ചിലർ അവരിൽ നിന്ന് മൃതിയടഞ്ഞുപോയ സജജനങ്ങളുടെ അമരസ്മരണക്കായി പണിതുയർത്തിയ പ്രതിമകളെ ബഹുമാനിക്കാനും ക്രമേണ ആരാധിക്കാനും തുടങ്ങി. അനാചാരങ്ങളും അന്ധവിശ്വാവങ്ങളും പ്രചാരം നേടി. നന്മയും നീതിയും നഷ്ടപ്പെട്ട് അക്രമവും കൊള്ളയും കൊലയും നടമാടിത്തുടങ്ങി.

നൂഹ് നബിയുടെ നിയോഗം:

എല്ലാംകൊണ്ടും അനിവാര്യമായ ഇത്തരമൊരു ഘട്ടത്തിൽ അല്ലാഹു പ്രബോധന ദൗത്യവുമായി നൂഹ് നബി (അ)യെ നിയോഗിച്ചു. വിശുദ്ധ ഖുർആൻ വിവരിക്കുന്നത് കാണാം: 

നൂഹ് നബിയെ തന്റെ സമൂഹത്തിലേക്ക് നാം നിയോഗിക്കുക തന്നെ ചെയ്തു. അദ്ദേഹം പറഞ്ഞു: എന്റെ സമൂഹമേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക, അവനല്ലാതെ ഒരു ദൈവവും നിങ്ങൾക്കില്ല. ഒരു ഭീകര ദിവസത്തെ ശിക്ഷ നിങ്ങൾക്ക് വന്നെത്തുമെന്ന് ഭയപ്പെടുകയാണ് ഞാൻ. തന്റെ ജനതയിലെ പ്രമുഖർ പ്രതികരിച്ചു: ഞങ്ങൾ മനസ്സിലാക്കുന്നത്, നിങ്ങൾ സ്പഷ്ടമായ ദുർമാർഗത്തിലാണെന്നാകുന്നു. നൂഹ് നബി മറുപടി നൽകി: എന്റെ ജനങ്ങളേ, ദുർമാർഗമൊന്നും എന്നിലില്ല; എന്നാൽ ലോക നാഥന്റെ ദൂതനാണ്  ഞാൻ. എന്റെ രക്ഷിതാവിന്റെ സന്ദേശങ്ങൾ നിങ്ങൾക്ക് ഞാൻ എത്തിച്ചു തരികയും നിങ്ങളോട് ഞാൻ ഗുണകാംക്ഷ പുലർത്തുകയും ചെയ്യുന്നു. 
(അൽ -അഅറാഫ്: 59-68)

നൂഹ് നബി തന്റെ ദൗത്യം ചടുലമായി നിർവ്വഹിച്ചെങ്കിലും പരിഹാസവും ധിക്കാരവുമായിരുന്നു അവരുടെ പ്രതികരണം. 950 വർഷക്കാലം പ്രബോധനം ചെയ്തിട്ടും അംഗുലീപരിമിതമായ ചിലർ മാത്രമാണ് സത്യമാർഗം പുൽകിയത്. സഹികെട്ടതോടെ അദ്ദേഹം തന്റെ നാഥനിലേക്ക് കൈകളുയർത്തി:

നൂഹ് നബി ബോധിപ്പിച്ചു: എന്റെ നാഥാ, രാപ്പകൽ ദേദമന്യേ സ്വജനതയെ സത്യത്തിലേക്ക് ഞാൻ ക്ഷണിക്കുക തന്നെ ചെയ്തു. എന്നാൽ എന്റെ ക്ഷണം അവരെ കുടുതൽ അകറ്റുക മാത്രമാണുണ്ടായത്. നിന്റെ പാപ മോചനത്തിനായി ഞാനവരെ വിളിക്കുമ്പോഴെല്ലാം വിരലുകൾ ചെകിടിൽ തിരുകുകയും ഉടയാടകൾ കൊണ്ട് മൂടിപ്പുതക്കുകയും നിഷേധത്തിലുറച്ചു നിൽക്കുകയും മുരത്ത അഹങ്കാര പ്രകടനം നടത്തുകയുമാണവർ. പിന്നെയും അവരെ ഉച്ചത്തിലും രഹസ്യമായും പരസ്യമായുമൊക്കെ ഞാൻ വിളിച്ചുനോക്കി. (നൂഹ് : 5 - 9)

നൂഹ് നബി സങ്കടം ബോധിപ്പിച്ചു: നാഥാ, എന്നോടിവർ ധിക്കാരം കാട്ടുകയും സമ്പത്തും സന്താനങ്ങളും വർധിത നാശം മാത്രമുണ്ടാക്കിയവരെ പിന്തുടരുകയും ഇവരെ ആ നേതാക്കൾ അതീവ ഗുരുതര വഞ്ചന നടത്തുകയും ചെയ്‌തിരിക്കുന്നു. അവർ കൽപിച്ചു: നിങ്ങളുടെ ദൈവങ്ങളെ , വിശിഷ്യ വദ്ധ്- സുവാഅ - യഗുസ് - യഊഖ് - നസ്റിനെ നിങ്ങൾ കൈവെടിയരുത്. ഇവ്വിധം ഒട്ടനേകമാളുകളെ അവർ ദുർമാർഗത്തിലാക്കുക തന്നെ ചെയ്തു. അതിക്രമകാരികൾക്ക് നീ വഴികേടല്ലാതെ മറ്റൊന്നും വർധിപ്പിച്ചുകൊടുക്കരുതേ(നൂഹ് : 21-24)

കപ്പൽ പണിയാൻ നിർദ്ദേശം

നീണ്ട കാലം എല്ലാ നിലയിലും പ്രബോധനം തുടർന്നിട്ടും സത്യം സ്വീകരിക്കാൻ സന്നദ്ധരാകാതെ വന്നപ്പോൾ അല്ലാഹു നൂഹ് നബിയുടെ പ്രാർത്ഥനക്ക് ഉത്തരം നൽകി. അദ്ദേഹത്തോട് ഒരു കപ്പൽ നിർമ്മിക്കാൻ നിർദ്ദേശമുണ്ടായി:

നൂഹ് നബി പ്രാർത്ഥിച്ചു:  എന്റെ നാഥാ ഇവർ എന്നെ വ്യാജനാക്കി കളഞ്ഞിരിക്കയാൽ എന്നെ നീ സഹായിക്കേണമേ! തത്സമയമദ്ധേഹത്തിന് നാം ഇങ്ങനെ സന്ദേശം നൽകി: നമ്മുടെ മേൽനോട്ടത്തിലും ബോധനമനുസരിച്ചും താങ്കൾ ജലയാനം പണിയുക. (മുഅമിനൂൻ: 26, 27)

അല്ലാഹുവിന്റെ കൽപന പ്രകാരം നൂഹ് നബി (അ) കപ്പൽ നിർമ്മാണമാരംഭിച്ചു. നല്ലയിനം മരപ്പലകകളുപയോഗിച്ച് നിരവധി ആശാരിമാർ ചേർന്നാണ് കപ്പൽ പണിതുപോന്നത്. 

മൂന്ന് തട്ടുകളായാണ് നിർമ്മാണം നടന്നത്. മുകളിൽ മനുഷ്യരും താഴെ പക്ഷി മൃഗാദികളിലെ വിവിധ വർഗങ്ങളിൽ നിന്നുള്ള ഇണകളും. ആ സമയത്തും തന്റെ ജനത അദ്ദേഹത്തിനെതിരെ ആക്ഷേപത്തിന്റെ കൂരമ്പുകളെറിഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം ക്ഷമാപൂർവ്വം അവരെ വീണ്ടും വീണ്ടും സത്യത്തിലേക്ക് ക്ഷണിച്ചു . അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച് മുന്നറിയിപ്പ് നൽകി. അവരതൊന്നും ചെവികൊള്ളാൻ തയ്യാറായതേയില്ല.

മഹാപ്രളയം

അല്ലാഹു അവിശ്വാസികളെ നശിപ്പിക്കാൻ തന്നെ തീരുമാനിച്ചു. മഹാപ്രളയത്തിന് തയ്യാറെടുക്കാനുള്ള അവസാന മുന്നറിയിപ്പും വന്നു: 

നമ്മുടെ ശാസന വന്നെത്തുകയും അടുപ്പിൽ നിന്ന് ഉറവപൊട്ടി ജലമൊലിക്കുകയും ചെയ്താൽ മുഴുജീവികളിൽ നിന്നും രണ്ട് ഇണകളേയും സ്വകുടുംബത്തെയും -അവരിൽ നിന്ന് ശിക്ഷാവിധി മുൻകടന്നവരെയൊഴികെ-അതിൽ കയറ്റുക. അതിക്രമികളെ പറ്റി എന്നോട് മിണ്ടരുത്. അവർ മുക്കിക്കൊല്ലപ്പെടുന്നത് തന്നെയാണ്. (മുഅമിനൂൻ:27)

അടുപ്പുകളിൽ നിന്ന് വെള്ളം ഉറവപൊട്ടിയാൽ കപ്പലിൽ കയറാനായിരുന്നു ദൈവകൽപന. ഉറവക്ക് പിന്നാലെ ശക്തമായ മഴയും തുടങ്ങി. ആദ്യമൊക്കെ അവരത് ആസ്വദിച്ചെങ്കിലും പിന്നെ മഴ തോരാതെയായി. നൂഹ് നബിയും വിശ്വാസികളും എല്ലാ ജീവികളിൽ നിന്നുള്ള ഈ രണ്ടു ഇണകളും കപ്പലിൽ കയറി യാത്ര തുടങ്ങി. പതിയെ, മഴ വലിയൊരു ജലപ്രളയത്തിന് വഴിമാറി.

നൂഹ് നബി പ്രാർത്ഥിച്ചു: 

നാഥാ, നീ സത്യനിഷേധികളിൽ ഒരാളെയും ഭൂതലത്തിൽ അവശേഷിപ്പിക്കരുതേ.അങ്ങനെ വിട്ടേക്കുകയാണെങ്കിൽ  അവർ നിന്റെ അടിമകളെ മാർഗഭ്രഷ്ടരാക്കുന്നതും കേവലം നിഷേധികളായ അധർമകാരികളെ മാത്രം ഉൽപാദിപ്പിക്കുന്നതുമാകുന്നു. (നൂഹ് : 26, 27)

കപ്പലിൽ കയറിയ വിശ്വാസികളും ജീവികളുമല്ലാത്ത എല്ലാവരും നശിച്ചു. മലമുകളിലും മരങ്ങളിലും അഭയംതേടിയവർക്ക് പോലും രക്ഷയുണ്ടായില്ല. അതോടെ, അല്ലാഹു മഴയോട് ശമിക്കാൻ പറഞ്ഞു. മഴ മെല്ലെ നിന്നുതുടങ്ങി.

കൽപനയുണ്ടായി: ഹേ ഭൂമീ, നിന്റെ ജലമത്രയും വിഴുങ്ങൂ. ആകാശമേ, പേമാരി നിർത്തൂ! വെള്ളം വറ്റിപ്പോവുകയും ദിവ്യകൽപന സാക്ഷാൽകൃതമാവുകയും കപ്പൽ ജൂതീ പർവ്വത മുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. അക്രമികളായ ജനത്തിന് മഹാനാശമെന്ന വിളംബരം മുഴങ്ങി.(ഹൂദ്:
44) 

ഇന്നത്തെ അർമീനിയയിലെ അറാറത്ത് പ്രദേശത്തെ ഒരു മലയാണ് ജൂദി. അവിടെയാണ് കപ്പൽ നങ്കൂരമിട്ടത്. അവിടെ നിന്നും കപ്പലിന്റെ അവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കൾ കണ്ടെടുക്കാൻ കഴിഞ്ഞതായി പറയപ്പെടുന്നുണ്ട്.

950 വർഷക്കാലം അവസരമുണ്ടായിട്ടും സത്യത്തിലേക്കടുക്കാത്ത ഒരു ജനവിഭാഗത്തിന് അല്ലാഹു ഇറക്കിയ കൊടിയ ശിക്ഷയായിരുന്നു ഈ പ്രളയം. ഇതിൽ നിന്ന് രക്ഷപ്പെട്ടവരുടെ പിൻതലമുറക്കാണ് ശേഷം ലോകത്തുണ്ടായ മനുഷ്യരഖിലവും. നൂഹ് നബി (അ) യുടെ പുത്രന്മാരായ ശ്യാം, ഹാം, യാഫസ് എന്നിവരുടെ താവഴിയിൽ വന്നവരാണ് പിന്നീട് ലോകത്ത് വന്നവരൊക്കെയുമെന്നും ഒരു വായനയുണ്ട്.

ഏതായാലും, മഹാപ്രളയത്തിലൂടെ ഒരു വലിയ ശുദ്ധികലശം തന്നെയാണ് നടന്നത്. ധിക്കാരികളും അഹങ്കാരികളും കടപുഴകി. സത്യവിശ്വാസികൾ മാത്രം ബാക്കിയായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter