ഹദീസ് ക്രോഡീകരണം

പ്രവാചകന്‍ (സ)ന്റെ കാലത്ത് ഹദീസുകള്‍ ക്രോഡീകരിക്കാന്‍ വേണ്ടത്ര പ്രോത്സാഹനം നല്‍കപ്പെട്ടിരുന്നില്ല. ഖുര്‍ആന്‍ സൂക്തങ്ങളുമായി ഇടകലര്‍ന്ന് ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാന്‍ ഒരുവേള അത് വിലക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ എഴുതിവെക്കാന്‍ അനുവാദം ചോദിച്ചവര്‍ക്ക് അതിന് അനുവാദം നല്‍കിയതായും പല സംഭവങ്ങളും വ്യക്തമായ സൂചനകളാണ് നല്‍കുന്നത്.

ആദ്യകാലത്ത് ഹദീസ് എഴുതപ്പെടാതിരിക്കാനും ക്രോഡീകരിക്കപ്പെടാതിരിക്കാനും മുഖ്യമായും നാലു കാരണങ്ങളാണ് പറയപ്പെടുന്നത്.

ഒന്ന്: നബി(സ)യില്‍ നിന്ന് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല.
രണ്ട്: ജനങ്ങള്‍ വമ്പിച്ച ഗ്രഹണശക്തിയുടെയും മനഃപാഠശക്തിയുടെയും ഉടമസ്ഥരായിരുന്നു.
മൂന്ന്: ധര്‍മസമരം, മതപ്രചാരണം തുടങ്ങിയ കാര്യങ്ങളില്‍ ജനം വ്യാപൃതരായതിനാല്‍ ഹദീസ് ക്രോഡീകരണത്തിന് മതിയായ സമയം ലഭിച്ചില്ല.

നാല്: ജനങ്ങളില്‍ ഭൂരിഭാഗവും എഴുത്തും വായനയും അറിയാത്തവരായിരുന്നു. അതിനാല്‍ കൂടുതല്‍ പേര്‍ക്കും എഴുതാനോ, എഴുതിവെക്കപ്പെട്ടവയില്‍ നിന്ന് വല്ലതും നേടാനോ സാധിക്കുമായിരുന്നില്ല.

സ്വഹാബികളിലും താബിഉകളിലും ഹദീസ് എഴുതുന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. ഇബ്‌നു ഉമര്‍(റ), ഇബ്‌നു മസ്ഊദ് (റ), അബൂമൂസല്‍ അശ്അരി (റ) മുതലായവര്‍ ഹദീസ് എഴുതിവെക്കുന്നത് പ്രോത്സാഹജനകമല്ല എന്ന പക്ഷക്കാരായിരുന്നു. എന്നാല്‍ ഉമര്‍(റ), അലി(റ), ഹസന്‍(റ), അനസ്(റ), ജാബിര്‍(റ), അബ്ദുല്ലാഹിബ്‌നു അംറില്‍ ആസ്വ്(റ), അഥാഅ്(റ), സഈദുബ്‌നു ജുബൈര്‍(റ) തുടങ്ങിയവര്‍ ഹദീസ് എഴുതുന്നത് അനുവദനീയമാണെന്നു പറയുകയും അതിന് പ്രോത്സാഹനം നല്‍കുകയും ചെയ്തു.

എന്നാല്‍ പില്‍ക്കാലത്ത് ഈ അഭിപ്രായവ്യത്യാസം അവസാനിച്ചുവെന്നും, ഹദീസ് ക്രോഡീകരണം അത്യന്താപേക്ഷിതമാണെന്ന അഭിപ്രായത്തില്‍ പണ്ഡിതന്‍മാരും ലോക മുസ്‌ലിംകളും എത്തിച്ചേര്‍ന്നുവെന്നും ഇബ്‌നുസ്സ്വലാഹ്, അല്‍ ഹാഫിസ് ഇബ്‌നു ഹജറില്‍ അസ്ഖലാനി തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യവസ്ഥാപിതമായ രീതിയില്‍, ഹദീസ് ക്രോഡീകരിക്കാന്‍ തുടങ്ങിയത്, ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ കാലത്ത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു. ഉമറുബ്‌നു അബ്ദുല്‍അസീസ് തന്റെ ഭരണപ്രവിശ്യയിലെ പണ്ഡിതന്‍മാരിലേക്ക് നേരിട്ടെഴുതുകയും ഹദീസുകള്‍ സമാഹരിക്കാന്‍ കല്‍പിക്കുകയും ചെയ്തു. സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇല്‍മില്‍ ഇങ്ങനെ കാണാം: ”ഉമറുബ്‌നു അബ്ദുല്‍അസീസ്, അബൂബക്കര്‍ ബിന്‍ ഫാസ്മിന്ന് എഴുതി. നബി(സ)യുടെ ഹദീസുകളെക്കുറിച്ച് നീ ചിന്തിക്കുകയും എഴുതുകയും ചെയ്യുക, കാരണം, വിജ്ഞാനം മാഞ്ഞുപോവുന്നതും പണ്ഡിതന്‍മാര്‍ മരിച്ചുപോവുന്നതും ഞാന്‍ ഭയക്കുന്നു.”

ഇങ്ങനെ ഉമറുബ്‌നു അബ്ദില്‍ അസീസിന്റെ നിര്‍ദേശപ്രകാരം ഹദീസ് ക്രോഡീകണം നടത്തിയ ആദ്യത്തെ പണ്ഡിതന്‍ ഇമാം സുഹ്‌റി (ഹി.50-ഹി 124) ആണ്. മുഹമ്മദ് ബിന്‍ മുസ്‌ലിംബിന്‍ ഉബൈദില്ലാ ഹിബ്‌നി അബ്ദില്ലാഹിബ്‌നി ശിഹാബ് സ്സുഹ്‌രി എന്നാണ് മുഴുവന്‍ പേര്.

ഹദീസ് ക്രോഡീകരണത്തെ അഞ്ചു ഘട്ടങ്ങളായി തിരിക്കാം. ഹിജ്‌റ പതിനൊന്നു വരെയുള്ള അഥവാ, നബി(സ)യുടെ വഫാത്ത് വരെയുള്ള കാലമാണ് ഇതില്‍ ഒന്നാം ഘട്ടം. ജാബിറുബ്‌നു അബ്ദില്ല, സഅ്ദുബിനു ഉബാദ, അബ്ദുല്ലാഹിബ്‌നു അബീ ഔഫ് തുടങ്ങിയ പല സ്വഹാബികളും സ്വന്തമായി എഴുതിവെച്ച ഏടുകള്‍ മാത്രമാണ് ഈ ഘട്ടത്തില്‍ കാണാന്‍ കഴിയുന്നത്. നബി(സ)യുടെ കത്തിടപാടുകളും, സന്ധികളും, അഭയപത്രങ്ങളും ഈ കാലഘട്ടത്തില്‍ തന്നെ ലിഖിതരേഖയാണ്.

ഹിജ്‌റ പതിനൊന്നു മുതല്‍ 100 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിന്റെ രണ്ടാം ഘട്ടമായി കണക്കാക്കുന്നത്. നബി(സ)യുടെ വഫാത്തിനു ശേഷം അലി(റ), ഇബ്‌നു അബ്ബാസ്(റ) തുടങ്ങിയ സ്വഹാബികളും, സുഹ്‌റി പോലെയുള്ള താബിഉകളും സമാഹരിച്ച ക്രോഡീകരണങ്ങളാണ് ഈ ഘട്ടത്തില്‍ പ്രധാനമായും എണ്ണപ്പെടുന്നത്.

ഹിജ്‌റ 101 മുതല്‍ 200 വരെയുള്ള കാലഘട്ടമാണ് ഹദീസ് ക്രോഡീകരണത്തിലെ മൂന്നാം ഘട്ടം. ഇക്കാലത്ത് നിരവധി ഹദീദ് പണ്ഡിതന്‍മാര്‍ വ്യവസ്ഥാപിതമായ രീതിയല്‍, വ്യത്യസ്ത നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഹദീസ് പഠനത്തിന്റെ വ്യാപനം നടത്തുകയുണ്ടായി. മഹാനായ ഇമാം മാലിക്ബ്‌നു അനസ്(റ)ന്റെ മുവഥ്ഥ്വയാണ് ഈ ഘട്ടത്തില്‍ സമാഹരിക്കപ്പെട്ട ഹദീസ് ഗ്രന്ഥം. ഇതിനെ ലക്ഷണമൊത്ത ആദ്യത്തെ ഹദീസ് ഗ്രന്ഥമായി വിശേഷിപ്പിക്കാം.

ഹിജ്‌റ 200 മുതല്‍ 300 വരെയുള്ള കാലഘട്ടത്തെ ഹദീസ് ക്രോഡീകരണത്തിന്റെ നാലാം ഘട്ടമായി കണക്കാക്കുന്നു. സ്വിഹാഹുസ്സിത്തയുടെ രചയിതാക്കളായ ഇമാം ബുഖാരി, ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), തിര്‍മിദി(റ), നസാഈ(റ), ഇബ്‌നു മാജ(റ) എന്നീ ഗ്രന്ഥങ്ങളും മുസ്‌നദ് അഹ്മദ്, ദാരിമി, അല്‍വാഖിദി തുടങ്ങിയ മഹാഗ്രന്ഥങ്ങളും പ്രത്യക്ഷപ്പെട്ടത് ഈ കാലത്താണ്.

ഹിജ്‌റ 300 മുതല്‍ 600 വരെയുള്ള അഞ്ചാം ഘട്ടം ദാറഖുഥ്‌നീ, ബൈഹഖീ, അഹ്മദ്ബ്ന്‍ ഹുസൈന്‍ തുടങ്ങിയ പണ്ഡിതന്‍മാരുടെ യുഗമാണ്. ഈ പറയപ്പെടുന്ന പണ്ഡിതന്‍മാര്‍ മുഴുവനും ഹദീസ് നിവേദിത വചനത്തോടൊപ്പം നിവേദക ശൃംഖലയെയും ഉള്‍ക്കൊള്ളിച്ചാണ് രചന നടത്തിയത്. പില്‍ക്കാലത്ത് നിവേദക ശൃംഖലയുടെ പ്രസക്തി കുറഞ്ഞു പോവുകയും ഹദീസ് വചനങ്ങള്‍ മാത്രം സമാഹരിക്കപ്പെടുകയും ചെയ്തു.

ഉപര്യുക്ത കാലഘട്ടങ്ങളില്‍ സമാഹരിക്കപ്പെട്ട ഗ്രന്ഥങ്ങളെ അവലംബിച്ച്, വിഷയാധിഷ്ഠിതമായി ക്രോഡീകരിക്കപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളും ഉണ്ടായി. മിശ്കാതുല്‍ മസ്വാബീഹ്, ഇമാം നവവി (റ)യുടെ ‘രിയാളുസ്സ്വാലിഹീന്‍’ തുടങ്ങിയവ ഉദാരണം. അധ്യാത്മിക കര്‍മശാസ്ത്രം, സ്വഭാവസംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ആസ്പദമാക്കിയാണ് ഇത്തരം ക്രോഡീകരണം. അവലംബകൃതികളുടെ പേരും അതത് ഹദീസുകളുടെ കൂടെത്തന്നെ കാണിച്ചിരിക്കാം. ഹദീസ് നിവേദനം ചെയ്ത സ്വഹാബി, അല്ലെങ്കില്‍ താബിഈയുടെ പേരു മാത്രമേ നിവേദക ശൃംഖലയില്‍ കാണിച്ചിരിക്കൂ. ഇത്തരം ക്രോഡീകരണങ്ങള്‍ ഇന്നും നടക്കുന്നുണ്ട്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ നാം ഏതെങ്കിലും വിഷയത്തിനു തെളിവുകളുദ്ധരിക്കുമ്പോള്‍, നിവേദക ശൃംഖലയുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ മാത്രമേ പരിഗണിക്കാറുള്ളൂ.

 

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter