ആന കളിച്ച പ്രവാചകന്‍ കുട്ടികളുടേതായിരുന്നു

ദൃശ്യം 1

ഒരിക്കല്‍ ഉമര്‍(റ) എന്തോ ആവശ്യത്തിനായി പ്രവാചകര്‍(സ്വ)യുടെ വീട്ടിലേക്ക് കടന്നുചെല്ലുന്നു. അപ്പോള്‍ കാണാനായത്, അവിടുന്ന് കുട്ടികളോടൊപ്പം ആന കളിക്കുന്നതാണ്. നബി(സ്വ) മുട്ട്കുത്തി ആനയായി നില്‍ക്കുന്നു, പേരമക്കളായ ഹസന്‍(റ)വും ഹുസൈന്‍(റ)വും പാപ്പാന്മാരായി പുറത്തിരിക്കുകയും ചെയ്യുന്നു. ഇത് കണ്ട ഉമര്‍(റ) ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ കയറിയിരിക്കുന്നത് ഏറ്റവും നല്ല കുതിരയുടെ മേലെയാണല്ലോ. (അറബികള്‍ക്ക് ആനയേക്കാള്‍ കുതിരയാണല്ലോ പരിചയം). ഇത് കേട്ട പ്രവാചകര്‍ (സ്വ) ഇങ്ങനെ പ്രതിവചിച്ചു, കുതിരപ്പുറത്തിരിക്കുന്ന പടയാളികളും ഏറ്റവും നല്ലവര്‍ തന്നെയാണല്ലോ. 

ദൃശ്യം 2

പ്രവാചകരുടെ സേവകന്‍ കൂടിയായിരുന്ന അനസ്(റ) വിന് ഒരു കുഞ്ഞുസഹോദരനുണ്ടായിരുന്നു. അബൂഉമൈര്‍ എന്നായിരുന്നു ആ കുട്ടിയെ വീട്ടുകാര്‍ വിളിച്ചിരുന്നത്. അബൂഉമൈറിന് നുഗൈര്‍ എന്ന ഒരു കുഞ്ഞിക്കിളിയുണ്ടായിരുന്നു. പ്രവാചകര്‍(സ്വ) അവരുടെ വീട്ടില്‍ വരുമ്പോഴെല്ലാം അബൂഉമൈറിനെ കളിപ്പിക്കുകയും വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന കൂട്ടത്തില്‍ നുഗൈറിന്‍റെ വിവരങ്ങള്‍ കൂടി ചോദിക്കുമായിരുന്നു. ഒരു ദിവസം വന്നപ്പോള്‍, അബൂഉമൈര്‍ ആകെ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്. കാരണമന്വേഷിച്ചപ്പോള്‍, നുഗൈര്‍ ചത്തുപോയി എന്നറിയാന്‍ കഴിഞ്ഞു. ഉടനെ പ്രവാചകര്‍ ആ കുട്ടിയുടെ അരികെച്ചെന്ന് ഇങ്ങനെ ചോദിച്ചു, അബൂഉമൈറേ, നുഗൈറിന് എന്ത് പറ്റി.. നുഗൈറിന് എന്ത് പറ്റി. ആ വാക്കുകള്‍ പോലും, കുട്ടിയുടെ വേദനയില്‍ പങ്ക് കൊള്ളുന്ന, അബൂഉമൈറിനെ സമാധാനിപ്പിക്കുന്ന വിധമായിരുന്നുവെന്ന് ചരിത്രം പറയുന്നു.

ദൃശ്യം 3

പ്രവാചകരും അനുയായികളും മദീനയിലെ പള്ളിയിലിരിക്കുകയാണ്. വൃത്താകൃതിയിലാണ് സദസ്സ് സംവിധാനിച്ചിരിക്കുന്നത്. അല്‍പം കഴിഞ്ഞപ്പോള്‍ അനുയായികളിലൊരാള്‍ ഒരു പാത്രത്തില്‍ അല്‍പം പാലുമായി വന്ന് അത് പ്രവാചകരുടെ കൈയ്യില്‍ കൊടുത്തു. പ്രവാചകര്‍(സ്വ) അതില്‍നിന്ന് അല്‍പം കുടിച്ച് ശേഷം അടുത്തയാള്‍ക്ക് കൈമാറാനായി വലത് ഭാഗത്തേക്ക് നോക്കി. അവിടെ ഇരിക്കുന്നത് കുട്ടിയായ അബ്ദുല്ലാഹിബ്നുഅബ്ബാസ് ആയിരുന്നു. അതേ സമയം, ഖാലിദ്(റ) അടക്കമുള്ള പല പ്രമുഖരും ഇടത് ഭാഗത്താണ് ഇരിക്കുന്നത്. സദസ്സിന്‍റെ മര്യാദ പ്രകാരം വലതുഭാഗത്തുള്ള ആള്‍ക്കാണല്ലോ കൊടുക്കേണ്ടത്. പ്രവാചകര്‍(സ്വ) കുട്ടിയായ ഇബ്നുഅബ്ബാസ്(റ)വിനോട് ഇങ്ങനെ ചോദിച്ചു, മോനേ, (സദസ്സിന്‍റെ മര്യാദ പ്രകാരം) അടുത്തതായി കുടിക്കാനുള്ള അവകാശം നിനക്കാണ്. എന്നാല്‍, നിന്‍റെ മുമ്പായി ഇടത് വശത്തിരിക്കുന്ന ഈ കാരണവന്മാര്‍ക്ക് കൊടുക്കാമോ. ബുദ്ധിമാനായ ഇബ്നുഅബ്ബാസ്(റ)വിന് മറുപടി പറയാന്‍ ഒട്ടും ആലോചിക്കേണ്ടിവന്നില്ല, അദ്ദേഹം പറഞ്ഞു, പറ്റില്ല പ്രവാചകരേ, അങ്ങയുടെ ചുണ്ടുകള്‍ തട്ടിയ ആ ഭാഗത്ത് നിന്ന് തന്നെ കുടിക്കാനുള്ള ഭാഗ്യം വേറൊരാള്‍ക്ക് വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല. പ്രവാചകരുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു, മറ്റൊന്നും ആലോചിക്കാതെ അവിടുന്ന് ആ പാത്രം ഇബ്നുഅബ്ബാസ് എന്ന കുട്ടിക്ക് കൈമാറി. 

പ്രവാചകജീവിതത്തിലെ ഏതാനും ചില ദൃശ്യങ്ങളാണ് ഇവ. കുട്ടികളെ അവിടുന്ന് എത്രമാത്രം പരിഗണിച്ചിരുന്നുവെന്നും അവര്‍ക്ക് വേണ്ടി തന്‍റെ വിലയേറിയ സമയത്തിന്‍റെ ഒരു ഭാഗം തന്നെ മാറ്റിവെച്ചിരുന്നുവെന്നുമല്ലേ ഇതില്‍നിന്ന് മനസ്സിലാവുന്നത്. ആധുനിക മനശ്ശാസ്ത്രജ്ഞര്‍, കുട്ടികളെ കുറിച്ചുള്ള നിരീക്ഷണത്തില്‍ അവസാനമായി എത്തി നില്‍ക്കുന്നത് അവരെ മുതിര്‍ന്നവരെപോലെ പരിഗണിക്കണമെന്നും അവരുടെ വ്യക്തിത്വത്തിന് അര്‍ഹമായ പരിഗണന നല്‍കണമെന്നുമുള്ള തത്വത്തിലാണ്. 
യഥാര്‍ത്ഥത്തില്‍, അതുതന്നെയല്ലേ പ്രവാചകര്‍(സ്വ) പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ പ്രാവര്‍ത്തികമായി കാണിച്ചത്. വലത് വശത്തിരിക്കുന്ന കുട്ടിയോട് ഇടത് ഭാഗത്തുള്ളവര്‍ക്ക് നല്‍കാന്‍ സമ്മതം ചോദിക്കുകയും കുട്ടിയുടെ വിസമ്മതത്തെ പൂര്‍ണ്ണമായും പരിഗണിച്ച് അത് പ്രകാരം തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ സമൂഹത്തിന് നല്‍കുന്ന സന്ദേശവും ഈ ആദരവിന്‍റേത് തന്നെയല്ലേ. 
കുട്ടികളുടെ കരച്ചില്‍ കേട്ട് നിസ്കാരം പെട്ടെന്ന് അവസാനിപ്പിക്കുന്നതും കടന്നുവരുന്ന കുട്ടികള്‍ വീണുപോകുമോ എന്ന് പേടിച്ച് പ്രസംഗം നിര്‍ത്തി അവരെ വാരിയെടുക്കുന്നതുമെല്ലാം ആ ജീവിതത്തിലെ ഇത്തരം പരിഗണനയുടെ ഒട്ടേറെ മുഹൂര്‍ത്തങ്ങളില്‍ ചിലത് മാത്രം. 
അടുക്കള മുതല്‍ അന്താരാഷ്ട്രം വരെ എന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാവുന്ന ഏറെ തിരക്കുകളുള്ള ജീവിതമായിരുന്നുവല്ലോ അവിടുത്തേത്. അവസാനകാലം വരെ വരാനുള്ളവര്‍ക്ക് ആവശ്യമായതെല്ലാം പഠിപ്പിക്കുക, വീട്ടിലെയും നാട്ടിലെയും വിവിധ പ്രശ്നങ്ങള്‍ പരിഹരിച്ചുനല്‍കുക, അയല്‍ പ്രദേശങ്ങളിലുള്ള അവിശ്വാസികളുടെ യുദ്ധങ്ങളെ നേരിടേണ്ടിവരിക, ഇവക്കെല്ലാം പുറമെ പ്രബോധനപ്രവര്‍ത്തനങ്ങളുമായി അയല്‍രാജ്യങ്ങളിലേക്ക് ദൂതന്മാരെ അയക്കുകയും ഇടക്കിടെ അവരുടെ ദൂതന്മാരെ സ്വീകരിക്കുകയും അവരുമായി നയതന്ത്രചര്‍ച്ചകള്‍ വരെ നടത്തേണ്ടിവരികയും ചെയ്യുക.. ഇങ്ങനെ പ്രവാചക ജീവിതത്തില്‍ ഒഴിവുസമയം എന്നത് ഇല്ലായിരുന്നു തന്നെ. അതിനെല്ലാമിടയിലും കുട്ടികളോടൊപ്പം ആന കളിക്കാനും തന്‍റെ സേവകനായി നില്‍ക്കുന്ന അനുയായിയുടെ കൊച്ചുസഹോദരന്റെ കുഞ്ഞിക്കിളിയുടെ കാര്യമന്വേഷിക്കാനും അവിടുന്ന് സമയം കണ്ടെത്തുന്നതാണ് നാം കാണുന്നത്. 
ചുരുക്കത്തില്‍, കുട്ടികളുടെ പ്രവാചകനായിരുന്നു മുഹമ്മദ് നബി(സ്വ) എന്ന് പറയാനാണ് തോന്നിപ്പോവുന്നത്. കുട്ടികളെ ഇത്രമാത്രം പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്ത മറ്റൊരു നേതാവ് ലോകചരിത്രത്തിലില്ല തന്നെ. അവിടുത്തെ കല്‍പനകളിലൊന്ന് ഇങ്ങനെ വായിക്കാം, വലിയവരെ ആദരിക്കാത്തവരും ചെറിയവരോട് കാരുണ്യം കാണിക്കാത്തവരും നമ്മില്‍ പെട്ടവരല്ല. (അബൂദാവൂദ്, തുര്‍മുദീ)

മജീദ് ഹുദവി, പുതുപ്പറമ്പ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter