ശഹാദത്ത് : വിശ്വാസത്തിന്റെ അടിത്തറ

മനുഷ്യ സമൂഹത്തിന് സന്മാര്‍ഗ്ഗം കാണിക്കാന്‍ അനേകം പ്രവാചകര്‍ ഈ ലോകത്ത് ആഗതരായിട്ടുണ്ട്. വിവിധ ഭാഷക്കാരായ അവരുടെ പ്രവര്‍ത്തന മേഖലകള്‍ വിഭിന്ന പ്രദേശങ്ങളായിരുന്നു വ്യത്യസ്ത കാലഘട്ടങ്ങളില്‍ പ്രബോധനം നടത്തിയ അവര്‍ അതാത് കാലത്തെ സമൂഹത്തില്‍ തിന്മകള്‍ക്കെതിരെ രംഗത്ത് വന്ന് കൊണ്ട് അല്ലാഹുവിന്റെ നിയമവിധികളാണ് പ്രചരിപ്പിച്ചിരുന്നത്. ജനപദങ്ങള്‍ മാറിക്കൊണ്ടിരുന്നപ്പോള്‍ മനുഷ്യസമൂഹം മാനസികവും ധീഷണപരവുമായി ക്രമേണ പുരോഗതി പ്രാപിച്ചുകൊണ്ടിരുന്നു. ഇതിനനുസരിച്ച് അല്ലാഹുവിന്റെ നിര്‍ദേശാനുസരണം അവന്റെ നബിമാര്‍ മതത്തിന്റെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു. ആദിമപ്രവാചകനായ ആദം നബി (അ) മുതല്‍ അന്തിമ പ്രവാചകന്‍ റസൂല്‍ കരീം(സ) വരെയുള്ള പ്രവാചക ശൃഖല ഒന്നേകാല്‍ ലക്ഷത്തോളം നബിമാര്‍ ഉള്‍ക്കൊണ്ടതാണ്. അവര്‍ മുഴുവനും ഒരു മാറ്റവും വരുത്താതെ ഏറ്റവും പ്രാധാന്യത്തോടെയും ഗൗരവത്തോടെയും പ്രബോധനം ചെയ്ത് പോന്നിരുന്ന ഒരു മൗലിക തത്വമാണ് തൗഹീദ്. ഇസ്‌ലാമിന്റെ ആധാരശിലയായഈ സിദ്ധാന്തത്തിന് നബിമാരുടെ അടിസ്ഥാന പ്രബോധനത്തിലോ വിശദാംശങ്ങളിലോ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഒരാള്‍ മുസ്‌ലിമാകാന്‍ ഈ തത്വം അംശീകരിച്ചു വിശ്വസിച്ചു വ്യക്തമായി മൊഴിഞ്ഞ് സാക്ഷ്യം വഹിക്കണം.

ശഹാദത്ത്

ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തമായ തൗഹീദിന് രണ്ട് വശമുണ്ട്. സൃഷ്ടാവുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തേത്. അല്ലാഹുവിന്റെ ന്യായവിധികളും നിയമങ്ങളും നമുക്കെത്തിച്ച് തരുന്ന പ്രവാചകനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. അല്ലാഹു മാത്രമാണ് ആരാധിക്കാന്‍ അര്‍ഹനെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിച്ച് നാവുകൊണ്ട് വെളിപ്പെടുത്തി മൊഴിഞ്ഞ് സാക്ഷ്യം വഹിക്കുക എന്നതാണ് ഇത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. ഇതിനാണ് ശഹാദത്ത് എന്നു പറയുന്നത്. പ്രവാചകരായ മുഹമ്മദ് നബിയുടെ നിയോഗത്തോട് കൂടി മുന്‍പ്രവാചകര്‍ പ്രബോധനം ചെയ്തിരുന്ന വ്യവസ്ഥിതികള്‍ ദുര്‍ബലമാവുകയും സമഗ്രമായ പുതിയ ‘മുഹമ്മദീയ ശരീഅത്ത്’ നിലവില്‍ വന്നുകഴിഞ്ഞുവെന്നതും സുവിദിതമാണല്ലോ? പക്ഷേ എല്ലാകാലത്തേയും വ്യവസ്ഥിതിയുടെ മൗലികതത്ത്വം ഒന്നു തന്നെയാണെന്നതില്‍ സന്ദേഹമില്ല. ശഹാദത്തിന്റെ ഈ വാചകത്തിനാണ് തൗഹീദിന്റെ വാചകമെന്നും പറയുന്നത്.

തൗഹീദ് 

ഇന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയും നിരവധി സംവാദങ്ങള്‍ക്ക് വഴി തെളിയച്ചതുമായ പദമാണ് തൗഹീദ്. ഇസ്‌ലാമിക സമൂഹം ഭിന്നിക്കാന്‍ പ്രധാന കാരണം തൗഹീദിന്റെ ആശയത്തിലുള്ള അഭിപ്രായ വ്യത്യാസമാണ്. എന്താണ് തൗഹീദ്?

അല്ലാഹു ഉണ്ടെന്ന് അംഗീകരിക്കലാണോ തൗഹീദ്? വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്നത് അറേബ്യയിലെ അവിശ്വാസികള്‍ പൊതുവേ അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിച്ചിരുന്നു എന്നാണ്. സമുദ്രത്തില്‍ വെച്ച് വല്ല ആപത്തുകളിലും അകപ്പെട്ടാല്‍ അല്ലാഹുവോട് മാത്രമായിരുന്നു അവിശ്വാസികള്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. അല്ലാഹു ഉണ്ടെന്ന് അവര്‍ അംഗീകരിച്ചു എന്നതിനും അവര്‍ നാസ്തികള്‍ അല്ലായിരുന്നുവെന്നതിനും ഖുര്‍ആനില്‍ നിരവധി സൂചനകള്‍ കാണാം. പ്രവാചക കാലത്തെ അവിശ്വാസികള്‍ മാത്രമല്ല പൂര്‍വ്വ നബിമാരുടെ കാലത്തെ അവിശ്വാസികളും അല്ലാഹു ഉണ്ടെന്ന് വിശ്വസിക്കുന്നവരായിരുന്നു. ”ഞങ്ങള്‍ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുവാനും പൂര്‍വ്വ പിതാക്കള്‍ ഇബാദത്ത് ചെയ്തിരുന്ന വസ്തുക്കളെ വിട്ട് കളയാനുമാണ് നീ ഞങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നത് എന്ന് ആദ് സമൂഹം പ്രവാചകനായ ഹൂദ് നബ(അ) യോട് ചോദിച്ചത് വിശുദ്ധ ഖുര്‍ആന്‍ (സൂറ:അ അ്‌റാഫ്) സൂചിപ്പിക്കുന്നുണ്ട്. നൂഹ് നബിയുടെ(അ)യുടെ ജനത നശിപ്പിക്കപ്പെട്ട ശേഷം ഒരു സമുദായമെന്ന നിലയില്‍ ലോകത്ത് ഒന്നാമതായി രൂപം കൊണ്ട ജനതയായ ആദ് സമൂഹം അല്ലാഹു ഉണ്ടെന്ന് വിശ്വസിച്ചിരുന്നതായി മേല്‍വാക്യം വ്യക്തമാക്കുന്നു. ആകാശ ഭൂമികളെ സൃഷ്ടിച്ചതും മഴ വര്‍ഷിപ്പിക്കുന്നതും ആരാണെന്ന് ചോദിച്ചാല്‍ അല്ലാഹു ആണെന്ന് മക്കയിലെ അവിശ്വാസികള്‍ മറുപടി പറയാറുണ്ടെന്ന് ഖുര്‍ആനില്‍ പല സ്ഥലത്തും കാണാം.

അതിനാല്‍ അല്ലാഹു ഉണ്ടെന്ന് വിശ്വസിക്കലോ പ്രപഞ്ചത്തേയോ മറ്റോ സൃഷ്ടിച്ചത് അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലോ അല്ല തൗഹീദ്. അല്ലാഹു ഉണ്ടെന്ന വിശ്വാസം മുശ്‌രിക്കുകളെ ശിര്‍ക്കിന്റെ അഗാധ ഗര്‍ത്തത്തില്‍ നിന്ന് തൗഹീദിന്റെ സോപനത്തിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ പര്യപ്തമായിട്ടില്ല എന്നത് അനിഷേധ്യമാണ്. എല്ലാ പ്രവാചകന്മാരും അവരുടെ ജനതക്ക് വിളംബരം ചെയ്ത തൗഹീദിന്റെ സന്ദേശം ഖുര്‍ആനില്‍ ആര്‍ക്കും കാണാവുന്നതാണ്. ”ഞാനല്ലാതെ ഒരിലാഹുമില്ല. അതിനാല്‍ എനിക്കു മാത്രം നിങ്ങള്‍ ഇബാദത്ത് ചെയ്യുക. എന്ന് നാം വഹ്‌യ് നല്‍കാതെ താങ്കള്‍ക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല”. (വി:ഖുര്‍ആന്‍) അല്ലാഹു അല്ലാഹു ഒരു ഇലാഹുമില്ലെന്നും ഇബാദത്ത് അല്ലാഹുവിന് മാത്രമേ ചെയ്യാവൂ എന്നും എല്ലാ ദീതരും പ്രബോധനം ചെയ്തിട്ടുണ്ടെന്നാണല്ലോ ഇതില്‍ നിന്നും മനസ്സിലാക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹു എന്ന തത്വത്തില്‍ സുദൃഢമായി വിശ്വസിച്ചു ഈ വചനം ഉച്ചരിച്ചവന്‍-ഈ വിശ്വാസത്തിന് ഇളക്കം തട്ടാതെ ഇഹലോക വാസം വെടിഞ്ഞാല്‍ നരകത്തില്‍ നിന്ന് രക്ഷപ്പെടുമെന്ന് നബി(സ) അരുളിയിട്ടുണ്ട് (ബുഖാരി) ഞാനും എനിക്ക് മുമ്പുള്ള പ്രവാചകരും പറഞ്ഞ വചനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ലാഇലാഹ ഇല്ലല്ലാഹു എന്ന വചനമാണ് എന്നും പ്രവാചകന്‍ പ്രസ്താവിച്ചിട്ടുണ്ട് (മുസ്‌ലിം). അല്ലാഹു അല്ലാതെ ഇലാഹ് ഇല്ലെന്ന് പ്രഖ്യാപിക്കുന്നതൊടൊപ്പം തന്നെ അവന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് കാണാം. ഇലാഹും ഇബാദത്തും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് ഇതില്‍ നിന്നു തന്നെ ഗ്രഹിക്കാവുന്നതാണ്.

ഇലാഹ്

ആരാധന ചെയ്യപ്പെടുന്ന വസ്തു ആരാധന ചെയ്യപ്പെടാന്‍ യഥാര്‍ത്ഥത്തില്‍ യോഗ്യതയുള്ളതാകട്ടെ ഇല്ലാത്തതാകട്ടെ എന്നാണ് ഇലാഹ് എന്ന പദത്തിന്റെ ഉദ്ദേശ്യം അപ്പോള്‍ ആരാധന എന്നത് കൊണ്ട് എന്താണ് വിവക്ഷിക്കപ്പെടുന്നത് എന്ന് പരിശോധിക്കണം. മുശ്‌രിക്കുകള്‍ ഇബാദത്ത് ചെയ്തിരുന്ന വസ്തുക്കള്‍ക്ക് ഇലാഹുകള്‍ എന്ന് അവര്‍ പറഞ്ഞിരുന്നതായി ഖുര്‍ആനില്‍ അനവധി സൂചനകളുണ്ട്. എന്നാല്‍ അവയൊന്നും ഇബാദത്ത് ചെയ്യ്‌പ്പെടാന്‍ യോഗ്യതയുള്ളതല്ലെന്നത് വളരെ വ്യക്തമാണല്ലോ. എല്ലാ ഇബാദത്തുകളുടെയും ഉടമയായ അല്ലാഹുവിനും ഇലാഹ് എന്ന് ഖുര്‍ആന്‍ ഉപയോഗിച്ചിണ്ട്. ലാഇലാഹ ഇല്ലല്ലോഇ എന്ന തൗഹീദീ വചനത്തിന്റെ താല്പര്യം സത്യദൈവ(അല്ലാഹു)ത്തിനു മാത്രമേ ഇബാദത്ത് ചെയ്യപ്പെടാവൂ എന്നാകുന്നു. ഇതില്‍ നിന്നും ഇലാഹ് എന്ന വാക്കിന്റെ അര്‍ത്ഥം സുവ്യക്തമാവുന്നതാണ്. ഇബാദത്ത് എന്ന വാക്കിന് കല്‍പ്പിക്കാറുണ്ടെങ്കിലും ഇബാദത്തിന്റെ മുഴുവന്‍ ഉദ്ദേശ്യങ്ങള്‍ക്കും ഈ പരിഭാഷ പര്യാപ്തമല്ല. പരമമായ താഴ്മയും, എളിമത്തവും, വിനയവും എന്നാണ് ചില ഖുര്‍ആന്‍ പണ്ഡിതന്മാര്‍ ഇബാദത്തിന് അര്‍ത്ഥം വിശദീകരിച്ചത്. ഇമാം റാസി(റ)യെ പോലെയുള്ള പണ്ഡിതന്മാര്‍ പരമമായ ബഹുമാനം എന്നാണ് ഇബാദത്തിനെ വിശദീകരിച്ചത്. ഇതില്‍ നിന്ന് എല്ലാവിധ ബഹുമാനവും താഴ്മയും ഇബാദത്ത് അല്ലെന്നും അവ പാരമ്യതയിലെത്തുമ്പോള്‍ മാത്രമാണ് ഇബാദത്താകുന്നതെന്നും മനസിലാക്കാമല്ലോ.

ഇബാദത്ത്

താഴ്മകാട്ടല്‍ അല്ലെങ്കില്‍ ബഹുമാനിക്കല്‍ അങ്ങേ അറ്റമാകുന്നതെപ്പോഴാണെന്നാണ് ഇനി നമുക്ക് പരിശോധിക്കേണ്ടത്. എന്നാല്‍ ഏതെങ്കിലും ഒരു വസ്തുവെ സംബന്ധിച്ചു അതിനു സ്വന്തമായി തന്നെ മറ്റാരുടെയും ഒരു വിധ ആശ്രയവും കൂടാതെ ചില കഴിവുകളെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്ന പക്ഷം ആ വസ്തുവിന്റെ മുന്നില്‍ അവര്‍ പ്രകടിപ്പിക്കുന്ന വിനയവും ഭക്തിബഹുമാനങ്ങളും അങ്ങേ അറ്റമായതാണ്. കാരണം അവര്‍ ആവശ്യപ്പെടുന്ന കാര്യം സാധിപ്പിച്ചു കൊടുക്കാന്‍ ആ വസ്തുവിനു പരിപൂര്‍ണ്ണമായ കഴിവ് സ്വന്തമായി തന്നെ ഉണ്ടെന്നാണല്ലോ അവന്‍ വിശ്വസിക്കുന്നത്.

തന്നിമിത്തം ഈ കാര്യ സാധ്യത്തിന് ഇതിനേക്കാള്‍ വിനയം മറ്റാരുടെ മുന്നിലും അവന്‍ കാണിക്കേണ്ടതില്ല. അപ്പോള്‍ അങ്ങിനെയുള്ള സ്വയം ശക്തി ഒരു വസ്തുവില്‍ സങ്കല്‍പിച്ചുകൊണ്ട് അതുബഹുമാനിക്കപ്പെടാന്‍ അര്‍ഹമാണെന്നു ഒരാള്‍ വിശ്വസിച്ചാല്‍ അതിനെ അവന്‍ ഇലാഹായി സ്വീകരിച്ചവനായി. ഇലാഹ് എന്ന പേര്‍ പറയട്ടെ. പറയാതിരിക്കട്ടെ. മേല്‍ പറഞ്ഞ വിശ്വാസത്തോടു കൂടി അതിനെ ബഹുമാനിച്ചു ചെയ്യുന്ന പ്രവര്‍ത്തികളെല്ലാം അങ്ങേയറ്റത്തെ ബഹുമാനമായിരിക്കയാല്‍ അവ അതിനു ചെയ്യുന്ന ഇബാത്തുകളാണ് ആ വിശ്വാസത്തോടു കൂടി അതിനോടു ചെയ്യുന്ന സഹായാപേക്ഷ ഇബാദത്തിന്റെ മജ്ജമായ പ്രാര്‍ത്ഥന (ദുആ)യുമാണ്. എല്ലാ പ്രാര്‍ത്ഥനയും ഇബാദത്താവുകയില്ല. പ്രാര്‍ത്ഥന എന്ന വാക്കിന് അപേക്ഷ എന്നാണര്‍ത്ഥം(ശബ്ദതരാവലി നോക്കുക) ഇലാഹിനോട് ചെയ്യുന്ന സഹായപേക്ഷ (അത് യഥാര്‍ത്ഥ ഇലാഹാകട്ടെ കൃത്രിമ ഇലാഹാകട്ടെ) മാത്രമാണ് ഇബാദത്ത്. ദുആ ഇബാദത്താണെന്ന് നബി(സ) തങ്ങള്‍ പറഞ്ഞത് ഇലാഹിനോടുള്ള ദുആ ആകുന്നു. ഉപകാരമോ ഉപദ്രവമോ ചെയ്യാനുള്ള ആധികാരിക ശക്തി ഉണ്ടെന്ന് നാം ധരിക്കുന്നവന്‍ എന്ന് വഹാബി നേതാക്കളുടെ ചില കൃതികളില്‍ ഇലാഹിന്ന് അര്‍ത്ഥം പറഞ്ഞിരിക്കുന്നത് അവരുടെ സ്വന്തം വകയാണ്. ”മറഞ്ഞതായ അധികാര ശക്തി” എന്നത് തിരുത്തി ”സ്വയം ശക്തി” എന്നാക്കിയാല്‍ അവര്‍ക്കും നമുക്കുമിടയിലുള്ള കുറേ ഭിന്നിപ്പുകള്‍ക്ക് പരിഹാരമുണ്ടാകും. മുശ്‌രിക്കുകള്‍ അല്ലാഹുവിന് പുറമേ ഇലാഹുകളാക്കിവെച്ചവക്കൊന്നും യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിവില്ലെന്ന് ഖുര്‍ആനില്‍ പലസ്ഥലത്തു നിന്നും ഗ്രഹിക്കാം. അവിടെ ഒന്നും തന്നെ ”മാഞ്ഞതായ അധികാര ശക്തി” എന്ന് പറഞ്ഞിട്ടില്ല. ഇലാഹാക്കപ്പെടുന്ന വസ്തുക്കള്‍ സ്വയം കഴിവുണ്ടാകണം സ്വയം കഴിവില്ലാത്ത വസ്തുക്കള്‍ക്ക് ഇലാഹാകാന്‍ അര്‍ഹതയില്ല. മുശ്‌രിക്കുകള്‍ അവരുടെ ഇലാഹുകള്‍ക്ക് സ്വന്തമായി കഴിവുകളുണ്ടെന്ന് വിശ്വസിച്ചിരുന്നു. തന്നിമിത്തം അവരുടെ വിശ്വാസം പരമാബദ്ധമാണെന്ന് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പ്രഖ്യാപിച്ചു. അല്ലാഹു പറയുന്നു. ”ആകാശ ഭൂമികളില്‍ അല്ലാഹു അല്ലാത്ത വല്ല ഇലാഹുകളും ഉണ്ടായിരുന്നെങ്കില്‍ അവ രണ്ടും നശിച്ചു പോകുമായിരുന്നു”. (വി:ഖുര്‍ആന്‍)

വളരെ ശ്രദ്ധെയമായ ഒരു വാക്യമാണിത്. ആകാശഭൂമികളില്‍ അല്ലാഹു അല്ലാത്ത വല്ല ഇലാഹുമുണ്ടാകുന്ന പക്ഷം അവ രണ്ടും നാശമടയുമെന്നാണല്ലോ അല്ലാഹു പറയുന്നത്. ഈ തത്വത്തെ നിഷേധിക്കാന്‍ ഏത് ന്യായശാസ്ത്രത്തിനും സാദ്ധ്യമല്ല തന്നെ. കാരണം ഒന്നില്‍ അധികം ഇലാഹുകളുണ്ടെന്ന് നാം സങ്കല്‍പിക്കുക. എന്നാല്‍ അവ തമ്മില്‍ ഒന്നുകില്‍ യോജിക്കും. അല്ലെങ്കില്‍ ഭിന്നിക്കും. ഈ രണ്ടില്‍ നിന്ന് ഒന്ന് അനിവാര്യമാണല്ലോ. തമ്മില്‍ ഭിന്നിപ്പാണെങ്കില്‍ ഒരു കാര്യം ഒരു സമയത്ത് ഉണ്ടാകണമെന്ന് ഒരു ഇലാഹും ഉണ്ടാവരുതെന്ന് മറ്റൊരു ഇലാഹും ഉദ്ധേഷിക്കുന്നു. അപ്പോള്‍ ആ കാര്യം ഒരേ സമയത്ത് ഉണ്ടാവുകയും ഉണ്ടാവാതിരിക്കുകയും ചെയ്യണം. ഇത് സംഭവ്യമല്ലല്ലോ? ഒരു കാര്യം ഇന്നവിധമാകണമെന്ന് ഒരുത്തനും മറ്റൊരു വിധമാകണമെന്ന് മറ്റൊരുത്തനും ഉദ്ദേശിച്ചാലുണ്ടാവുന്ന ഫലവും തഥൈവ. ഇനി രണ്ടുപേരുടെയും ഉദ്ദേശ്യങ്ങള്‍ രണ്ടു സമയത്താണുണ്ടായതെന്നു വെക്കുക. അപ്പോള്‍ ഓരോ ഇലാഹിനും മറ്റവന്‍ ഉദ്ദേശിക്കാത്ത സമയത്ത് മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് വരുന്നു. അഥവാ രണ്ടു ഇലാഹുകളും പൂര്‍ണ്ണമായി കഴിവില്ലാത്തവരാണെന്നു വരുന്നു. ഇനി രണ്ട് ഇലാഹുകളും യോജിപ്പിലാണെന്നു വെക്കുക. എന്നാല്‍ ഒരു വസ്തു ഉണ്ടാകണമെന്ന് രണ്ടുപേരും ഉദ്ദേശിക്കുന്ന പക്ഷം അവ രണ്ടും ഒന്നിലധികം ഉണ്ടാകേണ്ടതായി വരും.

കാരണം ഉദ്ദേശിച്ച കാര്യത്തിന് പൂര്‍ണ്ണമായ കഴിവുള്ളവരാണല്ലോ രണ്ടുപേരും. അപ്പോള്‍ ഒരു സാധനം ഉണ്ടാക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അതുണ്ടാകാതെ ഒ#്‌നനിലധികം ഉണ്ടാകുന്നത് തന്നെ ഒന്നു മാത്രം ഉണ്ടാക്കുവാന്‍ അവള്‍ക്ക് കഴിവില്ല എന്നതിന്റെ തെളിവാണ് ഇനി ഒരു വസ്തുവിന്റെ ഒരു ഭാഗം ഒരാളും മറ്റൊരു ഭാഗം മറ്റൊരാളുമാണ്ഉണ്ടാക്കുന്നതെന്ന് വെക്കുക. അല്ലെങ്കില്‍ ചില വസ്തുക്കള്‍ ഒരു ഇലാഹും ഉണ്ടാക്കുന്നു എന്ന വെക്കുക. എന്നാലും ഓരോരുത്തരും സ്വന്തം നിലക്ക് പൂര്‍ണ്ണ ശക്തിയില്ലാത്തവരാണെന്നും ഭാഗികമായ ശക്തിമാത്രമേ ഉള്ളൂവെന്നും വരുന്നു. ഇങ്ങിനെ ഏത് നിലക്ക് ചിന്തിച്ചാലും അല്ലാഹുവിന് പുറമെ മറ്റൊരു ഇലാഹ് ഉണ്ടാവുക എന്നത് അസംഭവ്യമാണെന്ന് വിശേഷ ബുദ്ധിയുള്ളവര്‍ക്ക് സമ്മതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഇപ്പോള്‍ ഇവിടെ നിന്ന് നമുക്ക് ഒരു കാര്യം വ്യക്തമായി ഗ്രഹിക്കാം. ഇലാഹിന് സ്വന്തവും പൂര്‍ണ്ണവുമായ കഴിവുണ്ടായിരിക്കണം മുശ്‌രിക്കുകള്‍ ഇലാഹുകളാക്കി വെച്ചിരുന്ന വസ്തുക്കള്‍ക്ക് ചില കാര്യങ്ങളിലെങ്കിലും അത്തരം കഴിവുകളുണ്ടെന്ന് അവര്‍ വിശ്വസിച്ചു എന്നതാണ്. അങ്ങിനെ അവര്‍ വിശ്വസിച്ചിരുന്നില്ലെങ്കില്‍ മേല്‍ പറഞ്ഞ വാക്യം അവതരിപ്പിച്ചപ്പോള്‍ അവര്‍ പറയുമായിരുന്നു. ”ഞങ്ങളുടെ ഇലാഹുകള്‍ക്ക് യാതൊരു ശക്തിയുമുണ്ടെന്ന് ഞങ്ങള്‍ക്ക് വാദമില്ല. അതിനാല്‍ അല്ലാഹുവിന് പുറമേ കുറേ ഇലാഹുകളെ ഞങ്ങള്‍ സ്ഥാപിച്ചത് കൊണ്ട് ആകാശ ഭൂമികളിലെ വ്യവസ്ഥാപിതമായ നടത്തിപ്പിന് യാതൊരു കോട്ടവും തട്ടുകയില്ല” എന്ന് മറ്റൊരു ആയത്തില്‍ അല്ലാഹു പ്രഖ്യാപിച്ചിരിക്കുന്നു.

നബിയെ പറയുക അവര്‍ പറയുമ്പോലെ അല്ലാഹുവിനോട് കൂടെ വേറെ ഇലാഹുകളുണ്ടായിരുന്നുവെങ്കില്‍ അപ്പോള്‍ അവര്‍ അര്‍ശിന്റെ നാഥന്റെ (അല്ലാഹുവിന്റെ) അടുക്കലേക്ക് മാര്‍ഗ്ഗം അന്വേഷിക്കുമായിരുന്നു. (വിശുദ്ധഖുര്‍ആന്‍) ഇലാഹിന് സ്വന്തം കഴിവുണ്ടാവണമെന്നും മുശ്‌രിക്കുകള്‍ ഇലാഹുകളാക്കിവെച്ചിരുന്ന വസ്തുക്കള്‍ക്ക് സ്വന്തം കഴിവുണ്ട് എന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നും ഈ വാക്യം തെളിയിക്കുന്നു. ഞങ്ങളുടെ ഇലാഹുകളില്‍ നിന്ന് ഒന്ന് തനിക്ക് എന്തോ വിപത്ത് ഏല്‍പിച്ചിട്ടുണ്ട് എന്ന് തന്നെയാണ് ഞങ്ങള്‍ പറയുന്നത്. (വി:ഖുര്‍ആന്‍) എന്ന് ഹൂദ് നബി(അ)യോട് അദ്ദേഹത്തിന്റെ ജനത പറഞ്ഞതും അവരുടെ ഇലാഹുകള്‍ക്ക് സ്വന്തമായ കഴിവുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു. എന്ന് തെളിയിക്കുന്നു. ഇബ്രാഹിം നബിയോട് അദ്ദേഹത്തിന്റെ ജനത ”ഞങ്ങള്‍ ബിംബങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നു” എന്ന് പറഞ്ഞതായി ഖുര്‍ആനില്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ അര്‍ത്ഥം അവരുടെ അത്യധികമായ എളിമത്വം പ്രകടിപ്പിക്കാന്‍ അവ അര്‍ഹരാണ് എന്ന് അവര്‍ വിശ്വസിച്ചിരുന്നുവെന്നാണല്ലോ അതില്‍ നിന്നും തെളിയുന്നത്. അവര്‍ക്ക് സ്വന്തമായി ചില കഴിവുകളുണ്ടെന്ന് അവര്‍ വിശ്വസിച്ചിരുന്നു എന്നതാണ് ഇബ്രാഹിം(അ) അദ്ദേഹത്തിന്റെ പിതാവിനോട് ”താങ്കള്‍ ബിംബങ്ങളെ ഇലാഹുകളാക്കി വെച്ചരിക്കുന്നതാണോ” എന്ന് ചോദിച്ചതായി ഖുര്‍ആനില്‍ പറയുന്നു. ബിംബങ്ങള്‍ക്ക് സ്വയം കഴിവുകളുണ്ട് എന്ന് അവള്‍ വിശ്വസിച്ചിരുന്നുവെന്ന് ഈ വാക്യവും തെളിയിക്കുന്നു. ബിംബങ്ങളെ വിമര്‍ശിച്ചാല്‍ അവയില്‍ നിന്ന് ഉപദ്രവം നേരിടുമെന്ന് ഇബ്രാഹിം നബിയുടെ ജനത അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ഖുര്‍ആനില്‍ നിന്ന് തെളിയുന്നു.

ഉഹദ് യുദ്ധാവസാനം അന്ന് മുശ്‌രിക്കുകളുടെ പക്ഷത്തെ നേതാവായിരുന്ന അബൂസുഫയാന്‍ (ഇദ്ദേഹം പിന്നീട് മുസ്‌ലിമായിട്ടുണ്ട്) ഇങ്ങനെ വിളിച്ചു പറഞ്ഞു ”ഉഅ്‌ലുഹുബല്‍” (ഹുബലേ നീ ഉന്നതനാവട്ടെ) ”ലനല്‍ ഉസ്സാവാലാ ഉസ്സലക്കും” (ഞങ്ങള്‍ക്ക് ഉസ്സാ ഉണ്ട് നിങ്ങള്‍ക്ക് ഉസ്സാ ഇല്ലല്ലോ) ഇത് ഇമാം ബുഖാരി ഉദ്ധരിച്ചതാണ്. ഹുബാ എന്നതും ഉസ്സാ എന്നതും ഓരോ ബിംബങ്ങളാണ് ഉഹദ് യുദ്ധത്തില്‍ തങ്ങളെ വിജയിപ്പിച്ചത് ഈ ബിംബങ്ങളായിരുന്നു എന്ന വിശ്വാസത്തില്‍ നിന്നുടലെടുത്ത ആഹ്‌ളാദപ്രകടനമായിരുന്നു ആ സൈനാധിപന്റെ പ്രസ്തുത വാക്യം. ഇത്രയും പ്രസ്താവിച്ചതില്‍ നിന്ന് അല്ലാഹു അല്ലാത്ത ചില വസ്തുക്കള്‍ക്ക് സ്വന്തമായി ചില കഴിവുകളുണ്ടെന്ന് മുശ്‌രിക്കുകള്‍ അടിയുറച്ചു വിശ്വസിച്ചിരുന്നുവെന്നും തദടിസ്ഥാനത്തിലാണ് അവര്‍ ആ വസ്തുക്കളെ ഞങ്ങളുടെ ഇലാഹുകളായി ഇബാദത്തിന് അര്‍ഹന്മാരായ വിശ്വസിച്ചിരുന്നതെന്നും വ്യക്തമായല്ലോ? ആ വിശ്വാസം അവരില്‍ രൂഢമൂലമായിരുന്നു. അല്ലാഹു അല്ലാതെ ഒരു ഇലാഹും ഇല്ലെന്ന് നബി(സ) പ്രഖ്യാപിച്ചപ്പോള്‍ മക്കാമുശ്‌രിക്കുകളുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇയാള്‍ ഇലാഹുകളെയെല്ലാം കൂടി ഒരു ഇലാഹാക്കിയിരിക്കുകയാണോ? വളരെ ആശ്ചര്യമായ ഒരു കാര്യമാണിത് (വി:ഖുര്‍ആന്‍) മറ്റൊരിടത്ത് അല്ലാഹു പറയുന്നു. ”അല്ലാഹു അല്ലാതെ ഒരു ഇലാഹുമില്ലെന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അഹങ്കരിക്കുന്നു. ”ഒരു ഭ്രാന്തനായ കവിക്ക് വേണ്ടി നമ്മുടെ ഇലാഹുകളെ നാം കൈവിട്ടവരാകുമോ? എന്നവര്‍ പറയുകയും ചെയ്യുന്നു (വി:ഖുര്‍ആന്‍)

നോക്കുക അല്ലാഹു അല്ലാത്ത ഇലാഹ് ഇബാദത്തിനര്‍ഹന്‍ ഇല്ലെന്ന് പറയുന്ന ആള്‍ക്ക് വിശേഷബുദ്ധിയുണ്ടെന്ന് പോലും സമ്മതിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇബാദത്തിന്നര്‍ഹന്‍ സ്വന്തമായി കഴിവുള്ളവര്‍ ഇലാഹുകള്‍ പലതുമുണ്ടെന്നു അവര്‍ വിശ്വസിച്ചു. അതായിരുന്നു ”തൗഹീദി” നെതിരായ അവരുടെ വിശ്വാസം അഥവാ ”ശിര്‍ക്ക്”.

ഈ വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് ആത്മീയമെന്നും ഭൗതികമെന്നും വിവരിക്കപ്പെടുന്ന കാര്യങ്ങളില്‍ ആരോടെങ്കിലും സഹായം ചോദിച്ചാല്‍ അത് തൗഹീദിന് വിരുദ്ധമാകുകയില്ല. സഹായം ചോദിക്കപ്പെന്നവരെ ഇലാഹുകളാക്കുകയോ അവര്‍ക്ക് ഇബാദത്ത് നടത്തുകയോ ചെയ്യുന്നില്ല എന്നതാണ് കാരണം. ഈ വിധത്തില്‍ മണ്‍മറഞ്ഞ പൂര്‍വ്വികരായ പ്രവാചകന്മാരോടും മറ്റും സഹായം തേടിയ സംഭവങ്ങള്‍ റസൂല്‍ കരീം(സ)മില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. തന്റെ വളര്‍ത്തുമ്മ ഫാത്ത്വിമബിന്‍ത് അസദ് വഫാത്തായപ്പോള്‍ നബ്(സ) നടത്തിയ പ്രാര്‍ത്ഥനയില്‍ ”എന്റെ മാതാവ് ഫാത്ത്വിമക്ക് റബ്ബേ നീ പൊറുക്കേണമേ നിന്റെ നബിയുടെയും എനിക്ക് മുമ്പുള്ള നബിമാരുടെയും ഹവ്വ് കൊണ്ട്” എന്ന വാചകം മുഹദ്ദിസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്. രോഗികളായിരുന്നവര്‍ക്ക് നബി(സ) പഠിപ്പിച്ചുകൊടുത്ത പ്രാര്‍ത്ഥനാ വാചകങ്ങളിലും ഇത്തരം ധാരാളം പദപ്രയോഗങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിപല്‍ സന്ധികളില്‍ സഹാബിമാര്‍ നബിയോട് നടത്തിയ സഹായാഭ്യര്‍ത്ഥനകള്‍ വഫാത്തായ ശേഷവും അബൂബക്കര്‍(റ) ഉമര്‍(റ), സ്വഫിയ്യ(റ) തുടങ്ങിയവര്‍ ആഗ്രഹങ്ങള്‍ പറഞ്ഞും ആവശ്യങ്ങള്‍ ചോദിച്ചും നബി(സ)യെ വിളിച്ചതും മറ്റും ആര്‍ക്കും തന്നെ മറച്ചു വെക്കാന്‍ കഴിയില്ല.

അല്ലാഹുവിലുള്ള വിശ്വാസം അല്ലാഹുവെ ഖുര്‍ആനും ഹദീസും പരിചയപ്പെടുത്തിയത് പോലെ വിശ്വസിക്കലും അവന്റെ ആജ്ഞകള്‍ ശിരസ്സാവഹിക്കലുമാണ്. മുഹമ്മദ് നബിയെ ദൂതനായും മാര്‍ഗ്ഗ ദര്‍ശകനായും അംഗീകരിക്കുകയെന്നത് ഈ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍പെട്ടതാണ്. മുഹമ്മദ് നബിയെ വിശ്വസിക്കുകയെന്നതിന്റെ താല്പര്യം അവിടുത്തെ പ്രവര്‍ത്തനങ്ങളും പ്രസ്താവനകളും ജീവിത സ്വഭാവങ്ങളും (അഹ്മാല്‍) പൂര്‍ണ്ണമായും അംഗീകരിച്ചു നിരുപാധികം ഉള്‍ക്കൊള്ളുകയെന്നതാണ്. അബദ്ധങ്ങളില്‍ നിന്നും പാപങ്ങളില്‍ നിന്നും പൂര്‍ണ്ണമായും സുരക്ഷിതനാവുമ്പോഴാണ് മുഹമ്മദ് നബിയെ പൂര്‍ണ്ണമായും നിരുപാധികം അനുസരിക്കാനും മാര്‍ഗ്ഗദര്‍ശകനായി കാണാനും കഴിയുക നബി(സ)യുടെ ജീവിത സ്വഭാവങ്ങള്‍ ആത്മനിഷ്ഠമായി വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് വ്യാജത്വരീഖത്തുകള്‍ രംഗത്തു വന്നത്.

വസ്തു നിഷ്ഠമായി ഖുറാനും ഹദീസും പഠിക്കുകയും നബിയുടെ ജീവിത രീതികള്‍ വിലയിരുത്തി അനുധാവനം ചെയ്യുവാന്‍ തയ്യാറാവുകയും ചെയ്യുന്നവര്‍ക്ക് വക്രതയില്ലാത്ത ബിദ്അത്തില്‍ നിന്നും ശിര്‍ക്കില്‍ നിന്നും മുക്തമായ വിശുദ്ധ ജീവിതം നയിക്കുവാന്‍ സാധിക്കും. ഇതാണ് സത്യത്തിന്റെ സ്വര്‍ഗീയ പാത.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter