കര്‍മങ്ങള്‍ നിഷ്ഫലമാക്കരുത്
വിശ്വാസത്തിലധിഷ്ഠിതമായ കര്‍മ്മങ്ങള്‍ക്ക് മഹത്തായ പ്രതിഫലങ്ങള്‍ അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശ്വാസനിബന്ധനയോടെയാണ് കര്‍മ്മങ്ങളുടെ പ്രതിഫലം ഖുര്‍ആന്‍ ഊന്നിപ്പറയുന്നത്. ധര്‍മ്മ പ്രവര്‍ത്തനങ്ങളുടെ സ്വീകാര്യതയും അംഗീകാരവും ഈ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നു. നിഷ്‌ക്കളങ്കത വിശ്വാസത്തിന്റെ ഭാഗമാണ്. ആത്മാര്‍ത്ഥത മാറ്റിവെക്കുന്നതും വഞ്ചനാപരമായ കര്‍മ്മങ്ങള്‍ക്ക് മുതിരുന്നതും വിശ്വാസ വൈകല്യമാണ്. കറപുരളുന്ന കര്‍മ്മങ്ങള്‍ നിഷ്‌കളങ്കതയെ ചോദ്യം ചെയ്യാന്‍ പോന്നതാണ്. പ്രത്യക്ഷ പ്രകടനങ്ങളല്ല, മാനസികാവസ്ഥയാണ് നിഷ്‌കളങ്കതയില്‍ വിലയിരുത്തേണ്ടത്. ധര്‍മ്മം കണ്ടാലും അധര്‍മ്മം കണ്ടാലും തിരിച്ചറിയാന്‍ അല്ലാഹു മാനദണ്ഡങ്ങള്‍ വസ്തുതാപരമായി വിവരിച്ചിട്ടുണ്ടെങ്കിലും അവന്റെയടുക്കല്‍ അംഗീകാരവും പ്രതിഫലാര്‍ഹതയുമുള്ളതാകാന്‍ അല്ലാഹു തന്നെ ഇഖ്‌ലാസ് (നിഷ്‌കളങ്കത) അനിവാര്യമാണെന്നു വിവരിച്ചിരിക്കുന്നു.
ഉമര്‍(റ)വില്‍നിന്നും ഉദ്ധരിക്കുന്ന ഹദീസില്‍ നബി(സ) പറയുന്നുണ്ട്: ''തീര്‍ച്ചയായും കര്‍മ്മങ്ങളുടെ സ്വീകാര്യത ''നിയ്യത്ത്'' കൊണ്ടു മാത്രമാണ്. എല്ലാവര്‍ക്കും അവനവന്‍ കരുതിയത് മാത്രമാണുള്ളത്.'' (ബുഖാരി, മുസ്‌ലിം) അധര്‍മ്മം ചെയ്യുന്നവരെയൊപ്പം പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പെട്ടുപോയവനും തന്റെ കരുത്ത് നന്നാക്കിയവനാണെങ്കില്‍ വജയിച്ചവനാണെന്നു ഇസ്‌ലാം പഠിപ്പിക്കുന്നു. മഹതി ആഇശ(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ''നബി(സ) പറഞ്ഞു: ഒരു വിഭാഗം സൈന്യങ്ങള്‍ പരിശുദ്ധ കഅ്ബയോട് യുദ്ധത്തിന് വരും. അവര്‍ ബൈദാഇല്‍ എത്തുമ്പോള്‍ ഒന്നടങ്കം ഭൂമി പിടിച്ചു വിഴുങ്ങും. മഹതി ആഇശ(റ) ചോദിച്ചു: നബിയേ അവരില്‍പ്പെട്ടവരല്ലാത്ത എന്നാല്‍ അവര്‍ക്ക് വെള്ളം നല്‍കാനും മറ്റു സഹായങ്ങള്‍ക്കും ഒപ്പം കൂടിയവരുമുണ്ടാവില്ലേ? നബി(സ) പറഞ്ഞു: അവരെ ഒന്നടങ്കം ഭൂമി പിടിച്ചു വിഴുങ്ങും. പുനര്‍ജന്മത്തില്‍ ഓരോര്‍ത്തരുടെയും നിയ്യത്തിന്റെ മേല്‍ ജീവിപ്പിക്കുന്നതാണ്.'' (ബുഖാരി, മുസ്‌ലിം) നിഷ്‌കളങ്കത കര്‍മ്മങ്ങള്‍ക്കപ്പുറം മികച്ചു നില്‍ക്കുന്നതാണ്. ചെയ്തിട്ടില്ലെങ്കിലും ആത്മാര്‍ത്ഥമായ കരുതലിന്ന് പ്രതിഫലമുണ്ടെന്നു നബി(സ) അരുളുകയുണ്ടായി.
Also Read:നല്ല നേതൃത്വമാണ് നല്ല ജനതയുടെ ലക്ഷണം

ഒരിക്കല്‍ യുദ്ധത്തിന്നു കൂടെ പോന്നിട്ടില്ലാത്തവരെ അവരും യുദ്ധം ചെയ്യുന്നവരെപ്പോലെ കൂലി വാങ്ങിക്കൊണ്ടിരിക്കുന്നുവെന്നും മനസ്സു കൊണ്ട് അവര്‍ നമ്മോടൊപ്പമുണ്ടെന്നും നബി(സ) അനുചരരോട് പറയുകയുണ്ടായി. അവരുടെ ആത്മാര്‍ത്ഥമായ കരുതലും നിഷ്‌കളങ്ക മനസ്സുമായിരുന്നു ഇതിനു കാരണം. സൂറത്ത് ഹജ്ജില്‍ അല്ലാഹു മുശ്‌രിക്കുകളോട് അവരുടെ കര്‍മ്മത്തെ വിലയിരുത്തി ഇങ്ങനെ പറയുകയുണ്ടായി: ''അവയുടെ രക്തമോ മാംസങ്ങളോ അല്ലാഹുവിന്നു എത്തുകയില്ല. എങ്കിലും അല്ലാഹുവിലേക്കു നിങ്ങളുടെ സൂക്ഷ്മത എത്തുന്നതാണ്.'' (ഹജ്ജ് : 37) ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ആധുനിക സമൂഹം കാട്ടിക്കൂട്ടുന്ന കോപ്രായത്തങ്ങള്‍ക്ക് വിലയില്ലെന്നു നടേ ഉദ്ധരിച്ച സംഭവങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് ബോധ്യപ്പെടും. മുതലാളിയുടെ സംതൃപ്തിയോ ബോസിന്റെ അംഗീകാരമോ നേതാവിന്റെ മുഖസ്തുതിയോ അല്ല പരിഗണിക്കേണ്ടത്. സര്‍വ്വശക്തനും പ്രതാപവാനും എല്ലാം നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അല്ലാഹു കാണുന്നുണ്ടെന്നും അവന്റെ മുന്നില്‍ ഹാജറാവേണ്ടവനാണെന്നും തന്റെ ആത്മാര്‍ത്ഥത വിചാരണ ചെയ്യപ്പെടുമെന്നുമുള്ള ബോധത്തിലേക്കു മടങ്ങുമ്പോഴാണ് മനുഷ്യന്‍ യഥാര്‍ത്ഥ നന്മ ചെയ്തവനാകുന്നത്.

വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കായി യുദ്ധം ചെയ്യുന്ന ഓരോര്‍ത്തരെക്കുറിച്ചു റസൂലുല്ലാഹി(സ)യുടെ സവിധത്തില്‍ പറയുകയുണ്ടായി. തിരുമേനി(സ) പ്രതിവചിച്ചു: ''അല്ലാഹുവിന്റെ വചനം ഉന്നതമാകാന്‍ ആരാണോ പോരാടുന്നത് അവരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്തവര്‍.'' വിചാരണ വേളയില്‍ ചിലരുടെ അമലുകള്‍ കാണിച്ച് അവരോട് പറയും- ഇതിനുള്ള പ്രതിഫലം ദുനിയാവില്‍ നിന്നുതന്നെ ലഭിച്ചില്ലെ, അതുമതി. ഇങ്ങനെ പറയാനുള്ള കാരണം ഇഹത്തില്‍ അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അത്രയും അന്യരുടെ സ്തുതിക്കും മറ്റുള്ളവരെ കാണിക്കാനുമായിരുന്നു. ഇങ്ങനെയുള്ള ഫലങ്ങളാണ് നമ്മുടെ കര്‍മ്മങ്ങള്‍ക്കു ലഭിക്കുകയെങ്കില്‍ നഷ്ടം മാത്രമാണ് അവനുള്ളത്. അതുകൊണ്ട് നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും ആത്മാര്‍ത്ഥവും പരലോക പ്രതിഫലം കാംക്ഷിച്ചുമായിരിക്കേണ്ടതാണ്. വിചാരണവേളയില്‍ നിരാശ്രയരായി നരകത്തിലേക്ക് പോകാന്‍ കാരണമാകരുത്. സദുദ്ദേശ്യത്തോടെയാകണം നമ്മുടെ പ്രവര്‍ത്തനങ്ങളും വിചാരവികാരങ്ങളുമെന്നത് അതുകൊണ്ടുതന്നെ പരമമായ വിജയം ആവശ്യമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter