ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ മായം ചേര്‍ക്കല്‍

വിശുദ്ധ ഇസ്‌ലാം അതിന്റെ അരുണോദയം മുതല്‍ തന്നെ പല ബദ്ധവൈരികളെയും വൈജാത്യമാര്‍ന്ന കഠിനശത്രുക്കളെയും അഭിമുഖീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ സൗധം ഛിന്നഭിന്നമാക്കാനും അതിന്റെ സ്തംഭങ്ങള്‍ തകര്‍ക്കാനുമായിരുന്നു അവരുടെ ശ്രമം. ദീനിന്റെ ചിഹ്നങ്ങള്‍ വികലമാക്കി ചിത്രീകരിക്കുക, അതിന്റെ വിജ്ഞാനങ്ങളില്‍ ശൈഥില്യങ്ങളും മൗഢ്യങ്ങളും തിരുകിക്കയറ്റുക തുടങ്ങിയ വഴികളാണ് അവരതിന് സ്വീകരിച്ചത്. തഫ്‌സീര്‍, ഹദീസ്, ചരിത്രം, തസ്വവ്വുഫ് തുടങ്ങിയവയിലെല്ലാം ഇത് നമുക്ക് കാണുവാന്‍ കഴിയും.

തഫ്‌സീറുകളില്‍ തല്‍പരകക്ഷികള്‍ നടത്തിയ കൈയേറ്റങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ നിരവധിയാണ്. കേവലം കെട്ടുകഥകളും ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്ക് നിരക്കാത്തതുമായ ചില ഈസ്രാഈലീ കഥകള്‍(1) ചില തഫ്‌സീറുകളില്‍ നമുക്ക് വായിക്കാന്‍ കഴിയും. ഇസ്‌ലാമിലേക്ക് വന്ന ജൂതന്മാരിലൂടെ കടന്നുവന്നവയാണവ. അവരില്‍ പലരും ദീനില്‍ വന്നിട്ടുള്ളത് തന്നെ ആത്മാര്‍ഥതയോടെയാവില്ല. മറ്റു ചിലര്‍ ഇസ്‌ലാമാശ്ലേഷിച്ചത് ആത്മാര്‍ഥമായിത്തന്നെയാണെങ്കിലും പണ്ടു മുതലേ തങ്ങളുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയ ചരിത്രസംഭവങ്ങള്‍ പൂര്‍വപ്രവാചകരുടേതാണെന്ന നിലക്ക് അവര്‍ ഉദ്ധരിച്ച് കൈമാറുകയും ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ കടന്നുകൂടുകയും ചെയ്യുന്നു. അവരുടെ ആ വേദങ്ങളില്‍ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും നടത്തപ്പെട്ടിട്ടുണ്ടെന്നതാണ് യാഥാര്‍ഥ്യം. മുസ്‌ലിംകളില്‍ ചിലര്‍ അവ സത്യമാണെന്ന് കരുതി സ്വീകരിക്കുകയും ചെയ്യുന്നു.

എന്നാല്‍, ഇത്തരം ഈസ്രാഈലിക്കഥകള്‍ പരിശോധിച്ചു കണ്ടുപിടിക്കാനും അതിന്റെ ഗൗരവത്തിലേക്ക് മുസ്‌ലിംകളുടെ ശ്രദ്ധ ക്ഷണിക്കാനും ഒരു വിഭാഗം പണ്ഡിതരെത്തന്നെ അല്ലാഹു സജ്ജമാക്കുകയുണ്ടായി. വിശ്വാസത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍ വരെ അവയിലുണ്ടെന്നത് പ്രത്യേകം സ്മരണീയമാണ്. അയ്യൂബ് നബി(അ)ന് ഗുരുതരരോഗം ബാധിച്ച് ശരീരത്തില്‍ പുഴുക്കള്‍ പ്രത്യക്ഷപ്പെടുകവരെയുണ്ടായി എന്നത് ഉദാഹരണം.(1)  പ്രവാചകന്മാര്‍ പലവിധ കുറ്റങ്ങള്‍ ചെയ്ത ഇസ്രാഈലിക്കഥകളുമുണ്ട്. ദാവൂദ് നബി(അ) തന്റെ ഒരു പട്ടാളക്കാരന്റെ ഭാര്യയെ പ്രേമിച്ചുവത്രേ. ഇവളെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ ഒരിടത്തെ യുദ്ധമുന്നണിയിലേക്കയച്ചു. പ്രതീക്ഷിച്ച പോലെ അയാള്‍ കൊല്ലപ്പെടുകയും ദാവൂദ് നബി അവളെ സ്വന്തമാക്കുകയും ചെയ്തു എന്നാണ് മറ്റൊരു കഥയിലുള്ളത് . (മആദല്ലാഹ്…)

ഹ. യൂസുഫ് നബി(അ) ഈജിപ്തിലെ ‘അസീസി’ന്റെ ഭാര്യയെക്കൊണ്ട് മ്ലേച്ഛവൃത്തി ചെയ്യാന്‍ ഉദ്ദേശിച്ചു എന്നും ഇസ്രാഈലിക്കഥയിലുണ്ട്. എന്നിട്ടവിടെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കുറേ വ്യാജ സംഭവങ്ങളും കള്ളക്കഥകളും പറയുന്നുണ്ട്. അവയൊന്നുംതന്നെ  പ്രവാചകത്വത്തിന്റെ മഹിതപദവിയുമായും ആദരണീയസ്ഥാനവുമായും ഒട്ടുമേ യോജിക്കുന്നതല്ല. പടച്ചവന്‍ അവരെ അത്തരം ദൂഷ്യങ്ങളില്‍ നിന്നൊക്കെ സംരക്ഷിച്ചിട്ടുണ്ടല്ലോ. ഓരോ മുസ്‌ലിമും ഇത്തരം വ്യാജ ഈസ്രാഈലിക്കഥകള്‍ നിര്‍ബന്ധമായും വലിച്ചെറിയുകയും കുറ്റമറ്റതും പ്രസിദ്ധവുമായ ഇസ്‌ലാമിക പ്രമാണങ്ങളവലംബിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുകയും ചെയ്യണം.

ഇനി ഹദീസുകളിലേക്ക് കടന്നാലോ? നിക്ഷിപ്തതാല്‍പര്യക്കാരായ മായം ചേര്‍പ്പുകാര്‍ ഇസ്‌ലാമിന്റെ ചിഹ്നങ്ങള്‍ വികലമാക്കുവാനായി ഹദീസുകളിലേക്കും തിരിഞ്ഞതായി കാണാം. നബിതിരുമേനി(സ്വ)യുടെ പേരില്‍ വ്യാജമായി നിര്‍മിച്ചുണ്ടാക്കിയ ഹദീസുകള്‍ മാധ്യമമാക്കിയാണ് അവര്‍ ഹീനകൃത്യം നിര്‍വഹിക്കുന്നത്. ഇസ്‌ലാമിക വിശ്വാസസംഹിത തകര്‍ത്തുകളയുക, തകര്‍പ്പന്‍ ചിന്താഗതികള്‍ കടത്തിക്കൂട്ടുക തുടങ്ങിയവയാണവരുടെ ലക്ഷ്യം. അല്ലാഹുവിന് ശരീരമുണ്ട്, അവന്‍ സൃഷ്ടികളോട് തുല്യതയുള്ളവനാണ്, മുകളിലാണ്, താഴെയുണ്ടാകും തുടങ്ങിയുള്ള ബാലിശവും അബദ്ധജടിലവുമായ വിശ്വാസങ്ങള്‍ പരത്തുവാനാണവര്‍ ഇങ്ങനെ ചെയ്യുന്നത്.

കുറ്റകൃത്യങ്ങളില്‍ ഭയം ജനിപ്പിച്ച് പിന്തിരിപ്പിക്കുവാനും പുണ്യകര്‍മങ്ങളില്‍ തല്‍പരരാക്കി അവയനുഷ്ഠിപ്പിക്കുവാനും സഹായകമായ വ്യാജഹദീസുകളും അത്തരക്കാര്‍ മെനഞ്ഞുണ്ടാക്കിയതായി കാണാം. അത്തരം വിഷയങ്ങളില്‍ അല്ലാഹുവിങ്കല്‍ നിന്ന് യാതൊരു തെളിവും ലഭ്യമായിട്ടുണ്ടാവില്ല. എന്റെ പേരില്‍ ആരെങ്കിലും ബോധപൂര്‍വം കളവു പറഞ്ഞാല്‍, തന്റെ ഇരിപ്പിടം അവന്‍ നരകത്തില്‍ സജ്ജീകരിച്ചുകൊള്ളട്ടെ എന്ന് നബി(സ്വ) പ്രസ്താവിച്ചിട്ടുണ്ടല്ലോ, എന്നിട്ടും നിങ്ങളെന്തിനാണ് തിരുമേനി(സ്വ)യുടെ പേരില്‍ കളവു പറയുന്നത് എന്ന ചോദ്യത്തിന് അവരുടെ പക്കല്‍ മറുപടിയുണ്ടാകും: തിരുമേനി(സ്വ)ക്ക് അനുകൂലമായാണ് ഞങ്ങള്‍ കളവ് പറയുന്നത്, പ്രതികൂലമായല്ല! രാജാക്കന്മാരുടെ തിരുസാമീപ്യം ലഭിക്കാനും ഭരണകര്‍ത്താക്കളുമായി അടുപ്പം നേടാനുമായിരുന്നു മറ്റു ചിലര്‍ വ്യാജ ഹദീസുകള്‍ നിര്‍മിച്ചിരുന്നത്. ഇതൊക്കെയും ഭൗതികമായ നേട്ടങ്ങളിലും ലൗകികമായ സമ്പാദ്യങ്ങളിലും കണ്ണുവെച്ചുകൊണ്ടായിരുന്നു.

എന്നാല്‍ സര്‍വശക്തനായ അല്ലാഹു തന്റെ നബിയുടെ സുന്നത്ത് സംരക്ഷിക്കുന്നതിന് ഈര്‍ഷ്യയുറ്റവരും ആത്മാര്‍ഥരുമായ കുറെ പണ്ഡിത മഹത്തുക്കളെ ഏര്‍പ്പാടാക്കി. അവര്‍ ഹദീസുകള്‍ സൂക്ഷ്മപരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കുറ്റമറ്റതും ദുര്‍ബലവുമായ ഹദീസുകള്‍ അവര്‍ വേര്‍തിരിച്ചു. മെച്ചപ്പെട്ട(ഹസന്‍)തും വ്യാജനിര്‍മിതമായവയും വെവ്വേറെയാക്കി. ഗരീബും മശ്ഹൂറും സ്പഷ്ടമാക്കി. ഹാഫിളുല്‍ മസ്സി, സൈനുദ്ദീന്‍ ഇറാഖി, ഇമാം ദഹബി, ഇബ്‌നു ഹജര്‍ അസ്ഖലാനി തുടങ്ങി പലരും ഈ രംഗത്ത് അമൂല്യസേവനം ചെയ്തു.

ഇസ്‌ലാമിക ചരിത്രത്തിന്റെ മേഖലയെടുത്ത് വിശകലനം ചെയ്താല്‍, മായംചേര്‍പ്പുകാര്‍ക്കും വ്യാജനിര്‍മാതാക്കള്‍ക്കും സുഭിക്ഷമായ ഒരു വേദിയായിരുന്നു അതെന്ന് കാണാം. ദുര്‍മാര്‍ഗികള്‍ തങ്ങളുടെ അഭിരുചിക്കും ഭാവനകള്‍ക്കും ഉചിതമാംവിധമുള്ള സംഭവങ്ങളും കഥകളും ഇസ്‌ലാമിക ചരിത്രത്തില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. മുസ്‌ലിം രാജാക്കളുടെയും ഖുലഫാഉകളുടെയും ജീവിതരീതി വികലമാക്കുക എന്നതായിരുന്നു അവരുടെ ശ്രമത്തിന്റെ ലക്ഷ്യം. ആയിരത്തൊന്നു രാവുകള്‍ എന്ന നുണക്കഥയില്‍ ഖലീഫ ഹാറൂന്‍ റശീദിനെപ്പറ്റിയുള്ള അത്യതിശയോക്തികരവും അവജ്ഞാജനകവുമായ കഥകളുദ്ധരിച്ചിരിക്കുന്നത് ഉദാഹരണം.

ദുര്‍മാര്‍ഗികളായ കുരിശുമേധാവികളും ഓറിയന്റലിസ്റ്റുകളും ആ ഗണത്തില്‍ പെട്ടവരും ഇസ്‌ലാമിക ചരിത്രത്തില്‍ കടത്തിക്കൂട്ടിയ കാര്യങ്ങള്‍ അജ്ഞാതമൊന്നുമല്ല. ബാലിശവും അടിസ്ഥാനരഹിതവുമാണെന്ന് പ്രസ്പഷ്ടമായ വ്യാജനിര്‍മിത പ്രസ്താവങ്ങളും നിഗൂഢവൃത്താന്തങ്ങളും ദുര്‍മാര്‍ഗങ്ങളുമാണ് അവരതില്‍ തിരുകിക്കയറ്റിയിരിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ സന്ദേഹമിളക്കിവിടലും അത് തകര്‍ക്കലും മാത്രമാണവരുടെ ലക്ഷ്യം.

എന്നാല്‍, മഹാന്മാരായ ദഹബി, ഥബരി, ഇബ്‌നുകസീര്‍, ഇബ്‌നുല്‍ അസീര്‍, ഇബ്‌നുഹിശാം(റ) മുതലായ ദൃഢവിജ്ഞാനികളായ ചരിത്രപണ്ഡിതന്മാര്‍ ഇസ്‌ലാമികചരിത്രം ക്രോഡീകരിക്കുകയും സംസ്‌കരിച്ചെടുക്കുകയും കളകളില്‍ നിന്ന് വെടിപ്പാക്കുകയും ശുദ്ധവും സുരക്ഷിതവുമായി അവതരിപ്പിക്കുകയുമുണ്ടായി. അതുകൊണ്ട് സത്യസന്ധമായ ചരിത്രം പഠിക്കാനാഗ്രഹിക്കുന്നവര്‍ ഇവ പോലുള്ള ശരിയായ പ്രമാണങ്ങളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. അപ്പോഴേ ശരിയും തെറ്റും വിവേചിച്ചറിയാനും നെല്ലും പതിരും വേര്‍തിരിക്കാനും കഴിയൂ.
 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter