ശിശുഹത്യ
ശിശുഹത്യ


ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം, അദ്ദേഹം പറഞ്ഞു: പ്രവാചകരോട് ഞാന്‍ ചോദിച്ചു: ''ഏതു തെറ്റാണ് ഏറ്റവും വലുത്?'' റസൂല്‍(സ) പറഞ്ഞു: ''നിന്നെ സൃഷ്ടിച്ച അല്ലാഹുവിന് ഒരു പങ്കാളിയെ ചേര്‍ക്കലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'
റസൂല്‍(സ) പറഞ്ഞു: ''നിന്നോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഭയന്നുകൊണ്ട് നിന്റെ സന്താനത്തെ വധിച്ചു കളയലാണ്.'' ഞാന്‍ ചോദിച്ചു: ''പിന്നെ ഏതാണ്?'' റസൂല്‍(സ) പറഞ്ഞു: ''നിന്റെ അയല്‍വാസിയുടെ സഹധര്‍മിണിയെ വ്യഭിചരിക്കലാണ്.''

പ്രപഞ്ച നാഥനായ അല്ലാഹു ഏകനും സര്‍വ്വ ശക്തനുമാണെന്ന വസ്തുത ഒരു പ്രാപഞ്ചിക സത്യമാണ്. അതുകൊണ്ടു തന്നെ അവനൊരു പങ്കാളിയെ ആവശ്യമുണ്ടോ എന്ന ചോദ്യം തികച്ചും അപ്രസക്തവും നിരര്‍ത്ഥകവുമാകുന്നു. മഹാനായ പ്രവാചകന്‍ ഇക്കാരണത്താല്‍ തന്നെയാണ് ഇബ്‌നു മസ്ഊദ്(റ)വിന്റെ ഒന്നാം ചോദ്യത്തിന് 'അല്ലാഹുവിനെ പങ്കു ചേര്‍ക്കലാണ് ഏറ്റവും വലിയ തെറ്റെന്ന് ' മറുപടി നല്‍കിയതും. തന്റെ രണ്ടാമത്തെ ചോദ്യത്തിന് ഇബ്‌നു മസ്ഊദിന് ലഭിച്ച മറുപടി തന്റെ സന്താനങ്ങളെ ചെലവ് കൊടുക്കേണ്ടി വരുമെന്ന് ഭയന്ന് കൊന്നുകളയലാണെന്നായിരുന്നു.
Also read: https://islamonweb.net/ml/12-March-2017-124
വന്‍ദോഷമായി നബി(സ) മൂന്നാമതായി വിശദീകരിച്ചത് അയല്‍വാസിയുടെ ഭാര്യയെ മാനഭംഗപ്പെടുത്തലാണെന്നായിരുന്നു. റസൂല്‍(സ) സൂചിപ്പിച്ച മൂന്നു വന്‍കുറ്റങ്ങളില്‍ ആദ്യത്തേതും അവസാനത്തേതും സാധാരണഗതിയില്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞേക്കും. രണ്ടാമതായി പറഞ്ഞ ശിശുഹത്യയെക്കുറിച്ച് ആരും അത്രകണ്ട് ഉദ്ബുദ്ധരല്ലെന്നാണ് പുതുയുഗം നമുക്ക് തെളിവുകള്‍ നിരത്തി വിശദീകരിച്ചു തരുന്നത്.

ജാഹിലിയ്യത്ത് അതിന്റെ മുന്‍കഴിഞ്ഞ പ്രതാപത്തോടെ തിരിച്ചുവരികയാണെന്നു തന്നെ പറയാന്‍ സാധിക്കും ഇന്നത്തെ അവസ്ഥ കണ്ടാല്‍. അന്ധതയുടെയും അജ്ഞതയുടെയും നീരാളിപ്പിടിത്തത്തില്‍ മുങ്ങിയിരുന്ന ജാഹിലിയ്യ യുഗത്തില്‍ ഒരു പെണ്‍ശിശുവിന് ജനിക്കാനെങ്കിലും അവകാശം നല്‍കിയിരുന്നുവെങ്കില്‍ ഉന്നതിയിലെത്തിയ വിദ്യാഭ്യാസ-സാംസ്‌കാരിക സംരംഭങ്ങളുണ്ടായിട്ടും ഇന്ന് പെണ്ണിന് ജന്‍മാവകാശം പോലും നിഷേധിക്കപ്പെടുകയാണ്. ജാഹിലിയ്യ സംസ്‌കാരത്തിന്റെ ഇരകളില്‍ ഒന്നാമത് സ്ത്രീയായിരുന്നെങ്കില്‍ ഇന്നും അവസ്ഥ മാറിയിട്ടില്ല. അബോര്‍ഷന്‍ കേന്ദ്രങ്ങളില്‍ വന്‍തിരക്കാണനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
Also read:https://islamonweb.net/ml/12-March-2017-128
''അവരിലൊരാള്‍ക്ക് ഒരു പെണ്‍കുഞ്ഞിന്റെ ജന്‍മം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടാല്‍ അവന്റെ മുഖം ദേഷ്യംകൊണ്ട് കറുത്തിരുണ്ടു പോകുമായിരുന്നു. തനിക്കറിയിക്കപ്പെട്ട വാര്‍ത്തയുടെ ദൂഷ്യം കാരണത്താല്‍ അവന്‍ സമൂഹത്തില്‍നിന്ന് മറഞ്ഞു നടക്കുകയും ആ സന്താനത്തെ പരിപാലിച്ചു കൊണ്ട് സ്വയം നിന്ദ്യനാവുകയാണോ അതല്ല, അതിനെ മണ്ണില്‍ കുഴിച്ചു മൂടുകയാണോ വേണ്ടതെന്ന് ചിന്തിക്കുകയും ചെയ്യുമായിരുന്നു' വെന്ന് ആശയം ധ്വനിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തം ജാഹിലിയ്യത്തിലെ അജ്ഞരായ അറബികളേക്കാള്‍ യോജിക്കുക വിദ്യാസമ്പന്നരെന്ന്  പറഞ്ഞു നടക്കുന്ന ആധുനിക മനുഷ്യപ്പിശാചുക്കളോടായിരിക്കും.

ഇന്ന് ഒരുത്തന് ഒരു കുഞ്ഞ് പിറന്നെന്ന വാര്‍ത്ത അറിയിക്കപ്പെട്ടാല്‍ ആദ്യം വരുന്ന ചോദ്യം അത് ആണോ പെണ്ണോ എന്നാണ്. പെണ്ണാണെന്നറിഞ്ഞാല്‍ അവന്റെ മുഖത്ത് നൈരാശ്യം പ്രകടമാകുന്നതു  കാണാം. ആദ്യ പ്രസവത്തിലാണെങ്കില്‍ അതവന്‍ സഹിക്കും. ഒരു തവണകൂടി കാത്തിരിക്കും. രണ്ടു തവണയും ജനിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ ഗര്‍ഭഛിദ്രത്തിലൂടെ തന്റെ പരമ്പരക്ക് അവന്‍ അന്ത്യം കുറിക്കും.

ഇന്നിന്റെ അവസ്ഥയാണിത്. ആധുനിക മനുഷ്യന് സന്താനങ്ങളേ ആവശ്യമില്ലെന്ന മട്ടാണ്. കുഞ്ഞുങ്ങളുണ്ടായാല്‍ ഉത്തരവാദിത്തങ്ങളും ചെലവും കൂടുമെന്നാണ് ഇവരുന്നയിക്കുന്ന ന്യായവാദങ്ങള്‍. ഇവരെല്ലാം ചിന്തിക്കാന്‍ വേണ്ടിയാണ് പരിശുദ്ധ ഖുര്‍ആന്‍ ''ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലരുത്, നിങ്ങള്‍ക്കും അവര്‍ക്കും ഭക്ഷണം നല്‍കുന്നത് നാമാണെന്ന സൂക്തം അവതരിപ്പിച്ചത്.

ആഗോളീകരണത്തിന്റെയും ഉത്തരാധുനികതയുടെയും പുതിയ സമവാക്യങ്ങള്‍ ഈ വഴിക്ക് ചിന്തിക്കാനാണ് സമൂഹത്തെ പ്രേരിപ്പിക്കുന്നത്. 647 കോടി 70 ലക്ഷം കവിഞ്ഞ ആഗോള ജനസംഖ്യയുടെ ആധിക്യം കണ്ട സമ്പന്നന്‍മാരുടെ മുട്ടിടിക്കുകയാണ്. അതുകൊണ്ടാണ് ലോക സമ്പത്തിന്റെ മുക്കാല്‍ പങ്കും കൈയ്യടക്കി വെച്ച അവര്‍ ജനസംഖ്യാ നിരക്കിന്റെ സമവാക്യങ്ങള്‍ മുറക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് 'നാം രണ്ട്, നമുക്ക് രണ്ട്' എന്നായിരുന്നു മുദ്രാവാക്യമെങ്കില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോഴേക്കും 'നാം രണ്ട് നമുക്കൊന്ന്' എന്നായി.ഇപ്പോഴത് 'നാമൊന്ന് നമുക്കെന്തിന് മറ്റൊന്ന്'  എന്നായിരിക്കുന്നു.
യഥാര്‍ത്ഥ ദൈവവിശ്വാസിക്ക് ഒരിക്കലും ഇത്തരമൊരു ഭയം അനുഭവപ്പെടുകയില്ലെന്നാണ് യാഥാര്‍ത്ഥ്യം. സ്വന്തം സ്രഷ്ടാവായ അല്ലാഹു താന്‍ സൃഷ്ടിച്ച സര്‍വ്വ സൃഷ്ടികള്‍ക്കും അന്നം നല്‍കുമെന്ന് അവന്‍ തന്നെ പ്രഖ്യാപിച്ചതാണ്.

''ഭൂമുഖത്തൊരു മൃഗവും അല്ലാഹുവില്‍നിന്നും ഭക്ഷണം ലഭിക്കാത്തതായിട്ടില്ല'' എന്ന ഖുര്‍ആന്‍ സൂക്തം വിരല്‍ചൂണ്ടുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. നമുക്ക് പക്ഷികളെ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഭരമേല്‍പിക്കുന്നതിന് ഏറ്റവും ഉചിതമായ ഉപമകളാണ് പക്ഷി സമൂഹം. പ്രഭാതത്തില്‍ ഒട്ടിയ വയറുമായി കൂടുവിട്ടു ചിറകടിച്ചു പറന്നു പോകുന്ന പക്ഷികള്‍ വൈകുന്നേരം ചില്ലകളില്‍ ചേക്കേറാനെത്തുന്നത് നിറഞ്ഞ വയറുമായിട്ടായിരിക്കും. ബുദ്ധിയും വിവേകവുമുള്ള മനുഷ്യനു പക്ഷെ, ആര്‍ത്തിയും അത്യാഗ്രഹവും മൂലം അല്ലാഹുവിനെക്കുറിച്ചും അവന്റെ കഴിവുകളെക്കുറിച്ചും ചിന്തിക്കാന്‍ അവസരമില്ലെന്നത് അവന്റെ തന്നെ വീഴ്ചയാണ്.

ചുരുക്കത്തില്‍, സന്താനങ്ങള്‍ ജീവിതത്തിന്റെ ആനന്ദങ്ങളാണ്. അല്ലാഹു കനിഞ്ഞേകുന്ന അനുഗ്രഹങ്ങളാണ്. അവനെന്തു നല്‍കിയാലും ഇരു ൈകയ്യും നീട്ടി സ്വീകരിക്കാന്‍ ഒരു മുസ്‌ലിം സദാ സന്നദ്ധനായിരിക്കണം. ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ റസൂല്‍(സ) പറഞ്ഞതായി നമുക്കിങ്ങനെ കാണാന്‍ സാധിക്കുന്നു: ആരെങ്കിലും രണ്ടു പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയെത്തും വരെ പരിപാലിച്ചാല്‍ ഞാനും അവനും അന്ത്യനാളില്‍ വരുന്നത് (കൈവിരലുകള്‍ കൂട്ടിപ്പിടിച്ചു കൊണ്ട്) ഇപ്രകാരമായിരിക്കും.''
അബൂദാവൂദ്(റ) വിവരിക്കുന്ന മറ്റൊരു ഹദീസിലുണ്ട്: ''ആര്‍ക്കെങ്കിലും ഒരു പെണ്‍കുഞ്ഞുണ്ടാവുകയും അവനവളെ കുഴിച്ചു മൂടാതിരിക്കുകയും തന്റെ ആണ്‍കുട്ടിക്ക് ആ പെണ്‍കുട്ടിയേക്കാള്‍ സ്ഥാനം നല്‍കാതിരിക്കുകയും  ചെയ്താല്‍ അവനെ ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.''

ജീവിതത്തിന്റെ ഐശ്വര്യങ്ങളായ സന്താനങ്ങളെ നാം ബുദ്ധിമുട്ടിന്റെയും പ്രാരാബ്ദങ്ങളുടെയും പ്രതീകങ്ങളായി കാണരുത്. നമ്മളും കുഞ്ഞുങ്ങളായി വളര്‍ന്നു വലുതായവരാണെന്നും നമ്മെപ്പോലെത്തന്നെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. സ്രഷ്ടാവായ നാഥന്‍ തന്നെ സൃഷ്ടികളെ പരിപാലിക്കാന്‍ സന്നദ്ധനായിരിക്കെ കുഞ്ഞുങ്ങളുടെ ചെലവും ഉത്തരവാദിത്തങ്ങളുമെല്ലാം ഒരു ഭാരമായി കൊണ്ടു നടക്കുന്നത് തികച്ചും നിരര്‍ത്ഥകമാണ്.
(സുന്നിഅഫ്കാര്‍ വാരിക, 2005, ഓഗസ്റ്റ്: 2, സുന്നിമഹല്‍്, മലപ്പുറം)


Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter