അണ്ടോണ കെ. അബ്ദുല്ല മുസ്‌ലിയാര്‍

നാലരപതിറ്റാണ്ടുകാലം ദീനീ പ്രബോധന രംഗത്ത് ജ്വലിച്ചുനിന്ന മഹാനാണ് സൈനുല്‍ ഉലമാ ഉസ്താദ് അണ്ടോണ കെ. അബ്ദുള്ള മുസ്‌ലിയാര്‍. 1922-ലാണ് ജനനം. കൃത്യമായ ജനനതീയ്യതിയും, ദിവസവും അറിയപ്പെട്ടിട്ടില്ല. താമരശ്ശേരി കൊവ്വൂര്‍ വില്ലേജില്‍ വാവാട് മഹല്ലില്‍ പ്രസിദ്ധ കുന്നമ്മല്‍ പണ്ഡിത തറവാട്ടില്‍ മര്‍ഹൂം മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടേയും, ഉക്കയ്യ ഹജ്ജമ്മയുടേയും അഞ്ചു മക്കളില്‍ ഇളയ മകനാണ് ചരിത്ര പുരുഷന്‍.. ആധുനിക സമൂഹത്തിന് തികച്ചും മാതൃകയാണ് ബഹുമാനപ്പെട്ടവരുടെ വിദ്യാഭ്യാസം. പണ്ഡിതോചിതമായ ശിക്ഷണത്തിലൂടെ വളര്‍ന്നു വികസിക്കാന്‍ അനുകൂലമായ സാഹചര്യം ലഭിച്ചതുമൂലം, മത-ഭൗതീക വിദ്യാഭ്യാസ രേഖകളിലും, ആത്മീയവും ഭൗതീകവുമായ സ്വഭാവ സംസ്‌ക്കരണത്തിലും ചെറുപ്പംമുതല്‍ തന്നെ പുരോഗതി കൈവരിക്കാന്‍ സാധിച്ചു. ഗൃഹാന്തരീക്ഷത്തില്‍ നിന്നു ലഭിക്കേണ്ട പ്രാഥമിക വിദ്യാഭ്യാസം നേടിയതിനുശേഷം കീഴ്‌വഴക്കമനുസരിച്ച് പ്രാഥമിക മത-ഭൗതീക വിദ്യാലയങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയായി ചേര്‍ക്കപ്പെട്ടു. സാഹപാഠികളെ അപേക്ഷിച്ചു പഠനത്തിലെന്നപോലെ കളികളിലും, വികൃതികളിലും മുമ്പില്‍ തന്നെയായിരുന്നു. താമരശ്ശേരി ഗവണ്‍മെന്റ് യു.പി. സ്‌കൂളിലാണ് ഭൗതീക പഠനം നടത്തിയത്.

വിദ്യാര്‍ത്ഥി ജീവിതത്തിലെ ദീര്‍ഘമായ എട്ടുവര്‍ഷം ഭൗതീക പഠനത്തിന് നീക്കിവെച്ച അദ്ദേഹം, അക്കാലത്തെ ഉന്നത വിദ്യാഭ്യാസമായ എസ്.എല്‍.സി. പരീക്ഷ പാസ്സായി. ഇതിനിടയില്‍ തന്നെ സ്വന്തം നാട്ടിലെ വാവാട് ദര്‍സിലും, സമീപപ്രദേശമായ വട്ടക്കുണ്ടുമ്മല്‍ ദര്‍സിലും മതപഠനവും നടത്തി. മതപഠ നത്തില്‍ മാത്രം ശ്രദ്ധിച്ചിരിക്കുന്നതിനുവേണ്ടി പൂനൂര്‍ ജുമാമസ്ജിദില്‍ ബഹുമാനപ്പെട്ട എം.കെ. കുഞ്ഞി ഇബ്രാഹീം മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട് മുതഅല്ലിമായി ചേര്‍ന്നു. തുടര്‍ന്നു കാപ്പാട്, മടവൂര്‍ എന്നീ സ്ഥലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഹൂം കുഞ്ഞഹ്മദ് മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഉസ്താദുമാര്‍. 1948-50-കളിലാണ് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്ന് ബിരുദമെടുത്തത്. എം.എഫ്.ബി. ബിരുദധാരിയായ അദ്ദേഹം പാണ്ഡിത്യം കൊണ്ടും, പ്രസംഗംകൊണ്ടും പ്രസിദ്ധനായിത്തീര്‍ന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter