3 December 2020
19 Rajab 1437

അശ്ശിഫാ; പ്രവാചക ജീവിതത്തിന്റെ അകംവായന

തന്‍സീര്‍. സി.ടി. കാവുന്തറ‍‍

06 February, 2012

+ -

ഖാളി ഇയാളിന്റെ (ഹി:496-544) വിശ്രുതമായ രചനയാണ്‌ `അശ്ശിഫാഅ്‌'(അശ്ശിഫാ ബി തഅ്‌രീഫി ഹുഖൂഖില്‍ മുസ്‌തഫാ). ഭാഷകള്‍ക്കും ദേശങ്ങള്‍ക്കും തലമുറകള്‍ക്കും അതീതമായി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളും നബിജീവിത വിവരണഗ്രന്ഥങ്ങളും എണ്ണമറ്റതാണ്‌. എന്നാല്‍ റസൂല്‍ജീവിതത്തിന്റെ പൊരുളറിഞ്ഞുള്ള അകമെഴുത്തില്‍ `അശ്ശിഫാഅ്‌’ മറ്റു രചനകളില്‍നിന്നും തികച്ചും വ്യതിരിക്തമാണ്‌. വിഭിന്നമായ അവതരണരീതിയും ആവിഷ്‌കാരശൈലിയും കൊണ്ട്‌ ഈ മഹദ്‌ഗ്രന്ഥം വായനാഹൃദയങ്ങളെ കുളിരണിയിപ്പിക്കുന്നുവെന്നതില്‍ പക്ഷാന്തരമില്ല. മാലികീ മദ്‌ഹബുകാരനായ `അബുല്‍ ഫള്‌ല്‍ ഇയാളുബ്‌നുമൂസാ’ കഴിവുറ്റ കവിയും പാണ്ഡിത്യവും വാക്‌ചാതുര്യവും സംലയിച്ച അനുഗ്രഹീത പ്രഭാഷകനും സര്‍വ്വോപരി എഴുത്ത്‌കലയിലെ വിജുഗീഷുവുമായിരുന്നു. ഈ സത്യവസ്‌തുതക്ക്‌ അദ്ദേഹത്തിന്റെ വ്യത്യസ്‌ത വിഷയങ്ങളെ ആസ്‌പദിച്ചുള്ള ഗ്രന്ഥരചന കയ്യൊപ്പു ചാര്‍ത്തുന്നുണ്ട്‌. ഹി: 509 പഠനാവശ്യാര്‍ത്ഥം കോര്‍ദോവയില്‍ എത്തിച്ചേര്‍ന്നു. ജ്ഞാനാന്വേഷണ വീഥിയില്‍ വെള്ളിവെളിച്ചം ആര്‍ജ്ജിച്ചെടുത്തത്‌ അവിടെ വെച്ചായിരുന്നു.പ്രധാന രചനകള്‍: കമാലുല്‍ മുഅല്ലിം: ഫീ ശറഹിസ്വഹീഹില്‍ മുസ്‌ലീം 

കിതാബുശ്ശിഫാഅ്‌ ബി തഅ്‌രീഫി ഹുഖൂഖില്‍ മുസ്‌തഫാ 

കിതാബുല്‍ ഇല്‍മാഇ ഫീ ഇബ്‌തി ശിവായതി വ തഖ്‌യീദി സ്സിമാഇ 

കിതാബുല്‍ ഒനീമതി ഫീ ശുയൂഹിഹി 

കിതാബുല്‍ മുഅ്‌ജിമി ഫീ ശുയൂഹി ഇബ്‌നു സക്‌റ. ഇവയില്‍ ഏറെ ശ്രദ്ധേയമായതും ആഗോളതലത്തില്‍ തന്നെ പ്രശംസ പിടിച്ചുപറ്റിയതുമായ ഗ്രന്ഥം `അശ്ശിഫാഅ്‌’ ആണ്‌. ഇതിന്റെ വ്യാഖ്യാനങ്ങളില്‍ സുപരിചിതമായവ, അല്ലാമാ അഹ്‌മദ്‌ ശിഹാബുദ്ദീന്‍ ഹഫാജീ (അല്‍മിസ്‌രീ) യുടെ `നസീമുരിയാള്‌’, അല്ലാമാ അലിയ്യുല്‍ ഖാരി(റ) യുടെ `ശറഹുശ്ശിഫാ’ എന്നിവയാണ്‌. ഈ മഹദ്‌ഗ്രന്ഥം പ്രധാനമായും നാല്‌ ഖണ്‌ഡങ്ങളായി വേര്‍തിരിയുന്നു. ഒന്നാം ഭാഗത്തില്‍ സ്രഷ്‌ടാവ്‌ സൃഷ്‌ടിശ്രേഷ്‌ടര്‍ക്ക്‌ നല്‍കിയ ബഹുമാനത്തെയും ആദരവിനെയും വിശദമായി പരാമര്‍ശിക്കുന്നു. ഒന്നാംഖണ്‌ഡം വീണ്ടും നാല്‌ ഉപവിഭാഗങ്ങളായും ക്രമീകരിച്ചിരിക്കുന്നു. യഥാക്രമം, റസൂലിനെ ക്കുറിച്ചുള്ള പ്രശംസ, സൃഷ്‌ടിപ്പിലും സ്വഭാവഗുണവിശേഷങ്ങളിലും അത്യുത്തമര്‍, ദൈവീകസമക്ഷം തിരുദൂതരുടെ സ്ഥാനം വിവരിക്കുന്ന സ്വഹീഹായ ഹദീസുകളും ഇരുലോകത്തും നബി(സ) ക്ക്‌ അല്ലാഹു പ്രത്യേകമായി നല്‍കിയ കറാമത്തുകള്‍, നബി(സ) യിലൂടെ വെളിപ്പെട്ട ദൃഷ്‌ടാന്തങ്ങള്‍, അമാനുഷികസംഭവവികാസങ്ങള്‍…. എന്നിവ വിവരണവിധേയമാവുന്നു. രണ്ടാം ഭാഗത്തില്‍ പ്രധാനമായും മനുഷ്യര്‍ക്ക്‌ പുണ്യനബി(സ) യോടുള്ള കടമകള്‍ വിവരിക്കുന്നു. നാല്‌ ഉപവിഭാഗങ്ങളിലായി, നബിയെ വിശ്വാസിക്കല്‍-വഴിപ്പെടല്‍-നബിചര്യയെ പിന്‍പറ്റല്‍, നബിയോടുള്ള നിര്‍ബന്ധസ്‌നേഹം-നബി(സ)യോടുണ്ടാവേണ്ട ആദരവും ബഹുമാനവും, നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലേണ്ടതിന്റെ വിധികള്‍, സ്വലാത്തിന്റെ ശ്രേഷ്‌ഠതകള്‍… എന്നിവ വിശദമായി ഖുര്‍ആനിന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വ്യക്തമാക്കുന്നു. മൂന്നാം ഭാഗമാണ്‌ അശ്ശിഫാഇന്റെ ഹൃദയതന്തുവെന്ന്‌ പറയാവുന്നത്‌. മാനുഷിക കാര്യങ്ങളില്‍ നിന്ന്‌ നബി(സ)ക്ക്‌ അനുവദനീയമായ കാര്യങ്ങള്‍, അസംഭവ്യമായ കാര്യങ്ങള്‍ തുടങ്ങിയവ പരാമര്‍ശിക്കുന്നു. നാലാം ഭാഗത്തില്‍ പ്രധാനമായും നബി(സ)യെ നിന്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവര്‍ക്കുള്ള വിധികള്‍……. തുടങ്ങിയവ പ്രതിപാദിക്കുന്നു. നബിയെഴുത്തിലെ പുതുശൈലീസ്വീകരണമാണ്‌ അശ്ശിഫാഇനെ ഹൃദയസ്‌പൃക്കാക്കുന്ന പരിഗണനീയ ഘടകം. നബിയിമ്പം ഇരമ്പുന്ന ആശിഖീങ്ങളുടെ ഹൃദയരേണുക്കളില്‍ നബി ജീവിതത്തെയും അവിടുത്തെ മാഹാത്മ്യത്തെയും പവിത്രതയാര്‍ന്ന ജീവിത അടക്കാ-നക്കങ്ങളെയും അശ്ശിഫാ സുകരാം വ്യക്തമാക്കുന്നുവെന്നത്‌ തീര്‍ച്ച.റസൂലിനെ വായിക്കുന്തോറും ഇശ്‌ഖ്‌ ഏറിയേറി വരുമെന്നത്‌ അനുഭവവെളിച്ചങ്ങളില്‍ നിന്ന്‌ ആശിഖീങ്ങള്‍ തെളിയിച്ചതാണ്‌. `ഇശ്‌ഖ്‌’ ശബ്‌ദം അറബിയില്‍ ആദ്യമേ ഉള്ളതായിരുന്നിട്ടും പരിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും ആ പദപ്രയോഗമില്ല. ഹദീസുകളില്‍ വളരെ ചുരുക്കം കാണാം. എന്നാല്‍ `ഹുബ്ബ്‌’ എന്ന പദമാണ്‌ പ്രേമം, അനുരാഗം, സ്‌നേഹം മുതലായ ആശയങ്ങളെ ദ്യോതിപ്പിക്കാന്‍ ഖുര്‍ആനിലെന്നപോലെ ഹദീസിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്‌. ഇശ്‌ഖിന്റെ നിഘണ്ടു അര്‍ത്ഥങ്ങളില്‍ `ഭ്രാന്ത്‌’ എന്നതും ഉള്‍പ്പെടുമെന്നതിനാല്‍ സൂക്ഷ്‌മതക്കുവേണ്ടി ഒഴിവാക്കിയതുമാവാം ഈ പദത്തിന്റെ ഉപയോഗം എന്ന്‌ നിരീക്ഷിച്ച പണ്ഡിതന്മാരുമുണ്ട്‌. പ്രേമം ചിലപ്പോള്‍ ഭ്രാന്തവും തനിഭ്രാന്തുമൊക്കെ ആകാറുണ്ടല്ലോ. ആകയാല്‍ സാഹിത്യസൃഷ്‌ടികളിലും മനഃശാസ്‌ത്രപരവും ഗൂഢാര്‍ഥവാദപരവുമായ രചനകളിലുമാണ്‌ `ഇശ്‌ഖ്‌’ ശബ്‌ദത്തിന്റെ ഏറിയ സാന്നിധ്യവും. ഇശ്‌ഖിന്‌ സ്‌നേഹം എന്ന ഭാഷാന്തരം അത്രമേല്‍ ഉചിതമാവില്ല. പ്രേമമെന്നു തന്നെ പറയണം അല്ലെങ്കില്‍ അനുരാഗമെന്നും. സ്‌നേഹമെന്നത്‌ മനുഷ്യാസ്‌തിത്വത്തില്‍ തന്നെ മൗലികമായി അന്തഃസ്ഥിതമായ ഒരു സവിശേഷതയാണ്‌. അത്‌ വളര്‍ന്ന്‌ അഗാധവും തീവൃതരവുമായ തലത്തിലെത്തുമ്പോഴാണ്‌ പ്രേമമാകുന്നത്‌. വളര്‍ച്ച സാവകാശമാവാം, ഒറ്റക്കുതിപ്പിലാവാം. റസൂല്‍സ്‌നേഹത്തിന്റെ വശ്യതയും പാരമ്യതയും വ്യക്തമാക്കുന്നതില്‍ `അശ്ശിഫാഅ്‌’-ന്റെ ശക്തിസൗന്ദര്യം അപാരം തന്നെ. രണ്ടാം ജുസ്‌ഇല്‍ പ്രതിപാദനവിധേയമാവുന്ന സ്‌നേഹവശങ്ങളും സ്‌നേഹപ്രേരണകളും സ്‌നേഹമഹത്വവും (ഭാഗം 2.പേ. 14-23, സ്‌നേഹത്തിന്റെ അനിവാര്യത, സ്‌നേഹത്തിന്റെ പ്രതിഫലം, സ്‌നേഹത്തിന്റെ പൂര്‍വ്വിക മാതൃകകള്‍, സ്‌നേഹാടയാളങ്ങള്‍, സ്‌നേഹത്തിന്റെ അര്‍ത്ഥതലങ്ങള്‍) അനുവാചക ഹൃത്തടങ്ങളെ പ്രകമ്പനം കൊള്ളിക്കുന്നു.സ്‌നേഹത്തിന്റെ അര്‍ത്ഥത്തെ ഖാളി ഇയാള്‌ വിവരിക്കുന്നത്‌ കാണുക: “സ്‌നേഹത്തിന്റെ വ്യാഖ്യാനത്തെ കുറിച്ച്‌ ഭിന്നാഭിപ്രായങ്ങളുണ്ട്‌. വാചികമായ അഭിപ്രായാന്തരങ്ങളല്ല, മറിച്ച്‌, വിവിധ സാഹചര്യങ്ങളിലെ സ്‌നേഹത്തെകുറിച്ചുള്ള വ്യാഖ്യാനങ്ങളിലാണ്‌ തര്‍ക്കം. സുഫ്‌യാനുസ്സൗരി(റ) പറയുന്നു: പ്രവാചകസ്‌നേഹം തിരുചര്യയെ അനുധാവനം ചെയ്യല്‍ തന്നെയാണ്‌. വിശുദ്ധഖുര്‍ആനികാധ്യാപനത്തെ അദ്ദേഹം പിന്‍ബലമായി സ്വീകരിക്കുന്നു. “നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്‍ പറ്റുക. നിങ്ങളെ അല്ലാഹു സ്‌നേഹിക്കും.” മറ്റു ചിലരുടെ അഭിപ്രായം `സ്‌നേഹം `മഹ്‌ബൂബിനെ’ കുറിച്ചുള്ള നിരന്തര ഓര്‍മ്മയാണ്‌’ എന്നാണ്‌. ചിലര്‍ പറയുന്നു `സ്‌നേഹമെന്നത്‌, ആരെയാണോ സ്‌നേഹിക്കുന്നത്‌ അവരുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ പ്രേമിയെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സ്വാധീനിക്കലത്രെ.”(അശ്ശിഫ, ഭാഗം:2, പേ: 23)സ്‌നേഹത്തിന്റെ അടയാളങ്ങളെ ഇവ്വിധം രേഖപ്പെടുത്തുന്നു: “നബി(സ) യോടുള്ള സ്‌നേഹം സത്യമാണെങ്കില്‍ അതിന്റെ അടയാളങ്ങളും പ്രകടമാവും. നബി(സ)യോട്‌ പിന്‍പറ്റലും തിരുചര്യയെ ജീവിതത്തില്‍ പകര്‍ത്തലും കല്‍പനകളെ അപ്പാടേ സ്വീകരിക്കലും വിരോധനകളെ വര്‍ജ്ജിക്കലും മര്യാദകള്‍ പാലിക്കലും സ്‌നേഹത്തിന്റെ പ്രകടിതാടയാളങ്ങളില്‍ പ്രധാനമാണ്‌. ശാരീരിക വൈകാരികതകളെ തൃണവത്‌കരിച്ചും ദേഹേഛകളെ അവഗണിച്ചും `ശരീഅതുറസൂല്‍’ എല്ലാ വിഷയങ്ങളിലും തെരഞ്ഞെടുക്കലും സ്‌നേഹാടയാളങ്ങളില്‍ മുഖ്യംതന്നെ. വിശുദ്ധഖുര്‍ആനില്‍ `ഈമാന്‍’ എന്ന പദത്തെ ഒരേയൊരു സ്ഥലത്ത്‌ മാത്രമാണ്‌ രണ്ടാമതായി പറഞ്ഞത്‌. അത്‌ അന്‍സാറുകളുടെ സ്‌നേഹത്തെയും സമര്‍പ്പണസന്നദ്ധതയെയും പരാമര്‍ശിക്കുമ്പോഴാണ്‌ എന്നാണ്‌ ഖുര്‍ആന്‍ മുഹാജിറുകളോടുള്ള അന്‍സാറുകളുടെ സ്‌നേഹത്തെ പരിചയപ്പെടുത്തുന്നത്‌. അനസുബ്‌നുമാലിക്‌(റ) പറയുന്നു: നബി(സ) പറഞ്ഞു: ആരെങ്കിലും എന്റെ ചര്യയെ ഇഷ്‌ടപ്പെട്ടാല്‍ അവന്‍ എന്നെ സ്‌നേഹിച്ചു. ആരെങ്കിലും എന്നെ സ്‌നേഹിച്ചാല്‍ `സ്വര്‍ഗ്ഗലോകത്ത്‌ അവന്‍ എന്റെ കൂടെയാണ്‌.” ഈ വിധ കാര്യങ്ങളില്‍ ഭംഗം വരുത്തുന്നവര്‍ നബി(സ)യോടുള്ള സ്‌നേഹകാര്യത്തിലും പിറകിലാണ്‌.” (പേ. 19-20)~~ദിവ്യപ്രേമം എന്ന ആശയം `ഉബൂദിയ്യത്ത്‌’ എന്ന ശബ്‌ദം സംവഹിക്കുന്നതായി ഖാളി സുലൈമാന്‍ മന്‍സ്വൂര്‍പൂരി `റഹ്‌മത്തുല്ലില്‍ ആലമീന്‍’ എന്ന ഗ്രന്ഥത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നു. അനുരാഗമാണ്‌ തന്റെ മൂലഭാവം എന്ന നബി പ്രസ്‌താവത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ അദ്ദേഹം ഇപ്രകാരം എഴുതുന്നു: “ദിവ്യ പ്രേമത്തെ സൂചിപ്പിക്കാന്‍ ഉബൂദിയ്യത്ത്‌ മതി. കാരണം പ്രേമമാണ്‌ ദൈവത്തിലേക്കുള്ള ചായ്‌വ്‌ സൃഷ്‌ടിക്കുന്നത്‌. ക്ഷമ (സ്വബ്‌ര്‍) പരിവ്രാജ്യം(സുഹ്‌ദ്‌) ലജ്ജ(ഹയാഅ്‌) എളിമ(ഫഖ്‌ര്‍) എന്നിവയൊക്കെ പ്രേമത്തിന്റെ ഫലങ്ങളാണ്‌. പ്രേമമാണ്‌ മനഃശക്തി; ആത്മാവിന്റെ ആഹാരം; കണ്ണിന്റെ കുളിര്‍മ; ദേഹത്തിന്റെ ജീവന്‍; മനസ്സിന്റെ ചൈതന്യം; ജീവിതവിജയം; വിജയങ്ങളെ നിതാന്തമാക്കുന്ന ഘടകം.” ശൈഖ്‌ അബ്‌ദുല്‍ അസീസ്‌(റ) `രിസാല ഇശ്‌ഖിയ്യ’യില്‍ സ്‌നേഹത്തിന്‌ പത്ത്‌ ഘട്ടമുള്ളതായാണ്‌ നിരീക്ഷിക്കുന്നത്‌. `ഉല്‍ഫത്‌'(പരിചയം), `സ്വദാഖത്‌’ (സൗഹൃദം) `മവദ്ദത’്‌ (സ്‌നേഹം) `ഹവാ’ (കാമന) `ശഗഫ്‌’ (ആവേശം), `ഖുല്ലത്ത്‌’ (ചങ്ങാത്തം), `മഹബ്ബത്ത്‌’ (പ്രേമം), `ഇശ്‌ഖ്‌’ (അനുരാഗം), `തൈം’ (ലാലസ), `വലഹ്‌’ (ആനന്ദമൂര്‍ച്ച).നബി (സ) യുടെ സ്വഭാവഗുണവിശേഷങ്ങളെ ഹദീസുകളുടെ (പൂര്‍ണ്ണസനദോടെ) പിന്‍ബലത്തില്‍ ഒന്നാം ഭാഗത്തില്‍ പരാമര്‍ശിക്കുന്നു. സൗമ്യത, സഹനം, ധീരത, ലജ്ജ, വാത്സല്യം, സ്വഭാവം, വിനയം, നീതിനിര്‍വ്വഹണം, ഗാംഭീര്യം, പരിവ്രാജ്യം, ദൈവികഭയഭക്തി, വൃത്തിബോധം എന്നിവയെ സവിസ്‌തരം വിശകലനം ചെയ്യുന്നുണ്ട്‌ ഖാളി ഇയാള്‌. `ഇസ്‌റാഇ’നെക്കുറിച്ചുള്ള പണ്ഡിതന്മാരുടെ ഭിന്നവീക്ഷണങ്ങള്‍ വെളിപ്പെടുത്തുകയും, ഇസ്‌റാഅ്‌ കേവലം `സ്വപ്‌ന’മാണെന്ന്‌ പറയുന്നവരുടെ വാദഗതികളെ പൊളിച്ചെഴുതുകയും ചെയ്യുന്നു. ഖിയാമത്ത്‌ നാളില്‍ നബി(സ) ക്ക്‌ പ്രത്യേകമായി ലഭിക്കുന്ന ബഹുമാനങ്ങളും, തിരുനബിയുടെ ശഫാഅത്തിനെക്കുറിച്ചുള്ള വിവരണങ്ങളും, ഖുര്‍ആനിന്റെ അമാനുഷികതയും, ചന്ദ്രന്‍ പിളര്‍ന്ന സംഭവം തുടങ്ങി നബി(സ) ജീവിതത്തിലെ മുഅ്‌ജിസത്തുകളും ഒന്നാം ഭാഗത്തിലെ പ്രധാന വിഷയവിവരണങ്ങളാണ്‌.


RELATED ARTICLES