ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ 140 കോടി ജനങ്ങള് വീണ്ടും വീണ്ടും വഞ്ചിക്കപ്പെടുകയാണോ...

പ്രജാപതിക്ക്........... അതിനെ കുറ്റപ്പെടുത്തുന്നവര്‍ ദേശദ്രോഹികള്‍... പ്രജാപതി പ്രതിസന്ധിയിലാകുമ്പോഴെല്ലാം രാജ്യസുരക്ഷ അപകടത്തിലാവുന്നു, അതിര്‍ത്തിയില്‍ യുദ്ധത്തിന്റെ കാര്‍മ്മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു..... (ധര്‍മ്മപുരാണത്തില്‍നിന്ന്)
ഒ.വി വിജയന്റെ ധര്‍മ്മപുരാണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി, ഇടക്കിടെ ഓര്‍മ്മയിലേക്ക് കടന്നുവരുന്നത് പതിവാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് ഭീകരരെന്ന് പറയപ്പെടുന്നവരോടൊപ്പം പോലീസ് പിടിയിലായപ്പോഴാണ്, ധര്‍മ്മപുരാണത്തിലെ ആ വരികള്‍ വീണ്ടും ഓര്‍ത്തത്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണ് ഇന്ത്യ. ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കുമെല്ലാമിടയിലും, നൂറ്റിനാല്‍പത് കോടിയോളം വരുന്ന ഇന്ത്യക്കാരെല്ലാം അക്കാര്യത്തില്‍ അഭിമാനിക്കുന്നവരുമാണ്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാമെല്ലാം ഏതാനും ചില വ്യക്തികളുടെയും ആര്‍.എസ്.എസിന്റെയും (രാഷ്ട്രീയ പാര്‍ട്ടികളുടേതെന്ന് പോലും പറയാനാവില്ല) സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി, വഞ്ചിക്കപ്പെടുകയാണെന്നതല്ലേ സത്യം. 
അധികാരത്തിലേക്ക് കടന്നുകയറാനും എത്തിപ്പെട്ടവ കൈവിട്ടുപോവാതിരിക്കാനും ഫാഷിസ്റ്റുകള്‍ സ്വപ്നം കാണുന്ന മതരാഷ്ട്രത്തിലേക്ക് പാതയൊരുക്കാനുമായി, പലപ്പോഴും നടത്തുന്നത് കൈവിട്ട കളികളാണെന്ന് പറയാതെ വയ്യ. അവക്ക് മുമ്പില്‍, രാഷ്ട്ര രക്ഷയോ സൈനികരുടെ ജീവനുകളോ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെയും മതാനുയായികളെയും കുരുതി കൊടുക്കുന്നത് പോലുമോ പ്രശ്നമല്ലാതായി മാറുന്നതാണ് നാം കാണുന്നത്. ഗോധ്രയും പാര്‍ലിമെന്റ് ആക്രമണവും മുതല്‍ പുല്‍വാമ വരെ അത് പ്രകടമാണ്. എല്ലാം നേരത്തെ തയ്യാറാക്കുന്ന തിരക്കഥകളുടെ അഭിനയങ്ങള്‍ മാത്രം.  അധികാരക്കസേരകളും ചൌകീദാറുമെല്ലാം അതിലെ ക്ലൈമാക്സുകളും. 
100 കിലോ സ്ഫോടകവസ്തുക്കളുമായി ഇന്ത്യന്‍ സൈന്യത്തിന്റെയടുത്തേക്ക് ഒരു തീവ്രവാദിക്ക് അനായാസം എത്തണമെങ്കില്‍, അയാളെ പറഞ്ഞയച്ചത് കപ്പലിലെ കള്ളന്‍മാര്‍ തന്നെ ആവാതെ വഴിയില്ല.  
ഇത്തരം കഥകളിലേക്കാവശ്യമായ അഭിനേതാക്കളെ വളരെ വേഗം കണ്ടെത്താവുന്നതേയുള്ളൂ. കശ്മീര്‍ പോലെ, സ്വസ്ഥജീവിതമെന്നത് കേവലം സ്വപ്നമായി മാറിയ ഭൂമികകളിലെല്ലാം ഇത്തരം അഭിനേതാക്കള്‍ വേണ്ടത്ര ലഭ്യമാണ്. ചിലര്‍ അറിഞ്ഞുകൊണ്ട് തന്നെ, സ്വസ്ഥ ജീവിതമെന്ന മോഹനവാഗ്ദാനങ്ങളില്‍ പെട്ട് ഇതിന് തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പീഢനങ്ങളേറ്റ് സഹിക്ക വയ്യാതെ ഇത്തരം കൃത്യങ്ങള്‍ ചെയ്യാമെന്ന് ഏറ്റെടുക്കുമ്പോള്‍, മറ്റു ചിലര്‍ സമര്‍ത്ഥമായി വഞ്ചിക്കപ്പെട്ടുമാണ് ഇതിലെത്തുന്നത് എന്നതും പ്രസ്താവ്യമാണ്. 
ഇത്തരം തിരക്കഥകളില്‍, പ്രജാപതിയോടും ശിങ്കിടികളായ സംവിധായകരോടും കൂടെ നില്‍ക്കുന്നവരെ തേടി ഫലകങ്ങളും അവാര്‍ഡുകളും വന്നുകൊണ്ടേയിരിക്കുന്നു. എതിര്‍ക്കുന്നവരും ഈ സത്യം തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നവരുമെല്ലാം ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്നു. ഹേമന്ദ് കര്‍കറെയും ജസ്റ്റിസ് ലോധയും ഗൌരീ ലങ്കേശുമെല്ലാം ഇവരില്‍ ചിലര്‍ മാത്രം. 
പൌരത്വനിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യമൊട്ടുക്കും പ്രതിഷേധങ്ങള്‍ കൊടുംബിരികൊള്ളുമ്പോള്‍, അവയെ തല്‍ക്കാലത്തേക്ക് ശമിപ്പിക്കാനും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനുമുള്ള ഏറ്റവും നല്ല ആയുധം ഒരു ഭീകരാക്രമണം തന്നെയാണ്. അത്, റിപ്പബ്ലിക് ദിനത്തിലായാല്‍ ബലേഭേഷ്. ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പുകള്‍ നേരത്തെ നല്‍കി, അവയുടെ വിശ്വാസ്യതക്ക് ഒന്ന് കൂടി ആക്കം കൂട്ടുന്നതും ഇതിലെ പതിവുരീതിയാണ്. പക്ഷേ, ഇത്തവണ, ആര്‍ക്കോ സംഭവിച്ച കൈയ്യബദ്ധം എന്നേ പറയാവൂ, സഹസംവിധായകരില്‍ ഒരാള്‍ വഴിയില്‍ വെച്ച് പിടിക്കപ്പെട്ടിരിക്കുന്നു. 

വേണ്ടവിധം ചോദ്യം ചെയ്താല്‍ പലതും പുറത്ത് കൊണ്ടുവരാം, അതിലുപരി, ഭാവിയില്‍ ഇത്തരം നാടകങ്ങള്‍ക്ക് നിയന്ത്രണവും വരുത്താം. പക്ഷേ, ഇത്തവണയും അതിന് പ്രജാപതികള്‍ സമ്മതിക്കുമെന്ന് തോന്നുന്നില്ല, കാരണം, കേസ് ഏല്‍പിച്ചിരിക്കുന്ന അന്വേഷണ ഏജന്‍സികള്‍ പോലും അവിശ്വാസത്തിന്റെ നിഴലിലാണ്. അഥവാ, കാര്യമായ ചര്‍ച്ചക്ക് പോലും വകനല്‍കാതെ ഇതും കുഴിച്ചുമൂടപ്പെടുമെന്നര്‍ത്ഥം. രാജ്യത്തെ പ്രതിപക്ഷ കക്ഷികള്‍ക്ക് പോലും ഇതൊന്നും വലിയ വിഷയമാവുന്നില്ലല്ലോ എന്നതാണ് ഏറെ സങ്കടകരം. 

എല്ലാം കഴിഞ്ഞ്, വിധിപോലും നടപ്പാക്കപ്പെട്ട ശേഷമാണ് പലപ്പോഴും നാം ഈ വഞ്ചനയുടെ കഥകള്‍ ഓരോന്നോരോന്നായി തിരിച്ചറിയുന്നത്. തൂക്കിലേറ്റപ്പെട്ടവര്‍ പറയാന്‍ ശ്രമിച്ചതും ഓരോന്നിലും അസംതൃപ്തരായി, അത് അടക്കിവെക്കാനാവാതെ അവസാനം പുറത്തുവന്ന് എല്ലാം വിളിച്ചുപറയുന്നതുമെല്ലാം നാം കേള്‍ക്കുന്നത് എല്ലാം കഴിഞ്ഞ ശേഷം മാത്രമാണ്.  പക്ഷെ, അപ്പോഴേക്കും എല്ലാം പഴങ്കഥകളായിട്ടുണ്ടാവും, പ്രജാപതിയും ശിങ്കിടികളും പുതിയ തിരക്കഥകളുടെ പണിപ്പുരയിലും. അപ്പോഴും വിഢികളാകുന്നത് പൊതുജനം തന്നെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter