പുക അടങ്ങാതെ ആസാം

 width=ഇന്ത്യയുടെ കിഴക്കുവടക്കന്‍ സംസ്ഥാനമായ ആസാമില്‍  ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്ന കലാപത്തില്‍ ഇതിനകം തന്നെ നാല്‍പതോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തിരിക്കുന്നു. സംസ്ഥാനത്തെ പല പ്രദേശങ്ങളും ഇപ്പോഴും സംഘര്‍ഷാവസ്ഥയില്‍ തന്നെ. സ്ഥിതി നിയന്ത്രണവിധേയമാക്കാനായി, കണ്ടാല്‍ വെടി വെക്കണമെന്ന ഉത്തരവു നല്‍കി ജില്ലകളിലുടനീളം പട്ടാളത്തെ വിന്യസിച്ചിരിക്കയാണ്.

നുഴഞ്ഞുകയറ്റം എന്ന് അവര്‍ വിളിക്കുന്ന പ്രക്രിയയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് കാരണമായി ഭവിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ എന്ന് വാദിക്കുന്ന അവിടത്തുകാര്‍ക്കും ബംഗാളില്‍നിന്ന് കുടിയേറിയവര്‍ക്കുമിടയിലാണ്  ഇത് പ്രശ്നങ്ങള്‍ക്ക് വക വെച്ചത്.

നുഴഞ്ഞുകയറ്റ വിദ്വേഷം

പൂര്‍വ്വ ബംഗാളില്‍നിന്ന് കൃഷി ജോലികള്‍ക്കായി ബ്രിട്ടീഷുകാരുടെ കാലത്ത് ധാരാളം ആളുകളെ ആസാമിലേക്ക് കൊണ്ടുവന്നിരുന്നു. അവരെയാണ് നുഴഞ്ഞുകയറ്റക്കാര്‍ എന്ന് തദ്ദേശീയര്‍ ആരോപിക്കുന്നത്. ഇന്ത്യക്കാരെന്ന നിലയില്‍ തങ്ങളും ആസാമിന്റെ മക്കള്‍ തന്നെയാണെന്ന അവരുടെ വാദം വകവെച്ചുകൊടുക്കാന്‍ മറ്റുള്ളവര്‍ തയ്യാറല്ല.

എന്നാല്‍ ഇത് ശരിയല്ലെന്നും ഇന്നും കൂടുതല്‍ കൂടുതല്‍ ആളുകളെ ബംഗ്ലാദേശില്‍നിന്ന് അങ്ങോട്ട് കുടിയേറ്റുന്നുണ്ടെന്നും അതിലൂടെ ജനസംഖ്യ വര്‍ദ്ദിപ്പിച്ച് അധികാരം വരെ കൈക്കലാക്കാനാണ് അവരുടെ പദ്ധതിയെന്നുമാണ്  ഇതരരുടെ മറുവാദം.

1983 ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പിലായിരുന്നു ഈ തര്‍ക്കത്തെച്ചൊല്ലിയുള്ള സംഘര്‍ഷം ഏറ്റവും ഭീകരമായത്. 3,000ത്തോളം ആളുകളാണ് അന്ന് കലാപത്തില്‍ കൊല്ലപ്പെട്ടത്. ആദിമ ആസാമി ജനതയോടൊപ്പം അന്ന് മറ്റു പല പ്രാദേശിക വിഭാഗങ്ങളും ആ കലാപത്തില്‍ കൂട്ടുകൂടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കുന്നത് തന്നെ ഇത്തരം നുഴഞ്ഞുകയറ്റ വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥരാണെന്നായിരുന്നു അവരുടെ ആരോപണം. നൂറുകണക്കിനാളുകളാണ് അന്ന് മധ്യആസാമിലെ നെല്ലീ ഗ്രാമത്തില്‍ മാത്രം കൊല്ലപ്പെട്ടത്.

തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍തന്നെ ഇടപെട്ട്, കലാപത്തിന് നേതൃത്വം നല്‍കിയിരുന്ന ഓള്‍ ആസാം സ്റ്റുഡന്റ്സ് യൂണിയനുമായി ചര്‍ച്ചകള്‍ നടത്തി തല്‍ക്കാലം സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു അന്ന്. ചര്‍ച്ചയുടെ ഭാഗമായി, 1966ന് ശേഷം കുടിയേറിയവരെ പത്ത് വര്‍ഷത്തേക്ക് അയോഗ്യരാക്കണമെന്നും അതിന് ശേഷമേ അവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിത്തം നല്‍കാവൂ എന്നും അന്നത്തെ ചര്‍ച്ചയില്‍ തീരുമാനമായി. എന്നാല്‍ തീവ്രചിന്താഗതിക്കാരായ പലരും ഇതിനെ വഞ്ചനാപരമായ തീരുമാനമായാണ് വിശേഷിപ്പിച്ചത്. അതിനെതുടര്‍ന്ന് ഇന്ത്യക്കെതിരെ സായുധ വിപ്ലവത്തിന് തന്നെ അവര്‍ ഉത്തരവിട്ടു.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉള്‍ഫാ (യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ആസാം) തീവ്രവാദികളിലൊരു വിഭാഗം, ആസാം സ്വദേശികള്‍ക്ക് നുഴഞ്ഞുകയറ്റക്കാരില്‍നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ഭരണസിരാകേന്ദ്രമായ ഡല്‍ഹിയിലെത്തി മുറവിളി കൂട്ടി. ബംഗ്ലാദേശില്‍നിന്ന് അനധികൃതനുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുന്നുണ്ടെന്നായിരുന്നു അവരുടെ ആരോപണം.  ബോഡോ, റാബാ, തീവാ തുടങ്ങിയ വിവിധ പ്രാദേശിക വിഭാഗങ്ങളുടെ പ്രതിനിധികളും അന്ന് ഇത് ഏറ്റുപിടിച്ചു.

എന്നാല്‍ 1985ലെ തീരുമാനം 1966നും 1971നും ഇടയില്‍ കുടിയേറിയവര്‍ക്ക് പത്തുവര്‍ഷത്തേക്ക് കൂടി ബാധകമാക്കാമെന്നതിലുപരി മറ്റൊരു തീരുമാനത്തിനും കേന്ദ്രം തയ്യാറായില്ല.

ബോഡോ-മുസ്ലിം സംഘര്‍ഷം

ബോഡോ വിഭാഗക്കാരുടെ ശക്തികേന്ദ്രമായ കോക്രാജറില്‍ മുസ്ലിം കുടിയേറ്റക്കാര്‍ ഇടക്കിടെ ബോഡോ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയാവാറുണ്ട്. അത് പലപ്പോഴും കലാപങ്ങളായി പരണമിക്കാറാണ് പതിവ്. 1993ലുണ്ടായ അത്തരം ഒരു കലാപത്തില്‍, ഭവനരഹിതരാക്കപ്പെട്ട കുടിയേറ്റക്കാര്‍ താമസിച്ചിരുന്ന ബാന്‍സ്ബാരി ക്യാംപിലെ നൂറിലേറെ മുസ്ലിംകള്‍ കൊല്ലപ്പെട്ടിരുന്നു.

തദ്ദേശ ഭരണസ്ഥാപനത്തില്‍  ബോഡോ പ്യൂപിള്‍സ് ഫ്രണ്ടിന് (ബി.പി.എഫ്) പരമാധികാരം ലഭിച്ചതോടെ പ്രശ്നങ്ങള്‍ക്ക് വീണ്ടും ആക്കം കൂടി. തങ്ങള്‍ക്കവകാശപ്പെട്ട ഭൂമി പലതും കുടിയേറ്റക്കാര്‍ കൈയ്യടക്കി വെച്ചിരിക്കയാണെന്നാണ് അവരുടെ ഇപ്പോഴത്തെ പ്രധാനവാദം.

എന്നാല്‍ അതേസമയം കുടിയേറ്റക്കാരെന്ന് ആരോപിക്കപ്പെട്ടവരും രാഷ്ട്രീയമായി സംഘടിക്കുകയും ആസാം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് രൂപീകരിക്കുകയും ചെയ്തതോടെ അവര്‍ക്കും ആത്മധൈര്യം വര്‍ദ്ദിക്കുകയും ന്യനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അവരും രാഷ്ട്രീയമായി ശബ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. മതനേതാവ് കൂടിയായ മൌലാനാ ബദ്റുദ്ദീന്‍ അജ്മല്‍ ആണ് സംഘടനയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിലൂടെ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി നിര്‍ണ്ണായക ശക്തിയായി മാറുകയും ഇതിനകം നിയമസഭയില്‍ ശക്തി തെളിയിക്കുകയും ചെയ്തുകഴിഞ്ഞു. 2011 ആയപ്പോഴേക്കും, പ്രേദേശിക പാര്‍ട്ടികള്‍ക്കും ബി.ജെ.പിക്കും നേടാനായതിന്റെ മൂന്നിരട്ടിയോളം വോട്ടുകള്‍ നേടിയ പാര്‍ട്ടി, അധികാരത്തിലിരുന്ന ആസാം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുഖ്യ പ്രതിപക്ഷമായി മാറിക്കഴിഞ്ഞിരുന്നു.

ആസാമിലെ പ്രാദേശിക വിഭാഗക്കാരെ വീണ്ടും കലാപത്തിന് പ്രേരിപ്പിക്കുന്നത് ഈ ഘടകങ്ങളാണ്. രാഷ്ട്രീയമായി ശക്തി പ്രാപിച്ചുവരുന്ന ന്യൂനപക്ഷത്തെ കലാപത്തിലൂടെ അടിച്ചമര്‍ത്തുകയും ഇല്ലായ്മ ചെയ്യുകയുമാണ് ഇതിന്റെ യഥാര്‍ത്ഥ ലക്ഷ്യം. നിലവിലെ കലാപം ആസാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലേക്ക് വ്യാപിച്ചിരിക്കയാണ്.

കലാപം കത്തിപ്പടരുകയും റെയില്‍വേ ഗതാഗതത്തെപ്പോലും അത് ബാധിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്നാണ് കണ്ടാല്‍വെടിവെക്കണമെന്ന ഉത്തരവോടെ സംഘര്‍ഷബാധിത പ്രദേശങ്ങളിലെല്ലാം പട്ടാളത്തെ വിന്യസിച്ചിരിക്കുന്നത്. അത്കൊണ്ട്മാത്രം ഇപ്പോള്‍ സ്ഥിതിഗതികള്‍ അല്‍പം ശാന്തമാണ്. ആസാമില്‍ ശാശ്വത സമാധാനം കൈവരണമെങ്കില്‍ അധികാരികള്‍ ഇനിയും ക്രിയാത്മകമായി ഇടപെടേണ്ടിയിരിക്കുന്നു.   

-ബി.ബി.സി- വിവര്‍ത്തനം- വി.എഫ്. ശംല

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter