ഹഖീഖത്തും ശരീഅത്തും

ഹ.ഉമര്‍(റ) ഉദ്ധരിക്കുന്ന ജിബ്‌രീല്‍(അ)ന്റെ ഹദീസില്‍ ദീനിനെ മൂന്ന് ഘടകങ്ങളായി  വിഭജിച്ചിട്ടുണ്ട്. ‘അത് ജിബ്‌രീലാണ്, നിങ്ങള്‍ക്ക് മതം പഠിപ്പിച്ചുതരാനാണദ്ദേഹം വന്നത്’ എന്ന തിരുമേനി(സ്വ)യുടെ പ്രസ്താവം അതിനു തെളിവാണ്. ഇസ്‌ലാം, ഈമാന്‍, ഇഹ്‌സാന്‍ എന്നിവയാണവ.
ഇവയില്‍ ഇസ്‌ലാം എന്നത് കാര്‍മിക വശങ്ങളാണ്. ആരാധനകള്‍, ഇടപാടുകള്‍, മറ്റു കര്‍മപരമായ കാര്യങ്ങള്‍. ശാരീരികമായ ബാഹ്യാവയവങ്ങള്‍ കൊണ്ടാണവ നിര്‍വഹിക്കുക. പണ്ഡിതന്മാര്‍ ഇതിനെ ശരീഅത്ത് എന്നാണ് വിളിക്കുന്നത്. ഈ വിഷയം സവിശേഷമായി പഠിക്കുന്ന പണ്ഡിതവിശിഷ്ടരെ ഫുഖഹാഅ് എന്ന് പറയുന്നു. രണ്ടാമത്തേത്, ഈമാന്‍ എന്ന ഘടകമാണ്. ഹൃദയത്തിലുണ്ടാകേണ്ട വിശ്വാസങ്ങളുടെ വശമാണിത്. അല്ലാഹു, അവന്റെ മലക്കുകള്‍, കിതാബുകള്‍, ദൂതന്മാര്‍ എന്നിവയെയും അന്ത്യനാളിനെയും വിധിയെയും കുറിച്ച വിശ്വാസമാണിത്. ഈ വിഷയത്തില്‍ സവിശേഷ പഠനം നടത്തുന്നവരാണ് തൗഹീദിന്റെ പണ്ഡിതന്മാര്‍.

മൂന്നാമത്തേതാണ് ഇഹ്‌സാന്‍ എന്ന ഘടകം. ഹൃദയപരവും മാനസികവുമായ വശമാണിത്. നീ അല്ലാഹുവിനെ കണ്ടുകൊണ്ടിരിക്കുന്നുണ്ട് എന്നതുപോലെ അവനെ ആരാധിക്കലാണ് ഇഹ്‌സാന്‍; നീ അവനെ കാണുന്നില്ലെങ്കില്‍ തന്നെ അവന്‍ നിന്നെ കാണുന്നുണ്ട്. ഈ അവസ്ഥയില്‍ നിന്നുത്ഭൂതമാകുന്ന സ്ഥിതിഗതികളും വിഭാവനാപരമായ ആസ്വാദനങ്ങളും ജ്ഞാനാത്മകമായ പദവികളും ദാനാത്മകമായ പരിജ്ഞാനങ്ങളുമൊക്കെ ഇഹ്‌സാനിലുള്‍പ്പെടുന്നു. പണ്ഡിതന്മാര്‍ ഇതിനെ ഹഖീഖത്ത് എന്നാണ് വിളിക്കുന്നത്. ഇവ്വിഷയകമായ സവിശേഷപഠനവും മനനവും നടത്തുന്നവരാണ് സ്വൂഫികളായ മഹാന്മാര്‍.
ശരീഅത്തും ഹഖീഖത്തും തമ്മിലുള്ള ബന്ധം വ്യക്തമാക്കാന്‍ വേണ്ടി നമുക്ക് നമസ്‌കാരം ഒരു ഉദാഹരണമായെടുക്കാം. നമസ്‌കരിക്കുമ്പോള്‍ ശര്‍ഥുകളും ഫര്‍ളുകളും മുറുകെ പിടിക്കല്‍, പ്രത്യക്ഷ കര്‍മങ്ങളും ചലനങ്ങളും നിര്‍വഹിക്കല്‍ തുടങ്ങി കര്‍മശാസ്ത്രാപണ്ഡിതന്മാര്‍ വിശദീകരിച്ച കാര്യങ്ങള്‍ നിര്‍വഹിക്കല്‍ ശരീഅത്തിന്റെ വശമാണ് പ്രതിനിധീകരിക്കുന്നത്; അത് നമസ്‌കാരത്തിന്റെ ശരീരമാണ്. എന്നാല്‍, നമസ്‌കാരത്തിലുടനീളം അല്ലാഹുവിനോടൊപ്പം ഹൃദയസാന്നിധ്യമുണ്ടായിരിക്കല്‍ ഹഖീഖത്തിന്റെ ഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. അതത്രേ നമസ്‌കാരത്തിന്റെ ആത്മാവ്.

അപ്പോള്‍ നമസ്‌കാരത്തില്‍ ശരീരം കൊണ്ട് നിര്‍വഹിക്കുന്ന കര്‍മങ്ങള്‍ അതിന്റെ ദേഹവും ഭയഭക്തി ദേഹിയുമാകുന്നു. ദേഹിയില്ലാത്ത ദേഹം കൊണ്ട് എന്ത് ഗുണമാണുള്ളത്? ആത്മാവിന് നിലകൊള്ളാന്‍ ഒരു ശരീരം വേണമെന്നതുപോലെ, ശരീരത്തിന് അതില്‍ നിലകൊള്ളാനായി ഒരാത്മാവും അനിവാര്യമാണ്. അതുകൊണ്ടത്രേ ‘നിങ്ങള്‍ നമസ്‌കാരം നിലനിറുത്തുകയും സകാത്ത് കൊടുക്കുകയും ചെയ്യുക'(1) എന്ന് അല്ലാഹു കല്‍പിച്ചത്. അഖീമൂ (നിലനിറുത്തുക) എന്ന് കല്‍പിച്ച പ്രക്രിയ നിര്‍വഹിക്കുവാന്‍ ശരീരവും ആത്മാവും ഉണ്ടായിരിക്കണം. അതിനാലാണ് ‘നിങ്ങള്‍ നമസ്‌കാരം ഉണ്ടാക്കുക’ എന്ന് പറയാതിരുന്നത്.

ഇപ്പറഞ്ഞതില്‍ നിന്ന്, ശരീരവും ആത്മാവും എന്നതുപോലെ, പരസ്പരം ശക്തമായി ബന്ധിക്കപ്പെട്ടതാണ് ശരീഅത്തും ഹഖീഖത്തും എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ കഴിയും. പരിപൂര്‍ണനായ ഒരു സത്യവിശ്വാസി ശരീഅത്തും ഹഖീഖത്തും സമന്വയിപ്പിക്കുന്നവനാണ്. ഈയൊരു നിലപാടിലേക്കാണ് സ്വൂഫികള്‍ ജനങ്ങളെ മാര്‍ഗദര്‍ശനം ചെയ്യുന്നത്. തിരുനബി(സ്വ)യുടെയും സമാദരണീയരായ സ്വഹാബത്തിന്റെയും പാത പിന്തുടര്‍ന്നുകൊണ്ടാണ് അവരുടെ ഈ മാര്‍ഗദര്‍ശനം.

ഉന്നതമായ  ഈ അവസ്ഥയിലേക്കും പൂര്‍ണമായ ഈമാനിലേക്കും എത്തിച്ചേരുന്നതിന് ഥരീഖത്തില്‍ പ്രവേശിക്കേണ്ടത് അനിവാര്യമത്രേ. മനസ്സുമായുള്ള ധര്‍മസമരവും അതിന്റെ ന്യൂനവിശേഷണങ്ങളില്‍ നിന്ന് പൂര്‍ണവിശേഷണങ്ങളിലേക്ക് ഉയര്‍ത്തലും, മാര്‍ഗദര്‍ശികളുടെ സാന്നിധ്യത്തോടെ സമഗ്രതയുടെ പദവികളിലേക്ക് ആരോഹണം ചെയ്യലുമാണ് ഥരീഖത്ത്. ശരീഅത്തില്‍ നിന്ന് ഹഖീഖത്തിലേക്ക് കൊണ്ടെത്തിക്കുന്ന പാലമാണ് അത്. ശൈഖ് സയ്യിദ് ജുര്‍ജാനി(റ) നിര്‍വചിക്കുന്നു: വ്യത്യസ്ത പദവികള്‍ മുറിച്ചുകടക്കുക, ഭിന്നസ്ഥാനങ്ങളില്‍ കയറുക തുടങ്ങി അല്ലാഹുവിങ്കലേക്കുള്ള വഴിയില്‍ പ്രവേശിക്കുന്നവരുടെ സവിശേഷമായ ജീവിതചര്യയാണ് ഥരീഖത്ത്.

അപ്പോള്‍ ശരീഅത്ത് അടിത്തറയാണ്; ഥരീഖത്ത് മാര്‍ഗവും ഹഖീഖത്ത് ഫലവും. ഈ മൂന്ന് കാര്യങ്ങളും പരസ്പര പൂരകങ്ങളും വ്യവസ്ഥാപിതവുമാണ്. അപ്പോള്‍ ഒരു വ്യക്തി ഒന്നാമത്തേത് മുറുകെ പിടിക്കുകയാണെങ്കില്‍ രണ്ടാമത്തേതില്‍ പ്രവേശിക്കുന്നതും മൂന്നാമത്തേതില്‍ എത്തിച്ചേരുന്നതുമാണ്. അവക്കിടയില്‍ സംഘട്ടനമോ ഭിന്നതയോ ഇല്ല. അതുകൊണ്ടാണ് സുപ്രസിദ്ധമായ ഒരു നിയമമായി സ്വൂഫികള്‍ ഇങ്ങനെ പറയാറുള്ളത്: ശരീഅത്തിനോട് വിപരീതമാകുന്ന ഏത് ഹഖീഖത്തും കപടഭക്തി(സന്‍ദഖ)യാകുന്നു. അല്ലെങ്കിലും ഹഖീഖത്ത് എങ്ങനെ ശരീഅത്തിനോട് വിരുദ്ധമാകും? അത് പിറവിടെയുക്കുന്നതുതന്നെ ശരീഅത്തിന്റെ പ്രയോഗവല്‍ക്കരണത്തിലൂടെയാണല്ലോ.

സ്വൂഫികളുടെ സാരഥി ശൈഖ് അഹ്മദ് സര്‍റൂഖ്(റ) രേഖപ്പെടുത്തുന്നതു കാണുക: കര്‍മശാസ്ത്രം കൂടാതെയുള്ള അധ്യാത്മ ശാസ്ത്രമില്ല-കാരണം ഫിഖ്ഹില്‍ നിന്നു മാത്രമേ അല്ലാഹുവിന്റെ സ്പഷ്ടമായ വിധിവിലക്കുകള്‍ മനസ്സിലാക്കാനാകൂ. അതുപോലെ ആധ്യാത്മിക ശാസ്ത്രമില്ലാതെയുള്ള ഫിഖ്ഹും ഇല്ല-കാരണം സത്യസന്ധമായും ആത്മാര്‍ഥമായി റബ്ബിനെ അഭിമുഖീകരിച്ചുമുള്ള കര്‍മങ്ങള്‍ക്കേ ഫലമുണ്ടാകൂ. അതുപോലെത്തന്നെ സത്യവിശ്വാസം കൂടാതെയുള്ള ഫിഖ്ഹും തസ്വവ്വുഫും ഇല്ല. കാരണം ഒന്ന് ശരിയാകാതെ മറ്റേതിന് സാധുതയില്ല. അപ്പോള്‍ എല്ലാം പരസ്പരം അനിവാര്യതയിലാണ്. ആത്മാവും ശരീരവും എന്ന പോലെയാണവ. ഒരു ശരീരത്തിലേ ആത്മാവിന് നിലനില്‍പുണ്ടാകൂ; ശരീരത്തിന് ജീവനുണ്ടാകണമെങ്കില്‍ ആത്മാവു വേണംതാനും. ഇക്കാര്യം  നന്നായി മനസ്സിലാക്കണം.

ഇമാം മാലിക്(റ) പറയുന്നു: ഒരാള്‍ കര്‍മശാസ്ത്രം പഠിക്കാതെ സ്വൂഫിയായാല്‍ കപടഭക്തനാവുകയാണ് ചെയ്യുക; തസ്വവ്വുഫ് ഉള്‍ക്കൊള്ളാതെ കര്‍മശാസ്ത്രം പഠിച്ചാലാകട്ടെ അധര്‍മകാരിയാവുന്നതാണ്. രണ്ടും സമന്വയിപ്പിച്ചാല്‍ ഹഖീഖത്ത് കൈവരിച്ചവനാകും.(2) ഒന്നാമത്തെയാള്‍ കപടഭക്തനാവുമെന്ന് പറഞ്ഞത്, അവന്‍ ശരീഅത്തില്‍ നിന്ന് നിശ്ശൂന്യമായ ഹഖീഖത്തിലേക്ക് നോക്കുന്നതിനാലാണ്. അപ്പോള്‍, മനുഷ്യന്‍ നിര്‍ബന്ധിതനാണെന്നും ഒരു കാര്യത്തിലും യാതൊരു വിധ സ്വാതന്ത്ര്യവും വ്യക്തിക്കില്ലെന്നുമായിരിക്കും അവന്റെ വാദം. അങ്ങനെ വരുമ്പോള്‍ കവി പറഞ്ഞതുപോലെയാകും മനുഷ്യന്റെ സ്ഥിതി:

(അവനെ കൈകള്‍ പിന്നിലേക്കു ബന്ധിച്ച് അയാള്‍ കടലിലേക്കെറിയുകയും വെള്ളം നനയുന്നത് നല്ല വണ്ണം സൂക്ഷിച്ചുകൊള്ളുക എന്നുണര്‍ത്തുകയും ചെയ്തു.) കര്‍മശാസ്ത്രം പഠിക്കാതെ ‘സ്വൂഫിയാവുക’ വഴി ശരീഅത്തിന്റെ വിധിവിലക്കുകളെയും തദനുസൃതമായ പ്രവൃത്തികളെയും അവന്‍ ഉപേക്ഷിച്ചുവിടുകയും അതിന്റെ തത്ത്വങ്ങളെയും അവയെക്കുറിച്ച ചിന്തയെയും ശിഥിലമാക്കുകയുമാണവന്‍ ചെയ്തത്.

തസ്വവ്വുഫ് ഉള്‍ക്കൊള്ളാതെ ഫിഖ്ഹ് പഠിച്ചയാള്‍ അധര്‍മകാരിയാവുമെന്ന് പറഞ്ഞതിനും കാരണമുണ്ട്: തഖ്‌വായുടെ പ്രഭ അവന്റെ ഹൃദയത്തില്‍ പ്രവേശിക്കില്ല. ഇഖ്‌ലാസ്വിന്റെ രഹസ്യം, അല്ലാഹുവുമായുള്ള നിരീക്ഷണം എന്ന ഉപദേശകന്‍, ആത്മവിചാരണയുടെ മാര്‍ഗം തുടങ്ങിയവയില്‍ നിന്നൊക്കെ അവന്‍ ശൂന്യനായിരിക്കും. ഇവയൊക്കെ ഉണ്ടാകുമ്പോഴേ പാപങ്ങളില്‍ നിന്നകന്നു നില്‍ക്കാനും അവയില്‍ നിന്ന് മറയിടപ്പെട്ടവനാകാനും സുന്നത്തുകള്‍ മുറുകെപ്പിടിക്കാനും മനുഷ്യന് സാധിക്കയുള്ളൂ.

മൂന്നാമത്തെയാള്‍-ഫിഖ്ഹും തസ്വവ്വുഫും സമന്വയിപ്പിച്ചവന്‍-ഹഖീഖത്ത് കൈവരിച്ചവനാകുമെന്ന് പറഞ്ഞത് ദീനിന്റെ മൂന്ന് ഘടകങ്ങളും-ഈമാന്‍, ഇസ്‌ലാം, ഇഹ്‌സാന്‍-അവന്‍ സമന്വയിപ്പിച്ചതിനാലാണ്. ജിബ്‌രീല്‍(അ)ന്റെ ഹദീസില്‍ ആ മൂന്നും സമ്മേളിച്ചതാണല്ലോ.

പ്രത്യക്ഷകര്‍മങ്ങളുമായി ബന്ധപ്പെട്ട ഫിഖ്ഹിന്റെ പണ്ഡിതന്മാര്‍ ശരീഅത്തിന്റെ പരിധികള്‍ സംരക്ഷിച്ചതുപോലെ, തസ്വവ്വുഫിന്റെ പണ്ഡിതന്മാര്‍ അതിന്റെ മര്യാദകളും സംസ്‌കാരവും ആത്മാവും പരിരക്ഷിച്ചിട്ടുണ്ട്. ഫിഖ്ഹിന്റെ പണ്ഡിതന്മാര്‍ക്ക് നിര്‍വചനങ്ങള്‍ ക്രോഡീകരിക്കലും ശാഖാപരമായ നിയമങ്ങള്‍ ആവിഷ്‌കരിക്കലും നിഗമനങ്ങള്‍ നടത്തി പ്രമാണങ്ങള്‍ കണ്ടെത്തലും ഗവേഷണം നടത്തലും അനുവദിക്കപ്പെട്ടതാണല്ലോ. പ്രത്യക്ഷ രേഖകളും തെളിവുകളുമില്ലാത്തിടത്ത് ഹറാം-ഹലാല്‍ നിയമങ്ങള്‍ ഉരുത്തിച്ചെടുക്കുന്നതിനും അവര്‍ക്ക് അനുമതിയുണ്ട്. ഇതേപോലെ ആത്മജ്ഞാനികള്‍ക്ക് മുരീദുമാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും ഥരീഖത്തില്‍ പ്രവേശിച്ചവരെ സംസ്‌കരിച്ചെടുക്കുന്നതിനും ചിട്ടകളും മര്യാദകളും കര്‍മപദ്ധതികളും ആവിഷ്‌കരിച്ചെടുക്കാവുന്നതാണ്.

സദ്‌വൃത്തരായ പൂര്‍വഗാമികളും സത്യനിഷ്ഠരായ സ്വൂഫിസാരഥികളും കുറ്റമറ്റ ഇസ്‌ലാമും സത്യസന്ധമായ അടിമത്തവും സാക്ഷാല്‍ക്കരിച്ചവരായിരുന്നു. കാരണം, ശരീഅത്തും ഥരീഖത്തും ഹഖീഖത്തും സമ്മേളിപ്പിച്ചവരാണവര്‍. അതിനാല്‍ അവര്‍ ശരീഅത്തും ഹഖീഖത്തും ഉള്ളവരായി. മാനുഷ്യകത്തെ ഋജുവായ പന്ഥാവിലേക്ക് അവര്‍ മാര്‍ഗദര്‍ശനം ചെയ്യുകയായിരുന്നു. അപ്പോള്‍, ദീന്‍ അതിന്റെ യാഥാര്‍ഥ്യത്തില്‍ നിന്ന് നിശ്ശൂന്യമാവുകയാണെങ്കില്‍ അതിന്റെ മുരട് ഉണങ്ങുകയും കൊമ്പുകള്‍ വാടുകയും പഴങ്ങള്‍ ദുഷിക്കുകയും ചെയ്തുപോകുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter