ചോരപുരണ്ട തിരൂരങ്ങാടി

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ക്ലാസിക്കല്‍ സമരമായ മലബാര്‍ കലാപത്തിന്റെ ആസ്ഥാനം തിരൂരങ്ങാടിയായിരുന്നു. ഖിലാഫത്ത് നേതാവ് ആലി മുസ്‌ലിയാരെ പിടികൂടിയാല്‍ പ്രശ്‌നം തീരുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷ് പട്ടാളം 1921 ഓഗസ്റ്റ് 19-ന് രാത്രി തിരൂരങ്ങാടി പള്ളി വളഞ്ഞതോടെയാണ് മലബാര്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്. തിരൂരങ്ങാടിയില്‍ മുസ്‌ലിംകളും പട്ടാളവും ഏറ്റുമുട്ടി. പരപ്പനങ്ങാടി, പൂക്കോട്ടൂര്‍, അരീക്കോട്, തുവ്വൂര്‍, ചെറുവാടി, മഞ്ചേരി, പാണ്ടിക്കാട്, ചേറൂര്‍, നെന്മിനി, തുടങ്ങിയ സ്ഥലങ്ങളിലും ഇതോടനുബന്ധമായി സമരം നടന്നു.


മുസ്‌ലിംകളുടെ ശക്തമായ എതിര്‍പ്പ് മൂലം ബ്രിട്ടീഷുകാര്‍ മലബാര്‍ വിട്ടപ്പോള്‍ ആലി മുസ്‌ലിയാര്‍ ഖലീഫയായി വിപ്ലവ ഗവണ്‍മെന്റ് ആറ് മാസക്കാലം ഏറനാട് താലൂക്കില്‍ ഇസ്‌ലാമിക ഭരണം നടത്തി. 1921 ഓഗസ്റ്റ് 30-ാം തിയ്യതി തിരൂരങ്ങാടി പള്ളിയില്‍ ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കഴിഞ്ഞുകൂടിയിരുന്ന മുസ്‌ലിംകള്‍ കീഴടങ്ങാന്‍ തീരുമാനിച്ചു. 30-ാം തിയ്യതി രാത്രി പോലീസ് പള്ളി വളഞ്ഞു. ഒരു ഘോരസംഘട്ടനം അവിടെ അരങ്ങേറി. 243 പേര്‍ അവിടെവെച്ച് ശഹീദായി. ആലിമുസ്‌ലിയാര്‍ ഉള്‍പ്പെടെ 42 പേര്‍ കീഴടങ്ങി. പിന്നീട് മാര്‍ഷ്യല്‍ ലോക കോടതി വിചാരണ ചെയ്ത്, ആലി മുസ്‌ലിയാരെയും പതിനൊന്ന് പേരെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. അവരെ  കോയമ്പത്തൂര്‍ ജയിലിലടച്ചു. ശേഷം പതിനൊന്ന് പേരെ തൂക്കിക്കൊന്നു.


‘പടച്ചവനേ, ആ പിശാചുക്കളുടെ കയ്യാല്‍ എന്നെ മരിപ്പിക്കല്ലേ’ എന്ന പ്രാര്‍ത്ഥനക്കൊടുവില്‍, രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കാരത്തിലെ അവസാന സുജൂദില്‍ ആലിമുസ്‌ലിയാര്‍ മരിച്ചുവീണു. ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ തൂക്കിക്കൊന്നുവെന്ന് റിക്കാര്‍ഡുണ്ടാക്കി. ചരിത്രത്തിലെ കറുത്ത അധ്യായം ഇന്നും ആ കള്ളം പേറി നടക്കുന്നു.


കേരളം കണ്ട മഹാപ്രതിഭകളില്‍ ഒരാളായ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തിരൂരങ്ങാടി മണ്ണിന്റെ സംഭാവനയായിരുന്നു. ആദൃശ്ശേരിയിലെ പുരാതന കുടുംബമായ മുത്താട്ട്കാള മൊയ്തീന്‍കുട്ടി ഹാജിയുടെയും മമ്പുറം തങ്ങളുടെ മുരീദും പ്രസിദ്ധ പണ്ഡിതനുമായിരുന്ന ചാലിലകത്ത് ഖുസ്സയ് ഹാജിയുടെ മകള്‍ ഫാതിമയുടെയും മകനായി ഹിജ്‌റ 1283ല്‍ അദ്ദേഹം ജനിച്ചു. തിരൂരങ്ങാടിയിലെ മാതാവിന്റെ വീട്ടിലാണ് അദ്ദേഹം വളര്‍ന്നതും പഠിച്ചതും.


ബാഖിയാത്ത്, ആതിരാപ്പട്ടണം, ലതീഫിയ്യാ കോളേജ് തുടങ്ങിയ  പല സ്ഥലങ്ങളില്‍നിന്നുമായി ഉന്നത പഠനം കഴിഞ്ഞ് തിരിച്ചെത്തിയ കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടി തറമ്മല്‍ പള്ളിയില്‍ ദര്‍സ് തുടങ്ങി. ചാലിലകം കുടുംബക്കാര്‍ തറകെട്ടി ഓലമേഞ്ഞതുകാരണമാണ് അതിന് തറമ്മലെ പള്ളി എന്ന് പേര് വരാന്‍ കാരണം. വളപട്ടണം, മയ്യഴി, പുളിക്കല്‍, നല്ലളം, വാഴക്കാട്, മണ്ണാര്‍ക്കാട് തുടങ്ങിയ സ്ഥലങ്ങളിലും അദ്ദേഹം ദര്‍സ് നടത്തി. 1909-ല്‍ വാഴക്കാട് തന്‍മിയത്തുല്‍ ഉലൂം മദ്രസയില്‍ അദ്ദേഹം സ്ഥാനമേറ്റതോടെയാണ് അതിന്റെ സുവര്‍ണകാലം തുടങ്ങുന്നത്. നിരവധി പണ്ഡിതന്മാര്‍ക്ക് ജന്മം നല്‍കിയ ആ സ്ഥാപനത്തിന് ദാറുല്‍ ഉലൂം എന്ന് പേര് നല്‍കിയത് ചാലിലകത്തായിരുന്നു. കേരളത്തില്‍ മതപഠനരംഗത്ത് ആദ്യമായി സിലബസ്സടിസ്ഥാനത്തില്‍ അധ്യയനം നടക്കുന്നത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. എ.ഡി. 1871-ല്‍ സ്ഥാപിച്ച കേരളത്തിലെ ആദ്യത്തെ ഈ അറബിക് കോളേജിന്റെ സ്ഥാപകന്‍ മുഹമ്മദ് ദാര്‍ എന്നയാളാണ്. (കേരളത്തിലെ രണ്ടാമത്തെ അറബിക് കോളേജാണ് മഅ്ദനുല്‍ ഉലൂം. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കരിമ്പനക്കല്‍ പോക്കര്‍ മുസ്‌ലിയാര്‍, അരിപ്ര മൊയ്തീന്‍ ഹാജി എന്നിവര്‍ ഉള്‍പ്പെടെ കേരളത്തിലെ പല പ്രമുഖരും അവിടെ ദര്‍സിന് നേതൃത്വം നല്‍കിയിട്ടുണ്ട്.) വാഴക്കാട്ടെ ആദ്യത്തെ മുദരിസ് മുസ്‌ലിയാരകത്ത് സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആയിരുന്നു.
മികച്ച അറബി സാഹിത്യകാരനായിരുന്ന ചാലിലകത്ത് നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ്. 12-ഓളം ഗ്രന്ഥങ്ങള്‍ വാഴക്കാട് മുദരിസായിരിക്കുമ്പോള്‍ മാത്രം രചിച്ചു. ഗണിത ശാസ്ത്രം, തര്‍ക്കശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ പല വിജ്ഞാനശാഖകളിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ഇസ്‌ലാമിനകത്തും പുറത്തുമുള്ള ശത്രുക്കള്‍ക്കെതിരെ അദ്ദേഹം ശക്തമായി നിലയുറപ്പിച്ചു. കണ്ണൂര്‍, പഴയങ്ങാടി പ്രദേശങ്ങളില്‍ ഖാദിയാനിസം നാമ്പെടുത്തു. തുടങ്ങിയ കാലത്ത് അറക്കല്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം വാദപ്രതിവാദങ്ങള്‍ക്കും ഖണ്ഡനപ്രഭാഷണങ്ങള്‍ക്കും അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. ഖാദിയാനിസത്തിനെതിരെ ‘തഅ്‌ലീമാതുല്‍ ബലാഗ’ എന്ന ഗ്രന്ഥവും എഴുതി.


അദ്ദേഹം പുളിക്കലില്‍ ദര്‍സ് നടത്തുമ്പോഴാണ് പ്രസിദ്ധമായ ഖിബ്‌ല തര്‍ക്കം നടക്കുന്നത്. കഅ്ബയുടെ തടിയോട് നേരിടണോ അതല്ല, ഭാഗത്തോട് നേരിട്ടാല്‍ മതിയോ എന്നതായിരുന്നു വിഷയം. പരപ്പനങ്ങാടിയില്‍ ദര്‍സ് നടത്തിയിരുന്ന പ്രശസ്ത പണ്ഡിതന്‍ കൊല്ലോളി അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു (മ.ഹി.1342) എതിര്‍കക്ഷി. (ഇദ്ദേഹത്തിന്റെ ഖബര്‍ ഇപ്പോള്‍ മുജാഹിദുകള്‍ നേതൃത്വം കൊടുക്കുന്ന പുളിക്കല്‍ ജുമുഅത്ത് പള്ളി പരിസരത്താണ്). ഈ വിഷയം മുന്‍നിര്‍ത്തി കേരളത്തിലെ മിക്ക പള്ളികളുടെയും ഖിബ്‌ല ശരിയല്ലെന്ന് ചാലിലകത്ത് വാദിച്ചു. മക്ക, മദീന മുഫ്തികളടക്കമുള്ള ലോക പണ്ഡിതന്മാരും ആലി മുസ്‌ലിയാര്‍, ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള കേരളത്തിലെ തലമുതിര്‍ന്ന പണ്ഡിതന്മാരും ചാലിലകത്തിന്റെ കൂടെയായിരുന്നു. കട്ടിലശ്ശേരി ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ രണ്ടു തവണ മധ്യസ്ഥശ്രമം നടന്നുവെങ്കിലും വിജയം കണ്ടില്ല. പുളിക്കലെ പ്രമാണിയും മുതവല്ലിയും ചാലിലകത്തിന്റെ ശിഷ്യനും കൂടിയായിരുന്ന പേഴുംകാട്ടില്‍ കോയക്കുട്ടി മുസ്‌ലിയാര്‍ ചാലിലകത്തിന്റെ എതിര്‍പക്ഷത്ത് നിന്നു. ഇതോടെയാണ് പുളിക്കലെ ദര്‍സ് ഉപേക്ഷിച്ച് ചാലിലകത്ത് വാഴക്കാട്ടേക്ക് പോയത്. ചിലര്‍ ചാലിലകത്തിനെ നൂതന ചിന്താഗതിക്കാരനായി അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവചരിത്രം അതിന് തിരിച്ചടി നല്‍കുന്നതാണ്.
ഹി. 1338ല്‍ മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂമില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കെ മരണപ്പെട്ടു. ആ മഹാന്‍ തിരൂരങ്ങാടി തറമ്മല്‍ പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.


കേരളത്തിലെ ഇസ്‌ലാമിക പത്ര പ്രസിദ്ധീകരണ മേഖലയില്‍ നിസ്തുല സേവനമര്‍പ്പിച്ച് തിരൂരങ്ങാടി, ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു. ‘സമസ്ത’യുടെ നേതാവ് അഹ്മദ് കുട്ടി മുസ്‌ലിയാര്‍ 1929 ഡിസംബറില്‍ കോഴിക്കോട് നിന്നും പുറത്തിറക്കി തുടങ്ങിയ അറബി മലയാള മാസികയായ അല്‍ബയാന്‍, തിരൂരങ്ങാടിയില്‍ കാരക്കല്‍ അബ്ദുല്ല എന്നയാള്‍ നടത്തിയിരുന്ന മള്ഹറുല്‍ മുഹിമ്മാത്ത് ലിത്തോ പ്രസ്സില്‍നിന്നായിരുന്നു മുദ്രണം ചെയ്തിരുന്നത്. അക്കാലത്ത് ‘സമസ്ത’യുടെ ജീവനാഡിയായിരുന്ന പ്രസ്തുത മാസികയുടെ അഞ്ചു ലക്കങ്ങള്‍ മാത്രമേ പുറത്തിറങ്ങിയുള്ളൂ. പില്‍ക്കാലത്ത് ‘സമസ്ത’യുടെ ആഭിമുഖ്യത്തില്‍ അല്‍ബയാന്‍ അറബി-മലയാള മാസിക, വാളക്കുളം, പരപ്പനങ്ങാടി എന്നീ പ്രദേശങ്ങളില്‍നിന്ന് ക്രമമായി ഇറങ്ങുകയുണ്ടായി. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, പറവണ്ണ കെ.പി. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ മാറിമാറി അതിന്റെ പത്രാധിപര്‍ സ്ഥാനം വഹിച്ചു. ഹി. 1373 (1954 ഫെബ്രുവരി 1ന്) ഇ.കെ. മൗലവിയുടെ പത്രാധിപത്യത്തില്‍ തിരൂരങ്ങാടിയില്‍നിന്ന് തന്നെ ‘അല്‍ ഇത്തിഹാദ്’ അറബി-മലയാള മാസിക പ്രസിദ്ധീകരിച്ചിരുന്നു. രണ്ടേമുക്കാല്‍ വര്‍ഷം ആ മാസിക നിലനിന്നു. കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രം ‘ഖാദിമുല്‍ ഇസ്‌ലാം’ എന്ന തൂലികാ നാമത്തില്‍ ഇ.കെ. മൗലവി തന്നെ അതില്‍ ഒരു പരമ്പര എഴുതി
യിരുന്നു.


ഹി. 1380 ജമാദുല്‍ ഊലാ (1960 മാര്‍ച്ചി)ല്‍ കെ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പത്രാധിപത്യത്തില്‍ തിരൂരങ്ങാടിക്കടുത്ത് പരപ്പനങ്ങാടിയില്‍ നിന്നും ‘അല്‍ബു ര്‍ഹാന്‍’ അറബി മലയാള മാസിക പുറത്തിറക്കിയിരുന്നു. ഒരുവര്‍ഷം പുറത്തിറങ്ങിയ പ്രസ്തുത മാസിക, പരപ്പനങ്ങാടി ബയാനിയ്യ പ്രസ്സില്‍ നിന്നായിരുന്നു അച്ചടിച്ചിരുന്നത്.

ശഫീഖ് വഴിപ്പാറ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter