ഇബ്റാഹീം നബിയുടെ സ്മരണകൾ അമരം: കേരളത്തിൽ വിശ്വാസികൾ ബലിപെരുന്നാള്‍ ആഘോഷിച്ചു

31 July, 2020

+ -
image

കോഴിക്കോട്: പ്രവാചകൻ ഇബ്രാഹീം അ ന്റെ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ഓര്‍മ പുതുക്കി മുസ്‌ലിംകൾ കേരളത്തിൽ ബലിപെരുന്നാള്‍ ആഘോഷിച്ചു. ഗൾഫിലും ഇന്ന് തന്നെയായിരുന്നു പെരുന്നാൾ. അതേസമയം കേരളേതര സംസ്ഥാനങ്ങളിൽ നാളെയാണ് പെരുന്നാൾ.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഈദ്ഗാഹുകൾക്ക് അനുമതി ലഭിക്കാത്തതിനാൽ പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നമസ്കാരം നടന്നത്. പള്ളികളിൽ നമസ്കരിക്കുന്നവർക്കിടയിൽ ആറടി അകലം പാലിക്കണം, പള്ളികളില്‍ തെര്‍മല്‍‍ സ്ക്രീനിംഗ്, സാനിറ്റൈസര്‍ തുടങ്ങിയവ ലഭ്യമാക്കണം എന്നീ നിബന്ധനകൾക്കനുസരിച്ചായിരുന്നു നമസ്കാരം നിർവഹിക്കപ്പെട്ടത്. വെള്ളിയാഴ്ചയായതിനാൽ പലയിടത്തും പെട്ടെന്ന് നിസ്കാരം കഴിഞ്ഞ് വിശ്വാസികൾ ബലി കർമ്മത്തിൽ ഏർപ്പെട്ടു

നഗര, ഗ്രാമ ഭേദമന്യേ കോവിഡ‌് നിയന്ത്രണങ്ങളുണ്ടായിരുന്നതിനാല്‍ വലിയ രീതിയിലുള്ള കൂടിച്ചേരലുകളും ആഘോഷങ്ങളും ഇത്തവണ ഉണ്ടായിരുന്നില്ല. പല സ്ഥലങ്ങളും കണ്ടെയിന്‍മെന്റ‌് സോണുകളില്‍ ഉള്‍പ്പെട്ടതിനാല്‍ പെരുന്നാളിന്റെ ഭാഗമായ ഗൃഹസന്ദര്‍ശനമുള്‍പ്പെടെയുള്ളവയിൽ നിന്ന് വിശ്വാസികൾ വിട്ടുനിന്നു.

പൊലീസിന്റെയോ തദ്ദേശ സ്ഥാപന അധികൃതരുടേയോ അനുമതി വാങ്ങിയാണ് ഉള്ഹിയ്യത് കർമം നിർവഹിച്ചത്. അതേസമയം, സംസ്ഥാനത്ത് തീവ്രനിയന്ത്രിത മേഖലകളില്‍ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരവും ജുമുഅയും നടന്നില്ല.

RELATED NEWS