കേരളത്തിന്റെ വൈജ്ഞാനിക നിര്‍മിതിയില്‍ സയ്യിദ് മാരുടെ പങ്ക് വളരെ വലുതാണ്‌

നിരവധി നന്‍മകളും മഹത്വങ്ങളും കൊണ്ട് കേരളനാടും കേരളീയരും അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്. സമശീതോഷ്ണാന്തരീക്ഷവും ഉന്നത സംസ്‌കാരവും മിതമായ സാമ്പത്തികാഭിവൃദ്ധിയുമൊക്കെ അവയില്‍ ചിലതു മാത്രം. ഉത്തമനൂറ്റാണ്ടില്‍ തന്നെ ദീനിന്റെ പൊന്‍കിരണം നമ്മുടെ കൊച്ചു കേരളത്തിലും പ്രഭ പരത്തിയെന്നതാണ് ഇതില്‍ ഏറെ പ്രസ്താവ്യം. പുണ്യനബി(സ)യുടെ ദിവ്യജ്ഞാനാരുവിയില്‍നിന്ന് നേരിട്ട് വിദ്യ നുകര്‍ന്ന സ്വഹാബികളില്‍ നിന്നാണ് നമ്മുടെ പൂര്‍വ പിതാക്കള്‍ മതകാര്യങ്ങളുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നത്. സ്വഹാബികള്‍ കേരളതീരത്തേക്കണയുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മറ്റുപല വിദേശികളും ബഹുമുഖലക്ഷ്യങ്ങള്‍ക്കായി കേരളത്തിലേക്ക് വന്നിട്ടുണ്ട്. കേരളത്തിലെ മലഞ്ചരക്കുകളില്‍ കണ്ണുംനട്ട് വന്നവരും ഇവിടുത്തെ നാട്ടുരാജാക്കന്‍മാരുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് കേട്ടറിഞ്ഞു വന്നവരും അക്കൂട്ടത്തിലുണ്ടായിരുന്നു. നിരവധി സൂഫികളും പണ്ഡിതവരേണ്യരും സയ്യിദ് കുടുംബങ്ങളും കച്ചവടവര്‍ത്തക വിഭാഗങ്ങളും ഇതിലുള്‍പ്പെടുന്നു. 30ഓളം സയ്യിദ് ഖബീലകള്‍ മലബാറിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മധ്യേഷ്യയിലെ  ബുഖാറയില്‍നിന്ന് 15ാം നൂറ്റാണ്ടില്‍ കേരളത്തിലെ, കണ്ണൂരിലെ വളപട്ടണത്തെത്തി ഖാസി കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച് അവിടെത്തന്നെ താമസമാക്കിയ പ്രവാചകന്റെ 27ാമത്തെ പൗത്രന്‍ അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി ഇവരില്‍ പ്രധാനിയാണ്.

ഇന്ന് കേരളത്തില്‍ ബുഖാരി തങ്ങന്‍മാര്‍ എന്നറിയപ്പെടുന്നവര്‍ ഇവരുടെ പിന്‍മുറക്കാരാണ്. മലബാറിന്റെ സംസ്‌കാരിക ആത്മീയ നഭോമണ്ഡലങ്ങളില്‍ ഏറെ സംഭാവനകളര്‍പിച്ച നിരവധി ബുഖാരി സാദാത്തുക്കളെ ചരിത്രത്തില്‍ കാണാന്‍ സാധിക്കും. ഇന്ന് കേരളത്തിലുള്ള സാദാത്തുക്കള്‍ ഹള്‌റമികളോ, ബുഖാരികളോ ആയിരിക്കും. നേരത്തെ സൂചിപ്പിച്ച ബുഖാരി ഖബീലയില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ സാദാത്തുക്കളും യമനില്‍ നിന്ന് വന്ന സയ്യിദ് ഖബീലകളില്‍ പെട്ടവരാണ്. മക്ക, മദീന, കൂഫ, ബസ്വറ തുടങ്ങിയ മുസ്‌ലിം ഭരണപ്രദേശങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടങ്ങളില്‍ ജീവിച്ചിരുന്ന സയ്യിദുമാരും പണ്ഡിതകുടുംബങ്ങളും ഇസ്‌ലാമിക സംസ്‌കാരത്തോടെ ജീവിക്കാന്‍ യോഗ്യമായ സ്ഥലങ്ങള്‍ തേടി യാത്രയായി. അവരില്‍ ഭൂരിപക്ഷവും എത്തിച്ചേര്‍ന്നത് പുണ്യനബി(സ) പ്രാര്‍ത്ഥിച്ചനുഗ്രഹിച്ച യമനിലാണ്. പ്രവാചകപരമ്പരയിലെ ഒമ്പതാം തലമുറയില്‍ സയ്യിദ് ഈസന്നഖീബി(റ)വിന്റെ പുത്രനായി മക്കയില്‍ ജനിച്ച സയ്യിദ് അഹ്മദുല്‍ മുഹാജിറാ(റ)ണ് യമനിലെത്തിയ പ്രവാചക കുടുംബത്തിന്റെ നായകന്‍. പത്താം നൂറ്റാണ്ടില്‍ ഇറാഖില്‍ നിന്ന് ഹള്‌റമൗത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഇവരാണ് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ചുറ്റുമുള്ള കരകളില്‍ പല ഘട്ടങ്ങളിലായി താമസമുറപ്പിച്ച മുഴുവന്‍ സയ്യിദ് ഖബീലകള്‍ക്കും ജന്‍മം നല്‍കിയത്. 'ശൈഖുല്‍ ഇസ്‌ലാം' എന്ന് വിളിക്കപ്പെട്ടിരുന്ന അഹ്മദുല്‍ മുഹാജിര്‍(റ) ബസ്വറയില്‍ ശീഇസവും മറ്റു ബിദഈ പ്രസ്ഥാനങ്ങളും അസ്വസ്ഥത സൃഷ്ടിച്ചപ്പോഴാണ് തന്റെ രണ്ടു പുത്രന്‍മാരോടൊപ്പം യമനിലേക്ക് പുറപ്പെട്ടത്.

അഹ്മദ് ബ്‌നു ഈസ അല്‍ മുഹാജിറിന്റെ മകന്‍ ഉബൈദുല്ലയുടെ മകന്‍ അലവി അല്‍ മുബ്തകിറിലേക്ക് ചേര്‍ത്തി ബാഅലവി എന്ന് വിളിക്കപ്പെടുന്ന ഖബീലയില്‍ പെട്ടതാണ് യമനിലെ മുഴുവന്‍ സയ്യിദ് കുടുംബങ്ങളും. ഹദ്ദാദ്, ബാഹസന്‍, മശ്ഹൂര്‍, സഖാഫ്, ശിഹാബുദ്ദീന്‍, ഐദറൂസ്, ബാഫഖീഹ്, ജമലുല്ലൈല്‍, അഹ്ദല്‍, ഐദീദ്, ജിഫ്‌രി, അത്താസ് തുടങ്ങിയവ ഈ ശ്രേണിയിലെ കൈവഴികളാണ്. മലബാറിനു പുറമെ ഇന്ത്യയിലെ അഹ്മദാബാദ്, ഹൈദരാബാദ്, ബീജാപൂര്‍, സൂറത്ത്, ബറോഡ, കൊങ്കണ്‍, കായല്‍പട്ടണം, കീളക്കര, രാമനാഥപുരം തുടങ്ങിയ സ്ഥലങ്ങളിലും ഈ സയ്യിദുമാര്‍ താമസമാക്കിയിട്ടുണ്ട്. ബാ അലവീ കുടുംബത്തിലെ ജിഫ്‌രി ഖബീലയില്‍ നിന്ന് കോഴിക്കോട്ടെത്തിയ പ്രധാനിയാണ് ശൈഖ് ജിഫ്‌രി(റ). ബറാമി കുടുംബത്തിന്റെ മലബാറിലെ കണ്ണി ശൈഖ് അലി ബറാമിയുടെ കച്ചവടസംഘത്തോടൊപ്പമാണ് തന്റെ 20ാമത്തെ വയസ്സില്‍ ശൈഖ് ജിഫ്‌രി കൊയിലാണ്ടിയില്‍ കപ്പലിറങ്ങുന്നത്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരിയുടെ ഇതര മതസ്ഥരോടുള്ള സത്ഗുണ പെരുമാറ്റത്തെക്കുറിച്ചുള്ള കേട്ടറിവാണ് അദ്ദേഹത്തെ കേരളത്തിലേക്കാകര്‍ഷിച്ചത്. കോഴിക്കോട്ടെത്തിയ അദ്ദേഹത്തെ അന്നത്തെ ഖാളി മുഹ്‌യിദ്ദീന്‍ ബ്‌നു അബ്ദിസ്സലാമും മുസ്‌ലിം പ്രമുഖരും ചേര്‍ന്ന് സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാനയിച്ചു. മാനവവിക്രമന്‍ സാമൂതിരി അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിന്‍തോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും നല്‍കി മുസ്‌ലിംകള്‍ക്ക് താങ്ങും തണലുമായി അവിടെ തങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് 'ജിഫ്‌രി ഹൗസ്' എന്നറിയപ്പെടുന്ന ഈ വീട് കേന്ദ്രീകരിച്ച് അദ്ദേഹം മലബാറിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മലബാറിലെ നവോത്ഥാനങ്ങള്‍ക്ക് നിരവധി സംഭാവനകളര്‍പ്പിച്ച ശൈഖ് ഹസന്‍ ജിഫ്‌രി(റ) ശൈഖ് ജിഫ്‌രിയുടെ പിതൃവ്യ പുത്രനും മമ്പുറം തങ്ങളുടെ മാതുലനും ഭാര്യാ പിതാവുമാണ്. തിരൂരങ്ങാടിയില്‍ വന്ന് താമസമാക്കിയ അദ്ദേഹം മഖ്ദൂം കുടുംബത്തില്‍ നിന്ന് വിവാഹം കഴിച്ച് മമ്പുറത്ത് താമസമാക്കി. ഇവരുടെ മരുമകനാണ് ഖുതുബുസ്സമാന്‍ മൗലദ്ദവീല സയ്യിദ് അലവി തങ്ങള്‍(ഖ.സി).

ഹസന്‍ ജിഫ്‌രിക്ക് ശേഷം താന്‍ ഏറ്റെടുത്തിരുന്ന ആത്മീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത് മമ്പുറം തങ്ങളും മകന്‍ സയ്യിദ് ഫള്ല്‍ തങ്ങളുമായിരുന്നു. സയ്യിദ് ഫള്ല്‍ തങ്ങള്‍ 1852ല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് അറേബ്യയിലേക്ക് മാറിത്താമസിച്ചതോടെ അവരുടെ പിന്‍മുറ ഇവിടെ അവശേഷിച്ചില്ല. സയ്യിദ് കുടുംബങ്ങളെപ്പോലെ നിരവധി പണ്ഡിത കുടുംബങ്ങളും യമനില്‍ നിന്ന് കേരളത്തിലെത്തിയിട്ടുണ്ട്. മലബാറിലെ മക്കയായ പൊന്നാനി കേന്ദ്രമാക്കി വൈജ്ഞാനിക സംസ്‌കാരിക മേഖലകളില്‍ നവോത്ഥാനം പണിത മഖ്ദൂം കുടുംബം യമനീ പാരമ്പര്യമുള്ളവരാണ്. യമനില്‍ നിന്ന് കായല്‍പട്ടണത്ത് കുടിയേറിയ ശൈഖ് ഇബ്‌റാഹീം ബിന്‍ അഹ്മദ് മഖ്ദൂം, സഹോദരന്‍ അലി ബിന്‍ മുഹമ്മദ് മഖ്ദൂം എന്നിവരുടെ പിന്‍മുറക്കാരില്‍ കൊച്ചിയില്‍ താമസമാക്കിയവരാണ് കേരളത്തില്‍ മഖ്ദുമീ കുടുംബത്തിലെ ആദ്യകണ്ണികള്‍. മഖ്ദൂമികളുടെ ചരിത്രം ഒഴിച്ചു നിര്‍ത്തി മലബാറിന്റെ ചരിത്രം തന്നെ എഴുതാന്‍ സാധ്യമല്ല. പണ്ഡിതരും ഖാസിമാരും മുഫ്തികളും ഗ്രന്ഥരചയിതാക്കളും അധിനിവേശ വിരുദ്ധ പോരാട്ടക്കാരുമായി,  സമൂഹവുമായി ഇടപെട്ട് അവര്‍ ജീവിച്ചു.

ശംസുല്‍ ഉലമയെന്ന നവോത്ഥാന നായകന്റെ കുടുംബവേരും ചെന്നെത്തുന്നത് യമനിലാണ്. ഈ സയ്യിദുമാരും പണ്ഡിതമഹത്തുക്കളും സൂഫികളും ചേര്‍ന്നാണ് യമനീ പാരമ്പര്യത്തിന്റെ തനിമയുള്ള ഇസ്‌ലാം കേരളീയര്‍ക്ക് നല്‍കി മലബാറിന്റെ മുഖച്ഛായ മാറ്റിയെടുത്തത്. കേരളത്തില്‍ ഇസ്‌ലാമിന്റെ തനിമ നിലനിര്‍ത്തിയ ഇവരുടെ(സയ്യിദുമാര്‍/പണ്ഡിതന്‍മാര്‍) പിന്‍തലമുറയാണ് പുത്തന്‍പ്രസ്ഥാനത്തിന്റെയും അധിനിവേഷ സംസ്‌കാരത്തിന്റെയും കുത്തൊഴിക്കില്‍ ഒലിച്ചുപോകുമായിരുന്ന കേരളീയ മുസ്‌ലിമിന്റെ ഈമാന്‍ സംരക്ഷിക്കുവാനുള്ള കവചമായി സമസ്ത കെട്ടിപ്പടുത്തത്. അവര്‍ പണിതുയര്‍ത്തിയ സമസ്തയാണ് ഇന്നും കേരളത്തില്‍ ബഹുജനാടിത്തറയുള്ള ഏറ്റവും വലിയ സംഘടന.

സമസ്തയും സയ്യിദുമാരും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ; കാലം തേടിയ അനിവാര്യതയുടെ സൃഷ്ടിയാണത്. പാരമ്പര്യമായി മുസ്‌ലിം ലോകം തുടര്‍ന്നുപോന്നിരുന്ന പല കാര്യങ്ങളും ബിദ്അത്താണെന്നും നരകപ്രവേശനത്തിന് കാരണമാകുമെന്നും വാദിച്ചുകൊണ്ട് മതത്തിന്റെ പുറംവേഷമണിഞ്ഞു വന്ന നപുംസകങ്ങളില്‍ നിന്ന് പാവപ്പെട്ട മുസ്‌ലിമിന്റെ ഈമാന്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ ധാര്‍മിക ബാധ്യതയാണെന്ന് മനസ്സിലാക്കിയ ദീര്‍ഘ ദൃക്കുകളും നിഷ്‌കളങ്കരും നിസ്വാര്‍ത്ഥരുമായ പണ്ഡിതരുടേയും സയ്യിദുമാരുടേയും ചിന്താഫലമാണ് ഈ പണ്ഡിതസംഘടന. തന്റെ കാല ശേഷം വിശുദ്ധ ഖുര്‍ആനും തന്റെ കുടുംബവും സമൂഹത്തില്‍ ഇട്ടേച്ചു പോവുകയും വിശ്വാസ സംരക്ഷണത്തിന് അവ രണ്ടും നിങ്ങള്‍ മുറുകെ പിടിക്കണമെന്നു സമൂഹത്തോട് നിര്‍ദേശിക്കുകയും ചെയ്തു. മഹാപ്രളയകാലത്ത് വിശ്വാസികള്‍ രക്ഷതേടിയ നൂഹി(റ)ന്റെ നൗകയാണ് എന്റെ അഹ്‌ലുബൈത്തിന്റെ ഉപമയെന്ന് പഠിപ്പിച്ചതിലൂടെ സമൂഹം അവരെയാണ് പിന്തുടരേണ്ടതെന്ന് ബോധിപ്പിക്കുകയായിരുന്നു തിരുനബി(സ).  സമസ്തയെ അംഗീകരിച്ച്, അതിന് നേതൃത്വം നല്‍കുന്ന മഹാന്‍മാരെ പിന്തുടര്‍ന്നു ജീവിച്ചാല്‍ സത്യപാന്ഥാവിലൂടെ നീങ്ങുവാന്‍ പ്രയാസപ്പെടേണ്ടി വരില്ല. മഹാന്‍മാരായ സയ്യിദുമാരുടേയും സൂഫികളുടെയും പണ്ഡിത മഹഹത്തുക്കളുടെയും ആശീര്‍വാദം കൊണ്ടും പരിലാളന കൊണ്ടുമാണ് സമസ്ത ഇന്നോളം മുന്നോട്ടു ഗമിച്ചത്. സ്ഥാപിതമായ സമയം മുതല്‍ ഇന്നോളം അതിനു ഭംഗം സംഭവിച്ചിട്ടില്ല.

വരക്കല്‍ മുല്ലക്കോയ തങ്ങള്‍

1926 ജൂണ്‍ 26 സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെടുമ്പോള്‍ അതിന്റെ പ്രഥമ പ്രസിഡന്റായി നിയമിക്കപ്പെട്ടത് സയ്യിദ് ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളാണ്. ഖുതുബുസ്സമാനും കേരള ജനതയുടെ ആശാ കേന്ദ്രവും പണ്ഡിതരുടെ ആശ്രയവും ആധ്യാത്മിക ജ്ഞാനത്തിന്റെ മര്‍മമറിഞ്ഞ സൂഫിയുമായിരുന്ന മഹാനവര്‍കള്‍ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന അത്യപൂര്‍വ വ്യക്തിത്വത്തിനുടമയായിരുന്നു. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് സാമൂതിരി രാജാവ് കോഴിക്കോട് ഭരിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് സ്മര്യപുരുഷന്റെ പിതാമഹന്‍ സയ്യിദ് അലിഹാമിദ് ബാ അലവി(ഖ:സി) മലബാറിലെത്തുന്നത്. തങ്ങളുടെ സാന്നിധ്യം ഒരനുഗ്രഹമായിക്കണ്ട സാമൂതിരി രാജന്‍ ഇവിടെ താമസിക്കുവാനുള്ള സമ്മതം നല്‍കി. അങ്ങനെ ഇവിടുന്ന് തന്നെ ജീവിതസഖിയെ കണ്ടെത്തി പുതിയങ്ങാടിയില്‍ താമസമാരംഭിച്ചു. കാലാന്തരങ്ങളില്‍ മഹാനുഭാവന്‍ മലബാറുകാരുടെ അഭയകേന്ദ്രമായി മാറി. രോഗികളും അവശരും ആലംബമില്ലാത്തവരും തങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ തേടിയെത്തി. തങ്ങളുടെ ഒരു വാക്ക്, ഒരു സ്പര്‍ശനം, ഒരു പ്രാര്‍ത്ഥന, ഒരു സാന്ത്വന വചനം -എല്ലവരും പ്രതീക്ഷിക്കുന്നത് അത്രമാത്രം. ആത്മീയ ദാഹം തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവരും തങ്ങളെ തേടിയെത്തി. അദ്ദേഹത്തിന് അലി എന്ന കുഞ്ഞ് പിറന്നു. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ മഹാനവര്‍കള്‍ വഫാത്തായി. തങ്ങളുടെ കാലശേഷം കാര്യനിര്‍വഹണത്തിന് പ്രാപ്തനായി മകന്‍ വളര്‍ന്നുവന്നു. പിതാവിനെപ്പോലെ തങ്ങളുടെ അഭയ കേന്ദ്രമായി ജനങ്ങള്‍ മകന്‍ സയ്യിദ് അലി ബാ അലവി തങ്ങളെയും കണ്ടു. പുതിയങ്ങാടി പഴയകത്ത് പീടിയക്കല്‍ തറവാട്ടില്‍നിന്ന് ദീനീ ചിട്ടയുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ടാണും ഒരു പെണ്ണുമായി മൂന്ന് മക്കള്‍ ജനിച്ചു. അതില്‍ ഒരാണ്‍ കുഞ്ഞ് ചെറുപ്പത്തിലേ മരിച്ചു. ശേഷിച്ച മകന്റെ പേര് സയ്യിദ് അഹ്മദ് ബാ അലവി എന്നായിരുന്നു. പെണ്‍കുട്ടിയെ മദീനയിലേക്ക് കെട്ടിച്ചയച്ചു. സയ്യിദ് അലി ബാ അലവി തങ്ങള്‍ക്കു ശേഷം അഹ്മദ് ബാ അലവി തങ്ങള്‍ ജനങ്ങളുടെ അഭയകേന്ദ്രമായി. ഐഹികമായി തീരേ ബന്ധമില്ലാത്ത അദ്ധേഹം സദാ അല്ലാഹുവുമായുള്ള ബന്ധം നിലനിര്‍ത്തി. മനുഷ്യസേവനത്തിലൂടെ ഇലാഹീ സാമീപ്യം കരസ്ഥമാക്കാമെന്ന് മനസ്സിലാക്കിയ മഹാനുഭാവന്‍ അതിനുള്ള അവസരങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി. കൊയിലാണ്ടിയില്‍നിന്ന് വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരാണ്‍കുഞ്ഞ് മാത്രമാണ് ജനിച്ചത്. ഹസന്‍ ബാ അലവി എന്നാണ് പേര്. പ്രപിതാക്കളുടെ പാത പിന്തുടര്‍ന്ന് ജീവിതം നയിച്ച ഹസന്‍ ബാ അലവി ലോകകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്നവരായിരുന്നു. അറബ് ലോകത്തും ഇന്ത്യയിലും നടക്കുന്ന സംഭവങ്ങളും കേരളത്തിലെ സംഭവ വികാസങ്ങളും ശ്രദ്ധയോടെ വിലയിരുത്തി. പറങ്കികളുടെ ആക്രമണവും മലബാറുകാരുടെ പ്രതിരോധവും മറ്റുമൊക്കെ തങ്ങളുടെ വിശകലനത്തിനു വിധേയമായി. ഇല്‍മും ഇബാദത്തും ഒത്തിണങ്ങിയ ആ മഹത്ജീവിതത്തില്‍ സദ്ഗുണസമ്പന്നയായ ഒരിണയെ വധുവായി ലഭിച്ചു. ഈ ദാമ്പത്യത്തില്‍ രണ്ടാണ്‍കുട്ടികളാണ് പിറന്നത്- മൂത്ത കുട്ടി മുഹമ്മദും ഇളയ കുട്ടി അഹമ്മദും. പണ്ഡിതരായി വളര്‍ന്നു വന്ന ഈ സയ്യിദുമാര്‍ പിതാവിന്റെ കാലശേഷം കാര്യങ്ങള്‍ നിയന്ത്രിച്ചു. മുഹമ്മദ് ബാ അലവി തങ്ങളുടെ കയ്യിലായിരുന്നു കാര്യങ്ങളുടെ നിയന്ത്രണങ്ങള്‍.

നിരവധി മഹല്ലുകളിലെ ദീനീപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളാണ്. നിരവധി പേര്‍ അവിടുത്തെ ധന്യസാന്നിധ്യത്തില്‍ വച്ച് ഇസ്‌ലാം സ്വീകരിച്ചു. കുരുക്കഴിയാത്ത പ്രശ്‌നങ്ങള്‍ മുഴുവന്‍ മഹാനുഭാവന്‍ തീര്‍ത്തുകൊടുത്തു. ഭരണം നടത്തിയിരുന്ന ബ്രിട്ടീഷുകാര്‍ പോലും തങ്ങളെ വന്നു കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. കടലിന്റെ മക്കള്‍ക്ക് അറുതി വന്നപ്പോള്‍ അവര്‍ മുഹമ്മദ് ബാ അലവി തങ്ങളെ സമീപിച്ചു പരിതാപമറിയിച്ചു.  അവര്‍ പറഞ്ഞു: ''കടല്‍ ക്ഷോഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. വള്ളവും വലയുമായി കടലിലിറങ്ങിയാല്‍ രാക്ഷസത്തിരമാലകള്‍ എല്ലാം അശേഷം നശിപ്പിച്ചുകളയുകയാണ്.'' പരാതിയുമായി വന്നവരില്‍ സ്ത്രീജനങ്ങളും കുട്ടികളും വൃദ്ധരും എല്ലാമുണ്ട്. ഹൃദയം നോവുന്ന പരാതിയുമായി വന്ന ജനക്കൂട്ടത്തോട് സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍ പറഞ്ഞു: ''നിസ്‌കാരം ആരും ഉപേക്ഷിക്കരുത്. നമസ്‌കാരങ്ങള്‍ക്ക് ശേഷം അല്ലാഹുവിനോട് നന്നായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.'' ശേഷം ഒരു കടലാസില്‍ എന്തോ എഴുതിക്കൊടുത്ത് കടലില്‍ കൊണ്ടു പോയി ഇടാന്‍ പറഞ്ഞു. തങ്ങള്‍ എഴുതിയ കടലാസ് കടലുമായി ചേരേണ്ട താമസം ആ ഭാഗങ്ങളിലെ രൗദ്രഭാവം പൂണ്ടിരുന്ന തിരമാലകള്‍ അടങ്ങാന്‍ തുടങ്ങി. വള്ളവുമായി കടലിലിറങ്ങിയ ജനം വേണ്ടുവോളം മീനുമായി മടങ്ങിവന്നു. സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ വിവാഹം ചെയ്തത് ആഇശ മരക്കാരകത്ത് ശരീഫ ചെറിയ ബീവിയെയാണ്. ഈ ദാമ്പത്യത്തില്‍ രണ്ടാണും ഒരു പെണ്ണും ജനിച്ചു. ശരീഫ മുല്ലബീവി, സയ്യിദ് മുഹമ്മദ് കുഞ്ഞി സീതിക്കോയ ബാഅലവി, സയ്യിദ് അബ്ദുറഹിമാന്‍ ബാഅലവി എന്നിവരാണവര്‍. ഇവിടെ മൂന്നാമതായി പരാമര്‍ശിക്കപ്പെട്ട വ്യക്തിയാണ് ബഹുമാനപ്പെട്ട വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സയ്യിദ് അബ്ദുറഹിമാന്‍ ബാ അവലി എന്ന സ്മര്യപുരുഷന്‍. ശരീഫ മുല്ലബീവിയെ വിവാഹം കഴിച്ചത് കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖിയാണ്(സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ഉമ്മയുടെ പിതാവ്-സയ്യിദ് അബ്ദുല്ല ബാഫഖിക്ക് മറ്റൊരു ഭാര്യയില്‍ ജനിച്ച മകളാണ് അബ്ദുറഹിമാന്‍ ബാഫഖിയുടെ ഉമ്മ).

ശരീഫ ചെറിയ ബീവിയുടെ മരണത്തിന് ശേഷം സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ ശരീഫ സൈനബ ആറ്റ ബീവിയെ വിവാഹം കഴിച്ചു. ഇവരില്‍ ഏഴു മക്കള്‍  ജനിച്ചു. സയ്യിദ് ഫള്ല്‍ പൂക്കോയ തങ്ങള്‍, സയ്യിദ് അഹ്മദ് ആറ്റക്കോയ തങ്ങള്‍, സയ്യിദ് അലവിക്കോയ തങ്ങള്‍, ചെറിയ കോയതങ്ങള്‍, ശരീഫ ആഇശ എന്ന കുഞ്ഞി  ബീവി, ശരീഫ ഖദീജ ചെറിയ ഇമ്പിച്ചിബീവി, ശരീഫ മുത്തുബീവി ഇവരാണവര്‍. ബാ അലവി സാദാത്തീങ്ങള്‍ക്ക് പൊതുവെ മക്കള്‍ കുറവാണെങ്കിലും സയ്യിദ് മുഹമ്മദ് ബാഅലവി തങ്ങള്‍ക്ക് രണ്ടു ഭാര്യമാരിലായി 10 മക്കളെ അല്ലാഹു നല്‍കിയിട്ടുണ്ട്. സയ്യിദ് മുഹമ്മദ് ബാഅലവിയുടെ രണ്ടു മക്കള്‍ അനുജനായ അഹമ്മദ് ബാ അലവി തങ്ങളുടെ രണ്ട് പെണ്‍മക്കളെയാണ് വിവാഹം കഴിച്ചത്. മൂത്ത മകന്‍ ആറ്റബീവിയെയും ഇളയമകന്‍ വരക്കല്‍ തങ്ങള്‍ ആറ്റബീവിയുടെ അനുജത്തി ശരീഫ സൈനബ ബീവിയെയും. ആറ്റബീവി രണ്ടു മക്കളെ പ്രസവിച്ചെങ്കിലും ശരീഫ സൈനബ ബീവി മക്കളെ പ്രസവിച്ചിട്ടില്ല. 1892ല്‍ ശരീഫ സൈനബ ബീവി മരിച്ച ശേഷം ചാവക്കാട് നിന്ന് അസ്സഖാഫ് ഖബീലയില്‍ പെട്ട സയ്യിദ് ഹൈദ്രോസ് കോയ തങ്ങളുടെ സഹോദരി ചെറിയ ബീവിയെ വിവാഹം കഴിച്ചു. രണ്ടു വിവാഹത്തിലും തങ്ങള്‍ക്ക് മക്കളുണ്ടായിട്ടില്ല. ആദ്യമായി കോഴിക്കോട് കപ്പലിറങ്ങിയ സയ്യിദ് ഹാമിദ് അലി ബാ അലവിയുടെ ആറാം തലമുറയിലാണ് വരക്കല്‍ തങ്ങള്‍ ജനിക്കുന്നത്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ ജനിക്കുന്നതിന് മുമ്പു തന്നെ ഇത് അസാധാരണ കുട്ടിയാണെന്ന് പിതാവ് സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങള്‍ക്കറിയാമായിരുന്നു. ലോകത്തിന്റെ ഖുതുബാണ് പ്രസവിക്കാന്‍ പോകുന്നത്. ലോകം നിയന്ത്രിക്കുന്ന അഖ്താബുകളുടെ ഗണത്തിലേക്ക് മറ്റൊരു താരോദയം കൂടി പിറന്നു വീഴുന്നു. ഖുതുബ് ജനിക്കുമ്പോള്‍ ലോകത്ത് ചില അടയാളങ്ങളൊക്കെ ഉണ്ടാകുന്നത് സ്വാഭാവികം. വരക്കല്‍ തങ്ങള്‍ പ്രസവിക്കപ്പെട്ട അന്നേദിവസം നട്ടുച്ച നേരത്ത് ആകാശ നീലിമയില്‍ നല്ല പ്രകാശമുള്ള നക്ഷത്രം ഉദിച്ചത് അന്നത്തെ പൗരപ്രമുഖരായ പലരും കണ്ടുവെന്ന് ശംസുല്‍ ഉലമയടക്കം പണ്ഡിതമഹത്തുക്കള്‍ പിന്നീട് ഉദ്ധരിച്ചിരുന്നു. മഹാനായ ഖുതുബുസ്സമാന്‍ സയ്യിദ് അലവി മമ്പുറം മൗലദ്ദവീല തങ്ങളെ വരക്കല്‍ തങ്ങള്‍ കാണുകയും അനുഗ്രഹം വാങ്ങുകയും ചെയ്തിട്ടുണ്ട്. അപാരബുദ്ധിയും ഗ്രാഹ്യശക്തിയും ഉണ്ടായിരുന്ന തങ്ങള്‍ വളരെ വേഗം 'വിജ്ഞാനവിഹായസ്സില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. സയ്യിദ് അലി അത്താസ് (മദീന), അബ്ദുല്ലാഹില്‍ മഗ്‌രിബി (യമന്‍), കോഴിക്കോട് ഖാസി കുടുംബത്തിലെ പ്രമുഖ പണ്ഡിതനും നിമിഷ കവിയും നിരവധി ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്ത മൗലാന കില്‍സിങ്ങാന്റകത്ത് അബൂബക്കര്‍ കുഞ്ഞുഖാസി തുടങ്ങിയവരായിരുന്നു അവിടുത്തെ പ്രധാന ഗുരുവര്യര്‍. അറബി, ഉര്‍ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ മഹാനവര്‍കളുടെ അടുക്കല്‍ കേരളത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച നിരവധി പണ്ഡിതമഹത്തുക്കള്‍ പഠിതാക്കളായി ഉണ്ടായിരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പുതിയാപ്പിള അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, മുഹമ്മദ് അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ തുടങ്ങിയവരൊക്കെ ആ ഉറവയില്‍നിന്ന് വിജ്ഞാനദാഹം തീര്‍ത്തവരാണ്.

കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായിരുന്ന അറക്കല്‍ രാജകുടുംബത്തിന് വരക്കല്‍ മുല്ലക്കോയ തങ്ങളുമായി അവിഛേദ്യബന്ധമാണുണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള കത്തുകള്‍ തയ്യാറാക്കുക, വിദേശങ്ങളില്‍ നിന്നുവന്ന കത്തുകള്‍ പരിഭാഷപ്പെടുത്തുക, മറുപടി എഴുതുക തുടങ്ങിയ കാര്യങ്ങളൊക്കെ ഏല്‍പ്പിക്കപ്പെട്ടിരുന്ന തങ്ങളുമായി ഭരണകാര്യങ്ങള്‍ പോലും അവര്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ഇതു വഴി ശറഇനു വിരുദ്ധമല്ലാത്ത കാര്യങ്ങള്‍ യഥാവിധി നടപ്പിലാക്കാന്‍ രാജാവിനു കഴിഞ്ഞുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. ഹൈദരാബാദ് നൈസാം അയച്ചുകൊടുത്ത വിലകൂടിയ കുതിരവണ്ടിയാണ് തങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ടിരുന്നത്. പുതിയങ്ങാടിയില്‍നിന്ന് കണ്ണൂരിലേക്ക് യാത്രപോകുമ്പോള്‍ തങ്ങള്‍ക്ക് ഇളനീര്‍ കുടിക്കാന്‍ വേണ്ടി മാത്രം അറക്കല്‍രാജന്‍ വിലക്കുവാങ്ങി അടയാളം  വച്ച തെങ്ങുകള്‍ വെച്ചു പിടിപ്പിച്ചിരുന്നു. കലക്ടറേറ്റ് സന്ദര്‍ശിക്കുന്ന വേളയില്‍ അവിടെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ബഹുമാനാര്‍ത്ഥം എണീറ്റു നിന്നാണ് തങ്ങളെ ആദരിച്ചിരുന്നത്. പുതിയങ്ങാടിയില്‍ വെള്ളക്കാര്‍ നിര്‍മിച്ച റോഡ് കോയറോഡ് എന്നാണറിയപ്പെടുന്നത്. വരക്കല്‍ തങ്ങളുടെ പിതാവിനെയും ശേഷം തങ്ങളെയും ആളുകള്‍ ബഹുമാനാര്‍ത്ഥം വിളിച്ചിരുന്ന പേരാണ് കോയത്തങ്ങള്‍ എന്നത്. അതു കൊണ്ടാണ് ആ റോഡിന് കോയറോഡ് എന്ന് പേരുവന്നത്. പുതിയങ്ങാടി മുല്ലക്കോയ തങ്ങളുടെ വീട്ടിലേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ ട്രെയിന്‍ മാര്‍ഗം വന്നിരുന്നു. ഇന്നത്തെ വെസ്റ്റ്ഹില്‍ റെയില്‍വേസ്റ്റേഷന്‍ അന്ന് വരക്കല്‍ റെയില്‍വേ സ്റ്റേഷന്‍ എന്നാണറിയപ്പെട്ടിരുന്നത്. അതു കാരണം ദൂരേനിന്ന് വരുന്നവര്‍ വരക്കല്‍ തങ്ങള്‍ എന്നാണ് പറഞ്ഞിരുന്നത്. ഇത്രയേറെ ജനസമ്മിതിയും മഹത്വവും ആദരവും കൈവരിച്ച വരക്കല്‍ ബാഅവലി തങ്ങളാണ് സമസ്ത സ്ഥാപിക്കാന്‍ ആഹ്വാനം നല്‍കിയതും ആശീര്‍വദിച്ചതും പ്രഥമ പ്രസിഡന്റായി കാര്യങ്ങള്‍ നിയന്ത്രിച്ചതും. സമസ്തയുടെ രൂപീകരണദിവസം മണിക്കൂറുകളോളം കണ്ണുനീര്‍വാര്‍ത്ത് സമൂഹത്തിന്റെ സങ്കടം മുഴുവന്‍ അല്ലാഹുവിനോട് പറഞ്ഞാണ് മഹാനവര്‍കള്‍ പ്രാര്‍ത്ഥിച്ചത്. സമസ്ത ഖിയാമത് നാള്‍ വരെ നിലനില്‍ക്കുവാനും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ ഇഹപര ഗുണത്തിനും അവിടുന്ന് ഏറെ നേരം പ്രാര്‍ത്ഥിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അടിമകളില്‍ ചിലര്‍ അവനോട് എന്ത് ചോദിച്ചാലും അവനത് പൂര്‍ത്തീകരിച്ചുകൊടുക്കുമെന്ന മഹത് വചനം ഇവിടെ പുലരുകയാണ്. ഖുതുബുസ്സമാനാണ് പ്രാര്‍ത്ഥിക്കുന്നത്. പാപക്കറ പുരളാത്ത ശുദ്ധഹൃദയരായ പണ്ഡിതമഹത്തുക്കളാണ് ആമീന്‍ പറയുന്നത്. ആ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുമെന്നതില്‍ സംശയമേയില്ല. മൂന്നു പ്രധാന വെല്ലുവിളികളാണ് സമസ്ത രൂപീകരണ വേളയില്‍ ഉണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ ഒത്താശയോടെ കടന്നുവന്ന ഖാദിയാനിസം, വ്യാജ ത്വരീഖത്തുകള്‍, ശൈഖുമാര്‍, ഖിലാഫത്ത് കാലത്ത് തിരുവിതാംകൂറിലേക്ക് ഒളിച്ചോടി പിന്നീട് വഹാബി ചിന്തയുമായി കടന്നുവന്ന ബിദ്അത്തുകാര്‍-ഇവരാണ് ആ മൂന്ന് പ്രതിസന്ധികള്‍. എല്ലാറ്റിനും പരിഹാരം തേടി ജനങ്ങള്‍ക്ക് ചെല്ലാനുണ്ടായിരുന്നത് വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സവിധത്തിലേക്ക് തന്നെ. ആ സമയത്താണ് തന്റെ മുരീദുമാരുമായി ഒരു സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് തങ്ങള്‍ സംസാരിക്കുന്നത്. പിന്നീട് സമസ്ത രൂപീകരണത്തിനുള്ള പ്രവര്‍ത്തനങ്ങളുമായി അവര്‍ മുന്നോട്ടു പോയി. 1926ല്‍ രൂപീകരിച്ച ശേഷം അറു വര്‍ഷം മാത്രമാണ് തങ്ങള്‍ ജീവിച്ചത്. പക്ഷേ, ആ ചുരുങ്ങിയ കാലയളവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ചെയ്ത പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമാണ്. അക്കാലയളവില്‍ അഞ്ചു സമ്മേളനങ്ങളാണ് നടന്നത്. ഓരോ സമ്മേളനത്തിനും വ്യക്തമായ അജണ്ടയും ലക്ഷ്യവും മുന്നില്‍ കാണുകയും ആ ലക്ഷ്യത്തിലെത്താന്‍ കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്തു. എല്ലാം തങ്ങളുടെ സവിധത്തില്‍ വച്ചാണ് കൂടിയാലോചിക്കുന്നത്. ശാരീരികമായി തളര്‍ന്നിട്ടുണ്ടെങ്കിലും മനസ്സിനു ക്ഷീണം ബാധിക്കാത്ത അവര്‍ എല്ലാം നിയന്ത്രിച്ചു. സുന്നത്ത് ജമാഅത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുക, പുത്തന്‍വാദികളുടെ ജല്‍പനങ്ങള്‍ക്ക് മറുപടി പറയുക, സംഘടന ശക്തിപ്പെടുത്തുക തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങളാണ് സമ്മേളനങ്ങള്‍ കൊണ്ട് കാര്യമായി ലക്ഷീകരിച്ചിരുന്നത്. 1927 ഫെബ്രുവരി ഏഴിന് താനൂരില്‍ ഒന്നാം സമ്മേളനവും, 1927 ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനവും, 1929 ജനുവരി 7 ന് ചെമ്മന്‍കുഴിയില്‍ മൂന്നാം സമ്മേളനവും 1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട് നാലാം സമ്മേളനവും 1931 മാര്‍ച്ച് 11ന് വെള്ളിയഞ്ചേരിയില്‍ അഞ്ചാം സമ്മേളനവും നടന്നു. ഓരോ സമ്മേളനത്തിലും കാലികപ്രസക്തമായ നിരവധി തീരുമാനങ്ങളും മറ്റും നടക്കുകയുണ്ടായി. മൂന്നാം സമ്മേളനത്തില്‍ വച്ചാണ് സമസ്തയുടെ മുഖപത്രമായി അല്‍ബയാന്‍ മാസിക ഇറക്കാനുള്ള ചരിത്രപ്രസിദ്ധമായ തീരുമാനം ഉണ്ടായത്. അഞ്ചു സമ്മേളനവും കഴിഞ്ഞു. തങ്ങളുടെ രോഗം മൂര്‍ച്ഛിച്ചു വരികയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ വി.എ. രാമനാണ് തങ്ങളെ ചികിത്സിച്ചിരുന്നത്. പക്ഷേ, ഇനിയേറെനാള്‍ ആ നേതൃത്വം കിട്ടുമെന്ന് തോന്നുന്നില്ല. ക്രി:1932 ഹിജ്‌റ 1352ല്‍ ശഅ്ബാന്‍ 17ന് തങ്ങള്‍ വഫാത്തായി. പിതാമഹന്‍മാരൊക്കെ അന്ത്യ വിശ്രമം കൊള്ളുന്ന വരക്കല്‍ മഖാമില്‍ തന്നെയാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളും അന്ത്യവിശ്രമം കൊള്ളുന്നത്. ഇന്ന് സമസ്തയുടെ കരങ്ങളിലുള്ള ആ സ്ഥലത്ത് തന്നെയാണ് മഹാനായ ശംസുല്‍ ഉലമയുടെയും മഖ്ബറ. രണ്ടു ഭാര്യമാരിലും മക്കളില്ലെങ്കിലും മുസ്‌ലിം കേരളത്തിനു അഭയകേന്ദ്രമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്ന വലിയ സന്താനത്തെ നല്‍കിയാണ് അവിടുന്ന് കടന്നുപോയത്. അവിടുത്തെ പരമ്പര ഇന്നും സമസ്തയിലൂടെ നിലനില്‍ക്കുന്നു. എന്നും മഹാന വര്‍കള്‍ സമസ്തയിലൂടെ അനുസ്മരിക്കപ്പെടുന്നു. പ്രഗത്ഭരായ പണ്ഡിതരുടെ നേതൃത്തില്‍ സമസ്തയുടെ പ്രവര്‍ത്ത നങ്ങള്‍ നടക്കുന്നു. അതിലൂടെ തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിയുന്നു.

ചെറുകുഞ്ഞിക്കോയ തങ്ങള്‍

സമസ്തയുടെ രൂപീകരണയോഗത്തില്‍ അധ്യക്ഷത വഹിച്ചയാളാണ് സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍. മഹാനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സഹോദര പുത്രനാണദ്ദേഹം (വരക്കല്‍ മുല്ലക്കോയ തങ്ങളുടെ ഉമ്മയൊത്ത സഹോദരിയെ വിവാഹം കഴിച്ച കൊയിലാണ്ടിയിലെ സയ്യിദ് അബ്ദുല്ല ബാഫഖിക്ക് അവരില്‍ ഉണ്ടായ നാലു മക്കളില്‍ ഒരാളാണ് സയ്യിദ് ചെറുകുഞ്ഞിക്കോയ തങ്ങള്‍). അമ്മാവനില്‍നിന്ന് തന്നെയാണ് മഹാനവര്‍കള്‍ മതവിദ്യ നേടിയത്.

സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍

പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായിരുന്ന കോഴിക്കോട് കോയവീട്ടില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സമസ്തയുടെ സ്ഥാപിതകാലം മുതല്‍ തന്നെ മുശാവറ അംഗമായിരുന്നു. വളപട്ടണത്ത് എത്തിയ സയ്യിദ് അലി ശിഹാബുദ്ദീന്‍ എന്നിവരുടെ മകന്‍ സയ്യിദ് ഹുസൈന്‍ ശിഹാബുദ്ദീന്‍ തങ്ങളുടെ രണ്ടാമത്തെ മകനാണ് സയ്യിദ് അലി ശിഹാബുദ്ദീന്‍. ഇവരുടെ മകന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങളാണ് കോയവീട്ടില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളുടെ പിതാവ്. പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ശിലാസ്ഥാപനം നടത്തിയതും പ്രഥമ കെട്ടിടം ഉദ്ഘാടനം ചെയ്തതും മഹാനവര്‍കളാണ്. പാണക്കാട് പൂക്കോയതങ്ങളുടെ സഹോദരി മുത്തുബീവിയാണ് ഭാര്യ. സന്താനങ്ങളില്ലാത്ത അദ്ദേഹത്തിന്റെ വീട്ടില്‍ അവരുടെ ശിക്ഷണത്തിലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സഹോദരങ്ങളായ ഉമറലി തങ്ങളും ഹൈദരലി തങ്ങളും കോഴിക്കോട് നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്.

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍

രാഷ്ട്രീയ ചിന്തകന്‍, സാമൂഹിക സേവകന്‍, മതബോധവും ദൈവഭക്തിയുള്ളവര്‍, സര്‍വ സത്ഗുണങ്ങളും ഒത്തുചേര്‍ന്ന വര്‍ത്തകപ്രമുഖന്‍, ധിഷണാ ശാലിയായ നേതാവ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന സര്‍വ സദ്ഗുണങ്ങളും നൂറു ശതമാനവും സമ്മേളിച്ച കേരളത്തിലെ ഏക വ്യക്തി, അതാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. ഇരുപതാം നൂറ്റാണ്ട് കേരളത്തിന് സംഭാവന നല്‍കിയ മത-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ അജയ്യനായിരുന്നു ബാഫഖി തങ്ങള്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അംഗത്വം നേടുന്നതിനു  മുമ്പ് തന്നെ സമസ്തയുടെ മുശാവറ യോഗങ്ങളില്‍ അധ്യക്ഷപദമലങ്കരിക്കാന്‍ തങ്ങള്‍ നിയോഗിതനായിരുന്നുവെന്നത് അവരുടെ മഹത്വവും പണ്ഡിത സമൂഹം അവര്‍ക്ക് നല്‍കിയിരുന്ന ആദരവും സമസ്തയുമായി അവര്‍ക്കുണ്ടായിരുന്ന ബന്ധവുമാണ് വിളിച്ചോതുന്നത്. താന്‍ നേതൃത്വമേറ്റെടുത്തിരുന്ന രാഷ്ട്രീയ പ്രസ്ഥാനത്തെക്കാളും സമസ്തയുടെ തീരുമാനങ്ങള്‍ക്കും നയങ്ങള്‍ക്കുമാണ് അവര്‍ പ്രാധാന്യം നല്‍കിയിരുന്നത്.

ഹിജ്‌റ 1323 ദുല്‍ഹിജ്ജ 25ന് നബി(സ)യുടെ പരമ്പരയില്‍ 37ാമത്തെ കണ്ണിയായി സയ്യിദ് അബ്ദുല്‍ ഖാദിര്‍ ബാഫഖിയുടെയും പുതിയമാളിയേക്കല്‍ ഫാത്തിമയുടെയും പുത്രനായി കൊയിലാണ്ടിയില്‍ ജനിച്ചു. അര്‍പ്പണ മനോഭാവവും പ്രാവര്‍ത്തികമായ ഉത്തമമതഭക്തിയും ഉണ്ടായിരുന്ന തങ്ങള്‍ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം, ഇബാദത്തിന് ഉഴിഞ്ഞുവച്ച ജീവിതം, നിഷ്‌കളങ്കമായ പെരുമാറ്റം എന്നിവയില്‍ അനുകരണീയ വ്യക്തിത്വത്തിനുടമയായിരുന്നു. തങ്ങളുടെ കൂടെ സഹവസിച്ചവരൊക്കെ അവരുടെ ഈ സത്ഗുണങ്ങളുടെ ദൃക്‌സാക്ഷികളാണ്. രാഷ്ട്രീയ വൈരികള്‍ പോലും അവിടുത്തെ സ്വഭാവഗുണങ്ങളെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ യോഗങ്ങളും മറ്റും കഴിഞ്ഞ് ക്ഷീണിച്ചവശനായി കാല് തളര്‍ന്നു വന്നാല്‍ പോലും നീണ്ടനേരം നിശാ നിസ്‌കാരം പതിവാക്കുന്നവരായിരുന്നു ബാഫഖി തങ്ങള്‍. 1945ലെ കാര്യവട്ടം സമ്മേളനത്തിലെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിലൂടെയാണ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങള്‍ സമസ്തയുടെ നേതൃ രംഗത്തേക്ക് വരുന്നത്. 1926-27 കാല ഘട്ടങ്ങളില്‍ മതരംഗത്ത് വേണ്ട പരിഷ്‌കാരങ്ങള്‍ക്ക് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കാര്യവട്ടം സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ പ്രസംഗമാണ് സമസ്തയുടെ കീഴില്‍ വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുവാന്‍ കാരണമായത്. മുശാവറ അംഗമാവുന്നതിനു  മുമ്പുതന്നെ സമസ്തയുടെ മുശാവറ യോഗങ്ങളില്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. മാത്രവുമല്ല, വലിയങ്ങാടിയിലെ തങ്ങളുടെ പാണ്ടികശാലയില്‍വച്ച് സമസ്തയുടെ പല മുശാവറ യോഗങ്ങളും നടന്നിട്ടുമുണ്ട്. സമസ്തയുടെ പ്രവര്‍ത്തകനും നേതൃരംഗത്ത് എത്തിയതിനും ശേഷം സമസ്തയായിരുന്നു തങ്ങള്‍ക്ക് ജീവന്‍. സമസ്ത ഒരു തീരുമാനം പറഞ്ഞാല്‍ അത് പൂര്‍ണമായി ശിരസ്സാവഹിക്കുമായിരുന്ന തങ്ങള്‍ താന്‍ നേതൃസ്ഥാനമലങ്കരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടിയെക്കാള്‍ ഈ പണ്ഡിതസഭയെയാണ് അംഗീകരിച്ചിരുന്നത്. എം.ഇ.എസിന്റെ തുടക്കത്തില്‍ വളരെയധികം സഹായിക്കുകയും സഹകരിക്കുകയും ചെയ്തിരുന്ന ബാഫഖി തങ്ങള്‍ മതവിരുദ്ധ പ്രവര്‍ത്തനംമൂലം സമസ്ത മുശാവറ എം.ഇ.എസ്സിനെതിരേ തീരുമാനമെടുത്തപ്പോള്‍ അതില്‍നിന്ന് ആദ്യമായി അംഗത്വം രാജിവച്ച് സമസ്തയോടുള്ള പ്രതിബദ്ധത കാണിച്ചു.

സമസ്ത അങ്ങനെ ഒരു തീരുമാനം പറഞ്ഞപ്പോള്‍ അതിനെതിരേ ഒന്നും ഉരിയാടാതെ ഉടന്‍ അംഗത്വം രാജിവച്ച തങ്ങള്‍, ഈ പണ്ഡിതസഭ കഴിഞ്ഞേ എനിക്കെല്ലാമുള്ളൂ എന്ന് തെളിയിക്കുകയായിരുന്നു. വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ട സാമ്പത്തിക സ്രോതസ്സ് കണ്ടെത്തുന്നതിന്റെ ഭാഗമായി ദിവസങ്ങളോളം കൊയിലാണ്ടി പ്രദേശത്ത് വഅളുകള്‍ സംഘടിപ്പിക്കുകയും തന്റെ സമ്പാദ്യം ധാരാളം അതിനു വേണ്ടി നല്‍കുകയുമുണ്ടായി. സമസ്തയുടെ കീഴില്‍ ഉന്നത മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് ശക്തമായി ആഗ്രഹിച്ച തങ്ങള്‍ 1954ല്‍ താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം സമസ്ത നേരിട്ടു നടത്തുന്നതിന് നിര്‍ദേശം മുന്നോട്ട് വയ്ക്കുകയും സമസ്ത ഏറ്റെടുത്തപ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter