നബിയെഴുത്തിന്റെ പടിഞ്ഞാറന്‍ കാഴ്‌ചകള്‍

മുഹമ്മദ്‌’ എന്ന സ്വരത്തില്‍ മൂന്ന്‌ നിസ്വനങ്ങള്‍ മുഴങ്ങുന്നുണ്ട്‌. മൂന്ന്‌ മീമുകളുടെ അകസാരധ്വനികളാണ്‌ സൃഷ്‌ടിചരാചരം തന്നെ. ഭൂമി ശാസ്‌ത്രപരമോ കാലഘടനാപരമോ ആയ കാഴ്‌ചപ്പാടുകള്‍ക്കപ്പുറത്താണ്‌ പ്രവാചക മലരുകള്‍ അതിന്റെ പൊരുളുകള്‍ പൊഴിച്ച്‌ നിലകൃതിയാവുന്നത്‌. തീര്‍ത്തും രേഖീയമാണ്‌ പുണ്യജീവിതം. ഭാഷകളുടെ പലമകള്‍ ഒന്നിച്ചിരമ്പുമ്പോള്‍ ഒരു കൂട്ടമൗനമുണ്ടാവുന്നു, ഒച്ചകളുടെ ഉച്ചസ്ഥായി ഭാവം നിശബ്‌ദതയാണെന്ന പോലെ. അതിനാല്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുടെ സ്വരസുധ നിസ്വരമാണ്‌. ഹൃദയകാമനകളെ തൊട്ടുണര്‍ത്തുന്ന ഒരു മഹാമൗനത്തില്‍ നിന്നുമാണ്‌ നബിതിരുമേനി (സ്വ)യുടെ മഹത്വം വിരിഞ്ഞ്‌ വരുന്നത്‌. അറബ്‌ ഭാഷയുടെ സങ്കീര്‍ത്തന സിദ്ധിക്ക്‌ ഇതര ഭാഷകളെക്കാള്‍ മുന്തിപ്പുള്ളതിനാല്‍ നബിയെഴുത്തിലും അത്‌ മുന്നിലാണ്‌.

ഗദ്യവിവരണങ്ങളുടെ അതിശയകരമായ സമ്പന്നത വിസ്‌മയകരമാണ്‌. ചരിത്രപഠനത്തിന്‌ കവന സമീപനത്തെക്കാള്‍ പ്രായോഗികം ഗദ്യസാഹിത്യങ്ങളാണ്‌. എണ്ണമറ്റ സീറകളാണ്‌ ഈ ദൗത്യനിര്‍വ്വഹണത്തില്‍ ഏറെ സഹായകമാവുന്നത്‌.രണ്ടാമത്‌, പുണ്യമേനി (സ്വ)യുടെ വ്യക്തിവൈശിഷ്‌ട്യങ്ങളുടെ ചിത്രീകരണമായ ശമാഇലുകള്‍ കടന്നുവരുന്നു,പിന്നീട്‌,അവിടുത്തെ അല്‍ഭുത ദൃശ്യങ്ങളുടെ വിവരണങ്ങളായ ദലാഇലകളും അപാരമായ ഉള്‍ക്കാഴ്‌ച പ്രദാനിച്ച്‌ വായനക്കാരെ വെളിച്ചക്കരയണയിക്കുന്നു. മറ്റൊരു വശത്ത്‌ ധാരാളം ഹദീഥ്‌ ഗ്രന്ഥങ്ങളും നിരൂപണകൃതികളും ഒരു ജീവിതത്തിന്റെ അംശലേശങ്ങളെപോലും കളയാതെ ചേര്‍ത്ത്‌ വെക്കുന്നു.

തിരുമേനിയെ(സ്വ) കുറിച്ചെഴുതപ്പെട്ട ആംഗലേയാവിഷ്‌ക്കാരങ്ങള്‍ കണക്കറ്റതാണ്‌. ഓറിയന്റലിസ്റ്റുകളുടെ പഠന ഗ്രന്ഥങ്ങളുടെ വൈപുല്യം ആശ്ചര്യജനകമാണ്‌. വില്ല്യം മൂറിന്റെ The life of Muhammed, ബോസ്‌ വര്‍ത്ത്‌ സ്‌മിത്തിന്റെ Muhammad and Muhamadinism, ഡി.എസ്‌. മാര്‍ഗോളിയോത്തിന്റെ Muhammed and rise of Islam, മോണ്ട്‌ ഗോമറിവാട്ടിന്റെ Muhammed prophet and statesman എമിലി ഡെര്‍മെന്‍ഗെമിന്റെ The life of Muhammed ഗോഡ്‌ഫെറി ഹിഗ്ഗിന്‍സിന്റെ Apology of Muhammed, ജോണ്‍ ഡാവണ്‍ പോര്‍ട്ടിന്റെ An apology for Muhammed and the koran, സ്റ്റാന്‍ലിലാന്‍ പോളിന്റെ The speaches and Table-Talk of Muhammed, തോമസ്‌കാര്‍ലൈന്റെ Muhammed the hero as prophet ഫിലിപ്പ്‌ കെഹിറ്റിയുടെ History of the prophet Muhammed തുടങ്ങിയ ഗ്രന്ഥങ്ങള്‍ ആ പുണ്യജീവിതപരിസരത്തേക്കുള്ള തീര്‍ത്ഥാടനങ്ങളാണ്‌.

ഗ്രീക്ക്‌ സഭാപിതാക്കന്മാരില്‍ അവസാനത്തെയാളായി കത്തോലിക്ക വിജ്ഞാനകോശം പരിചയപ്പെടുത്തുന്ന ഡമാസ്‌ക്കസുകാരനായ വിശുദ്ധ യോഹന്നാന്‍ മരണപ്പെട്ട്‌ പതിമൂന്ന്‌ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മുഹമ്മദ്‌ നബിയെയും ഇസ്‌ലാമിനെയും തെറ്റുധരിപ്പിച്ച്‌ സത്യമത പ്രബോധനത്തിന്‌ കടിഞ്ഞാണിടുകയെന്ന പരിശുദ്ധ സഭാപിതാവ്‌ പഠിപ്പിച്ച ശൈലി തന്നെയാണ്‌ ഇന്നും സഭാനേതൃത്വം തുടരുന്നതെന്നാണ്‌ വസ്‌തുത. 2006 സെപ്‌തംബര്‍ 12-ാം തീയതി ജര്‍മനിയിലെ റെഗന്‍സ്‌ ബര്‍ഗ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രസമൂഹത്തിന്‌ മുമ്പില്‍ പോപ്പ്‌ ബെനഡിക്‌ട്‌ പതിനാറാമന്‍ മര്‍പാപ്പ നടത്തിയ വിശ്വാസം, യുക്തി, സര്‍വകലാശാല എന്ന ശീര്‍ഷകത്തിലുള്ള പ്രഭാഷണം ഇക്കാര്യം സുതരാം വ്യക്തമാക്കുന്നുണ്ട്‌. 1363 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ യാക്കോബിനെയും ജസ്റ്റസിനെയും തെറ്റുധരിപ്പിക്കാനായി അബ്രഹാമും അയാളുടെ വേദജ്ഞാനിയും നിരത്തിയ വാദങ്ങളുടെ നിലവാരം മാത്രമെ ഉന്നതശീര്‍ഷരായ ബുദ്ധിജീവികളെന്ന്‌ കരുതപ്പെടുന്ന സര്‍വകലാശാലയിലെ ശാസ്‌ത്രസമൂഹത്തിന്‌ മുമ്പില്‍ മാര്‍പാപ്പ നിരത്തിയ വാദങ്ങള്‍ക്കുമുള്ളുവെന്ന്‌ വത്തിക്കാനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ പ്രസിദ്ധീകരിച്ച പ്രഭാഷണം വായിക്കുന്ന, ഇസ്‌ലാമിനെപ്പറ്റി അല്‍പമെങ്കിലും വിവരമുള്ളവര്‍ക്കെല്ലാം മനസ്സിലാവും, മുഹമ്മദ്‌ നബിയെ യുദ്ധക്കൊതിയനും രക്തദാഹിയും വ്യാജവാദിയുമായി ചിത്രീകരിച്ച്‌ അവിടുത്തെക്കുറിച്ച്‌ പഠിക്കുന്നതില്‍നിന്ന്‌ സമൂഹത്തെ അകറ്റിനിര്‍ത്തുകയെന്ന തന്ത്രത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ക്രൈസ്‌തവലോകത്ത്‌ കഴിഞ്ഞ പതിനാല്‌ നൂറ്റാണ്ടുകളായി നടന്നുവന്നിരുന്നത്‌ എന്ന്‌ വ്യക്തമാക്കുന്നതാണ്‌ മാര്‍പാപ്പയുടെ പ്രഭാഷണം. താന്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ച ജര്‍മനിയിലെ റെഗന്‍സ്‌ബര്‍ഗ്‌ സര്‍വകലാശാലയിലെ ബൗദ്ധിക സമൂഹത്തിന്റെ മുന്നില്‍ മുഹമ്മദ്‌ നബിയെ യുദ്ധക്കൊതിയനും വ്യാജവദിയുമായി അവതരിപ്പിക്കുന്നതിന്‌ പിന്നില്‍ അവരില്‍പ്പെട്ട ആരെങ്കിലുമെല്ലാം നബിയെപ്പറ്റി സത്യസന്ധമായി പഠിച്ച്‌ അവിടുത്തെ സ്‌തുതിപാഠകരും അനുയായികളുമായിത്തീരുമോയെന്ന ആശങ്കയല്ലാതെ മറ്റെന്താണുള്ളത്‌?

ജര്‍മന്‍ ഭാഷയില്‍ ഖുര്‍ആനിന്റെ ഒരു വിലക്ഷണ ഭാഷാന്തരം രചിച്ച ലബനാനീ കത്തോലിക്കാ പണ്‌ഡിതനായ പ്രൊഫസര്‍ ആദില്‍ തിയോഡേല്‍ ഖൗറിയുടെ ഗലേഷ്യയിലെ അങ്കാരയില്‍വെച്ച്‌ ഒരു പേര്‍ഷ്യന്‍ പണ്‌ഡിതനുമായി നടത്തിയ സംവാദം എന്ന രചനയെ ആസ്‌പദമാക്കി സംസാരിച്ച ബെനഡിക്‌റ്റ്‌ പതിനാറാമന്‍ മാര്‍പാപ്പ, 1391ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന മാനുവല്‍ രണ്ടാമന്‍ പാലിയോ ലോഗസും പേരറിയാത്ത പേര്‍ഷ്യന്‍ മുസ്‌ലിം പണ്‌ഡിതനും തമ്മില്‍ നടന്ന സംവാദത്തെ ഉദ്ധരിച്ചുകൊണ്ട്‌, യുക്തിയുടെ പക്ഷത്ത്‌ ക്രൈസ്‌തവതയും അന്ധമായ വിശ്വാസത്തിന്റെ പക്ഷത്ത്‌ ഇസ്‌ലാമും നിലകൊള്ളുന്നുവെന്ന്‌ സ്ഥാപിക്കുവാനാണ്‌ പരിശ്രമിച്ചത്‌. മതത്തില്‍ ബലാല്‍ക്കാരമില്ല എന്ന ഖുര്‍ആനിലെ 2-ാം അധ്യായം 256-ാം വചനം അവതരിപ്പിക്കപ്പെട്ടത്‌ നബിക്ക്‌ അധികാരമില്ലാതിരുന്ന സമയത്തായിരുന്നുവെന്നാണ്‌ വിദഗ്‌ധാഭിപ്രായമെന്നും അധികാരം ലഭിച്ചതിന്‌ ശേഷമാണ്‌ അവിശ്വാസികള്‍ക്കും വേദക്കാര്‍ക്കുമെതിരെയുള്ള വചനങ്ങളുണ്ടായതെന്നുമെല്ലാം സൂചിപ്പിച്ചുകൊണ്ട്‌ മാനുവല്‍ രണ്ടാമന്റെ ഇസ്‌ലാമിനെക്കുറിച്ചുള്ള അഭിപ്രായംകൂടി ഉദ്ധരിക്കുന്നതോടെ പോപ്പിന്റെ മനസ്സിലുള്ളത്‌ യഥാരൂപത്തില്‍ പുറത്തുവന്നതാണ്‌ നാം കാണുന്നത്‌. പ്രസ്‌തുത അഭിപ്രായം ഇതാണ്‌: നബി കൊണ്ടുവന്നതില്‍ എന്തെങ്കിലുമൊരു പുതിയതുണ്ടെങ്കില്‍ അതെനിക്ക്‌ കാണിച്ചതരൂ; താന്‍ പ്രബോധനം ചെയ്‌ത വിശ്വാസത്തെ വാളുപയോഗിച്ച്‌ പ്രചരിപ്പിക്കുവാന്‍ ആഹ്വാനം ചെയ്‌തതുപോലെയുള്ള തിന്മ നിറഞ്ഞതും മനുഷ്യത്വരഹിതവുമായ കാര്യങ്ങളാണ്‌ നിങ്ങള്‍ക്കതില്‍ കാണാന്‍ കഴിയുക, നിര്‍ബന്ധിച്ചും പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും ജൂതന്‍മാരെയും പ്രാകൃതമതക്കാരെയും മാര്‍ഗം കൂട്ടുവാന്‍ സമ്പത്തും ശക്തിയുമുപയോഗിച്ച റോമാസാമ്രാജ്യം കനിഞ്ഞ്‌ നല്‍കിയ മാര്‍പാപ്പാകുപ്പായമണിഞ്ഞുകൊണ്ടാണ്‌ മുഹമ്മദ്‌ നബി(സ)യെ നിര്‍ബന്ധ മതംമാറ്റത്തിന്റെ ആളായി ചിത്രീകരിക്കുന്നതെന്നുപോലും പോപ്പ്‌ ചിന്തിക്കുന്നില്ല! നബിയെക്കുറിച്ച്‌ പരാമര്‍ശിക്കേണ്ടതില്ലാത്ത സദസ്സിലും സന്ദര്‍ഭത്തിലും പോലും നബിവിരോധം തികട്ടിവരുന്നതിന്റെ കാരണം തലമുറകളിലൂടെ കൈ മാറ്റം ചെയ്‌ത്‌ ലഭിച്ച ഇസ്‌ലാംഭീതിയല്ലാതെ മറ്റൊന്നുമായിരിക്കാനിടയില്ല. പരിശുദ്ധാത്മ പ്രവേശത്തിലൂടെ ലഭിക്കുന്ന അപ്രമാദിത്വത്തിന്റെ സുഖസൗകര്യങ്ങളാല്‍ വിരിക്കപ്പെട്ട പൗരോഹിത്യത്തിന്റെ പട്ടുമെത്തയെ പ്രായോഗികമായി ചോദ്യം ചെയ്‌ത ചരിത്രകാലത്തില്‍ ജീവിച്ച ഒരേയൊരു വ്യക്തിത്വത്തെയും അവിടുത്തെ നിയോഗത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ദൈവികമതത്തെയും അതിന്റെ വളര്‍ച്ചയെയും ഭീതിയോടെയല്ലാതെ നോക്കിക്കാണാന്‍ പുരോഹിത പ്രമാണിമാര്‍ക്ക്‌ കഴിയാതിരിക്കുന്നത്‌ സ്വാഭാവികം മാത്രമാണ്‌.

തിന്‍മ മാത്രമാണ്‌്‌ നബിയുടെ ജീവിതത്തിലുണ്ടായിരുന്നതെന്ന പരമ്പരാഗത ക്രൈസ്‌തവ പ്രചരണത്തില്‍ നിന്ന്‌ വ്യത്യസ്‌തമായി, അദ്ദേഹത്തില്‍ നന്‍മയും തിന്‍മയുമുണ്ടായിരുന്നുവെന്ന രീതിയിലുള്ള പഠനപ്രബന്ധങ്ങള്‍ പുറത്തുവരുന്നതോടെയാണ്‌ ഓറിയന്റലിസത്തിന്‌ തുടക്കം കുറിക്കപ്പെട്ടത്‌. മുഹമ്മദ്‌ നബി(സ)യെ ഒരു സാധാരണ മനുഷ്യനായിക്കൊണ്ട്‌ അദ്ദേഹത്തിന്റെ വ്യക്തിത്വാപഗ്രഥനം നടത്തുകയാണ്‌ ഓറിയന്റലിസ്റ്റുകള്‍ ചെയ്യുന്നതെന്നാണ്‌ പറയപ്പെടാറുള്ളതെങ്കിലും പ്രസ്‌തുത അപഗ്രഥനത്തിന്റെ ചായ്‌വ്‌ പ്രവാചകത്വനിഷേധത്തോടാണെന്ന്‌ ഓറിയന്റലിസ്റ്റ്‌ നബി പഠനങ്ങള്‍ വായിച്ച ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. 18,19 നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ അധീശത്വമനോഭാവത്തില്‍ നിന്ന്‌ ഉല്‍ഭൂതമായതും, പുറമെനിന്നുള്ളവരുടെ മുന്‍ധാരണകളുടെ വെളിച്ചത്തില്‍ കിഴക്കന്‍ നാടുകളെ നോക്കിക്കാണുന്ന, അക്കാദമികവും കലാപരവുമായ പാശ്ചാത്യ രചനകളില്‍ വ്യാപകമായി കണ്ടുവരുന്ന മനോഭാവത്തെയാണ്‌ ഓറിയന്റലിസമെന്ന്‌ പറയുന്നത്‌ എന്ന എഡ്വേര്‍ഡ്‌ സൈദിന്റെ നിര്‍വചനത്തില്‍ പറയുന്നതുപോലെത്തന്നെ തങ്ങളുടെ മുന്‍ധാരണകള്‍ക്കനുസൃതമായി്‌ നബിയെ നോക്കിക്കാണാനാണ്‌ പാശ്ചാത്യരായ ഓറിയന്റലുകള്‍ പരിശ്രമിച്ചത്‌. പിശാചിന്റെ പ്രതിരൂപമെന്ന ക്രൈസ്‌തവ പക്ഷ നബിചിത്രത്തില്‍ നിന്ന്‌ പരിഗണിക്കപ്പെടേണ്ട ചരിത്രപുരുഷനെന്ന ഓറിയന്റലിസ്റ്റ്‌ നബിചിത്രത്തിലേക്കുള്ള പാശ്ചാത്യന്‍ ബുദ്ധിജീവികളുടെ മാറ്റത്തിന്റെ സന്ധിയിലാണ്‌ തോമസ്‌ കാര്‍ലൈലിനെയും അദ്ദേഹത്തിന്റെ നായകന്‍മാരെയും നായകാരാധനയെയും കുറിച്ച്‌ എന്ന പ്രഭാഷണ പരമ്പരയെയും നാം കാണുക. 1840 മെയ്‌ 8 ന്‌, കാര്‍ലൈല്‍ നടത്തിയ പ്രവാചകന്‍ എന്ന നിലക്കുള്ള നായകന്‍, മുഹമ്മദ്‌, ഇസ്‌ലാം എന്ന പ്രഭാഷണത്തില്‍, നബിയെക്കുറിച്ച്‌ പാശ്ചാത്യര്‍ വെച്ചുപുലര്‍ത്തിപ്പോന്ന ധാരണകള്‍ തിരുത്തേണ്ടതുണ്ടെന്നും നബിയെ പിശാചിന്റെ പ്രതിരൂപവും തിന്‍മയുടെ മാത്രം അവതാരവുമായി കണ്ടുകൊണ്ടുള്ള പ്രചാരണ രീതികൊണ്ടി അവര്‍ സ്വയം പരിഹാസ്യരായിത്തീരുക മാത്രമെയുള്ളൂവെന്നും തുറന്നു പറഞ്ഞപ്പോള്‍ ആ രംഗത്ത്‌ ഒരു ദിശാമാറ്റം ആവശ്യമാണെന്ന്‌ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്ക്‌ ബോധ്യമാവുകയും പ്രസ്‌തുത ബോധ്യത്തില്‍ നിന്ന്‌ ഓറിയന്റലിസത്തിന്റേതായ പുതിയ നബിവിമര്‍ശന രീതി രൂപപ്പെടുകയും ചെയ്‌തുവെന്നാണ്‌ മനസ്സിലാവുന്നത്‌.

നാല്‍പത്‌ വയസ്സുവരെയുള്ള മുഹമ്മദിനെയും അതിന്നുശേഷം അമ്പത്തിമൂന്ന്‌ വയസ്സുവരെയുള്ള മുഹമ്മദിനെയും അതിനുശേഷം അറുപത്തിമൂന്ന്‌ വയസ്സുവരെയുള്ള മുഹമ്മദിനെയും മൂന്നായി കാണേണ്ടതുണ്ടെന്നും ഓരോ ഘട്ടങ്ങളിലുമുള്ള നബിവ്യക്തിത്വം മൂന്ന്‌ രൂപത്തിലുള്ളവയാണെന്നും സമര്‍ഥിച്ചുകൊണ്ട്‌ തുടങ്ങുന്ന ഓറിയന്റലിസ്റ്റുകള്‍ ഇതിലെ മൂന്നാമത്തെ മുഹമ്മദാണ്‌ അപകടകാരിയെന്ന്‌ വായനക്കാരന്റെ മനസ്സിലേക്ക്‌ സമര്‍ഥമായി സന്നിവേശിപ്പിച്ചുകൊണ്ടാണ്‌ തങ്ങളുടെ രചനകളില്‍ മിക്കതും ഉപസംഹരിക്കുന്നത്‌. പ്രവാചകത്വത്തിന്‌ വേണ്ടി ദാഹിച്ച്‌ നടന്നിരുന്ന മുഹമ്മദ്‌ സമൂഹത്തിന്‌ സുസമ്മതനാകാന്‍ മാത്രം സല്‍സ്വഭാവിയായിരുന്നുവെന്നും അറബികളെ സംസ്‌കരിച്ചെടുക്കണമെന്ന ആത്മാര്‍ത്ഥമായ മോഹത്തില്‍ നിന്ന്‌ ഉല്‍ഭൂതമായ, തനിക്ക്‌ വെളിപാടുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന വിചാരത്താല്‍ നയിക്കപ്പെട്ട അവിടുത്തെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നുവെന്നു പറഞ്ഞുകൊണ്ടാണ്‌ അവരുടെ തുടക്കം. മക്കയിലെ നാല്‍പത്‌ വയസ്സുവരെയുള്ള മുഹമ്മദ്‌ സരളമായ ജീവിതവും സഹജീവികളോടുള്ള കാരുണ്യവും വ്യക്തിപരമായ ധാര്‍മികബോധവും നിശ്ചയ ദാര്‍ഢ്യവും ത്യാഗസന്നദ്ധതയുമുള്ള നേതാവായിരുന്നവെന്നും പ്രവാചകത്വത്തിന്റെ ആദ്യനാളുകളില്‍, അമ്പത്തിമൂന്ന്‌ വയസ്സ്‌ വരെ ഇത്‌ തുടര്‍ന്നുവെന്നും എന്നാല്‍ മദീനയിലെത്തി തന്റെ കൈയില്‍ അധികാരം ലഭിച്ചപ്പോഴേക്ക്‌ മട്ടുമാറുകയും ക്രൂരനും അധികാരമോഹിയുമായിത്തീരുകയുമാണുണ്ടായതെന്നും സ്ഥാപിക്കുന്ന സര്‍ വില്യംമ്യൂറിന്റെ മുഹമ്മദിന്റെ ജീവിതം ആണെന്ന്‌ തോന്നുന്നു ഓറിയന്റലിസ്റ്റ്‌ ദിശാമാറ്റം വ്യക്തമായി പ്രകടിപ്പിക്കുന്ന ഒന്നാമത്തെ കൃതി. 1861ല്‍ പുറത്തിറങ്ങിയ മ്യൂറിന്റെ ഗ്രന്ഥത്തിനുശേഷം ഇതേ ആശയത്തെത്തന്നെ വ്യത്യസ്‌ത രീതികളില്‍ പ്രകാശിപ്പിക്കുന്ന നിരവധി പുസ്‌തകങ്ങള്‍ ഓറിയന്റലിസ്റ്റുകളുടെ ലോകത്തുനിന്ന്‌ പുറത്തുവരികയുണ്ടായി. 1860 ല്‍ പുറത്തിറങ്ങിയ ജര്‍മന്‍ ഓറിയന്റെലിസ്റ്റായ തിയോഡോര്‍ നോള്‍ഡ്‌കെയറുടെ ഖുര്‍ആന്‍; ഒരു ആമുഖ പ്രബന്ധം എന്ന ജര്‍മന്‍ പ്രബന്ധത്തിലും 1889 ല്‍ പുറത്തിറങ്ങിയ സിഗിസ്‌മണ്ട്‌ വില്‍ഹം കൊല്ലെയുടെ മുഹമ്മദും മുഹമ്മദനിസവും എന്ന ഗ്രന്ഥത്തിലും 1905 ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ്‌ ഓറിയന്റലിസ്റ്റും ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടിന്റെ പുരോഹിതനുമായ ഡേവിഡ്‌ സാമുവല്‍ മാര്‍ഗോലിയോത്തിന്റെ മുഹമ്മദും ഇസ്‌ലാമിന്റെ ഉയര്‍ച്ചയും എന്ന പുസ്‌തകത്തിലും 1907 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ മിഷനറിയും ഓറിയന്റലിസ്റ്റും മുസ്‌ലിംകളിലേക്കുള്ള അപ്പോസ്‌തലന്‍ എന്ന്‌ അറിയപ്പെട്ടിരുന്ന വ്യക്തിയുമായ സാമുവേല്‍ മറിനേസ്‌ സ്‌വെമറുടെ ഇസ്‌ലാം വിശ്വാസത്തിനുള്ള ഒരു വെല്ലുവിളി എന്ന ഗ്രന്ഥത്തിലുമെല്ലാം പ്രകടിപ്പിക്കപ്പെടുന്നത്‌ മ്യൂറിന്റെ അഭിപ്രായങ്ങള്‍ തന്നെയാണ്‌.

മദീനയിലെത്തുകയും അധികാരം ലഭിക്കുകയും ചെയ്‌തപ്പോഴേക്ക്‌ മുഹമ്മദ്‌ നബിയുടെ സ്വാഭാവത്തില്‍ പ്രകടമായ മാറ്റമുണ്ടായിയെന്നും പ്രസ്‌തുത മാറ്റം അതുവരെയുള്ള ജീവിതത്തില്‍ അവിടുന്ന്‌ പുലര്‍ത്തിപ്പോന്ന നന്മകളെയെല്ലാം ഇല്ലാതെയാക്കിയെന്നുമുള്ള വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്‌ എഡിന്‍ബര്‍ഗ്‌ സര്‍വകലാശാലയിലെ അറബിക്‌ സ്റ്റഡീസ്‌ പ്രൊഫസര്‍ വില്യം മോണ്ട്‌ ഗോമറി വാട്ട്‌ സമര്‍ഥിച്ചിട്ടുണ്ട്‌. തന്റെ ജീവിതകലാത്തുടനീളം താന്‍ സത്യമാണെന്ന്‌ വിശ്വസിച്ച ആദര്‍ശത്തിന്റെ പ്രബോധകനായി ദൃഢതയോടെ നിലനില്‍ക്കുകയും സമകാലികരാല്‍ നന്മനിറഞ്ഞതും ഋജു മനസ്‌കനുമായി വാഴ്‌ത്തപ്പെടുകയും ചെയ്‌ത മുഹമ്മദ്‌ ചരിത്രത്തിന്റെ ദൃഷ്‌ടിയില്‍ ഒരു ധാര്‍മിക-സാമൂഹ്യ പരിഷ്‌തകര്‍ത്താവാണ്‌ എന്നാണ്‌ അദ്ദേഹത്തിന്റെ നിരീക്ഷണം. നബിയുടെ പ്രവാചകത്വത്തെ അംഗീകരിക്കുന്നില്ലെങ്കിലും അദ്ദേഹത്തിലെ സാമൂഹ്യപരിഷ്‌കര്‍ത്താവിനെ പഠനവിധേയമാക്കിയപ്പോള്‍ ഡബ്ല്യൂ.എം. വാട്ടിന്‌ നബിയില്‍ മക്കാവ്യക്തിത്വവും മദീനാവ്യക്തിത്വവുമുണ്ടായിരുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്ന്‌ ബോധ്യമായിയെന്നാണ്‌ മുഹമ്മദ്‌: പ്രവാചകനും രാഷ്‌ട്രതന്ത്രജ്ഞനും എന്ന തന്റെ 1961 ല്‍ പുറത്തിറങ്ങിയ ഗ്രന്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്‌.

അക്കാദമിക പരിവേഷത്തോടെ അവതരിപ്പിക്കപ്പെടുന്ന ഓറിയന്റലിസ്റ്റ്‌ രചനകളെയാണ്‌ ഇസ്‌ലാമിനെയും മുഹമ്മദ്‌ നബി(സ)യെയും കുറിച്ച്‌ നിഷ്‌പക്ഷമായ പഠനം നടത്തുന്നവര്‍ പ്രധാനമായും ആശ്രയിക്കാറുള്ളത്‌. അതുകൊണ്ടുതന്നെ ഓറിയന്റലിസ്റ്റുകള്‍ നല്‍കുന്ന നബിചിത്രമായിരിക്കും അത്തരക്കാരുടെ മനസ്സുകളിലുണ്ടാവുക. അവരുടെ രചനകളിലും പെരുമാറ്റത്തിലും വര്‍ത്തമാനങ്ങളിലുമെല്ലാം പ്രസ്‌തുത നബിചിത്രത്തിന്റെ സ്വാധീനമുണ്ടാവും. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇസ്‌ലാമിക സംസ്‌കാരത്തെയുമെല്ലാം അവര്‍ അപഗ്രഥിക്കുക ഈ ചിത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ലോകത്ത്‌ നിലനില്‍ക്കുന്ന ഭീകരതയുടെ കാരണം തേടി അത്തരക്കാരില്‍ ചിലര്‍ മുഹമ്മദ്‌ നബിയുടെ ജീവിതത്തിലെത്തിച്ചേരുന്നത്‌ ഇത്തരം അപഗ്രഥനങ്ങളുടെ ഫലമായിട്ടാണ്‌. കലാപങ്ങളോടും കുഴപ്പങ്ങളോടും ദാര്‍ശനികമോ പ്രായോഗികമോ ആയി രാജിയാകാന്‍ കഴിയാത്ത ഇസ്‌ലാമികാദര്‍ശത്തെ ഭീകരവാദത്തിന്റെ തൊഴുത്തില്‍ കെട്ടിഅടിക്കുവാന്‍ ശ്രദ്ധേയരായ ചില എഴുത്തുകാരെയെങ്കിലും പ്രേരിപ്പിക്കുന്നത്‌ തങ്ങളുടെ പഠനത്തിന്‌ അവര്‍ ആശ്രയിക്കുന്നത്‌ ഇസ്‌ലാം വിമര്‍ശകരായ ഓറിയന്റലിസ്റ്റുകളുടെ രചനകളെ മാത്രമാണെന്നതാണ്‌. തന്റെ ജൈവമനുഷ്യന്‍, അഭയാര്‍ഥികള്‍, വേട്ടക്കാരനും വിരുന്നുകാരനും എന്നീ കൃതികളിലൂടെ ഇസ്‌ലാമിനെ ഭീരകതയുടെ പര്യായമായി അവതരിപ്പിക്കുന്ന കഥാകാരന്‍ ആനന്ദിനെ സ്വാധീനിക്കുന്നത്‌ താന്‍ പഠനത്തിന്‌ ഉപയോഗിക്കുന്ന ഓറിയന്റലിസറ്റ്‌ രചനകളാണെന്നതിനാല്‍ അവയുടെ പക്ഷപാതം അദ്ദേഹത്തിനും പിടിപെടുന്നത്‌ നമുക്ക്‌ കാണാനാകും. ലളിതമായ ആചാര സംഹിതയുമായി വന്ന ക്രിസ്‌തുമതം നിരുപദ്രവമായ വിധത്തില്‍ ആരും കാര്യമായെടുക്കാത്ത മട്ടില്‍ നിലനില്‍ക്കുന്നു. വക്രവും അക്രമാസക്തവുമായ ഇസ്‌ലാം ഇപ്പോഴും മതഭ്രാന്തില്‍ മുഴുകി വെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്നുവെന്ന്‌ എഴുതുന്ന ആനന്ദ്‌, മുഹമ്മദ്‌ നബി, ക്രിസ്‌തുവിനെപ്പോലെ ഒരു ആദര്‍ശവാദിയായിരുന്നില്ലെന്നും അറബികളുടെ പ്രാകൃത ജീവിതത്തെ ന്യായീകരിക്കുന്ന ഒരു തത്ത്വശാസ്‌ത്രമാണ്‌ അദ്ദേഹം ലോകത്തിന്‌ നല്‍കിയതെന്നും മറ്റ്‌ മത ഗ്രന്ഥങ്ങളെ അപേക്ഷിച്ച്‌ നോക്കുമ്പോള്‍ മാനുഷികമൂല്യങ്ങളെപ്പറ്റി വളരെക്കുറച്ച്‌ മാത്രം പറയുന്ന ഗ്രന്ഥമാണ്‌ ഖുര്‍ആനെന്നും കൂടി നിരീക്ഷിക്കുമ്പോള്‍ അദ്ദേഹം സംസാരിക്കുന്നത്‌ ക്രൈസ്‌തവപക്ഷപാതികളായ ഓറിയന്റലിസ്റ്റുകളുടെ രചനകളെ മാത്രം ആസ്‌പദിച്ചുകൊണ്ടാണെന്ന്‌ ആര്‍ക്കും മനസ്സിലാവും.

മക്കയിലെയും മദീനയിലെയും മുഹമ്മദ്‌ നബിയുടെ വ്യക്തിത്വങ്ങള്‍ തമ്മില്‍ വലിയ അന്തമുണ്ടായിരുന്നുവെന്ന ഓറിയന്റലിസ്റ്റ്‌ കാഴ്‌ചപ്പാട്‌ ആനന്ദ്‌ അപ്പടി പകര്‍ത്തുന്നത്‌ കാണുക: തുടക്കത്തില്‍ തന്നെ ഇസ്‌ലാം രണ്ട്‌ വ്യത്യസ്‌ത ധാരകള്‍ പ്രകടിപ്പിച്ചു. സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സഹിഷ്‌ണുതയുടേതുമായ ഒന്ന്‌ (ഇത്‌ ഹിജ്‌റക്ക്‌)മുമ്പുള്ള പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കരുതപ്പെടുന്നു.) ആക്രമണത്തിന്റെയും സാമ്രാജ്യസ്ഥാപനത്തിന്റെയും അസഹിഷ്‌ണുതയുടേതുമായ മറ്റൊന്ന്‌. (ഇത്‌ പ്രവാചകന്‍ മദീനയിലെത്തിയതിന്‌ ശേഷമുള്ള ചരിത്ര യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു).

ആധുനിക യൂറോപ്യന്‍ എഴുത്തുകാരില്‍ അലോയിസ്‌ സ്‌പ്രെംഗര്‍ ആണ്‌ ആദ്യ കാലത്ത്‌ പ്രവാചകന്‍(സ)നെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന കൃതികള്‍രചിച്ചതായി മുഖ്യമായും പറയപ്പെടുന്നത്‌.1851 ല്‍ രചിക്കപ്പെട്ട ഈ കൃതികള്‍ പ്രവാചകനെ അവഹേളിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്‌ പാശ്ചാത്യ ലോകത്ത്‌ രചിക്കപ്പെട്ടത്‌. കാലങ്ങളായി പ്രവാചകന്‍(സ)നെ തരം താഴ്‌ത്തിക്കൊണ്ടിറങ്ങുന്ന ക്രൈസ്‌തവ മിഷണറിമാറുടെ കൃതികളാണ്‌ പാശ്ചാത്യര്‍ക്ക്‌ കൂടുതല്‍ പരിചയമെങ്കിലും പിന്നീടുള്ള നിഷ്‌പക്ഷ പഠനങ്ങള്‍ പല മുന്‍നിര എഴുത്തുകാര്‍ക്കും പ്രവാചകന്‍(സ)യുടെ യഥാര്‍ഥ വ്യക്തിത്വം ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായവയാണ്‌.

റോമന്‍ കത്തോലിക്കാസഭയില്‍ നിന്ന്‌ ജോണ്‍ കാല്‍വിന്‍ എന്ന ദാര്‍ശികനെ പിന്‍പറ്റുന്ന കാല്‍വനിസം എന്ന പ്രൊട്ടസ്‌റ്റന്റ്‌ വിഭാഗത്തിലേക്ക്‌ ചേക്കേറിയ പ്രശസ്‌ത എഴുത്തുകാരനായിരുന്നു തോമസ്‌കാര്‍ലൈന്‍. ഡാന്റെ, ഷേക്‌സ്‌പിയര്‍ മുതലായവരെ ഉള്‍ക്കൊള്ളുന്ന കാല്‍പനികതയുടെ അംശമുള്ള അദ്ദേഹത്തിന്റെ കൃതിയാണ്‌ On heroes, hero-worship and the heroic in history. വിവിധയിടങ്ങളില്‍ അദ്ദേഹംനടത്തിയ ആറ്‌ പ്രഭാഷണങ്ങളുടെ സമാഹാരമാണ്‌ ഈ കൃതി. ഇതിലെ രണ്ടാമത്തെ അദ്ധ്യായം(പേജ്‌ 67), നബി(സ)യെക്കുറിച്ച്‌ 1840 മെയ്‌ എട്ടിന്‌ നടത്തിയ പ്രഭാഷണമാണ്‌ എന്നത്‌ ശ്രദ്ധേയമാണ്‌. ഈഅദ്ധ്യായത്തിന്റെ തലക്കെട്ട്‌ The hero as prophet, Mahomet:Islam എന്നതാണ്‌ നല്‍കിയിട്ടുള്ളത്‌. പ്രവാചകന്‍(സ)നെക്കുറിച്ച്‌ ഏകദേശം അറുപതോളം പേജുകളിലായി ഗ്രന്ഥകാരന്‍ വിവരിക്കുന്ന ഈ അദ്ധ്യായത്തില്‍ പാശ്ചാത്യര്‍ പ്രവാചകന്‌(സ) നേരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക്‌ മറുപടി നല്‍കുന്നുണ്ട്‌. ഈപുസ്‌തകത്തിലെ എഴുപതാം പേജില്‍ ഇപ്രകാരം കാണാം.

….Our current hypotheses about Mahomet,that he was ascheming imposter,a falshood incarnate,that this religion is a mere mass of quackery and fatuity,begins really to be now untenable to anyone.this lies,which well meaning zeal has heaped round this man,are disgraceful to ourselves only.

പ്രവാചകന്‍(സ)നെ കുറിച്ചും ഇസ്‌ലാമിനെ കുറിച്ചും അന്നത്തെ കാലഘട്ടത്തില്‍ പാശ്ചാത്യര്‍ക്കുണ്ടായിരുന്ന പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്‌ എന്നാണ്‌ കാര്‍ലൈല്‍ ഇതിലൂടെ വ്യക്തമാക്കുന്നത്‌. പ്രവാചകന്‍(സ)ന്‌ സൂത്രക്കാരനായ തട്ടിപ്പുകാരന്‍, കപടനായ അവതാര പുരുഷന്‍ തുടങ്ങിയ വിഷേശണങ്ങള്‍ നല്‍കുന്ന പാശ്ചാത്യര്‍ ശൈലി അപമാനകരമാണെന്ന കാര്‍ലൈലിന്റെ വാദം അന്ന്‌ പലര്‍ക്കും അരോചകമായി തോന്നി. യൂറോപ്പില്‍ ചൂഷണവും അന്ധവിശ്വാസവും നടമാടിയിരുന്ന കത്തോലിക്ക സഭയുടെ പ്രവര്‍ത്തികള്‍ക്ക്‌ നേരെ എതിര്‍പ്പ്‌ പ്രകടിപ്പിച്ചതിനാല്‍ സ്വതവേ ഭൂരിപക്ഷത്തിന്റെ അതൃപ്‌തിക്ക്‌ പാത്രമായിരുന്നയാളായിരുന്നു കാര്‍ലൈല്‍.എന്നാല്‍ പിന്നീട്‌ ഈപുസ്‌തകം ശ്രദ്ധിക്കപ്പെട്ടു. പ്രവാചകന്‍(സ)യുടെ വിവാഹങ്ങളെ പരിഹസിക്കാത്ത അപൂര്‍വ്വ പാശ്ചാത്യന്‍ കൃതികളിലൊന്നായിരുന്നു ഈകൃതി.

ബ്രിട്ടനിലെ പാര്‍ലമെന്റ്‌ അംഗമായ എഡ്‌വാഡ്‌ ഗിബ്ബണ്‍ രചിച്ച കൃതിയാണ്‌ The decline and fall of roman empire. ലോക തലത്തില്‍ അറിയപ്പെടുകയും ചൂടപ്പംപോലെ വിറ്റഴിയുകയും ചെയ്‌ത കൃതിയാണിത്‌. മനോഹരമായ ഭാഷയിലുള്ളചരിത്രാഖ്യാനമായതു കൊണ്ട്‌ പലരുടെയും പ്രശംസക്ക്‌ ഈ പുസ്‌തകം പാത്രമായി. ക്രൈസ്‌തവ സഭയുടെ പല താല്‍പര്യങ്ങള്‍ക്കും എതിരായതിനാല്‍ അവരുടെ അതൃപ്‌തിക്ക്‌ വിധേയമായി എന്നത്‌ നേരാണ്‌. അറേബ്യയിലെ പ്രാകൃത ജനതയെ വിവരിക്കുന്ന ഈപുസ്‌തകം പിന്നീട്‌ പ്രവാചകന്റെ(സ)ആഗമനവും അവരെ സംസ്‌കരിക്കുന്നതും വ്യക്തമാക്കുന്നു.ഈപുസ്‌തകത്തിന്റെ അഞ്ചാം വാള്യത്തിലെ 351-352 പേജുകളില്‍ ഇപ്രകാരം കാണാം ?The first and the most arduous conquests of Mahomet were those of his wife,his servent,his pupil and his friends,since he presented himself as a prophet to those who were most conversant with his infirmities as a man.?

പ്രവാചകന്‍(സ) തന്റെ അടുത്ത ആളുകളായ ഭാര്യ, ഭൃത്യന്‍, ശിഷ്യന്‍ എന്നിവരുമായിട്ടുള്ള ബന്ധങ്ങളിലുംപ്രവാചകനായി തന്നെ നിലനിന്നത്‌ കൊണ്ട്‌ കാപട്യമില്ലാത്ത ഒരവസ്ഥാവിശേഷമായിരുന്നു ഉണ്ടായിരുന്നത്‌ എന്ന്‌ മനസ്സിലാക്കാം. അടുത്ത ബന്ധങ്ങളാകുംമ്പോള്‍ ദൗര്‍ബല്യങ്ങള്‍ എളുപ്പം വെളിവാക്കപ്പെടുന്നത്‌ കൊണ്ട്‌ എക്കാലവും കാപട്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കില്ല എന്നതാണ്‌ ഗിബ്ബണ്‍ സമര്‍ത്ഥിക്കുന്നത്‌.

1829-ല്‍ ഗോഡ്‌ഫ്രെ ഹിഗ്ഗിന്‍സ്‌ എഴുതിയ An apology for the life of Mohammed എന്നപുസ്‌തകം ക്രൈസ്‌തവര്‍ക്ക്‌ അമര്‍ഷമുണ്ടാക്കിയ ഗ്രന്ഥമാണ്‌. യേശുക്രിസ്‌തുവിന്റെ അനുയായികള്‍ പരീക്ഷണഘട്ടത്തില്‍ യേശുവിനെ കൈവിട്ടത്‌ മുഖ്യപോരായ്‌മയായി ഹിഗ്ഗിന്‍സ്‌ ചൂണ്ടിക്കാട്ടുന്നു. പാറയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട പത്രോസ്‌ വരെ യേശുവിനെ തള്ളിപ്പറഞ്ഞതായി ബൈബിള്‍ പറയുന്നു.എന്നാല്‍ പ്രവാചകന്‍(സ)യുടെ അനുചരന്‍മാര്‍ അദ്ദേഹത്തോട്‌ കാണിച്ച കൂറ്‌ ചരിത്രത്തില്‍ വ്യക്തമാണ്‌. ഭൗതിക സൗകര്യങ്ങള്‍ ത്യജിച്ച്‌ ഹിജ്‌റ ചെയ്‌തവരും യുദ്ധത്തില്‍ പങ്കെടുത്ത്‌ ജീവനും മറ്റും ത്യജിച്ചവരും ഇതിന്‌ ഉദാഹരണങ്ങളാണ്‌,ഹിഗ്ഗിന്‍സ്‌ തന്റെ പുസ്‌തകത്തില്‍ ഈ വിഷയംപരാമര്‍ശിക്കുന്നു.

“…The followers of Mohammed,on the contrary,ralliid round their persicuted prophet,and,risking their lives in his defence,made him triumph over all his enemies”

1847-ല്‍ ക്രൈസ്‌തവ പാതിരിയായ ബോസ്വര്‍ത്ത്‌ സ്‌മിത്ത്‌ എഴുതിയപുസ്‌തകമായ Mohammed and Mohammedanism പ്രവാചകനെ കുറിച്ച്‌ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്‌. ഇതിലെ 17,18 പേജുകളില്‍ പറയുന്നത്‌ കാണുക.

“… But we know everything of the external history of Mohammed in his youth,his appearance,his relations,his habits,his first idea,and the gradual growth,intermittend though it was,of his great revelation,while for his internal history,after his mission has been proclaimed,we have a book absolutely unique in its origin,in its preservation,and in chaos of its contents, but on the substutial authenticity of which no one has ever been able to cast a serious doubt”

ചെറുപ്പകാലം മുതല്‍ മരണംവരെയുള്ള ചരിത്രം സംശയമറ്റതും സുതാര്യമായതും ആണെന്ന്‌ ബോസ്‌മര്‍ത്ത്‌ അംഗീകരിക്കുന്നു.

കരണ്‍ ആംസ്‌ട്രങ്ങ്‌ എന്ന കന്യാസ്‌ത്രീ രചിച്ച പുസ്‌തകമാണ്‌ Islam:A Short History.1999 ലെ Muslim Public affairs Council Media Award ലഭിച്ച അവര്‍ ഈ പുസ്‌തകത്തിന്റെ പേജ്‌ 13ല്‍ ഇപ്രകാരം പറയുന്നു.

?…Many of his other wives were older women,who were with out protection or were related to the chief of those tribes who became the allies of ummah.None of them bore the prophet any children.His wives were sometimes more of a hindrens than a pleasure.?

പ്രവാചകന്റെ വിവാഹങ്ങള്‍ പലപ്പോഴും വിവാദപരമായി പാശ്ചാത്യര്‍ അവതരിപ്പിക്കുമ്പോഴും അതില്‍ നിന്ന്‌ വിഭിന്നമായി യാഥാര്‍ത്ഥ്യത്തിലേക്ക്‌ വെളിച്ചം വീശുന്നതാണ്‌ ഈ ഭാഗം. കേവലം സുഗഭോഗത്തിന്‌ വേണ്ടിയല്ല, മറിച്ച്‌ രക്ഷ നല്‍കാനും ഗോത്രങ്ങളുമായി ബന്ധം സ്‌ഥാപിക്കാനും മറ്റുമാണ്‌ വിവാഹങ്ങള്‍ പ്രവാചകന്‍(സ) ചെയ്‌തത്‌ എന്നാണ്‌ ആംസ്‌ട്രങ്ങ്‌ പറയുന്നത്‌. ഖദീജ(റ)യെ ഒഴിച്ച്‌ ബാക്കിയാരും പ്രവാചകന്‌(സ) സന്താനങ്ങളെ നല്‍കിയില്ലായെന്നും പലപ്പോഴും സുഖത്തേക്കാളേറെ ഉത്തരവാദിത്തപരമായിട്ടുള്ള സാധ്യതകളാണ്‌ പ്രവാചകന്റെ(സ) വിവാഹങ്ങളെക്കുറിച്ച്‌ നേര്‍ക്കാഴ്‌ച നല്‍കുന്നത്‌.

ഇതേ പുസ്‌തകത്തിന്റെ പേജ്‌ 20ല്‍ ഇപ്രകാരം കാണാം.

..None of the Quraysh was forced to become Muslim,but Muhammeds victory covinced some of his principled opponends,such as abusufyan,that the religion had failed.??

നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കപ്പെട്ട മതമാണ്‌ ഇസ്‌ലാം എന്ന പാശ്ചാത്യന്‍ ചിന്താഗതിക്ക്‌ എതിരായ വാദമാണ്‌ ഇവിടെ ആസ്‌ട്രോങ്ങ്‌ പറഞ്ഞത്‌. ഖുറൈശുകളെ നിര്‍ബന്ധിച്ച്‌ മതം മാറ്റുകയല്ല മറിച്ച്‌ പ്രവാചകന്‍(സ)യുടെ വിജയം അവര്‍ക്ക്‌ അവരുടെ മതം പിഴവിലാണെന്ന സത്യം ബോധ്യപ്പെടുത്തിക്കൊടുത്തുവെന്ന യാഥാര്‍ത്ഥ്യമാണ്‌ ആംസട്രങ്ങ്‌ നല്‍കുന്നത്‌. ചുരുക്കത്തില്‍ പാശ്ചാത്യര്‍ ഉന്നയിക്കാറുള്ള രണ്ട്‌ കാര്യങ്ങളെ-പ്രവാചക വിവാഹങ്ങളെപ്പറ്റിയുള്ള അപവാദത്തെയും ഇസ്‌ലാം വാളുകൊണ്ട്‌ പ്രചരിച്ചതാണെന്ന വാദത്തെയും ആംസ്‌ട്രംങ്ങ്‌ ഭംഗിയായി ഖണ്ഡിക്കുന്നു.

ക്രൈസ്‌തവ വിശ്വാസിയായ ഫിലിപ്പ്‌.കെ.ഹിറ്റി സയണിസത്തിനെതിരിലും ഫലസ്‌തീനിലെ ജൂത അധിനിവേശത്തിനെതിരിലും നിലപാടുള്ളയാളാണ്‌.1943ല്‍ ഇറങ്ങിയ The Arabs:A short History എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം പ്രവാചകന്‍(സ)ന്റെ ലളിത ജീവിതത്തെപ്പറ്റിയും മറ്റും ഉള്‍ക്കാഴ്‌ച നല്‍കുന്ന ഒന്നാണ്‌. ഇതിലെ39-ാം പേജില്‍ ഇങ്ങനെ കാണാം

??Even at the hight of glory Mohemmed led,as in his days of obscurity an unpretentious life in one of those clay houses consisting,as do all old fashionedhouses of present day Arabia and Syria, of a few rooms openings in to a courtyard and accessible on from it.he was often seen mending his own cloths and was at all times with in reach of his people.?

കളിമണ്ണുകൊണ്ടുള്ള വീട്ടില്‍ കഴിഞ്ഞിരുന്ന നബി(സ)തന്റെ വസ്‌ത്രങ്ങള്‍ തുന്നുന്നത്‌ സര്‍വ്വ സാധാരണമായ കാഴ്‌ചയായിരുന്നു. ജനങ്ങള്‍ക്ക്‌ അദ്ദേഹത്തിനെ കാണാന്‍ യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. സാധാരണ മനുഷ്യരെപ്പോലെ ലളിതമായ ജീവിതം നയിച്ചയാളാണ്‌ നബി(സ)എന്ന്‌ ഫിലിപ്‌ സമര്‍ത്ഥിക്കുന്നു.

രസതന്ത്രവുമായി ബന്ധമുള്ളയാളാണെങ്കിലും ചരിത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്‌തിട്ടുള്ളയാണ്‌ ജോണ്‍ വില്ല്യം പ്രാപ്പന്‍. അദ്ദേഹം 1862-ല്‍ എഴുതിയ History of the Intellectual Development of Europe) എന്ന ഗ്രന്ഥം യൂറോപ്പിലെ ധിഷണാശാലികളുടെ വളര്‍ച്ചയെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരമാണ്‌. ഇസാലാമിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അദ്ദേഹം പേജ്‌ 244ല്‍ ഇപ്രകാരം പ്രസ്‌താവിക്കുന്നു.

Four years after the death of justinian,A.D.569,was born at Mecca,in Arabia,the man who of all others,has exercised the greatest influance up on the human race-Mohammed,by Europeans surnamed,the imposter.?

പ്രവാചകന്‍(സ) ജനതക്ക്‌ മേല്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നത്‌ പ്രാപ്പന്‍ ഇവിടെ വിവരിക്കുന്നു.ലോകത്തേ മൂന്നിലൊന്ന്‌ ജനതയെ സ്വാധീനിക്കാന്‍ പ്രവാചകന്‍(സ)ന്‌ സാധിച്ചുവെന്നത്‌ അദ്ദേഹം പ്രത്യേകം എടുത്ത്‌ പറയുന്നു.

1978ല്‍ ആസ്‌ട്രോഫിസിക്‌സില്‍ ഡോക്‌ടറേറ്റ്‌ എടുത്ത്‌ നാസയില്‍ ശാസ്‌ത്രജ്ഞനായിരുന്ന മൈക്കല്‍ എച്ച്‌ ഹാര്‍ട്ട്‌ എഴുതിയ പുസ്‌തകമാണ്‌ The hundred, A ranking of the most Influential Persons in History. ലോക ചരിത്രത്തെ സ്വാധീനിച്ച വ്യക്തികളെപ്പറ്റി പഠനം നടത്തുന്ന ഹാര്‍ട്ട്‌ പ്രവാചകന്‍(സ)ക്ക്‌ ഒന്നാം റാങ്ക്‌ നല്‍കി. ഈ പുസ്‌തകത്തിന്റെ നാലാം പേജില്‍ ഹര്‍ട്ട്‌ പറയുന്നു. but he was the only man in history who was supremely successful on both the secular and religions level?

മതേതര തരത്തിലും മതപരമായ തരത്തിലും ഉന്നത വിജയം നേടിയ വ്യക്തിയാണ്‌ നബി(സ) എന്ന്‌ ഹര്‍ട്ട്‌ പറയുന്നു. രാഷ്‌ട്രം, മതം, കുടുംബം, സൗഹൃദം തുടങ്ങി എല്ലാ മേഖലയിലും പ്രവാചകന്‍(സ) തനതായ വ്യക്തിമുദ്ര ചാര്‍ത്തി.

യൂറോപ്യന്‍ എഴുത്തുകാര്‍ പലപ്പോഴും ഓറിയന്റലിസ്റ്റ്‌ എഴുത്തുകാരുടെ സ്വാധീനത്താല്‍ ഇസാലാമിനെ `മുഹമ്മദിസം’ എന്ന്‌ തെറ്റായി പ്രയോഗിക്കാറുണ്ടെ ങ്കിലും നിഷ്‌പക്ഷ പഠനം അവരെ പലപ്പോഴും സത്യത്തിലേക്കെ ത്തിക്കാറുണ്ടെന്നത്‌ സ്വാഗതാര്‍ഹമാണ്‌. ഈശ്വരനില്‍ വിശ്വസിക്കാത്ത ജോര്‍ജ്‌ ബര്‍ണാഡ്‌ ഷാ പ്രവാചകന്‍(സ)യെ Saviour of humanity അഥവാ മനുഷ്യരാഷിയുടെ രക്ഷകകന്‍ എന്ന്‌ The Genuine Islam എന്ന കൃതിയില്‍ 1956ലും എല്ലാം ഈശ്വരനാണെന്ന്‌ വിശ്വസിച്ച ഫ്രഞ്ച്‌ കവി ലാ മാര്‍ച്ചിന്‍ ?…is there any man greater than he? ? അഥവാ പ്രവാചകന്‍(സ)നേക്കാള്‍ മഹാനായി ആരെങ്കിലും ഉണ്ടോയെന്ന്‌ His torie de la Turuie എന്ന കൃതിയില്‍ 1954ലും പരാമര്‍ശിച്ചത്‌ പ്രവാചകന്‍(സ) യുടെ കറ കളഞ്ഞ വ്യക്തിത്തത്തിനുള്ള അംഗീകാരമാണ്‌.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter