ഇലക്ഷന്‍കാലത്തെ മുസ്‌ലിം നിലപാട്‌
eelectionവിശ്വാസിയെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതും ജാഗ്രത പാലിക്കേണ്ടതുമായ കാലമാണ് തെരഞ്ഞെടുപ്പുകാലം. തന്റെ സമ്മതിദാനാവകാശം എന്നും ഏറെ മൂല്യമുള്ളതും ചിന്തിച്ചുമാത്രം കൈകാര്യം ചെയ്യേണ്ടതുമായ ഒന്നാണ്. ഇന്ത്യ പോലോത്ത ഒരു മതേതര രാജ്യത്ത് ജീവിക്കുമ്പോള്‍ പ്രത്യേകിച്ചും. ഭരണം എന്ന വലിയൊരു സ്ഥാപനത്തില്‍ തങ്ങള്‍ക്ക് നേര്‍ക്കുനേര്‍ ഇടപെടാന്‍ കഴിയുന്ന ഒരു അവസരം കൂടിയാണ് തെരഞ്ഞെടുപ്പിലൂടെ സാധ്യമാകുന്നത്. ആയതിനാല്‍, കാലത്തിന്റെ തേട്ടവും സാഹചര്യങ്ങളുടെ തുടിപ്പും തിരിച്ചറിഞ്ഞുവേണം ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടത്. വര്‍ഗീയ ഫാസിസം ചങ്ങലയഴിച്ച് ആനന്ദനൃത്തം ചവിട്ടുന്ന ഒരു ദാരുണ പശ്ചാത്തലമാണ് ഇന്ന് ഇന്ത്യയിലുള്ളത്. കേരളമടക്കം എല്ലാ സംസ്ഥാനങ്ങളിലും ഇതിന്റെ ആഘാതം നേര്‍ത്തതല്ല. അധികാരവും ആയുധവും ഉപയോഗിച്ച് ഭരണകൂട അജണ്ടകള്‍ പൊതുജനത്തിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന കാഴ്ചകളാണ് നിരന്തരമായി നാം കാണുന്നത്. ജാതിയുടെയും വര്‍ഗത്തിന്റെയും പേരില്‍ ആസാമില്‍ നടക്കുന്ന വര്‍ഗീയ പ്രീണനങ്ങളും ചുകപ്പിന്റെ മൂടുപടത്തിനു കീഴില്‍ ബംഗാളില്‍ നടക്കുന്ന അവകാശ നിഷേധങ്ങളും നമുക്കു മുമ്പിലുണ്ട്. ്അഹങ്കാരം പൂണ്ട ഘര്‍വാപസിയുടെയും സഹലോകത്തിന് മനുഷ്യത്വ പരിഗണന പോലും നല്‍കാത്ത അസഹിഷ്ണുതയുടെയും ഭീകര കാഴ്ചകള്‍ ധാരാളമായി നാം കണ്ടുകഴിഞ്ഞു. ഈയൊരു ഭരണ 'നേട്ടം' ഇന്ത്യയാകെ പ്രചരിപ്പിക്കാനുള്ള വെമ്പലിലാണ് ഇവിടത്തെ പ്രമുഖ അധികാര ശക്തികള്‍. ഈ തെരഞ്ഞെടുപ്പോടെ തങ്ങളഉടെ വര്‍ഗീയ ദ്രുവീകരണ തരംഗം നാടാകെ വ്യാപിപ്പിക്കാന്‍ അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു. ഈയൊരു പരിസരത്തില്‍നിന്നു വേണം മനുഷ്യത്വത്തെ മാനിക്കുന്ന ഓരോ മതേതരത്വ ജനാധിപത്യ വിശ്വാസിയും ആസന്നമായ തെരഞ്ഞെടുപ്പിലെ തന്റെ ഉത്തരവാദിത്വത്തിന്റെ ആഴം മനസ്സിലാക്കാന്‍. ചുമ്മാ വികാരപ്പെടലുകള്‍ക്ക് അടിപ്പെടുന്നതിനു പകരം മനുഷ്യത്വത്തിനും മാനവിക മൂല്യങ്ങള്‍ക്കും ഒരു വോട്ട് നല്‍കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും ഈ കലയുഗത്തിലെ ഏറ്റവും വലിയ ധര്‍മ സമരം. നന്മയിലും ഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക; തിന്മയിലും ശത്രുതയിലും നിങ്ങള്‍ സഹായിക്കരുത് എന്ന ഖുര്‍ആന്‍ വാക്യം ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്നതിലേക്ക് സൂചന നല്‍കുന്നുണ്ട്. മതത്തെയും വിശ്വാസികളെയും അപകടപ്പെടുത്തുകയും അവരുടെ വിശ്വാസ സ്വാതന്ത്ര്യത്തെ ധ്വംസിക്കുകയും ചെയ്യുന്ന വിധ്വംസക കൂട്ടായ്മകളെ വിശ്വാസി ഒരിക്കലും അനുകൂലിക്കരുത് എന്നതാണ് ഇതിന്റെ ധ്വനി. അവരുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്താനും അവര്‍ക്ക് ആവശ്യമായ തിരുത്തലുകള്‍ നല്‍കാനുമാണ് അവന്‍ സമയം ചെലവഴിക്കേണ്ടത്. അതേസമയം, നാട്ടില്‍ മുസ്‌ലിം ജീവിതം സുഗമമാക്കുന്ന കൂട്ടായ്മകളെ ശക്തിപ്പെടുത്താന്‍ രംഗത്തിറങ്ങുകയും വേണം. അധര്‍മങ്ങള്‍ക്കും അഴിമതിക്കും ഒരിക്കലും അരികുനില്‍ക്കുകയുമരുത്. ഇന്ത്യയുടെ മതേതരമായ ഭൂമികയില്‍ ഓരോ മതങ്ങള്‍ക്കും വളരാനും മതകൂട്ടായ്മകളെ വളര്‍ത്താനുമുള്ള സാഹചര്യമുണ്ട്. ഈയൊരു സാധ്യതയുടെ പൂര്‍ണതയാണ് വിശ്വാസി സാധ്യമാക്കേണ്ടത്. ബഹുസ്വര സമൂഹത്തില്‍ ഇസ്‌ലാമിനെ സത്യസന്ധമായി അവതരിപ്പിക്കുക വഴി അതിന്റെ സ്‌നേഹ മുഖം മാലോകര്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. അക്രമങ്ങളെ അതേ നാണയത്തില്‍ പ്രതിരോധിക്കുന്നതിനു പകരം ക്ഷമ കൊണ്ട് തിരുത്താനാണ് ഇസ്‌ലാം പറയുന്നത്. ഇത്തരം ബൗദ്ധികമായ തിരുത്തലുകളാണ് ഓരോ തെരഞ്ഞെടുപ്പും ആവശ്യപ്പെടുന്നത്. ഇതിനു മുസ്‌ലിംകള്‍ സംഘടിക്കുകയും ഒരുമയോടെ പ്രവര്‍ത്തിക്കുകയും വേണം. അംഗബലത്തില്‍ നന്നേ കുറവായിട്ടുകൂടി, പൊതു ശത്രുവിനെതിരെ പോലും സംഘടിക്കാന്‍ കഴിയാതെ പോകുന്നത് വലിയ അപകടമാണ്. ഭൗതിക നേട്ടങ്ങള്‍ ലഭിക്കാനായി മാത്രം മുസ്‌ലിം സംഘശക്തിയെ ചോദ്യം ചെയ്ത്, എതിര്‍ പാളയത്തില്‍ ഹീറോ ചമയുന്നത് ഇവിടത്തെ മുസ്‌ലിം ഭാവിലേക്കുള്ള ദുരന്ത സൂചനകളാണ് നമുക്ക് നല്‍കുന്നത്. ആയതിനാല്‍, സ്വന്തം കാര്യ ലാഭങ്ങള്‍ക്കു വേണ്ടി മത നാമങ്ങളെയും മത കൂട്ടായ്മകളെയും ബലിയാടാക്കുന്നത് അതിഹീനമായ കൃത്യമാണെന്ന തിരിച്ചറിവ് നാം നേടിയേ തീരൂ. മുസ്‌ലിംകള്‍ വീണ്ടും തല്ലിത്തകര്‍ന്ന് നൂറായിരം ക്ഷുദ്ര പാര്‍ട്ടികളായി മാറുന്നതിലും ഭേദം മതത്തിന് ശക്തി പകരുന്ന ഒരു ശക്തികേന്ദ്രമായി നിലകൊള്ളലാണെന്ന അനിവാര്യ തിരിച്ചറിവെങ്കിലും ഈ തെരഞ്ഞെടുപ്പ് കാലം മുസ്‌ലിം സമൂഹത്തിനു നല്‍കേണ്ടതുണ്ട്. മതമേലദ്ധ്യക്ഷന്മാര്‍ പോലും സ്വന്തം കാര്യലാഭങ്ങള്‍ക്കു വേണ്ടി അണികളെ ദുരുപയോഗം ചെയ്യുന്ന ഈ സന്ധിയില്‍ കക്ഷിവൈരാഗ്യം പൊതുശത്രുവിനെപോലും ചിലര്‍ക്ക് മിത്രമാക്കി മാറ്റുകയാണ്. ഇത് മതത്തിനും മതകൂട്ടായ്മകള്‍ക്കും വന്‍ അപകടം വരുത്തിവെക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. മതനേതൃത്വം പക്വത നിലനിര്‍ത്തി അണികളെ മാര്‍ഗദര്‍ശനം ചെയ്യണമെന്നതാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്. തെരഞ്ഞെടുപ്പു കാലം ഉള്ളിലെ ജീര്‍ണതകള്‍ കുത്തിയുയര്‍ത്തി പ്രദര്‍ശിപ്പിക്കേണ്ട നേരമല്ലെന്നും നല്ല നാളയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണെന്നും നാം ഉള്‍കൊണ്ടേ മതിയാവൂ. നേതൃത്വം പാലിക്കേണ്ട ഇസ്‌ലാമിക പാഠങ്ങള്‍ ഒരാവൃത്തികൂടി വായിച്ചുവേണം ഇത്തവണ വിശ്വാസികള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇറങ്ങേണ്ടത്. സത്യത്തിനും നന്മക്കും സാമൂഹ്യ സൗഹൃദത്തിനുമായിരിക്കണം നമ്മുടെ ഓരോ വോട്ടും. ധര്‍മ സംസ്ഥാപനത്തിനുള്ള കൈത്താങ്ങായി മാറണം ഓരോ കന്നിവോട്ടുകളും. സ്‌നേഹവും സൗഹൃദവും തകര്‍ക്കുന്നവര്‍ക്ക് വോട്ട് നല്‍കുന്നത് സമൂഹത്തെ തകര്‍ക്കുന്നതിനു സമാനമായിരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter