9 April 2020
19 Rajab 1437

സിന്ധിന്റെ നായകന്‍ (ഭാഗം ഒമ്പത്)

ടി.എച്ച്.ദാരിമി‍‍

27 February, 2020

+ -
image

സീതയുമായി മുഖാമുഖം.ഖലീഫയെ കാണും മുമ്പ് സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ ശൈഖ് സ്വഫ്‌വാന്റെ വീട്ടിലെത്തി. ഒരു ഇടവേളക്കു ശേഷം കണ്ടുമുട്ടുകയായിരുന്ന സുഹൃത്തുക്കള്‍ രണ്ടുപേരും ഗാഢമായി പരസ്പരം ആലിംഗനം ചെയ്തു. വളരെ പെട്ടെന്ന് സുഖ വിവരങ്ങള്‍ കൈമാറി. വളരെ മാന്യനും മനുഷ്യസ്‌നേഹിയുമായിരുന്നു ശൈഖ് സ്വഫ്‌വാന്‍. 

തന്റെ പഴയകാല സുഹൃത്തിനെ കണ്ടതിലുള്ള സന്തോഷങ്ങള്‍ക്കിടയില്‍ സുഹൃത്തിനെ സല്‍ക്കരിക്കുവാനുള്ള വെപ്രാളം കൂടി ശൈഖ് സ്വഫ്‌വാനിലുണ്ട്. അതിനെയൊക്കെ തടഞ്ഞുനിറുത്തിക്കൊണ്ടെന്നോണം സ്വാലിഹ് തന്റെ വിഷയത്തിലേക്കു കടക്കുവാന്‍ ശ്രമമാരംഭിച്ചു. പൊതുരാഷ്ട്രീയത്തിലേക്ക് ആദ്യം കടന്ന് പിന്നെ സൂത്രത്തില്‍ സിന്ധിലേക്കും സീതയിലേക്കും എത്താമെന്നാണ് സ്വാലിഹ് കരുതുന്നത്.

അതങ്ങനെതന്നെ സംഭവിച്ചു. സ്വാലിഹ് സീത എന്ന വിഷയത്തിലെത്തി. സീത ഇപ്പോള്‍ താങ്കളുടെ വീട്ടിലാണ് എന്ന് അറിഞ്ഞതുകൊണ്ട് അവളെ ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുകൂടി സ്വാലിഹ് പറഞ്ഞു. സസന്തോഷം തന്റെ വീട്ടിലെ പരിചാരികയായി കഴിയുന്ന സീതയെ ശൈഖ് സദസ്സിലേക്ക് വിളിച്ചുവരുത്തി.  

സീത മുമ്പില്‍ വന്നുനിന്നു. ഇപ്പോഴും മാറിയിട്ടില്ലാത്ത ആ ശാരീര സൗകുമാര്യം സ്വാലിഹിനെ ആശ്ചര്യപ്പെടുത്തി. നമ്രശിരസ്‌കയായി നില്‍കുന്ന സീതയോട് സ്വാലിഹ് സുഖവിവരങ്ങള്‍ അന്വേഷിച്ചു. താന്‍ സന്തോഷവതിയാണ് എന്നു പറയാന്‍ ഉയര്‍ത്തിയ കണ്ണുകളില്‍ നിരാശയും ദുഖവും ജ്വലിക്കുന്നത് സ്വാലിഹ് കണ്ടു. സ്വാലിഹ് ആദ്യം ആരാഞ്ഞത് തന്റെ നാട്ടിനെ കുറിച്ചുള്ള വിവരങ്ങളായിരുന്നു. നഷ്ടപ്പെട്ട പ്രതാപങ്ങള്‍ ഓര്‍മ്മപ്പെടുത്തി സീതയുള്ള ഉള്ളിനെ വികാരവിവശയാക്കുകയായിരുന്നു സ്വാലിഹിന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോഴേ തനിക്കു വേണ്ടത് ലഭിക്കൂ. തന്റെ എല്ലാ ദുഖങ്ങള്‍ക്കും നിരാശകള്‍ക്കും കാരണക്കാരനായ മുഹമ്മദ് ബിന്‍ ഖാസിമിനെ കുറിച്ച് പറയുമ്പോള്‍ അപ്പോഴേ കാര്‍കശ്യവും അവജ്ഞയുമുണ്ടാകൂ. അവയുണ്ടായാലേ താന്‍ കരുതിയത് ലഭിക്കൂ.

പ്രതീക്ഷിച്ചതുപോലെ സീത വികാരവിവശയായി. അപ്പോള്‍ സ്വാലിഹ് ചോദിച്ചു: 'മുഹമ്മദ് ബിന്‍ ഖാസിമിനെ കുറിച്ച് സീതക്ക് പറയുവാനുള്ളത് എന്താണ്?. അയാളുടെ സീതയോടുള്ള സമീപനങ്ങള്‍ എങ്ങനെയുള്ളതായിരുന്നു?. മുഹമ്മദ് ബിന്‍ ഖാസിം ഒരു ജേതാവ് ഒരു രാജകുമാരിയോട് കാണിക്കേണ്ട മര്യാദകള്‍ പാലിച്ചിട്ടുണ്ടായിരുന്നുവോ?'.

സീതയുടെ കണ്ണുകള്‍ ജ്വലിച്ചു. മുഹമ്മദ് ബിന്‍ ഖാസിം എന്ന പേര് കേട്ടതും സീതയുടെ ഉള്ളില്‍ നിന്നും പ്രതികാരത്തിന്റെ ലാവ തിളച്ചുപൊങ്ങി. സീത പറയാന്‍ തുടങ്ങി.

'മുഹമ്മദ് ബിന്‍ ഖാസിം വളരെ മാന്യമായിട്ടായിരുന്നു എന്നോട് പെരുമാറിയിരുന്നത്. അയാള്‍ എന്നോട് സ്‌നേഹം നടിച്ചു. ഞാന്‍ അതില്‍ വഞ്ചിതയായിപ്പോയി. കുറേ കഴിഞ്ഞപ്പോള്‍ മാത്രമായിരുന്നു എനിക്ക് വസ്തുതകള്‍ ബോദ്ധ്യപ്പെട്ടത്. അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു. ഒരു രാജകുമാരിയായ എന്റെ മാനം നശിപ്പിക്കുകയായിരുന്നു. പിതാവിനെയും കുടുംബത്തേയും എന്നല്ല രാജ്യം തന്നെ നഷ്ടപ്പെട്ട എന്റെ ഭാവി അയാള്‍ തകര്‍ത്തു. ഞാന്‍ നാട്ടില്‍ ജീവിക്കുകയായിരുന്നുവെങ്കില്‍ എന്റെ സഹോദരനടക്കമുള്ളവരെ എനിക്കു കാണാമായിരുന്നു. എന്റെ വിവാഹം നടക്കുമായിരുന്നു. എനിക്ക് ഒരു കുടുംബജീവിതം നയിക്കുവാന്‍ സാധിക്കുമായിരുന്നു'

'എനിക്കതെല്ലാം നഷ്ടപ്പെട്ടു. എന്നു മാത്രമല്ല ഒരു കുററവാളിയെ പോലെ എന്നെ വിലങ്ങുവെച്ച് നാടുകടത്തുകയായിരുന്നു അയാള്‍. ഞാന്‍ അതില്‍ സഹിച്ച മാനഹാനിക്ക് കയ്യും കണക്കുമില്ല'. ഓരോ വാക്കുകളും സീതയുടെ നിശ്വാസത്തിന്റെ ഗതി കൂട്ടി. ഒരു തടവുകാരിയെ പോലെ പിന്നെ ഒരു വേലക്കാരിയെ പോലെ ഒരു രാജകുമാരിയായ തനിക്ക് ജീവിക്കേണ്ട സാഹചര്യം വരുത്തിവെച്ച മുഹമ്മദ് ബിന്‍ ഖാസിമിനോടുള്ള അമര്‍ഷം സ്വാലിഹിന്റെ മുമ്പില്‍ സീത ഛര്‍ദ്ദിക്കുകയായിരുന്നു.

ശൈഖ് സ്വഫ്‌വാന്‍ ഇപ്പോഴാണ് ഈ കഥകളെല്ലാം കേള്‍ക്കുന്നത്. അദ്ദേഹത്തിനും പാവപ്പെട്ട ഒരു പെണ്ണിന്റെ മനോവേദനയില്‍ വേദനതോന്നി. സ്വാലിഹ് ഉള്ളാലെ ചിരിച്ചു. തനിക്കുവേണ്ടത് ലഭിച്ചിരിക്കുന്നു. എമ്പാടും ലഭിച്ചിരിക്കുന്നു. ഇതുതന്നെ മതി ഒന്ന് ഊതിക്കാച്ചിയെടുത്താല്‍. 

സീത പ്രകടിപ്പിച്ചത് ഒരു സ്വാഭാവിക അമര്‍ഷം മാത്രമാണ്. ഏതൊരാള്‍ക്കും ഉണ്ടാകുന്ന അമര്‍ഷം.പിന്നെ തന്നെ വഞ്ചിച്ചു എന്ന് പറഞ്ഞതിനൊന്നും സാധാരണയില്‍ കവിഞ്ഞ ഒരു അര്‍ഥവും ഇല്ല. എങ്കിലും ഈ പറഞ്ഞതിനെല്ലാം പററിയ വ്യാഖ്യാനങ്ങള്‍ ചമക്കണം. അങ്ങനെ പിടിച്ചടക്കിയ നാട്ടിലെ രാജകുമാരിയോട് മാന്യത പുലര്‍ത്തിയില്ല, അവരെ വഞ്ചിച്ചു എന്നതു മുതല്‍ അവരുടെ ചാരിത്ര്യത്തിനു പോലും സുരക്ഷ നല്‍കിയില്ല എന്നതുവരേയുള്ള കുററങ്ങള്‍ വ്യാഖ്യാനിച്ച് ഉണ്ടാക്കണം. ആ കുററപത്രം വെച്ച് മുഹമ്മദ് ബിന്‍ ഖാസിമിനെ ഇഞ്ചിഞ്ചായി കൊല്ലണം. സ്വാലിഹ് കണക്കുകൂട്ടലുകള്‍ ആരംഭിച്ചു. 

സ്വാലിഹ് ദുഖം നടിച്ചുകൊണ്ടു പറഞ്ഞു: 'ദുഖിക്കേണ്ട രാജകുമാരീ, നിങ്ങളെ ഞാന്‍ എന്റെ സുഹൃത്തുകൂടിയായ ശൈഖ് സ്വഫ്‌വാനില്‍ നിന്നും മോചിപ്പിക്കാം. എന്നിട്ട് നിങ്ങളെ നിങ്ങളുടെ സ്വന്തം നാട്ടിലേക്ക് പോകാന്‍ വഴിയുണ്ടാക്കാം. പക്ഷേ അതിന് ഒരു സഹായം നിങ്ങളുടെ പക്കല്‍ നിന്ന് എനിക്ക് വേണ്ടിവരും'

'ഞാനെന്തു സഹായവും ചെയ്യാം', സീത പറഞ്ഞു.

സ്വാലിഹ് പറഞ്ഞു: 'അതിത്രമാത്രമേയുള്ളൂ, ഇക്കാര്യങ്ങള്‍ ഇതേ പോലെ ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലികിനോടും പറയണം എന്നതു മാത്രം. ഖലീഫ മനസാക്ഷിയുള്ളവനാണ്. നിങ്ങളുടെ ഈ വികാരങ്ങള്‍ കാണുവാന്‍ അദ്ദേഹത്തിനു കഴിയും'.

സീതയുടെ മനസ്സില്‍ സ്വന്തം നാട് തെളിഞ്ഞു. സ്വന്തങ്ങളും ബന്ധങ്ങളും മുഖം കാട്ടി. നാട്ടില്‍ ചെന്നിറങ്ങുന്ന ആ മനോഹര മുഹൂര്‍ത്തം വല്ലാത്തൊരു കുളിര്‍ കോരിയിട്ടു സീതയുടെ മനസ്സില്‍. സീത പറഞ്ഞു: 'അതിന് ഞാനൊരുക്കമാണ്'. എന്തിനേക്കാളും വലുതാണല്ലോ സീതക്കിപ്പോള്‍ മോചനം.

സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍ ഖലീഫയുടെ മുമ്പിലെത്തി. അഭിവാദനത്തിനു ശേഷം ഖലീഫ സ്വാലിഹിനോട് ഇറാഖിലെ വിവരങ്ങള്‍ അന്വേഷിച്ചു. ഇറാഖിന്റെ കാര്യങ്ങളെല്ലാം നല്ല നിലയില്‍ പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ നികുതിയുടെ കാര്യത്തിലേക്ക് ചര്‍ച്ച തിരിഞ്ഞു. 

ഖലീഫമാര്‍ക്ക് ഏററവും പ്രധാനപ്പെട്ടത് നികുതിവരവാണ്. ആ ഉദ്യോഗം ഇറാഖില്‍ സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്റെ കയ്യിലാണല്ലോ.അദ്ദേഹം പറഞ്ഞു: 'ഖലീഫാ, നികുതി നല്ലവണ്ണം പിരിച്ചെടുത്തു കൊണ്ടിരിക്കുന്നുണ്ട്. പിന്നെ മുന്‍ ഗവര്‍ണ്ണറായിരുന്ന ഹജ്ജാജ് ഇക്കാര്യത്തില്‍ തീരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. കാരണം ഇത്രമേല്‍ വികസം നടന്നിട്ടും ഒരു വര്‍ഷം ഹജ്ജാജ് പിരിച്ചെടുത്തത് തുഛമായ തുകയായിരുന്നു. ഉമര്‍ ബിന്‍ ഖത്താബിന്റെ കാലത്തു ലഭിച്ചിരുന്നതിലും തുഛം. എന്തു ചെയ്യാന്‍?എല്ലാം ഹജ്ജാജിന്റെ കുഴപ്പമാണ്. ദുനിയാവിനും ആഖിറത്തിനും പററാത്ത ഒരാള്‍..', സ്വാലിഹ് ഹജ്ജാജിനെ ശപിച്ചു.

ഹജ്ജാജിനെ കുറിച്ചു കേട്ടതും ഖലീഫ എഴുനേററിരുന്നു. ഖലീഫ പറഞ്ഞു: 'ഓ സ്വാലിഹ്, നിങ്ങള്‍ ഹജ്ജാജിനെ വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. അയാളുടെ പേരുപോലും എനിക്കു കേട്ടുകൂടാ. സ്വാലിഹ്, എന്തൊക്കെയാണ് ഹജ്ജാജിന്റെ ആള്‍ക്കാരുടെ വിവരങ്ങള്‍. അവരിലോരോരുത്തരേയും ജയിലിലടച്ചു ശിക്ഷിക്കുന്നില്ലേ? ഇക്കാര്യത്തില്‍ ഗവര്‍ണ്ണര്‍ യസീദിന് വല്ല അമാന്തവുമുണ്ടോ?'

സ്വാലിഹ് പറഞ്ഞു: 'ഒരിക്കലുമില്ല. വാസ്വിഥില്‍ നമുക്കുവേണ്ടി ഹജ്ജാജ് പണി കഴിപ്പിച്ച ക്രൂരമായ ജയിലില്‍ അവരെ തടവിലിട്ടിരിക്കുകയാണ്. വളരെ ചെറിയ കുററങ്ങള്‍ ചുമത്തി ഹജ്ജാജ് ജയിലിട്ടിരുന്നവരെയെല്ലാം വിട്ടയക്കുകയും അവരുടെ സ്ഥാനത്ത് ആലു അഖീല്‍ എന്ന ഹജ്ജാജിന്റെ ബനൂ തഖീഫിലെ കുടുംബാംഗങ്ങളെ പാര്‍പ്പിച്ചിരിക്കുകയുമാണ്'

സ്വാലിഹ് തെല്ലു വികാരം പ്രകടിപ്പിച്ചുകൊണ്ട് ഇടയില്‍ കയറിയെന്നോണം പറഞ്ഞു: 'ഖലീഫാ, ഞാന്‍ അല്‍ഭുതപ്പെടുന്നത് മുഹമ്മദ് ബിന്‍ ഖാസിമിന്റെ കാര്യത്തിലാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി സിന്ധ് ജയിച്ചടക്കിയ മുഹമ്മദ് അന്നാട്ടുകാരോട് വലിയ ക്രൂരതയാണ് ചെയ്തത് എന്നാണ് വിവരം. അവരോട് ജേതാക്കള്‍ കാണിച്ചിരിക്കേണ്ട മര്യാദകള്‍ ഒന്നും ഒട്ടും കാണിച്ചില്ല എന്ന് പരാതിയുണ്ട്..'. ഖലീഫ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക് ആ വാര്‍ത്ത ആദ്യമായി കേള്‍ക്കുകയായിരുന്നു. അതിനാല്‍ ഒന്നുകൂടെ അദ്ദേഹം ചെവി വട്ടം പിടിച്ചു.

സ്വാലിഹ് ഒന്നുകൂടി അടുത്തേക്ക് നീങ്ങിനിന്നുകൊണ്ട് പതിഞ്ഞ സ്വരത്തില്‍ പറയുവാന്‍ തുടങ്ങി: 'ഖലീഫാ, മുഹമ്മദ് ബിന്‍ ഖാസിം ചെയ്ത നെറികേടിന്റെ ഏററവും വലിയ സാക്ഷിയായരാണെന്നറിയാമോ, സിന്ധിലെ രാജാവായിരുന്ന ദാഹിറിന്റെ മകള്‍ സീതാ രാജകുമാരി തന്നെ. സീതയുടെ പിതാവിനെയും രാജ്യത്തേയും നശിപ്പിച്ച മുഹമ്മദ് ബിന്‍ ഖാസിം ആ സുന്ദരിയായ സ്ത്രീയെ നശിപ്പിക്കുകയായിരുന്നു, മാനം കെടുത്തുകയായിരുന്നു. ഒരു ഇസ്‌ലാമിക ജേതാവ് ഒരിക്കലും ചെയ്യുവാന്‍ പാടില്ലാത്ത കാര്യം' സ്വാലിഹ് ഒന്നു നിറുത്തി. ഖലീഫയുടെ മുഖത്ത് ദേഷ്യം ചുവക്കുന്നത് അദ്ദേഹം കണ്ടു.

നല്ലവനും ശുദ്ധനുമായിരുന്നു ഖലീഫാ സുലൈമാന്‍ ബിന്‍ അബ്ദുല്‍ മലിക്. അനീതിയും അമാന്യതയും അദ്ദേഹം വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട് ഈ കഥ അദ്ദേഹത്തെ ചൊടിപ്പിച്ചു. അദ്ദേഹം പോദിച്ചു: 'സ്വാലിഹ്, ആരാണ് നിങ്ങളോട് ഇക്കാര്യം പറഞ്ഞത്?'

സ്വാലിഹ് പറഞ്ഞു: 'സാക്ഷാല്‍ ഇര തന്നെ, ദാഹിര്‍ രാജാവിന്റെ മകള്‍ സീത'

'അവളിപ്പോള്‍ എവിടെയുണ്ട്?'

'അവള്‍ ഇവിടെ അടുത്തുതന്നെയുണ്ട്. നമ്മുടെ ശൈഖ് സ്വഫ്‌വാന്റെ വീട്ടില്‍, അങ്ങേക്ക് വേണമെങ്കില്‍ സീതയോട് നേരിട്ടുതന്നെ ചോദിച്ചറിയാമല്ലോ'

സ്വാലിഹ് പറഞ്ഞ കാര്യം ശരിയാണ് എന്ന് ഖലീഫക്കു വ്യക്തമായി. തന്നോടും തന്റെ ഭരണത്തോടും കൂറുള്ളവനാണ് സ്വാലിഹ്. അതിനാല്‍ സ്വാലിഹ് പറയുന്നതിന് ഇനിയൊരു മേലന്വേഷണം വേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ സിരകളിലൂടെ ചൂടുള്ള ചോര ഇരച്ചുകയറി.കോപം കണ്ണുകളില്‍ ചോരച്ചുവപ്പ് ചാലിച്ചു. ചിലതെല്ലാം തീരുമാനിച്ചുറപ്പിച്ച് ആലോചിച്ചുകൊണ്ട് ഒരു നിമിഷം ഇരുന്നു. സ്വാലിഹ് ഖലീഫയുടെ മുഖത്തേക്ക് ഇടംകണ്ണിട്ടു ചുണ്ടുകള്‍ അനങ്ങുന്നുണ്ടോ എന്നു നോക്കി. ഹജ്ജാജിനോടുള്ള പക മുഹമ്മദ് ബിന്‍ ഖാസിം എന്ന നിരപരാധിയില്‍ തീര്‍ക്കുവാന്‍ അയാള്‍ക്ക് ഖലീഫയുടെ തിട്ടൂരം കിട്ടേണ്ടതുണ്ടല്ലോ.

സീത ഒരര്‍ഥത്തില്‍ നിഷ്‌കളങ്കയാണ്. തന്നെ മുഹമ്മദ് ബിന്‍ ഖാസിം വഞ്ചിച്ചു എന്നതിന് തന്റെ ചാരിത്ര്യം കവര്‍ന്നു എന്ന് അര്‍ഥം സീത കരുതിയിട്ടില്ല. തന്നോട് അപമാനം കാണിച്ചു എന്നതിന് തന്നെ ശകാരിച്ചുവെന്നോ ഭക്ഷണവും വെള്ളവും തരാതെ പട്ടിണിക്കിട്ടു എന്നോ മറേറാ സീത ഉദ്ദേശിച്ചിട്ടില്ല. സീതയുടെ മനസ്സു നിറയെ സിന്ധ് എന്ന തന്റെ സ്വന്തം മണ്ണാണ്. അവിടെയെത്തുകയാണ് സീതയുടെ ലക്ഷ്യവും മോഹവും. അതിനു ഒരു വാതില്‍ പഴുത് തുറന്നുതന്നിരിക്കുകയാണ് സ്വാലിഹ് ബിന്‍ അബ്ദുറഹ്മാന്‍. അതിലൂടെ തനിക്കു പുറത്തുകടക്കുവാന്‍ ഒരു വഴിയേയുള്ളൂ. തല്‍ക്കാലം ആലങ്കാരികമായെങ്കിലും മുഹമ്മദ് ബിന്‍ ഖാസിമിനെ തള്ളിപ്പറയുക. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ.


RELATED ARTICLES