ശഫാഅത്തും സ്വിറാഥും

മഹ്ശറയില്‍വെച്ചു  അല്ലാഹുവിനോട് ശഫാഅത്ത് (ശുപാര്‍ശ) ഉണ്ടെന്നു അല്ലാഹു തന്നെ അറിയിച്ചിട്ടുണ്ട്. അതിനു തെളിവാണ് ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍: 53:26, 21:28, 19:87, 20:109, 44:42, 34:23, 2:255, 43:86, 39:43,44. അതുപോലെ അനേകം ഹദീസുകളും കാണാം.

ഇത്രത്തോളം ആയത്തുകളും ഹദീസുകളും ഉണ്ടായിട്ടും ചില പുരോഗമന വാദികള്‍ ശഫാഅത്തിനെ നിഷേധിച്ചു സംസാരിക്കുന്നതു കേള്‍ക്കാറുണ്ടല്ലോ. അവരെപ്പറ്റി നമുക്കു സഹതപിക്കാം. സത്യനിഷേധികള്‍ക്കു ശഫാഅത്തു ലഭിക്കുകയില്ലെന്നതു ശരിയാണ്. അതായത്, ശഫാഅത്ത് ലഭിക്കാത്തത് നിഷേധികള്‍ക്കാണ്. സത്യവിശ്വാസികള്‍ക്കു ശഫാഅത്ത് ലഭിക്കുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
മഹ്ശറയില്‍വെച്ചു ചോദ്യം ചെയ്യലും റിക്കാര്‍ഡ് നല്‍കലും മീസാനിലെ തൂക്കലും മറ്റും കഴിഞ്ഞാല്‍ ജനങ്ങള്‍ മൂന്നു വിഭാഗക്കാരായി തരംതിരിക്കപ്പെടുന്നതാണ്.
1) യാതൊരു തിന്‍മയുമില്ലാത്തവര്‍. അവരാണ് സ്വര്‍ഗത്തിന്റെ അവകാശികള്‍. ഒരിക്കലും നിര്‍ഭാഗ്യവാന്‍മാരാകാത്ത നിലയില്‍ സൗഭാഗ്യവാന്‍മാരാണവര്‍.
2) യാതൊരു നന്‍മായുമില്ലാത്തവര്‍:- അവരാണ് നരകത്തിന്റെ അവകാശികള്‍. ഒരിക്കലും സൗഭാഗ്യവാന്‍മാരാകാത്ത നിലയില്‍ നിര്‍ഭാഗ്യവാന്‍മാരായവര്‍.
3) നന്‍മയും തിന്‍മയും ഇടകലര്‍ത്തി പ്രവര്‍ത്തിച്ചവര്‍:- ഈ തരത്തില്‍ പെട്ടവരായിരിക്കും അധികപേരും. അവരുടെ സല്‍ക്കര്‍മങ്ങളോ ദുഷ്‌കര്‍മ്മങ്ങളോ ഏതാണ് അധികമെന്നു ഓരോരുത്തരെയും വ്യക്തമായി അറിയിക്കുന്നതിനു വേണ്ട സര്‍വ്വ സംവിധാനങ്ങളും മഹ്ശറയിലുണ്ട്.
സ്വിറാത്ത് പാലം
അല്ലാഹുവിനെയല്ലാതെ പല ദൈവങ്ങളെയും ആരാധിച്ചിരുന്ന മുശ്‌രിക്കുകളെയെല്ലാം ആദ്യമായി നരകത്തിലേക്കു വീഴ്ത്തുന്നു. അപ്പോള്‍ അല്ലാഹുവിനെ മാത്രം ആരാധിച്ചിരുന്ന ഉമ്മത്തികള്‍ മാത്രം ബാക്കിയാകും. അവരില്‍ സജ്ജനങ്ങളും ദുര്‍ജനങ്ങളും കപടവിശ്വാസികളുമെല്ലാം ഉണ്ടാകും. അവര്‍ അങ്ങകലെ സ്വര്‍ഗം കണ്ടു തുടങ്ങുന്നു. എന്നാല്‍ അതിനന്നിടക്ക്  കത്തിജ്വലിച്ചു കൊണ്ടിരിക്കുന്ന നരഗവുമുണ്ട്.
ആ നരകത്തിനു മീതെയായി അല്ലാഹു ഒരു പാലം സ്ഥാപിച്ചിരിക്കുന്നു. അതാണ് ‘സ്വിറാത്ത് പാലം’. ഒരു മുടിയേക്കാള്‍ നേര്‍മയുള്ളതും വല്ലാത്ത വഴുക്കുള്ളതും കൂര്‍ത്തു വളഞ്ഞ മുള്ളുകളുള്ളതുമാണ് സ്വിറാത്ത് പാലം. ആ പാലത്തിലൂടെ ആദ്യമായി കടക്കുന്നത് പ്രവാചക പ്രഭുവായ മുഹമ്മദ്(സ) തങ്ങളായിരിക്കും. പിന്നെ നബിയുടെ എല്ലാ ഉമ്മത്തികളും സത്യവിശ്വാസികളും  ആ പാലം അനായാസേന നൊടിയിടകൊണ്ട് കടക്കുന്നു. എന്നാല്‍, ദുര്‍ജനങ്ങളും കപടവിശ്വാസികളുമെല്ലാം വളരെ പ്രയാസപ്പെട്ടു കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ താഴെയുള്ള നരഗത്തിലേക്കു വീഴുന്നതായിരിക്കും.
മഹ്ശറയില്‍ ചോദ്യംചെയ്യല്‍, റിക്കാര്‍ഡ് നല്‍കല്‍, മീസാനില്‍ തൂക്കല്‍, ഹൗളുല്‍ കൗസര്‍, ശഫാഅത്ത്, ജനങ്ങളെ തരംതിരിച്ചു നിര്‍ത്തല്‍, സ്വിറാത്ത് പാലത്തിലൂടെയുള്ള നടത്തം തുടങ്ങിയ ബൃഹത്തായ പല പരിപാടികളും ഉണ്ടെന്നു പറഞ്ഞുവല്ലോ. എന്നാല്‍ അവയുടെ ക്രമവും ക്രമീകരണവും രീതിയും മറ്റും നമുക്ക് ശരിക്കും അറിയുകയില്ല. പരലോകത്തെ കാര്യങ്ങളെല്ലാം നമുക്ക് അജ്ഞാതമാണ്. അവ ‘ഗൈബിയായ’ കാര്യങ്ങളാണ്. അതുകൊണ്ടു അല്ലാഹു അവയെപ്പറ്റി അറിയിച്ചു തന്ന കാര്യങ്ങള്‍ അതേ വിധത്തില്‍ വിശ്വസിക്കലാണ് നമുക്കു കരണീയം.
പരലോകത്തെ കാര്യങ്ങള്‍ ഇഹലോകത്തുള്ള നമ്മുടെ അറിവിനും അനുഭവങ്ങള്‍ക്കും വളരെ അന്തരമുണ്ടായിരിക്കും. അവ നമ്മുടെ വിഭാവനക്കു പോലും അതീതമായിരിക്കും. എന്നതു പ്രത്യേകം ഓര്‍ക്കണം. അവയെപ്പറ്റി പറയുമ്പോള്‍ ചില സ്ഥലങ്ങളിലെല്ലാം നമുക്കു ഇപ്പോള്‍ പരിചയമുള്ള പല പദങ്ങളും പ്രയോഗിച്ചുകാണാം. എന്നാല്‍ നാം ഇവിടെ കണ്ടു പരിചയിച്ച രൂപത്തിലും ആകൃതിയിലും വലുപ്പത്തിലും ആയിരിക്കും അവ എന്നു ധരിക്കരുത് എന്ന് നബി(സ) പ്രത്യേകം പറഞ്ഞിട്ടുണ്ട്.
എന്നാല്‍ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നമ്മുടെ യുക്തിക്കു യോജിക്കുന്നില്ല എന്നു ചില പുത്തന്‍വാദികള്‍ തട്ടിവിടുന്നതു കേള്‍ക്കാറുണ്ടല്ലോ. അല്ലാഹുവിന്റെ അഗാധമായ ജ്ഞാനവും അതുല്യമായ യുക്തിയും അപാരമായ കഴിവും മനസ്സിലാക്കാന്‍ കഴിവില്ലാത്ത അല്‍പജ്ഞാനികളും അഹങ്കാരികളും ആണ് ഇങ്ങനെ പറയുക.
തെറ്റു ചെയ്തവരെ ശിക്ഷിക്കുവാനായി അല്ലാഹുവിന് ഇത്രത്തോളം ബൃഹത്തായ പരിപാടികളും സജ്ജീകരണങ്ങളുമെല്ലാം ആവശ്യമുണ്ടോ എന്നു ചിലര്‍ക്കു തോന്നിയേക്കാം. എന്നാല്‍ താനെടുക്കുന്ന എല്ലാ തീരുമാനങ്ങളും നല്‍കുന്ന ശിക്ഷകളും യാതൊരു അനീതിയും കൂടാതെ നിശ്പക്ഷമായ നിലയില്‍ അര്‍ഹതയനുസരിച്ച് മാത്രമാണ് എന്നു എല്ലാവരെയും ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രമാണ് അല്ലാഹു ഇങ്ങനെ ചെയ്യുന്നത്. മാത്രമല്ല, ഇഹലോക ജീവിതത്തില്‍ ജനങ്ങള്‍ക്കു പാഠം ഉള്‍ക്കൊള്ളുവാനും തദ്വാരാ സംശുദ്ധമായ ജീവിതം നയിക്കുവാനും എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായ രീതിയില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും കൂടിയാണ് അല്ലാഹു ഇത്രത്തോളം കുറ്റമറ്റ രീതികള്‍ അവലംബിക്കുന്നതും അവയെപ്പറ്റി നമ്മെ വ്യക്തമായി അറിയിക്കുന്നതും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter