ഇത് ദലിതുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും കലികാലം

dalitമോദി ഭരണം അതിന്റെ രണ്ടാം വര്‍ഷത്തിലേക്കു പ്രവേശിച്ചതുമുതല്‍ തുടങ്ങിയിട്ടുണ്ട് ബി.ജെ.പി അരമനയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന അതിഭീകരമായ ഓരോ പദ്ധതികളും ഒന്നൊന്നായി വെളിച്ചം കാണാന്‍. കഴിഞ്ഞ ഒരു മാസത്തിലേറെയായി ദിവസേനയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളും ഒന്നിനൊന്ന് ഭീകരവും ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കയ്യേറ്റം അതിരു കടന്നിരിക്കുന്നുവെന്ന് ഉറക്കെ പറയുന്നതുമാണ്. ദാദ്രിയില്‍ തുടങ്ങി ഉദ്ദംപൂരിലും കര്‍ണാടകയിലും നടന്ന സംഭവങ്ങള്‍ ഒരു തരം സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ധിക്കാരപരമായ മനോഭാവത്തെയാണ് തുറന്നുകാട്ടുന്നത്. ഭരണകൂടത്തിന് ഓക്‌സിജന്‍ നല്‍കുന്ന സംഘ്പരിവാര്‍, ശിവസേന പോലെയുള്ള വിദ്ധ്വംസക വര്‍ഗീയ കൂട്ടായ്മകള്‍ രംഗം കയ്യിലെടുക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഈ പൊലിവുകള്‍ക്കും പ്രസ്താവനായുദ്ധങ്ങള്‍ക്കുമിടയില്‍ മങ്ങിപ്പോകുന്നത് വലിയൊരു ശതമാനത്തോളം വരുന്ന ഒരു ജനവിഭാഗത്തിന്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമാണ്. ഭരണകൂടം മൗനംകൊണ്ട് ഏതു പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി പത്രം നല്‍കുന്നുവെന്നതാണ് ഏറെ ഭീതിയുളവാക്കുന്ന വര്‍ത്തമാന സത്യം. മതേതരത്വം ഉല്‍ഘോഷിക്കുന്ന ഇന്ത്യയില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. ഓരോ മതക്കാരനും ജാതിക്കാരനും അവന്റെതായ അവകാശവും സ്വാതന്ത്ര്യവും ഇവിടെയുണ്ട്. അവന്റെ ആദര്‍ശം അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യവുമുണ്ട്. തന്റെ കൂടെയുള്ളവന്റെ സ്വാതന്ത്ര്യത്തെ ഹനിക്കാത്തവിധമായിരിക്കണം ഇതെന്നതാണ് ഇവയുടെയെല്ലാം അതിര്‍വരമ്പ്. നാനാത്വത്തില്‍ ഏകത്വമെന്ന അതിവിശിഷ്ടമായ ആശയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്ന കാലമത്രയും ഇങ്ങനെയൊരു രാഷ്ട്ര സങ്കല്‍പത്തിന് ലോകവിതാനത്തില്‍ പ്രസക്തിയുമുണ്ട്. ഇതിനെതിരെ വാള്‍ ഉയരുന്നുവെന്നതാണ് വര്‍ത്തമാന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഗോമാംസത്തെച്ചൊല്ലി നടന്ന നരനായാട്ടുകളെ തുടര്‍ന്ന് സാംസ്‌കാരിക ലോകം ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും തങ്ങള്‍ക്കു ലഭിച്ച അംഗീകാാരങ്ങള്‍ തിരസ്‌കരിച്ചുകൊണ്ട് ഇന്ത്യയുടെ മതേതരത്വ സംരക്ഷണത്തിനായി തങ്ങളുടെ ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ തന്ത്രപരമായി രേഖപ്പെടുത്തി. 36 ഓളം പേരാണ് ഇതിനകം പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കി തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ  സഹോദരി പുത്രി നയന്‍താരാ സെഹ്ഗാള്‍ അടക്കം അശോക് വാജ്‌പേയി, സാറാ ജോസഫ്, ഉദയ് പ്രകാശ്, കേകി എന്‍ ദറുവല്ല, കെ വീരഭദ്രപ്പ തുടങ്ങി സാഹിത്യലോകത്തെ വന്‍മരങ്ങളായിരുന്നു ഈ സമരഗോദയില്‍ മുന്നില്‍ നടന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക സ്വാതന്ത്ര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുമ്പോഴും ഭരണകൂടം കുറ്റകരമായ മൗനം തുടരുന്നുവെന്നാരോപിച്ചായിരുന്നു സാഹിത്യകാരന്മാരുടെ ഈ സമര മുന്നേറ്റം. ഒടുവില്‍, ഇവ്വിഷയകമായി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചുചേര്‍ത്ത സാഹിത്യ അക്കാദമിയും ഭരകൂട ഭീകരതക്കെതിരെ പ്രമേയം പാസാക്കാന്‍ നിര്‍ബന്ധിതമായി. കര്‍ബുര്‍ഗി വധവും ദാദ്രി കൊലപാതകവും തുടങ്ങിയ സംഭവങ്ങളെ അക്കാദമി അപലപിച്ചു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേന്ദ്ര, സസ്ഥാന സര്‍ക്കാറുകള്‍ ജാഗ്രത പാലിക്കണമെന്നും അക്കാദമി ആവശ്യപ്പെട്ടു. കൊലപാതകത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയത്തെ എല്ലാ അംഗങ്ങളും ഒരേ സ്വരത്തിലാണ് പിന്തുണച്ചത്. അതേസമയം മതന്യൂനപക്ഷങ്ങളുടെ സഹനത്തെ ചോദ്യം ചെയ്തുകൊണ്ട് ഗോമാംസത്തിന്റെ പേരില്‍ പുതിയ കലാപങ്ങള്‍ സൃഷ്ടിക്കാനും പുതിയ ഗുജറാത്തുകള്‍ സൃഷ്ടിച്ച് ലാഭം കൊയ്യാനുമാണ് ഇവക്കു പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഗീയ ശക്തികള്‍ ശ്രമിച്ചത്. മാടിനെ അറുക്കുന്നതു മാത്രമല്ല കടത്തിക്കൊണ്ടുപോകുന്നതുപോലും ചോദ്യം ചെയ്യുകവഴി മുസ്‌ലിംകളെ പ്രകോപിപ്പിക്കാനും കലാപങ്ങല്‍ ഉണ്ടാക്കാനും നിരന്തരമായ ശ്രമങ്ങള്‍ നടന്നു. ഭരണകൂട ഒത്താശയോടെയായിരുന്നു ഈ ഓരോ ശ്രമങ്ങളുമെന്നതിനാല്‍ ചൂട് മങ്ങാതെത്തന്നെ മാധ്യമങ്ങളില്‍ ഇവ നിറഞ്ഞുനില്‍ക്കുകയും ചെയ്തു. പശു കളം വിട്ടുപോകുംമുമ്പുതന്നെ ദലിത് വിരോധം മറ നീക്കി പുറത്തുവന്നുവെന്നതാണ് മോദി ഭരണത്തിനു കീഴില്‍ അരാജകത്വ വാദികള്‍ കിളിര്‍ത്തുവളരുന്നുവെന്നതിനുള്ള മറ്റൊരു തെളിവ്. ഒക്ടോബര്‍ ഇരുപതിന് രാജ്യതലസ്ഥാനത്തിനു സമീപമായിരുന്നു സംഭവം. നാലംഗ ദലിത് കുടുംബത്തെ മേല്‍ജാതിക്കാര്‍ ജീവനോടെ കത്തിക്കുകയായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ തല്‍സ്ഥാനത്തുതന്നെ കത്തിച്ചാരമായി. ഈ സംഭവം നടന്ന് നാലു ദിവസം കഴിയുന്നതിനു മുമ്പുതന്നെ സമാനമായ മറ്റൊരു സംഭവം ബി.ജെ.പി ഭരണം കയ്യാളുന്ന ഹരിയാനയിലും നടന്നു. മോഷണം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ദലിത് ബാലന്‍ കൊലചെയ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ഉദ്ധ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംഭവം നടന്നത് എന്നാണ് ബന്ധുക്കളുടെ ആരോപണം. അതേ ദിവസം തന്നെ യു.പിയിലെ യമുനാനഗറില്‍ രജത് എന്ന ദലിത് യുവാവിനെ ഒരു വിഭാഗം ചുട്ടുകൊല്ലുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ ചില അധര്‍മശക്തികളുടെ ചെയ്തികള്‍ ചിലര്‍ക്കെല്ലാം ശക്തി പകരുകയും ധൈര്യം നല്‍കുകയും ചെയ്യുന്നതായാണ് ഇത്തരം സംഭവങ്ങള്‍ മനസ്സിലാക്കിത്തരുന്നത്. ഇവയുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകള്‍ ഒന്നുതന്നെയാണെന്നും വായിച്ചെടുക്കാനാവുന്നു. ഏതായാലും, മോദി ഭരണത്തിനു കീഴില്‍ സംഘ്പരിവാറും ശിവസേനയുമടക്കം സാമൂഹിക വിധ്വംസക ശക്തികള്‍ ബലപ്പെടുകയും ധൈര്യം കാണിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നുവെന്നത് മതേതരത്വ ഇന്ത്യക്ക് ഏറ്റ വലിയൊരു അടിയാണെന്നതില്‍ സന്ദേഹമില്ല. ഈ വെള്ളം കലക്കല്‍ യജ്ഞം ഭരണകൂട പിന്‍ബലത്തില്‍ നടക്കുമ്പോള്‍ ഇതില്‍ മീന്‍ പിടിക്കാന്‍ അബലരായ ഗ്രാമീണര്‍വരെ ധൈര്യം കാണിക്കുന്നുവെന്നതാണ് ഏറെ ഭീതിപ്പെടുത്തുന്ന കാര്യം. ഈ ധൈര്യം നല്‍കല്‍ ഇന്ത്യന്‍ മതേതരത്വത്തിന് ക്ഷതമേല്‍പിക്കാനേ വഴിയൊരുക്കുകയുള്ളൂ. ഈയിടെ പുറത്തുവന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മോദി ഭരണകൂടം അധികാരത്തില്‍ വന്ന ശേഷം ദലിതുകള്‍ക്കെതിരെ മേല്‍ജാതിക്കാരുടെ ആക്രമണങ്ങള്‍ രൂക്ഷമായതായാണ് കണക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 47,064 ആക്രമണങ്ങള്‍ ഉണ്ടായിരുന്നതായി  പറയുന്നു. ഇത് 2013 ല്‍ 39,408 മാത്രമായിരുന്നു. 7656 കേസുകളാണ് വര്‍ധനവാണ് ഒരൊറ്റ വര്‍ഷം കൊണ്ട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതായത് 19 ശതമാനം. 744 ദലിതുകളാണ് മേല്‍ജാതിക്കാരുടെ ആക്രമണം കാരണം കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. 2013 ല്‍ ഇത് 626 മാത്രമായിരുന്നു. ഹരിയാനയിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായും കണ്ടുവരുന്നത്. പുതിയ ഭരണ പരിസരത്തില്‍ ദലിതുകള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും കലികാലം പിറന്നിരിക്കുന്നുവെന്നാണ് ഇത്തരം കണക്കുകയും സംഭവങ്ങളും സൂചിപ്പിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter