മധ്യകാലത്തെ  ചില വനിതാ ശാസ്ത്ര സാന്നിധ്യങ്ങള്‍

അബ്ബാസി ഭരണാധികാരികളുടെ കാലമായ ഇസ്‍ലാമിക ചരിത്രത്തിന്റെ മധ്യകാലഘട്ടമാണ്, ശാസ്ത്ര-വിജ്ഞാനങ്ങളുടെ സുവര്‍ണ്ണ കാലമായി അറിയപ്പെടുന്നത്. ലോകത്തെ ആദ്യ സര്‍വ്വകലാശാല പോലും സ്ഥാപിക്കപ്പെടുന്നത് അക്കാലത്താണ്. എന്നാല്‍ അതിന് നേതൃത്വം നല്കിയത് രണ്ട് സഹോദരിമാരായിരുന്നു എന്നത് അതിലേറെ കൌതുകകരവും അക്കാലത്ത് സ്ത്രീകള്‍ പോലും ഈ മേഖലയില്‍ എത്രമാത്രം മുന്നേറിയിരുന്നു എന്നതിന്റെ വ്യക്തമായ തെളിവുമാണ്. അക്കാലത്തെ, ശാസ്ത്ര-വിജ്ഞാന മേഖലയിലെ മറ്റു ചില വനിതാ സാന്നിധ്യങ്ങളെ കൂടി നമുക്ക് പരിചയപ്പെടാം.

മര്‍യം അല്‍ അസ്തുര്‍ലാബി
ഹിജ്റ നാലാം നൂറ്റാണ്ടില്‍ (ക്രിസ്ത്വബ്ദം പത്താം നൂറ്റാണ്ട്) സിറിയയിലെ ആലപ്പോയില്‍ ജീവിച്ചിരുന്ന ശാസ്ത്ര പണ്ഡിതയായിരുന്നു മര്‍യം അല്‍ അസ്തുര്‍ലാബി. സൂര്യനടക്കമുള്ള ഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കാനും അതിനെ അടിസ്ഥാനമാക്കി ദിശയവും സമയവും മനസ്സിലാക്കാനുമായി പണ്ട് മുതലേ ഉപയോഗത്തിലുണ്ടായിരുന്നതാണ് ആസ്ട്രോലാബ്. സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്ന ഇസ്‍ലാമിക ചരിത്രത്തിന്റെ മധ്യകാലങ്ങളില്‍ പലരും ഈ മേഖലയില്‍ സവിശേഷമായ സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്. പല ശാസ്ത്ര കുതുകികളും സ്വന്തമായി ആസ്ട്രോലാബ് നിര്‍മ്മിച്ചിരുന്നു. അക്കൂട്ടത്തിലെ ഒരു വനിതാ ശാസ്ത്രജ്ഞയായിരുന്നു മര്‍യം അല്‍ അസ്തുര്‍ലാബി. തന്റെ പിതാവിന്റെ ഗവേഷണ-നിരീക്ഷണങ്ങളില്‍ ആകൃഷ്ടയായാണ് മര്‍യമും അതേ മേഖലയിലേക്ക് പ്രവേശിക്കുന്നത്. ശേഷം. പഠന-മനനങ്ങളിലൂടെ ഏറെ മുന്നേറിയ അവര്‍, അക്കാലത്ത് സിറിയയുടെ വടക്കന്‍ പ്രദേശങ്ങള്‍ ഭരിച്ചിരുന്ന സൈഫുദ്ദൌലയുടെ കൊട്ടാരത്തില്‍ ശാസ്ത്രഗവേഷണ വിഷയങ്ങളിലെ ഉപദേഷ്ടാവും അധ്യാപികയുമായി നിയമിക്കപ്പെടുക വരെ ചെയ്തുവെന്നാണ് ചരിത്രം.

സുതൈത അല്‍മഹ്‍മലി
മധ്യകാലത്ത് ജീവിച്ച മറ്റൊരു ശാസ്ത്ര പ്രതിഭയായിരുന്നു സുതൈത അല്‍മഹ്‍മലി. തന്റെ പിതാവടക്കം ധാരാളം പണ്ഡിതരില്‍നിന്ന് വിദ്യ നേടിയ സുതൈത വിവിധ വിഷയങ്ങളില്‍ തല്‍പരയായിരുന്നു. ഗണിതത്തിലെ അതീവ താല്‍പര്യത്തിന് പുറമെ, ഹദീസ്, ഇസ്‍ലാമിക കര്‍മ്മശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയവയിലെല്ലാം അവഗാഹമുണ്ടായിരുന്നു. ഗണിതത്തിലെ അരിത്മെറ്റിക് സമവാക്യങ്ങളായിരുന്നു അവരുടെ തല്‍പര മേഖല. അവയിലെ സിദ്ധാന്തങ്ങളുപയോഗപ്പെടുത്തി കര്‍മ്മശാസ്ത്ര അനന്തരവാകാശ നിയമങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന രീതിക്ക് അക്കാലത്ത് വികസിപ്പിച്ചെടുത്തത് അവരുടെ സംഭാവനയായിരുന്നു. ആള്‍ജിബ്ര അടക്കമുള്ള പല മേഖലകളിലും തന്റേതായ സമവാക്യങ്ങളും അവതരിപ്പിച്ചിരുന്ന സുതൈത മഹ്‍മലി, ക്രിസ്ത്വബ്ദം 987ലാണ് മരണപ്പെടുന്നത്.

ജൌഹര്‍ നസീബ് സുല്‍താന്‍
മധ്യകാല ശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് വലിയ അവസരങ്ങളൊരുക്കിയ മറ്റൊരു പ്രതിഭയായിരുന്നു ജൌഹര്‍ നസീബ്. പതിമൂന്നാം നൂറ്റാണ്ടിലെ റോം സാമ്രാജ്യത്തിലെ രാജകുമാരിയായിരുന്ന ജൌഹര്‍, വൈദ്യ ശാസ്ത്ര പഠനത്തിന് വേണ്ടി മാത്രമായി ഒരു സ്ഥാപനം തന്നെ പണി കഴിച്ചിരുന്നു. അതിനോട് ചേര്‍ന്ന് തന്നെ സ്ഥാപിച്ച ആശുപത്രിയും പള്ളിയുമെല്ലാം അടങ്ങുന്ന കെട്ടിട സമുച്ചയം ഇന്നും സെല്‍ജുക് ഭരണത്തിന്റെ അഭിമാനകരമായ ബാക്കി പത്രമായി ശേഷിക്കുന്നു.  ജൌഹര്‍ നസീബ് മദ്റസ എന്ന പേരിലറിയപ്പെടുന്ന ആ സ്ഥാപനത്തില്‍ തന്നെയാണ് അവര്‍ക്ക് അന്ത്യവിശ്രമവും ഒരുക്കിയിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter