ബിദായതുല്‍ ഹിദായ: സന്മാര്‍ഗത്തിന്റെ പടിപ്പുര

ഹുജ്ജതുല്‍ ഇസ്‌ലാം മുഹമ്മദ്ബ്‌നു മുഹമ്മദുല്‍ ഗസ്സാലി (റ)യുടെ രു വിശിഷ്ട കൃതിയാണ് ‘ബിദായത്തുല്‍ ഹിദായ’. ‘ഇഹ്‌യാഉലൂമ’ടക്കം അറബിയിലും ഫാരിസിയിലുമായി അനേകം ബൃഹദ് ഗ്രന്ഥങ്ങള്‍ തയ്യാറാക്കിയ ഇമാം ഗസ്സാലി(റ)വിന്റെ സാമാന്യം ചെറുതെങ്കിലും നിരവധി അമൂല്യ ജ്ഞാനങ്ങളുടെ കലവറയാണ് ഈ രചന.
വിജ്ഞാന ലോകത്തേക്ക് പ്രവേശനമാഗ്രഹി ക്കുന്നവര്‍ക്ക് യഥാര്‍ത്ഥ വിജ്ഞാനം, വിദ്യാഭ്യാസ രീതി, ആരാധനകള്‍, മറ്റു ജീവിത ശീലങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സുവ്യക്തമായ ദര്‍ശനങ്ങള്‍ ഇമാം വരച്ചു കാട്ടുന്നു.
സത്യസന്ധമായ ആഗ്രഹവും അമിത ദാഹവുമായി ഇല്‍മ് (വിജ്ഞാനം) തേടിയിറങ്ങിയ വിദ്യാര്‍ത്ഥിയെ അഭിസംബോധനം ചെയ്താണ് പ്രദിപാദനം ആരംഭിക്കുന്നത്. ദുരുദ്ദേശവുമായി ഇല്‍മിനെ സമീപിക്കുന്നവരെ ഗ്രന്ഥം താക്കീത് ചെയ്യുന്നു. ”വിജ്ഞാന സമ്പാദനം വഴി മാത്സര്യവും അഭിമാന പ്രകടനവും ജനശ്രദ്ധയാകര്‍ഷിക്കലും ഭൗതിക സൗകര്യങ്ങളുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നീ നിന്റെ ദീനിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. നിന്റെ ശരീരത്തെ നശിപ്പിക്കാന്‍ പ്രയത്‌നി ക്കുകയാണ്. ഭൗതിക ലോകത്തിന് പകരം നിന്റെ പരലോകത്തെ വില്‍ക്കാനുള്ള യത്‌നത്തിലാണ്. ഇത് നഷ്ടകച്ചവടവുമാണ്.
ഹിദായത്തി (സന്‍മാര്‍ഗത്തിനെ) നെ ആത്മാര്‍ത്ഥ ലക്ഷ്യമായി മുന്നില്‍ കണ്ട് വിദ്യാഭ്യാസത്തിനി റങ്ങുന്നവര്‍ക്ക് ശുഭവാര്‍ത്ത നല്‍കുകയും അവരുടെ ശോഭനഭാവിയെ പ്രതിപാദിക്കുകയും ചെയ്യുന്നു. ”അങ്ങനെയെങ്കില്‍ നിന്റെ വഴിയില്‍ മലക്കുകള്‍ ചിറക് വിടര്‍ത്തിത്തരും. സമുദ്ര മത്സ്യങ്ങള്‍ നിനക്ക് വേണ്ടി പൊറുക്കലിനെ തേടും.
ജ്ഞാനത്തിന്റെ ഫലം സന്‍മാര്‍ഗ്ഗ (ഹിദായത്ത്) മാണ്. സന്‍മാര്‍ഗ്ഗത്തിന്റെ പ്രാരംഭമുറകള്‍ പാലിച്ചാല്‍ മാത്രമേ അവസാന ഭാഗങ്ങളിലെത്തിച്ചേരാനാവൂ. അത് കൊണ്ടാണ് ഇവിടെ ഇമാം ഗസ്സാലി (റ) ഹിദായത്തിന്റെ പ്രാംരംഭ ശീലങ്ങളെ കുറിച്ച് വിവരിക്കുന്നത്.
തഖ്‌വ (ഭയഭക്തി)യുള്ളവര്‍ക്ക് മാത്രമാണ് സന്‍മാര്‍ഗ്ഗം കരഗതമാക്കാനാവുക. അടിമക്കും തമ്പുരാനുമിടയിലെ മറകള്‍ നീങ്ങുന്ന ആന്തരിക ഭയഭക്തിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ബാഹ്യ ഭയഭക്തിയെകുറിച്ചറിയണം. ‘ബിദായത്തുല്‍ ഹിദായ’ (സന്‍മാര്‍ഗത്തിന്റെ സമാരംഭം) എന്നാല്‍ ബാഹ്യഭക്തി എന്നര്‍ത്ഥം. അല്ലാഹുവിന്റെ കല്‍പ നകള്‍ അനുസരിക്കുകയും നിരോധനാജ്ഞകള്‍ പാലിക്കുകയും  ചെയ്യുക എന്നതാണ് തഖ്‌വയുടെ നിര്‍വചനം. അത് കൊണ്ട് കല്‍പനകള്‍ക്ക് കീഴ്‌പ്പെടുക, പാപങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുക. എന്നീ രണ്ട് വിഭാഗങ്ങളെ പറ്റി ഗ്രന്ഥം വിശദമായി പ്രതിപാദിക്കുന്നു.
അല്ലാഹുവിനെ അനുസരിക്കുക


Also Read: ഇമാം ഗസ്സാലി (എ.ഡി 1058-1111)


ഉറക്കമുണരുന്നതോടെ വിശ്വാസിയുടെ കര്‍മരംഗം തുടങ്ങുന്നു. സുബ്ഹി സമയത്തിന് മുമ്പ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുക. നിന്റെ ഹൃദയത്തിലും നാവിലും ആദ്യം പ്രത്യക്ഷപ്പെടുന്നത് അല്ലാഹുവിന്റെ സ്മരണകളായിരിക്കട്ടെ. വിശ്വാസിയുടെ ഓരോ നിമിഷങ്ങള്‍ക്കുമെന്ന പോലെ വസ്ത്ര ധാരണത്തിനും ഒരു ഇസ്‌ലാമിക മാനമുണ്ട്. ”വസ്ത്രം ധരിക്കുമ്പോള്‍ ഔറത്ത് മറക്കുകയെന്ന പോലെ അല്ലാഹുവിന്റെ കല്‍പനയെ അനുസരിക്കുയാണ് എന്ന് നീ കരുതുക. അത് ഞാന്‍ വസ്ത്രങ്ങള്‍ കൊണ്ട് ജനങ്ങളെ കാണിക്കലാണ് എന്ന് ഉദ്ദേശിക്കുന്നത് സൂക്ഷിക്കുക. അങ്ങനെയെങ്കില്‍ നീ പരാജയമടയും.
സമയനിയന്ത്രണത്തിന്റെ സവിശേഷമായ പാഠങ്ങള്‍ ഗ്രന്ഥം നമുക്ക് പകര്‍ന്നു നല്‍കുന്നു. സുബ്ഹി നിസ്‌കാരത്തിന് ശേഷം സൂര്യോദയം വരെയുള്ള നിന്റെ സമയങ്ങള്‍ നാല് കാര്യങ്ങളിലായി വിഭജിക്കപ്പെടണം. ഒന്ന്, പ്രാര്‍ത്ഥനകളിലായിരിക്കുക. രണ്ടാമത്തേത് ദിക്‌റുകള്‍ക്കും തസ്ബീഹുകള്‍ക്കും ഒരു തസ്ബീഹ് മാലയില്‍ ആവര്‍ത്തിച്ച് ചൊല്ലുക. ഖുര്‍ആന്‍ പാരായണത്തിന്ന് വേണ്ടി മറ്റൊന്നും വിചാരപ്പെടലുകള്‍ക്ക് വേണ്ടിയും സമയം നീക്കി വെക്കുക. അന്നേരം നീ സ്വന്തം തെറ്റ് കുറ്റങ്ങള്‍ യജമാനനെ ആരാധിക്കുന്നതില്‍ നിന്റെ വീഴ്ച അവന്റെ വേദനാജനകമായ ശിക്ഷക്കും കഠിന കോപത്തിനും വിധേയനാകേണ്ടി വരുന്ന നിന്റെ അവസ്ഥ എന്നിവയെ പറ്റി ചിന്തിക്കുക.
സൂര്യോദയം വരെ സംസാരവും ഭൗതിക ചുറ്റുപാടുകളുമില്ലാതെ വിശ്വാസി നാഥന്റെ സ്മരണയില്‍ കഴിയുന്നു. പിന്നീട് ളുഹ്‌റ് വരെയുള്ള സമയത്തിനിടയില്‍ ളുഹാ നിസ്‌കാരവുമുണ്ട്. ശേഷിക്കുന്ന സമയം നാല് കര്‍ത്തവ്യങ്ങളില്‍ വിനിയോഗിക്കാമെന്ന് ഗസ്സാലി (റ) പഠിപ്പിക്കുന്നു. ഒന്ന്, ഉപകാര പ്രദമായ വിജ്ഞാനം നേടിയെടുക്കുക. അതാണ് ഏറ്റവും പുണ്യകരം. വിജ്ഞാനമെന്ന് പേരു വിളിച്ച് ജനം പാടുപെട്ട് നേടിയെടുക്കുന്ന ചില വസര്‍ജ്യങ്ങളല്ല അവ. ഉപകാരപ്രദമായ വിജ്ഞാനം, അല്ലാഹുവിലുള്ള ഭയവും സ്വന്തം ന്യൂനത കണ്ടെത്താനുള്ള ഉള്‍കാഴ്ചയും നാഥനെ ആരാധിക്കാനുള്ള അറിവും വര്‍ദ്ധിപ്പിക്കുന്നു.
രണ്ട്: ദിക്‌റ്, ഖുര്‍ആന്‍, തസ്ബീഹ്, സ്വലാത്ത് മുതലായ ആരാധനാകര്‍മങ്ങളാല്‍ സമയം ധന്യമാക്കുക. ഉപകാരപ്രദമായ വിജ്ഞാനം നേടിയെടുക്കാന്‍ സാധിച്ചില്ലെങ്കിലാണ് ഈ മാര്‍ഗം. സച്ചരിതരുടെയും ആബിദീങ്ങളുടെയും പാതയാണിത്. ഇത് വഴിയും നിനക്ക് വിജയിക ളോടൊപ്പം ചേരാം.
മൂന്ന്: മുസ്‌ലിംകള്‍ക്ക് നേട്ടം ലഭിക്കുന്ന, വിശ്വാസികളുടെ മനം കുളിര്‍പ്പിക്കുന്ന കാര്യങ്ങളിലോ സച്ചരിതര്‍ക്ക് സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ സൗകര്യപ്പെടുന്ന പ്രവര്‍ത്തികളിലോ ഏര്‍പ്പെടുക. പണ്ഡിതര്‍ക്കും സൂഫികള്‍ക്കും ദീനീബോധമള്ളവ ര്‍ക്കും സേവനം ചെയ്യുക. അഗതി-ദരിദ്രര്‍ക്ക് അന്നം നല്‍കാന്‍ ശ്രമിക്കുക. രോഗികളെ സന്ദര്‍ശിക്കാനും മരിച്ചവരെ പരിപാലിക്കാനുമൊക്കെ ഓടിനടക്കുക മുതലായവ ഈ വിഭാഗത്തില്‍ പെടുന്നു.
നാല്: ഇക്കാര്യങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ നിനക്കോ ആശ്രിതര്‍ക്കോ സമ്പാദിച്ചുകൊണ്ട് നിന്റെ ആവശ്യങ്ങള്‍ നിറവേറ്റുക. മുസ്‌ലിംകള്‍ക്ക് നിന്നില്‍ നിന്ന്്, നിന്റെ നാവില്‍നിന്ന് അരുതാത്തതൊന്നും സംഭവിക്കാതെയും ദീന്‍ കളഞ്ഞ് കുളിക്കാതെയുമാ യിരിക്കണമിത്. കുറ്റങ്ങള്‍ ചെയ്യാതിരിക്കുക. അങ്ങനെയെങ്കില്‍ സമുന്നതരോടൊപ്പം എത്താന്‍ കഴിയില്ലെങ്കിലും നല്ലവരുടെ പക്ഷത്തിരിക്കാന്‍ കഴിയും. ദീനിന്റെ കാര്യങ്ങളില്‍ അവസാനത്തെ പടിയാണിത്. ഇതിന്നും പിറകിലുള്ളത് ചെകുത്താന്റെ മേച്ചില്‍പുറങ്ങളാണ്. സ്വന്തം ദീനിനെ തകര്‍ക്കുന്ന, അല്ലാഹുവിന്റെ ഏതെങ്കിലുമൊരു അടിമയെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ (അല്ലാഹു കാക്കട്ടെ) ചെയ്യുകയാണവ. നശിക്കുന്നവരുടെ ഈ നിലയില്‍ പെടുന്നത് നീ സൂക്ഷിക്കണം.
ഉണരുക, വിസര്‍ജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുക, കുളി, തയമ്മം, പള്ളിയിലേക്ക് പുറപ്പെടുക, പള്ളിയില്‍ പ്രവേശിക്കുക, സൂര്യോദയം മുതല്‍ ളുഹ്‌റ് വരെയുള്ള സമയം, നിസ്‌കാരത്തിന്റെ തയ്യാറെടുപ്പ്, ഉറക്കം, നിസ്‌കാരം, ഇമാമത്ത്,  ജുമുഅ, നോമ്പുകള്‍ എന്നിവയുടെ രൂപങ്ങളും മര്യാദകളും ഉള്‍കൊള്ളുന്നതാണ് ആരാധനയെ കുറിച്ചുള്ള ആദ്യഭാഗം. കുറ്റങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക
ദീനിന് രണ്ട് ഭാഗങ്ങളുണ്ട്. നിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കുയാണ് ഒന്ന്. രണ്ടാമത്തേത് കല്‍പ്പനകള്‍  അനുസരിക്കുക എന്നതും. നിരോധിച്ച കാര്യങ്ങള്‍ ഒഴിവാക്കുകയാണ് അതികഠിനം. എല്ലാവര്‍ക്കും കല്‍പ്പനകള്‍ അനുസരിക്കാന്‍ കഴിയും. എന്നാല്‍ വികാരങ്ങളെ പുറംതള്ളാന്‍ സിദ്ദീഖീങ്ങള്‍ക്കു (സത്യനിഷ്ടര്‍) മാത്രമേ സാധിക്കൂ. നിരോധിച്ച കാര്യങ്ങള്‍ വെടിയുന്നതിനെപ്പറ്റി പ്രതിപാദിക്കുന്നതാ ണ് ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗം.
”നിന്റെ അവയവങ്ങള്‍ കൊണ്ടാണ് അല്ലാഹുവിന് എതിര്‍ വര്‍ത്തിക്കുന്നതെന്ന് നീ അറിയുക. അവയവങ്ങള്‍ അല്ലാഹു നിനക്ക് തന്ന അനുഗ്രഹങ്ങളും നിന്റെ കൈകളിലേല്‍പ്പിച്ച സൂക്ഷിച്ച്‌സ്വത്തുമാണ്. അല്ലാഹുവിന്റെ അനുഗ്രഹം അവനെ ധിക്കരിക്കാന്‍ ഉപയോഗപ്പെടുത്തുന്നത് നന്ദികേടിന്റെ അങ്ങേയറ്റമാണ്. അല്ലാഹു നിന്നെ ഏല്‍പ്പിച്ച സൂക്ഷിപ്പുസ്വത്തിലെ നിന്റെ വഞ്ചന അതിക്രമത്തിന്റെ പരമകാഷ്ടയാണ്. അവയവങ്ങള്‍ നിന്റെ ഭരണീയരാകുന്നു. അവയെ എങ്ങനെ ഭരിക്കണമെന്ന് നീ ചിന്തിക്ക്.
നാവ് മനുഷ്യന്റെ ആശയവിനിമയത്തിനുള്ള പ്രധാന അവയവമാണ്. ഖുര്‍ആന്‍ ഓതുന്ന, ദിക്‌റ് ചൊല്ലുന്ന, അന്യനെ നേരിലേക്ക് വഴിനടത്തുന്ന നാവ് അതിന്റെ ധര്‍മം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ നാവ് കൊയ്‌തെടുക്കുന്ന തിന്മകള്‍, ജനങ്ങളെ നരകാഗ്നിയിലേക്ക് തള്ളിയിടുന്നു. കളവും വാഗ്ദത്തലംഘനവും പരദൂഷണവുമൊക്കെ നാവിന്റെ അവിശുദ്ധ വിളകളാണ്.
ഇസ്‌ലാമിന്റെ ദൃഷ്ടിയില്‍ പരദൂഷണം (ഗീബത്ത്) മുപ്പത് വ്യഭിചാരത്തേക്കാള്‍ അതിരൂക്ഷമാണ്. സ്വയം ഒരു വിചാരണ നടത്തിയാല്‍ മറ്റൊരാളെപ്പറ്റി പരദൂഷണം പറയാന്‍ മനുഷ്യന്‍ താല്‍പര്യം കാണിക്കില്ല. വിചാരണവഴി തന്നില്‍ തന്നെ ന്യൂനത കണ്ടെത്തിയാല്‍ അവനൊരു കാര്യം മനസ്സിലാക്കണം. തനിക്ക് ന്യൂനതകളില്‍നിന്ന് മുക്തനാവാന്‍ കഴിയാത്തതുപോലെ അവനും മുക്തനാവാന്‍ കഴിയില്ല. സ്വന്തം കഴിവുകേടുകള്‍ മറ്റാരും കേള്‍ക്കാന്‍ താന്‍ ആഗ്രഹിക്കാത്തതുപോ ലെ അവനും അത് ആഗ്രഹിക്കില്ല. അവന്റെ ന്യൂനതകള്‍ മറച്ചുപിടിച്ചാല്‍ അല്ലാഹു തന്റെ ന്യൂനതകള്‍ക്ക്‌മേല്‍ മറയിടും. പ്രത്യുത, അവനെ അപകീര്‍ത്തിപ്പെടുത്തുകയാണെങ്കില്‍ ഇഹലോകത്ത് തന്റെ അഭിമാനം കീറിപ്പറിക്കുന്ന നാവുകളെ അല്ലാഹു തനിക്ക്‌മേല്‍ അധികാരപ്പെടുത്തും. പിന്നീട് പരലോകത്തില്‍, ജനമധ്യത്തില്‍വെച്ച് അല്ലാഹു തന്നെ അപകീര്‍ത്തിപ്പെടുത്തും.
ഇനി, മനുഷന്‍ തന്റെ ശരീരത്തിലെ ന്യൂനത കണ്ടെത്തിയില്ലെങ്കില്‍ അവന്‍ മനസ്സിലാക്കുക: സ്വന്തം ന്യൂനതകളെപ്പറ്റിയുള്ള അജ്ഞത വിഡ്ഡിത്വത്തിന്റെ നിന്ദ്യമായ അവസ്ഥയാണ്. വിഡ്ഡിത്വത്തേക്കാള്‍ വലിയ മറ്റൊരു ന്യൂനതയുമില്ല. ഇനി, ന്യൂനതകളില്‍നിന്ന് മുക്തനാണെങ്കില്‍ അവന്‍ ഓര്‍ക്കേണ്ടത് സ്വന്തം പരിശുദ്ധി അന്യന്റെ കുറ്റം പറഞ്ഞ് കളങ്കപ്പെടുത്തരുതെന്നാണ്.


Also Read:ഇമാം ഗസ്സാലി(റ)യുടെ ജ്ഞാനസഞ്ചാരങ്ങള്‍


ഹലാലായ ഭക്ഷണം നീ തേടിപ്പിടിക്കുക, അത് കണ്ടെത്തിയാല്‍ വയറ് നിറയുന്നതിനു മുമ്പ് മതിയാക്കാന്‍ ബദ്ധശ്രദ്ധനായിരിക്കുക. അത് (വയറ് നിറക്കല്‍) ഹൃദയത്തില്‍ കാഠിന്യമുണ്ടാക്കും. മനസ്സിനെ ദുഷിപ്പിക്കും. മനഃപാഠ ശക്തിയെ  താറുമാറാക്കും. അറിവും ആരാധനയും ശാരീരികാവയവങ്ങള്‍ക്ക് ഭാരമാകും. വികാരങ്ങളെ ശക്തിപ്പെടുത്തും. ചെകുത്താന്റെ സൈന്യത്തിന് സഹായം ചെയ്യും. ഹലാല് കൊണ്ട് വയറ് നിറക്കുന്നത് മുഴുവന്‍ തിന്‍മകളുടെയും ഉത്ഭവമാണെങ്കില്‍ ഹറാം വയറ്റില്‍കടന്നാല്‍ എന്തായിരിക്കും സ്ഥിതി?
ശരീരം നന്നാവണമെങ്കില്‍ ഹൃദയത്തെ ശുദ്ധീകരിച്ചുകൊണ്ടിരിക്കണം. ഹൃദയം പേറുന്ന ദോഷങ്ങള്‍ നിരവധിയാണ്. ഹൃദയത്തിന്റെ മൂന്ന് ദുര്‍വൃത്തികളെപ്പറ്റി ഇമാം വിശദമായി സംസാരിക്കുന്നു. പണ്ഡിതരെന്ന് നടിക്കുന്നവരില്‍ ഏറെ കാണുന്ന വിശേഷണങ്ങളാണ് അവ മൂന്നും. അസൂയ, കാപട്യം, അഹങ്കാരം എന്നിവയാണത്.
അസൂയാലു മുഴുസമയവും ശിക്ഷിക്കപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഇഹലോകത്ത് തന്റെ പരിചയക്കാരില്‍ ആര്‍ക്കെങ്കിലും അനുഗ്രഹം ലഭിച്ചു കൊണ്ടിരിക്കും. ഇത് അവന് നരകതുല്യമാണ്. പരലോകത്ത് അവനെ കാത്തുനില്‍ക്കുന്നത് അതിലും ഭയാനകമായ ശിക്ഷയാണ്. തനിക്ക് ഇഷ്ടമുള്ളത് എല്ലാ മുസ്‌ലിംകള്‍ക്കും (ലഭിക്കുന്നത്) ഇഷ്ടപ്പെടുന്നത് വരെ ഒരു അടിമയും യഥാര്‍ത്ഥ വിശ്വാസത്തിലേക്കെത്തുന്നില്ല. മുസ്‌ലിംകളുടെ സന്തോഷത്തിലും സന്താപത്തിലും അവന്‍ പങ്കാളിയാവണം.
സ്ഥാനമാഗ്രഹിക്കുക എന്നത് നാശകാരിയായ ദേഹേച്ഛയില്‍നിന്നാണ് ഉത്ഭൂതമാവുന്നത്. നിഷ്പക്ഷമായി വിലയിരുത്തുകയാണെങ്കില്‍ ജനങ്ങള്‍ തങ്ങളുടെ വിജ്ഞാന-ആരാധനാ കര്‍മങ്ങളധികവും ചെയ്യുന്നത് ജനങ്ങളെ കാണിക്കാന്‍ വേണ്ടിയാണ്. സാധാരണ പ്രവര്‍ത്തന ങ്ങളുടെ കാര്യം അതിലേറെ കഷ്ടവും. കപടനാട്യം പ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കുന്നു.
അല്ലാഹുവിന്റെ ഏതെങ്കിലുമൊരു സൃഷ്ടിയേ ക്കാള്‍ താന്‍ ഉന്നതനാണെന്ന് കരുതിയാല്‍ അവന്‍ അഹങ്കാരിയാണ്. യഥാര്‍ത്ഥ ഉത്തമന്‍ അല്ലാഹുവി ന്റെയടുത്ത് ഉത്തമനായവനാണെന്ന് നീ അറിയണം. അല്ലാഹുവിന്റെ അടുത്ത് ഉന്നതനാരാണെന്നത് അദൃശ്യവും അന്ത്യത്തില്‍ നിക്ഷിപ്തവുമാണ്. അതു കൊണ്ട് മറ്റൊരാളെക്കാള്‍ ഉന്നതനാണെന്ന നിന്റെ വിശ്വാസം തനി അജ്ഞതയാണ്.
ആരെ കണ്ടാലും അവന്‍ തന്നെക്കാള്‍ ഉന്നതനാ ണെന്ന ധാരണ അനിവാര്യമായി വെച്ചു പുലര്‍ത്തണമെന്ന് ഇമാം ഗസ്സാലി(റ) പഠിപ്പിക്കുന്നു.
”ചെറിയവനെ കാണുമ്പോള്‍ നീ പറയുക: ഇവന്‍ അല്ലാഹുവിന് എതിര് വര്‍ത്തിച്ചിട്ടില്ല, ഞാന്‍ അവന് എതിര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അപ്പോള്‍ അവന്‍ എന്നെക്കാള്‍ ഉത്തമനാണെന്നതില്‍ സംശയമില്ല. വലിയവനെ കണ്ടാല്‍ നീ പറയുക: എനിക്ക് മുമ്പേ അല്ലാഹുവിനെ ആരാധിച്ചവനാണിവന്‍. അതിനാല്‍ നിസ്സംശയം അവന്‍ എന്നെക്കാള്‍ ഉത്തമനാണ്. അവന്‍ ജ്ഞാനിയാണെങ്കില്‍ നീ പറയുക: എനിക്ക് തരാത്തത് ഇവന് കൊടുത്തിട്ടുണ്ട്. എനിക്ക് എത്താത്തത് ഇവന്ന് എത്തിയിട്ടുണ്ട്. എനിക്കറിയാത്തത് അവന്നറിയാം. പിന്നെ എങ്ങനെ ഞാന്‍ അവനെപ്പോലെയാകും. അവന്‍ അജ്ഞനാണെങ്കില്‍ നീ പറയുക: അറിവില്ലാതെയാ ണ് അവന്‍ കുറ്റം ചെയ്യുന്നതെങ്കില്‍ അറിവോടുകൂടി യാണ് ഞാന്‍ അല്ലാഹുവിനെ ധിക്കരി ക്കുന്നത്. എനിക്കെതിരെയുള്ള അല്ലാഹുവിന്റെ തെളിവ് ശക്തമാണ്. എന്റെയും അവന്റെയും അന്ത്യമെങ്ങ നെയെന്ന് എനിക്കറിയില്ല. അവന്‍ അമുസ്‌ലിമാ ണെങ്കില്‍ നീ പറയുക: ഒരുവേള അവന്‍ മുസ്‌ലിമാവു കയും സല്‍ക്കര്‍മങ്ങള്‍ കൊണ്ട് അന്ത്യം സംഭവിക്കു കയും ചെയ്യുമോ എന്നറിയില്ല. മുസ്‌ലിമാകു ന്നതോടെ മുടിനാര് മാവില്‍നിന്ന് ഊരപ്പെടുന്നത് പോലെ അവന്‍ ദോഷങ്ങളില്‍നിന്ന് ഊരിപ്പോരും. ഞാനാണെങ്കില്‍ -അല്ലാഹു കാക്കട്ടെ- വഴിപിഴച്ച് കാഫിറാകുന്നതില്‍ ഭയമുള്ളവനാണ്. അങ്ങനെയെ ങ്കില്‍ ചീത്ത കര്‍മങ്ങള്‍കൊണ്ടായിരിക്കും എന്റെ അന്ത്യം. നാളെ അവന്‍ അല്ലാഹുവിന്റെ സമീപസ്ഥ രിലും ഞാന്‍ അല്ലാഹുവില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവരിലുമായിരിക്കും.”
ഗ്രന്ഥത്തിന്റെ അവസാന ഭാഗം സഹവാസ മര്യാദകളെക്കുറിച്ചുള്ളതാണ്. മനുഷ്യന്റെ ജീവിതത്തിലും മരണത്തിലും വിട്ടുപിരിയാത്ത സഹവാസി നാഥനായ അല്ലാഹുവാണ്. അല്ലാഹുവുമായി പാലിക്കേണ്ട പതിനാറ് മര്യാദകള്‍ ഗസ്സാലി ഇമാം വിശദമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍, പണ്ഡിതര്‍ എന്നിവര്‍ക്ക് വേണ്ട മര്യാദകളും മാതാപിതാക്കള്‍, സഹോദര സുഹൃത്തുക്കള്‍, പരിചയക്കാര്‍, അപരിചിതര്‍ എന്നിവയുമായി പുലര്‍ത്തേണ്ട ചിട്ടകളും വിശദമായി പ്രതിപാദിക്കപ്പെടുന്നു.
സന്‍മാര്‍ഗ്ഗത്തിന്റെ പ്രാരംഭദശയെ വ്യക്തമാക്കുന്ന ഈ മഹനീയ കൃതിയുടെ അവസാനത്തില്‍ ഗസ്സാലി (റ) പറയുന്നു: ഈ തുടക്കത്തിന് ഒരു അവസാനമുണ്ടെന്ന് നാം തീര്‍ച്ചപ്പെടുത്തുന്നു. ഇതിനുപിറകെ അനേകം രഹസ്യങ്ങളും ജ്ഞാനങ്ങളും അടിത്തട്ടുകളും വെളിപാടുകളു മുണ്ടെന്ന് നാം ഉറപ്പ് പറയുന്നു. അവയെ നാം ‘ഇഹ്‌യാഉ ഉലൂമുദ്ദീനി’ല്‍ നിക്ഷേപിച്ചിട്ടുണ്ട്. അവയുടെ ശേഖരണത്തില്‍ നീ വ്യാപരിക്കുക.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter