ഖല്‍വത്ത് (ഏകാന്തവാസം) 1

ഏകാഗ്രതാവാസത്തിന് മഹത്തായ നേട്ടങ്ങളും സുപ്രധാനമായ പ്രതിഫലനങ്ങളുമുണ്ട്. അതിന്റെ ഫലങ്ങള്‍ പറിച്ചെടുക്കുകയും മാധുര്യമാസ്വദിക്കുകയും ചെയ്തവര്‍ക്കു മാത്രമേ അവ ഗ്രഹിക്കുവാന്‍ സാധിക്കുകയുള്ളൂ.

മനസ്സിന്റെ ശുദ്ധീകരണം, അതിന്റെ സംസ്‌കരണം, അല്ലാഹുവിന്റെ ആരാധനയിലും അനുസരണയിലുമായി അതിനെ പരിശീലിപ്പിച്ചെടുക്കല്‍, അല്ലാഹുവിന്റെ സഹവാസവുമായുള്ള സാന്ത്വനം നേടല്‍ തുടങ്ങിയവയെല്ലാം  ഖല്‍വത്തിന്റെ നേട്ടങ്ങളില്‍ പെട്ടതാണ്. കുറ്റകൃത്യങ്ങള്‍ക്കായി മനുഷ്യനോട് കല്‍പിക്കുക എന്നത് മനസ്സിന്റെ പ്രകൃതമാണല്ലോ. ജനങ്ങളോടുള്ള സഹവാസഭ്രമം, കളിവിനോദാധാര്‍മികതകളിലേക്കുള്ള ചായ്‌വ്, അല്ലാഹുവിനോടൊത്ത് കഴിഞ്ഞുകൂടുന്നതിനെ വെറുക്കുക, കുറ്റങ്ങളെയും വീഴ്ചകളെയും കുറിച്ച് ആത്മപരിശോധന നടത്തുന്നതിനായി ഏകാന്തമായിരിക്കുന്നതിനോടുള്ള വിമ്മിഷ്ടം തുടങ്ങിയവയെല്ലാം മനസ്സിന്റെ സ്ഥിരം ശീലമാണ്.

എന്നാല്‍, ഈ പ്രകൃതങ്ങള്‍ മാറ്റിയെടുക്കുന്നതിനായി നാം മനസ്സമരമനുഷ്ഠിക്കുകയാണെങ്കില്‍, തുടക്കത്തില്‍ മനസ്സിന് സങ്കോചവും ആലസ്യവുമാണുണ്ടാകുക; പക്ഷേ, താമസിയാതെ അത് വഴങ്ങുവാനും വിധേയമാകാനും തുടങ്ങും. പയ്യെപ്പയ്യെ അല്ലാഹുവിലുള്ള സാന്ത്വനത്തിന്റെ മാധുര്യം അതാസ്വദിക്കാനും അവനുമായുള്ള കൂടിക്കാഴ്ചയുടെ രുചി നുണയാനും തുടങ്ങും; വിശിഷ്യ അത് ആനന്ദതുന്ദിലമാവുകയും ഭൗതികതയുടെ കൂച്ചുവിലങ്ങുകളില്‍ നിന്ന് സ്വതന്ത്രമാവുകയും ഇന്ദ്രിയാതീതലോകങ്ങളുടെ വിസ്തൃത വിഹായസ്സുകളില്‍ നീന്തിത്തുടിക്കുകയും ചെയ്യുമ്പോള്‍. കാരണം, ഈ ഏകാഗ്രതാവാസം മനസ്സിനെ അതിന്റെ സ്രഷ്ടാവിന് വഴങ്ങുവാനും അതിന്റെ നാഥനുമായുള്ള സാന്ത്വനം സ്വായത്തമാക്കാനും പരിശീലിപ്പിക്കുകയാണ്.

രാജാളിപ്പക്ഷിയെ കണ്ടിട്ടില്ലേ? ഉയര്‍ന്ന പര്‍വതങ്ങളില്‍ നിവാസമായിരുന്നപ്പോള്‍ മനുഷ്യരില്‍ നിന്ന് എത്രമാത്രം അകല്‍ച്ചയിലായിരുന്നു അത്! പിന്നീട് മനുഷ്യന്‍ അതിനെ വേട്ടയാടി വീട്ടില്‍ കൊണ്ടുവന്ന് വളര്‍ത്തുകയും പറക്കാതിരിക്കുവാനായി കണ്ണ് മൂടിക്കെട്ടുകയും മാംസം കൊടുത്ത് പോറ്റുകയും സൗമ്യമായി പെരുമാറുകയും ചെയ്യുന്നു. അങ്ങനെ തന്റെ ഉടമയുമായി ഇണങ്ങുകയും ചങ്ങാത്തം സ്ഥാപിക്കയും ചെയ്തുകഴിഞ്ഞാല്‍ അയാള്‍ വിളിക്കുമ്പോള്‍ അത് വരും. കെട്ടഴിച്ച് പറക്കാന്‍ നിര്‍ദേശിച്ചാലത് പറന്നുയരും. വേട്ടയാടുകയും ഉരുവിനെ സുരക്ഷിതമായി കൊണ്ടുവന്നുകൊടുക്കുകയും ചെയ്യും. തന്റെ യജമാനനോടുള്ള യോജിപ്പ് പരിഗണിച്ചാണിത്. ഇനി ഉടമ തിരിച്ചുവരാനായി വിളിച്ചാല്‍ അത് തിരിച്ച് താഴെയിറങ്ങുന്നു. തന്റെ സ്വന്തം താല്‍പര്യത്തെക്കാള്‍ യജമാനന്റെ അഭീഷ്ടങ്ങളാണ് അത് തെരഞ്ഞെടുക്കുന്നത്.

ഇത്തരമവസ്ഥ കാണുന്ന സത്യവിശ്വാസിയായ ഒരാള്‍ ഇങ്ങനെയൊരു വിധേയത്വത്തിന്റെ നില തനിക്ക് നഷ്ടപ്പെടുന്നുവല്ലോ എന്നോര്‍ത്ത് ദുഃഖിച്ചും സങ്കടപ്പെട്ടും പാഠമുള്‍ക്കൊണ്ടും മരിച്ചുപോകാന്‍ വരെ കടപ്പെട്ടവനല്ലേ? സത്യവിശ്വാസിയായ ഒരാള്‍ റബ്ബിനോട് എന്നതിനേക്കാള്‍, അവന്റെ പക്ഷി അവനോട് അനുസരണവും വിധേയത്വവും ഔചിത്യപരിഗണനയും ഉപദേശം മുറുകെപ്പിടിക്കലും കൂടുതല്‍ ഉള്ളതായിത്തീരുക!
ഏകാഗ്രതാവാസം ഹൃദയത്തിനും ചിന്തക്കും ബുദ്ധിക്കും വഴിക്കുവഴിയായി വരുന്ന ഭൗതിക ജോലിത്തിരക്കുകളില്‍ നിന്ന് വിശ്രമം നല്‍കുന്നതാണ്. തുടരെത്തുടരെയുണ്ടാകുന്ന മനഃപ്രയാസങ്ങളില്‍ നിന്ന് ഖല്‍വത്ത് സാന്ത്വനം നല്‍കുകയും ചെയ്യും. തത്സമയം അടിമ ഈമാനിന്റെ രുചി ആസ്വദിക്കും. പ്രശാന്തതയുടെയും സൗഭാഗ്യത്തിന്റെയും മന്ദമാരുതന്‍ ശ്വസിക്കുവാനും അവന് കഴിയുന്നതാണ്. ഇവ്വിഷയകമായി ചില പണ്ഡിതസാരഥികളുടെ പ്രസ്താവങ്ങള്‍ നമുക്ക് പരിശോധിച്ചുനോക്കാം.

അബൂഥാഹിര്‍ മുഹമ്മദുബ്‌നു യഅ്ഖൂബ് അല്‍ഫൈറൂസാബാദി-ലോകപ്രശസ്തമായ അല്‍ഖാമൂസിന്റെ രചയിതാവാണദ്ദേഹം-ദിവ്യസന്ദേശ ലബ്ധിക്കു മുമ്പുണ്ടായിരുന്ന പ്രവാചകീയാവസ്ഥയെക്കുറിച്ചെഴുതുന്നു: വഹ്‌യിന്റെ നാളുകള്‍ അടുത്തുവന്നപ്പോള്‍ തിരുമേനി(സ്വ)ക്ക് ഒറ്റക്കിരിക്കലും ഏകാന്തവാസവും പ്രിയങ്കരമായി. അങ്ങനെ അവിടന്ന് ഹിറാപര്‍വതത്തില്‍ ഒറ്റക്കിരിക്കുമായിരുന്നു. കഅ്ബയില്‍ നിന്ന് മൂന്നു നാഴിക അകലെയാണിത്. ഈ മലയില്‍ ചെറിയ ഒരു ഗുഹയുണ്ട്. നാല് മുഴമാണതിന്റെ നീളം. വീതിയാകട്ടെ ചിലേടത്ത് ഒരു മുഴവും ഒരു മുഴത്തിന്റെ മൂന്നിലൊരു ഭാഗവും; മറ്റു ചിലേടത്ത് അതിലും കുറവ്. ഈ സ്ഥലമാണ് ഏകാഗ്രതാവാസത്തിനായി നബി(സ്വ) തെരഞ്ഞടുത്തത്.

ഗുഹയില്‍ നബി(സ്വ)യുടെ ആരാധനാരീതി എങ്ങനെയായിരുന്നു എന്നത് സംബന്ധിച്ച് പണ്ഡിതലോകത്ത് രണ്ടഭിപ്രായമുണ്ട്. ചിന്താനിമഗ്നനായിരിക്കുകയായിരുന്നു എന്നാണ് ഒരു പക്ഷം. മറ്റൊരഭിപ്രായം, ദിക്‌റ് ചൊല്ലിക്കൊണ്ടാണ് തിരുമേനി(സ്വ) ആരാധനയില്‍ ഏര്‍പ്പെട്ടിരുന്നത് എന്നാണ്. ആദ്യത്തെ അഭിപ്രായം അവലംബാര്‍ഹമോ പരിഗണനീയമോ അല്ല. കാരണം, സത്യത്തിന്റെ പന്ഥാവ് അന്വേഷിക്കുന്നവരുടെ ഏകാന്തതാവാസം ഭിന്നരീതികളിലായിരിക്കുന്നതാണ്.

ഒന്ന്: സത്യസന്ധനായ റബ്ബില്‍ നിന്ന് സത്യസന്ധമായ ജ്ഞാനം കൂടുതല്‍ അന്വേഷിച്ചുകൊണ്ടുള്ളതായിരിക്കും ഇവരുടെ ഖല്‍വത്ത്. ഇത് ആലോചനയുടെയും ചിന്തയുടെയും വഴിയിലൂടെയാകില്ല. സത്യത്തിന്റെയാളുകളുടെ പരമമായ ഉദ്ദേശ്യമായിരിക്കും ഇത്. കാരണം, തന്റെ ഏകാന്തതാവാസത്തില്‍ ഒരാള്‍ ഏതെങ്കിലും ഒരു സൃഷ്ടിയെ അഭിമുഖീകരിക്കുകയോ എന്തെങ്കിലുമൊരു കാര്യത്തെപ്പറ്റി ചിന്തിക്കുകയോ ചെയ്താല്‍ അയാള്‍ ശരിയായ ‘ഖല്‍വത്തി’ലല്ല.

തസ്വവ്വുഫിന്റെയാളുകളുടെ മാര്‍ഗം അന്വേഷിച്ചുനടക്കുന്നവരില്‍ പെട്ട ഒരു മുരീദ് മഹോന്നതനായ ഒരു ആത്മജ്ഞാനിയോടപേക്ഷിച്ചു: അങ്ങയുടെ ഏകാന്തതാവാസത്തിനിടെ അല്ലാഹുവിങ്കല്‍ ഈ വിനീതനെയും ഓര്‍ക്കേണമേ. അദ്ദേഹം പ്രതികരിച്ചു: ഇടക്ക് നിന്നെ അനുസ്മരിക്കുകയാണെങ്കില്‍ ഞാന്‍ അല്ലാഹുവൊന്നിച്ചുള്ള ഖല്‍വത്തില്‍ ആവുകയില്ലല്ലോ! ‘എന്നെ ആര് അനുസ്മരിക്കുന്നുവോ അവന്റെ കൂടെ ഞാന്‍ ആയിരിക്കുന്നതാണ്’ എന്ന വചനത്തിന്റെ രഹസ്യം ഇവിടെ വ്യക്തമായി ഗ്രഹിക്കാം. ഇങ്ങെനയുള്ള ഏകാന്തതാവാസത്തിന് ഒരുപാധിയുണ്ട്-അവന്റെ ശ്വാസവും ആത്മാവും കൊണ്ടുള്ള ദിക്‌റാവണം അത്; ശരീരവും നാവും കൊണ്ടാകരുത്.

രണ്ടാമത്തേത് ചിന്ത തെളിയാനായി അനുവര്‍ത്തിക്കുന്ന ഏകാന്തവാസമാണ്. ഭിന്നവിജ്ഞാനീയങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ചിന്താഗതി ശരിപ്പെട്ടുകിട്ടുന്നതിനായുള്ളതാണിത്. ബുദ്ധിയുടെ തുലാസില്‍ നിന്ന് വിദ്യ തേടുന്നവരുടേതായിരിക്കും ഈ ഖല്‍വത്ത്. ആ തുലാസാകട്ടെ അതീവലോലവും, ചെറിയൊരു ദേഹേച്ഛ മൂലം നേരായ അവസ്ഥയില്‍ നിന്ന് തെന്നിത്തെറിച്ചുപോകുന്നതുമാകുന്നു. റബ്ബിന്റെ പാതയന്വേഷിക്കുന്നവര്‍ ഇതുപോലുള്ള ഏകാന്തതയില്‍ പ്രവേശിക്കയില്ല; അവരുടേത് ദിക്‌റ് കൊണ്ടായിരിക്കും. ചിന്തക്ക് അവരില്‍ യാതൊരു മേല്‍ക്കോയ്മയും ആധിപത്യവും ഉണ്ടാവുകയില്ല. ഇനി, ഖല്‍വത്തിലിരിക്കുന്ന ഒരാളിലേക്ക് ചിന്ത സ്വാധീനം ചെലുത്തി കടന്നുചെല്ലുന്നുവെങ്കില്‍ അയാള്‍ യഥാര്‍ഥ ഖല്‍വത്തിന്റെ ആളല്ലെന്ന് മനസ്സിലാക്കിയേ പറ്റൂ. തന്റെ ഏകാന്തതയില്‍ നിന്ന് അയാള്‍ പുറത്തുവരണം. ശരിയായ ദൈവികവിജ്ഞാനത്തിന്റെ ആളല്ല താനെന്നയാള്‍ ഗ്രഹിക്കുകയും ചെയ്യണം. കാരണം, അയാള്‍ ദിവ്യജ്ഞാനത്തിന്റെ ആളായിരുന്നുവെങ്കില്‍, തനിക്ക് തലകറക്കമുണ്ടാക്കിയ ചിന്തയുടെയും തന്റെയുമിടക്ക് പടച്ചവന്റെ കാവല്‍ മറയായി ഭവിച്ചിരുന്നേനെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter