ഇത് മിതത്വത്തിന്റെ കാലം
ഡോ. ബിശ്റുൽ ഹാഫി ഇഖ്‌റ ഹോസ്പിറ്റൽ കോഴിക്കോട് കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകമാകെ അടച്ചിട്ട് കൊണ്ടിരിക്കുകയാണല്ലോ. ഇത് എത്ര കാലം തുടരും എന്നോ എത്രത്തോളം കണിശമായിരിക്കും എന്നോ ആർക്കും പ്രവചിക്കാൻ ആവില്ല. ആരോഗ്യ പ്രവർത്തകരുടെ നിതാന്ത ജാഗ്രതയിലൂടെ ചിലപ്പോൾ ഏതാനും ആഴ്ചകൾക്കകം രോഗം പടരുന്നത് നിയന്ത്രിക്കാനായേക്കാം.

ചൈനയിൽ രണ്ടുമാസത്തിന് മുകളിലായി പൂർണ്ണമായി അടച്ചിട്ടത് കൊണ്ടാണ് ഭാഗികമയെങ്കിലും വൈറസിനെ പിടിച്ച് കെട്ടാനായത്.

എന്നാൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ബ്രിട്ടീഷ് റിസർച്ച് ടീമിന്റെ റിപ്പോർട്ടിൽ ഈ അടച്ചിടൽ 12 മുതൽ 18 മാസം വരെ നീണ്ടു നിന്നേ ക്കാമെന്ന് അഭിപ്രായപ്പെടുന്നു. അതിനുള്ള സാധ്യത തുലോം തുച്ഛമാണ് എന്ന് സമ്മതിച്ചാൽ തന്നെയും വൈറസിനെ പൂർണ്ണമായി ലോക്ക് ഡൗൺ കൊണ്ട് മാത്രം തുരത്താൻ കഴിയില്ലെന്നും നിയന്ത്രണങ്ങൾ ഒഴിവാക്കുമ്പോൾ വൈറസ് തിരിച്ച് വരാൻ സാധ്യത ഉണ്ടെന്നും ലോകാരോഗ്യസംഘടനയുടെ എമർജൻസി വിഭാഗം വിദഗ്ധനായ മൈക് റയാൻ പറഞ്ഞത് നാമെല്ലാവരും ശ്രദ്ധിച്ചത് ആണ്‌. ഇതൊക്കെ ഇവിടെ എഴുതുന്നത് ഭയപ്പെടുത്താൻ വേണ്ടിയല്ല. ഗവണ്മെന്റിന്റെയും ആരോഗ്യപ്രവർത്തകരുടെയും അക്ഷീണ പ്രയത്നം കൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ മഹാമാരിയെ നാം പിടിച്ചുകെട്ടും എന്ന് അതിയായ ശുഭാപ്തി വിശ്വാസം ഉള്ളവർ ആവണം നാം.

എന്നാൽ നമ്മുടെ സാമ്പത്തിക ക്രയ വിക്രയങ്ങളിലും വിഭവങ്ങളുടെ സമാഹരണതിലും വിതരണത്തിലും ഇപ്പൊൾ നാം അതീവ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്‌. നാട്ടിലെ ഭക്ഷ്യവസ്തുക്കൾക്ക്‌ ക്ഷാമം ഉണ്ടാകില്ല എന്ന ഉറപ്പ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിച്ചിട്ടുണ്ട്. എങ്കിലും വ്യക്തിപരമായും ഒരു സമൂഹമെന്ന നിലക്കും നമ്മുടെ ഭക്ഷണ ക്രമത്തിലും അളവിലും മിതത്വം പാലിച്ച് ഗവണ്മെന്റിന്റെ മേലുള്ള ഭാരം കുറക്കേണ്ടതാണ്.

ചെറുപ്പകാലത്ത് നാം കേട്ടിട്ടുള്ള ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ ഈ അവസരത്തിൽ ഓർക്കാവുന്നതാണ്. നമുക്ക് ചുറ്റും ജീവിക്കുന്ന പ്രതിദിന വേതനക്കാർക്ക്‌ ജോലിയും കൂലിയും അനിശ്ചിതമായി ലഭിക്കാത്തത് മൂലമുള്ള പ്രയാസങ്ങൾ ഗവണ്മെന്റിന്റെയോ പൊതു സമൂഹത്തിന്റെയൊ സഹായമില്ലാതെ തരണം ചെയ്യാനാവില്ല. അതിനാൽ മഹല്ല് കമ്മറ്റികളും അയൽകൂട്ടങ്ങളും ഒക്കെ ഇതിന് ഒരു ഫണ്ടോ സംവിധാനമോ ചിന്തിച്ച് തുടങ്ങേണ്ടതാണ്. മത കാരുണ്യ സാംസ്കാരിക പ്രവർത്തകരുടെ കയ്യിലുള്ള തുകകൾ ഇപ്പൊൾ ചിലവഴിക്കാതെ സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇന്നത്തെ മുൻഗണന വിധവാ വിവാഹമോ പള്ളി മോഡി പിടിപ്പിക്കലോ ആണെങ്കിൽ നാളത്തേത് അരച്ചാണ് വയറ് നിറപ്പിക്കുന്നതാവാം. കൊറോണ പോലത്തെ വ്യാധികളെ തടയാൻ സമീകൃതാഹാരം അത്യന്താപേക്ഷിതമാണ്.

പാലിയേറ്റീവ് സൊസൈറ്റികളും ഡയാലിസിസ് രംഗത്തെ സന്നദ്ധ ഗ്രൂപ്പുകളും ഒക്കെ ഭാവിയിൽ ഉണ്ടാകാവുന്ന സാമ്പത്തിക മാന്ദ്യം മുന്നിൽ കണ്ട് ചിലവുകളിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നത് കൊറോണ കാലത്തും പ്രവർത്തനങ്ങൾ മുടങ്ങാതെ മുന്നോട്ട് പോകാൻ സഹായിക്കും. വ്യക്തിപരമായ സാമ്പത്തിക ചിലവുകൾ പരമാവധി കുറക്കുകയും നമ്മുടെ നിയന്ത്രണത്തിലുള്ള ജോലിക്കാരോടും വാടകക്കാരോടും പരമാവധി ദയാവയ്പകളോടെ സമീപിക്കുകയും ചെയ്യണം. നാം തിരിച്ചറിയേണ്ടത് കൊറോണ ഒരു രോഗമാണെങ്കിലും അതിന്റെ അതിജീവനം ഒരു സാമൂഹിക മുന്നേറ്റമാണെന്നതാണ് . ഈ യുദ്ധത്തിൽ ഗവൺമെന്റോ ആരോഗ്യപ്രവർത്തകരോ മാത്രമല്ല നിങ്ങളോരോരുത്തരും പടനായകൻമാരാണ്. സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ അച്ചടക്കത്തോടെ , അത് നിയമം കൊണ്ട് അടിച്ചേൽപ്പിക്കാതെ തന്നെ നാം പടയണി തീർക്കണം. സർവശക്തൻ നമുക്കും നാടിനും ലോകത്തിനും ശാന്തിയും സൗഖ്യവും സമാധാനവും പ്രദാനം ചെയ്യട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter