റമദാന്‍ ഡ്രൈവ്- നവൈതു-05

റമദാന്‍ തുടങ്ങിയത് മുതല്‍ നിസ്കാരങ്ങളെല്ലാം പരമാവധി ആദ്യസമയത്ത് തന്നെ ചെയ്യാന്‍ സാധിക്കുന്നുണ്ട് അല്ലേ. അതും ജമാഅതായി പള്ളിയില്‍ വെച്ച് തന്നെ. അങ്ങനെ നിസ്കരിച്ച് പുറത്തിറങ്ങുമ്പോള്‍ വല്ലാത്തൊരു മനസ്സമാധാനം അനുഭവിക്കാനാവുന്നില്ലേ._
മുമ്പ് എത്ര തന്നെ ശ്രമിച്ചാലും വിവിധ കാരണങ്ങളാല്‍ ജമാഅതിന് എത്താന്‍ സാധിക്കാറില്ലായിരുന്നു. പലപ്പോഴും അവസാന സമയത്തായിരുന്നു നമ്മുടെ നിസ്കാരം. ചിലപ്പോഴൊക്കെ നിസ്കരിക്കാന്‍ സൌകര്യപ്പെടാതെ സമയം കടന്ന് പോകുന്ന അനുഭവങ്ങളും ഉണ്ടായിരിക്കാം.
എന്നാല്‍ റമദാന്‍ തുടങ്ങിയതോടെ അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. മുമ്പുണ്ടായിരുന്ന തിരക്കുകളൊക്കെ ഇപ്പോഴും നമുക്കുണ്ട്. ജോലിയുടെ കാര്യത്തിലും കാര്യമായ വ്യത്യാസമൊന്നുമില്ല. എന്നിട്ടും നോമ്പുകാരനാണെന്ന ബോധം നമ്മെ മറ്റെല്ലാം മാറ്റിവെച്ച് സമയമായാല്‍ നിസ്കരിക്കാന്‍ പ്രേരിപ്പിക്കുന്നത്. കൃത്യ സമയത്ത് പള്ളിയിലെത്താനും ജമാഅത് ലഭിക്കുമെന്ന് ഉറപ്പ് വരുത്താനും അത് നമ്മുടെ മനസ്സിനെ പഠിപ്പിച്ചിരിക്കുന്നു.
റമദാന്‍ നല്കുന്ന ട്രെയ്നിംഗിന്റെ ഭാഗമാണ് അതും. വേണമെന്ന് കരുതിയാല്‍ ഒന്നും ഒന്നിനും തടസ്സമല്ലെന്നാണ് അത് നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്.
റമദാന്‍ കഴിഞ്ഞാലും നമുക്ക് ഇത് തുടരാനാവില്ലേ. തീര്‍ച്ചയായും സാധിക്കും. നാം തന്നെയാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. റമദാനിന് ശേഷവും ഇതേ ശീലവും ചിട്ടയും കൃത്യനിഷ്ഠയുമെല്ലാം തുടരാനായാല്‍ മാത്രമേ, ഈ പരിശീലനം കൊണ്ട് ഫലമുണ്ടായി എന്ന് പറയാനാവൂ.
അല്ലാത്ത പക്ഷം, നമ്മുടെ ഈ കര്‍മ്മങ്ങളെല്ലാം കേവലം റമദാന്‍ സ്പെഷ്യല്‍ മാത്രമായി മാറും. അതിന് നാം അനുവദിച്ച് കൂടാ.
ഈ അഞ്ചാം നോമ്പില്‍ നമുക്ക് അതിന് കൂടി ഒരു നിയ്യത് വെക്കാം...
ഇനി മുതലങ്ങോട്ട് ജീവിതത്തിലുടനീളം പരമാവധി ആദ്യസമയത്ത് തന്നെ നിസ്കാരം നിര്‍വ്വഹിക്കാന്‍ ഞാന്‍ കരുതി. അതും ജമാഅതായി പള്ളിയില്‍ വെച്ച് തന്നെ നിര്‍വ്വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും നമുക്ക് മനസ്സില്‍ ഉറപ്പിക്കാം. അതാവട്ടെ നമ്മുടെ ഇന്നത്തെ നവൈതു. നാഥന്‍ തുണക്കട്ടെ._

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter